ADVERTISEMENT

സ്വന്തമായി ഒരു കാർ പോലുമില്ലാതെ ഊബർ കമ്പനിക്ക് ടാക്സി സേവനം ഭംഗിയായി നടത്താമെങ്കിൽ ഒരു തുണ്ടു വസ്തു സ്വന്തമായില്ലാതെ പശുവളർത്തൽ വിജയകരമാക്കാം എന്നു തെളിയിക്കുകയാണ് കണയങ്കൽ ബിൻസും ഭാര്യ റീജയും. എച്ച്എഫ്, ജഴ്സ‌ി ഇനങ്ങളിൽപെട്ട 23 പശുക്കളും 12 കിടാവുകളുമാണ് ഫാമിലുള്ളത്. പ്രതിദിനം ശരാശരി 250 ലീറ്റർ പാൽ അളക്കും. വമ്പൻ ഡെയറി ഫാമുകളുമായി താരതമ്യം ചെയ്യാൻ വരട്ടെ.

ഇടുക്കി ജില്ലയിലെ കരുണാപുരം പഞ്ചായത്തിൽ പഴയകൊച്ചറയിലെ ഈ ഫാമിൽനിന്നു കഴിഞ്ഞ വർഷം ഉൽപാദിപ്പിച്ചത് 1,46,000 ലീറ്റർ പാൽ. ഈ നേട്ടത്തിനു മികച്ച ക്ഷീരകർഷകർക്കുള്ള മലനാട് ഡവലപ്മെന്റ് സൊസൈറ്റിയുടെ ഒരു ലക്ഷം രൂപയുടെ പുരസ്കാരവും ഈ ഫാം നേടി.

സ്വന്തം സ്‌ഥലമില്ലെന്നത് ഈ ദമ്പതികൾക്കു പരിമിതിയായില്ല. പാട്ടത്തിനെടുത്ത 15 സെന്റിലാണ് ഡെയറി ഫാം. തീറ്റപ്പുൽ വളർത്തുന്നതും പാട്ടത്തിനെടുത്ത രണ്ടര ഏക്കർ സ്‌ഥലത്ത്.

dairy-farming-3
കുമളി കരുണാപുരം കണയങ്കൽ ബിൻസും ഭാര്യ റീജയും മക്കൾ മെറിൻ ജെറിൻ എന്നിവരും ഫാമിൽ. ചിത്രം റസൽ ഷാഹുൽ/ മനോരമ

തിരുവനന്തപുരത്തു സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്ന ബിൻസ് അതു വിട്ടാണു പഞ്ചാലിമേടിനു സമീപമുള്ള കുടുംബവീട്ടിൽ പശു വളർത്താൻ തുടങ്ങിയത്. എന്നാൽ വെള്ളക്കുറവും ആന ശല്യവും കാരണം വിഷമിച്ചു.

പിന്നീടു മാതൃസഹോദരിയുടെ വീടിനു സമീപമുള്ള നെറ്റിത്തൊഴുവിൽ ഫാം പാട്ടത്തിനെടുത്ത് അഞ്ചു പശുക്കളെ വളർത്തി.

ആ അനുഭവ സമ്പത്തുമായാണ് മൂന്നു വർഷം മുൻപ് ഇവിടേക്കു വന്നത്.

dairy-farming-2
കുമളി കരുണാപുരം കണയങ്കൽ ബിൻസും ഭാര്യ റീജയും മക്കൾ മെറിൻ ജെറിൻ എന്നിവരും ഫാമിൽ. ചിത്രം റസൽ ഷാഹുൽ/ മനോരമ

വിജയവഴി ഇങ്ങനെ

പശുക്കളെ പരിപാലിക്കുന്നതു പുലർച്ചെ മൂന്നരയ്ക്ക് തുടങ്ങും. കൈതപ്പോള അരിഞ്ഞതും പുല്ലും രണ്ടുനേരം വീതം നൽകും. പത്തു ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്ന പശുവിന് എട്ടു കിലോ ആഹാരം നൽകണം. തീറ്റ നൽകുന്ന സമയം, നൽകുന്ന തീറ്റ, അനുപാതം എന്നിവ കൃത്യമായിരിക്കണം. കാത്സ്യം ദിവസേന 50 ഗ്രാം വീതം നൽകും. ഇതിനു പുറമേ ലിവർ ടോണിക്കും കൊടുക്കും.

മലനാട് ഡവലപ്മെന്റ് സൊസൈറ്റി പശുക്കളുടെ ഇൻഷുറൻസിനു പണം നൽകി സഹായിക്കുന്നു. പശുക്കൾ ചത്തപ്പോൾ തുക നൽകി സഹായിച്ചതും പുതിയ പശുക്കളെ വാങ്ങാൻ വായ്‌പ നൽകി സഹായിച്ചതും സൊസൈറ്റിയാണ്. വേനൽക്കാല ഇൻസെന്റീവും മലനാട് നൽകുന്നു. കൊച്ചറ ക്ഷീരോൽപാദക സഹകരണ സംഘം ഭാരവാഹികളായ ജയൻ, ജോസഫ് ദേവസ്യ, ജിബിൻസ് എന്നിവരുടെ പിന്തുണയും കമ്മിറ്റിയംഗങ്ങളുടെ പ്രോത്സാഹനവും വലിയ പ്രചോദനമാണെന്ന് ഇവർ പറഞ്ഞു. ഒപ്പം ഡോ. വിഷ്ണുവിന്റെ മാർഗനിർദേശങ്ങളും.

ഫോൺ: 8075640738

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com