ADVERTISEMENT

സംസ്ഥാനത്തെ ഭൂരിപക്ഷം സ്ത്രീകളും ഇന്നു വ്യത്യസ്ത മേഖലകളിൽ തൊഴിൽ ചെയ്യുന്നവരാണ്. എന്നാൽ, ഭാര്യയും ഭർത്താവും ജോലിക്കു പോകുന്ന വീടുകളിൽ ഇരുവരും ചേർന്നു വീട്ടുജോലി ചെയ്യുന്ന രീതി നമ്മുടെ നാട്ടിൽ ഇപ്പോഴും അത്രയ്ക്കൊന്നും വളർന്നിട്ടില്ല. അതുകൊണ്ടുതന്നെ ജോലി കഴിഞ്ഞെത്തുന്ന മിക്ക സ്ത്രീകൾക്കും വീട്ടുജോലികളുടെ ഭാരം കൂടി അനുഭവിക്കേണ്ടി വരുന്നു. ആഴ്ചയിൽ 6 ദിവസം നീളുന്ന തൊഴിൽദിനങ്ങളുടെ പിരിമുറക്കവും അതോടൊപ്പമുള്ള വീട്ടുജോലിയും ചേരുന്നതോടെ സ്ത്രീകളിൽ മാനസികപിരിമുറുക്കം വർധിക്കുന്നുവെന്നും അത് അവരുടെ ശാരീരിക–മാനസിക നിലകളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു. ഉത്കണ്ഠാരോഗം, വിഷാദരോഗം തുടങ്ങിയ ഗുരുതര മാനസികപ്രശ്നങ്ങൾക്ക് ഈ സമ്മർദങ്ങൾ വഴിവയ്ക്കാം. വർധിച്ചു വരുന്ന ജീവിതശൈലീരോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നും ഈ മാനസിക പിരിമുറുക്കം തന്നെ. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങി ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് മാനസിക സമ്മർദം കാരണമാകുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മാനസിക സമ്മർദം കുറയ്ക്കുന്നതിനുള്ള കോഴ്സുകളും പരിശീലനങ്ങളും ഓൺലൈനായും ഓഫ്‌ലൈനായും ഇന്നു ലഭ്യമാണ്. അതിനായി നല്ല തുക മുടക്കുന്നവരുമുണ്ട്. എന്നാൽ ആഴ്ചയിലൊരിക്കൽ അൽപസമയം അധ്വാനത്തിനും കൃഷിക്കുമായി നീക്കിവയ്ക്കാമെങ്കിൽ മാനസിക സമ്മർദം ലഘൂകരിക്കാം, ഒപ്പം കുടുംബാംഗങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാം; അതാണ് സൺഡേ ഫാമിങ്. വീട്ടിലേക്കാവശ്യമായ പച്ചക്കറികളും പഴവർഗങ്ങളും സ്വന്തം വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ കൃഷി ചെയ്ത് ഞായറാഴ്ചയോ അതല്ലെങ്കിൽ മറ്റ് അവധദിനത്തിലോ മാത്രം പരിപാലിച്ച് ജീവിതം കൂടുതൽ ആനന്ദകരമാക്കാം. ക്രമേണ കുടുംബാംഗങ്ങളും ആഴ്ചക്കൃഷിയിൽ ആകൃഷ്ടരാകുമെന്നു തീർച്ച. കായികാധ്വാനത്തിന്റെ മഹത്വം കുട്ടികൾ ഉൾപ്പെടെയുള്ളവരെ ബോധ്യപ്പെടുത്താനും കുടുംബാന്തരീക്ഷം കൂടുതൽ ഊഷ്മളമാകാനും സൺഡേ ഫാമിങ് വഴിവയ്ക്കും.

ഒഴിവുദിനക്കൃഷി

ramjitha
ലേഖകരിൽ ഒരാളായ രംജിത സ്വന്തം അടുക്കളത്തോട്ടത്തിൽ

മുറ്റത്തോ മട്ടുപ്പാവിലോ അടുക്കളത്തോട്ടത്തിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കേണ്ടതിനാൽ തുടക്കത്തിൽ, കൂടുതൽ സമയം ആവശ്യമായിവരും. എന്നാൽ, തുടർന്നങ്ങോട്ട് ഞായർ / അവധിദിനം പ്രഭാതത്തിലോ വൈകുന്നേരത്തോ 1–2 മണിക്കൂർ മാത്രം ചെലവിട്ട് അടുക്കളത്തോട്ടം വിളസമൃദ്ധമായി നിലനിർത്താനാകും. പരിമിതമായ സമയം മാത്രം കൃഷിക്കു ചെലവിടുന്നതിനാൽ വീട്ടിലേക്കാവശ്യമായ മുഴുവൻ പച്ചക്കറികളും ഉൽപാദിപ്പിക്കണം എന്ന വാശിയൊന്നും വേണ്ട. കുറഞ്ഞ പരിപാലനം വേണ്ട വിളകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. അതേസമയം കുടുംബാംഗങ്ങൾകൂടി താൽപര്യപ്പെട്ടു വന്നാൽ വിളയിനങ്ങളുടെ എണ്ണം കൂട്ടാം. ഗ്രോബാഗുകളിലോ മൺചട്ടികളിലോ പ്ലാസ്റ്റിക് വീപ്പകളിലോ ഒക്കെ കൃഷി ചെയ്യാം.

