പഠിക്കാൻ എത്തിയത് 45 രാജ്യങ്ങൾ; പാരമ്പര്യമല്ല, പ്രകൃതിക്കൃഷിയിലുള്ളത് ആധുനിക അറിവുകൾ
Mail This Article
ആന്ധ്രപ്രദേശിലെ പ്രകൃതിക്കൃഷി മുന്നേറ്റത്തിനു ഗവേഷണ പിന്തുണ നൽകുന്ന അക്കാദമി ഓഫ് അഗ്രി ഇക്കോളജി ഡയറക്ടറും പ്രമുഖ കാർഷിക ഗവേഷകനുമായ ഡോ. കെ.എസ്.വരപ്രസാദ് ഈ കൃഷിരീതിക്കു പിന്നിലുള്ള ശാസ്ത്രം വിശദീകരിക്കുന്നു.
ആന്ധ്രപ്രദേശില്‍ കര്‍ഷകശക്തീകരണ പ്രസ്ഥാനം (റൈതു സാധികാര സംസ്ഥ–ആർവൈഎസ്എസ്) നടപ്പാക്കിവരുന്ന പ്രകൃതിക്കൃഷിക്ക് ആധാരം പാരമ്പര്യവിജ്ഞാനമാണെന്ന ചിന്ത പരക്കെയുണ്ട്. എന്നാല്‍ പാരമ്പര്യശാസ്ത്രമല്ല, ആധുനിക കൃഷിശാസ്ത്രവും അതിലെ ഏറ്റവും പുതിയ അറിവുകളുമാണ് ഞങ്ങളുടെ പ്രകൃതിക്കൃഷി മുന്നേറ്റത്തിന് അടിസ്ഥാനമെന്നു പറയട്ടെ. സസ്യവളര്‍ച്ചയില്‍ സൂക്ഷ്മജീവികള്‍ക്കുള്ള നിര്‍ണായക പങ്ക് സംബന്ധിച്ച് അടുത്ത കാലത്തു ലഭ്യമായ വിവരങ്ങളാണ് ഇവയില്‍ പ്രധാനം. ഇക്കാര്യത്തിൽ നിതി ആയോഗ്, ഇന്ത്യൻ കാർഷിക ഗവേഷണ വികസന കൗൺസിൽ, വിവിധ സംസ്ഥാനങ്ങളിലെ കാർഷിക സർവകലാശാലകൾ എന്നിവയുമായി 7–8 വർഷമായി ആശയവിനിമയത്തിലാണു ഞങ്ങൾ. ചുരുങ്ങിയപക്ഷം ഈ വിഷയം ചർച്ച ചെയ്യാമെന്ന നിലപാടിലേക്ക് ഇപ്പോൾ അവരൊക്കെ എത്തിയിട്ടുണ്ട്. പ്രകൃതിക്കൃഷിയെ അവർ പൂർണമായി സ്വീകരിച്ചിട്ടില്ലെങ്കിലും സംവാദത്തിനു വേദി ഒരുങ്ങിയെന്നാണ് ഞങ്ങളുടെ ബോധ്യം.
വാസയോഗ്യമായി ഭൂമിയെ നിലനിർത്തുന്നതിനു പരിസ്ഥിതിയെ സുരക്ഷിതമായി നിലനിര്‍ത്തേണ്ടതുണ്ട്. എന്നാല്‍, അതു സാധ്യമാക്കുന്നതിനു നിര്‍ബന്ധമായും പാലിക്കേണ്ട പരിധികളില്‍ മിക്കതും ലംഘിക്കപ്പെട്ട ലോകത്താണു നാം ജീവിക്കുന്നത്. രാജ്യാന്തരതലത്തിൽ കാർഷികഗവേഷണം ഏകോപിപ്പിക്കുന്ന കൺസൾട്ടേറ്റീവ് ഗ്രൂപ്പ് ഓൺ ഇന്റർനാഷനൽ അഗ്രികൾചറൽ റിസർച് (സിജിഐഎആർ) ഗവേഷണസ്ഥാപനങ്ങൾ ഇതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിഹാര നടപടികൾ അടിയന്തരമായി എടുത്തില്ലെങ്കിൽ ഭൂമിയില്‍ ജീവിതം സാധ്യമല്ലാതാകുന്ന. അവസ്ഥ വിദൂരമല്ല.