കൃഷി വീട്ടാവശ്യത്തിനു മാത്രമായതിനാൽ ജൈവരീതിയിലുള്ള പരിചരണം മതി. ചീര, മുരിങ്ങ, അഗത്തി, ചിക്കൂർമാനീസ്, ചായമൻസ തുടങ്ങിയ ഇലവർഗവിളകൾ തീർച്ചയായും ഉൾപ്പെടുത്താം. പച്ചമുളക്, തക്കാളി, വഴുതന, വെണ്ട, പയർ, കുറ്റിപ്പയർ, പാവൽ, പടവലം, മത്തൻ, കുമ്പളം, പീച്ചിൽ, നിത്യവഴുതന, ചതുരപ്പയർ, വാളരിപ്പയർ, ബീൻസ്, അമര, കൊത്തമര എന്നിവയിൽനിന്ന് കുടുംബാംഗങ്ങളുടെ രുചിഭേദങ്ങൾ കൂടി നോക്കി ഇനങ്ങൾ തിരഞ്ഞെടുക്കാം. മുളക്, വഴുതന, വെണ്ട, പയർ എന്നിവ എല്ലാക്കാലത്തും കൃഷി ചെയ്യാം. അധിക പരിചരണവും ആവശ്യമില്ല. തക്കാളിയും വെള്ളരിവർഗവിളകളും സെപ്റ്റംബർ–ഡിസംബർ / ജനുവരി–മാർച്ച് സീസണിൽ കൃഷി ചെയ്യുന്നതാണു നല്ലത്. പുരയിടത്തിൽ ഇത്തിരിയേറെ സ്ഥലമുണ്ടെങ്കിൽ വാഴ, പേര, പപ്പായ, കുറിയയിനം പ്ലാവ്, പാഷൻ ഫ്രൂട്ട്, നാരകം എന്നിവയും വളർത്താം. കറിവേപ്പിന് തീർച്ചയായും ഇടം നൽകണം. കിഴങ്ങുവർഗങ്ങളായ ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കൂർക്ക എന്നിവയും സുഗന്ധവ്യഞ്ജനങ്ങളായ ഇഞ്ചി, മഞ്ഞൾ, കുറ്റിക്കുരുമുളക് എന്നിവയും മല്ലി, പുതിന എന്നിവയും ചാക്കിലോ ഗ്രോബാഗിലോ അനായാസം വളർത്തിയെടുക്കാം. കിഴങ്ങുവിളകൾക്കെല്ലാം പരിമിതമായ പരിചരണം മതി. 

വളം വീട്ടിൽത്തന്നെ

അടുക്കളത്തോട്ടത്തിലെ പച്ചക്കറിക്കൃഷിക്ക് അടുക്കളയിൽനിന്നുതന്നെ വളം കണ്ടെത്താം. പഴം–പച്ചക്കറി അവശിഷ്ടങ്ങൾ സംസ്കരിച്ച് കംപോസ്റ്റാക്കി മാറ്റാൻ കംപോസ്റ്റ് ബിൻ ഉൾപ്പെടെയുള്ള ലഘു സംവിധാനങ്ങൾ ഇന്നു വിപണിയിൽ ലഭ്യമാണ്. മാലിന്യനിർമാർജനം സുഗമമാകുകയും ചെയ്യും. കംപോസ്റ്റിനു പുറമേ എളുപ്പത്തിൽ നിർമിക്കാവുന്ന ജൈവപോഷകങ്ങളാണ് മത്തി–ശർക്കര മിശിതവും എഗ്ഗ് അമിനോ ആസിഡും. ഗ്രോബാഗിലും ചട്ടിയിലുമെല്ലാം നടീൽമിശ്രിതം നിറയ്ക്കുമ്പോൾ ഒാരോന്നിലും 50 ഗ്രാം കുമ്മായം ചേർക്കാൻ ശ്രദ്ധിക്കണം. ട്രൈക്കോഡെർമ ചേർത്തു സമ്പൂഷ്ടീകരിച്ച ചാണകം ഇപ്പോൾ വിപണിയിൽ കിട്ടും. അടിവളമായി അതു നൽകാം. ഒരു കിലോ ചാണകം, ഒരു കിലോ വേപ്പിൻപിണ്ണാക്ക്, ഒരു കിലോ കടലപ്പിണ്ണാക്ക് എന്നിവ ഒരു ലീറ്റർ വെള്ളത്തിൽ കുതിരാൻ വച്ച് അതിന്റെ തെളി ഒരു ലീറ്റർ വീതം രണ്ടാഴ്ചയിലൊരിക്കൽ ഒാരോ വിളയ്ക്കും നൽകുന്നത് വളർച്ചയും ഉൽപാദനവും ത്വരിതപ്പെടുത്തും.  

രോഗ,കീട നിയന്ത്രണത്തിന് വീട്ടിൽത്തന്നെ തയാറാക്കാവുന്ന പുകയിലക്കഷായം, വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം (2% വീര്യമുള്ളത്) എന്നിവ ഉപയോഗിക്കാം. വേപ്പ് അധിഷ്ഠിത ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യവുമാണ്. മഞ്ഞക്കെണിപോലുള്ളവയും പ്രയോജനപ്പെടും. 

അടുത്ത അവധിദിനത്തിൽത്തന്നെ കൃഷി തുടങ്ങിവയ്ക്കൂ. ആരോഗ്യവും ആനന്ദവും ഒരുമിച്ചു സ്വന്തമാക്കാം.

ഫോൺ: 7510140691

(ലേഖകർ പട്ടാമ്പി കാർഷിക പ്രാദേശിക ഗവേഷണകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രഫസർമാരാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com