സുസ്ഥിര കൃഷിരീതികളാണ് ഇതിനൊരു പരിഹാരം. ഇക്കാര്യത്തിൽ കേരളം മികച്ച ഉദാഹരണമാണ്. എന്നാൽ അവിടെയും ആശയപരമായ ഭിന്നത കാണാം. ഏകവിളക്കൃഷിയും ബഹുവിളക്കൃഷിയും തമ്മിലാണ് ഈ ഏറ്റുമുട്ടൽ. ഏകവിളക്കൃഷിയിലൂടെ ഒരിക്കലും സുസ്ഥിരത സാധ്യമല്ല. രാജ്യാന്തരതലത്തിൽ ഇക്രിസാറ്റ് പോലുള്ള സിജിഐഎആർ സ്ഥാപനങ്ങളാണ് ഏകവിളക്കൃഷിക്കായി വാദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ റൈസ് ഇൻസ്റ്റിറ്റ്യൂട്ട്, മെയ്സ് ഇൻസ്റ്റിറ്റ്യൂട്ട്, സിമറ്റ് തുടങ്ങിയ സിജിഐഎആർ സ്ഥാപനങ്ങൾപോലും വിളകള്‍ തിരിച്ചുള്ള ഗവേഷണം അവസാനിപ്പിച്ച് അഗ്രി ഇക്കോളജിയിലേക്ക് ശ്രദ്ധയൂന്നുകയാണ്. ഇത്തരം വമ്പന്‍ പ്രോജക്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ പ്രവർത്തനങ്ങൾ സംബന്ധിച്ച കൂടിയാലോചനയിൽ ഞാനും പങ്കാളിയാണ്. അഗ്രി ഇകോളജിയെന്നോ പ്രകൃതിക്കൃഷിയെന്നോ റീജനറേറ്റ് അഗ്രികൾചർ എന്നോ ഭേദമില്ലാതെ എല്ലാത്തരം സുസ്ഥിരകൃഷിരീതികളും അവയെ മുന്നോട്ടു കൊണ്ടുപോകാൻ എന്താണു വേണ്ടതെന്നും അവിടെ ചർച്ച ചെയ്യുന്നു.
സുസ്ഥിരകൃഷി ഗവേഷണത്തിൽ ആന്ധ്രസര്‍ക്കാരിന്റെ കൃഷിവകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റൈതു സാധികാര സംസ്ഥ (ആർവൈഎസ്എസ്) ദേശീയ സ്ഥാപനങ്ങളെക്കാൾ ഏറെ മുന്നേറിക്കഴിഞ്ഞു. 45 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് ഇതിനകം ഞങ്ങളുടെ കൃഷിയിടങ്ങൾ സന്ദർശിച്ചത്. ചില രാജ്യങ്ങളിലേക്ക് ഈ സാങ്കേതികവിദ്യയുമായി ഞങ്ങളുടെ കർഷകർ പോവുകയുമുണ്ടായി. അവിടുത്തെ കർഷകർ ഇവിടേക്കു വരാനും ഒരുങ്ങുന്നു. അടുത്ത കാലത്ത് ആർവൈഎസ്എസിനു കിട്ടിയ ഗുൽബർഗിയൻ പ്രൈസ് എന്ന രാജ്യാന്തര പുരസ്കാരത്തിന്റെ സമ്മാനത്തുക മുഴുവന്‍ ലോകമെമ്പാടും സുസ്ഥിരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നീക്കിവച്ചിരിക്കുകയാണ്.
മാലി, സാംബിയ, മെക്സിക്കോ എന്നിവയും മറ്റു ചില ഏഷ്യൻ രാജ്യങ്ങളും ഈ രംഗത്ത് ഞങ്ങളുടെ സഹായം പ്രതീക്ഷിക്കുകയാണ്. വളരെ വലിയ വിസ്തൃതിയിൽ സുസ്ഥിരകൃഷി നടപ്പാക്കാൻ ഞങ്ങള്‍ക്കു കഴിഞ്ഞതാണ് അവരെ ആകർഷിച്ചത്. 12 ലക്ഷം കൃഷിക്കാരാണ് ആന്ധ്രയിൽ ഇപ്പോൾ പ്രകൃതിക്കൃഷിയിലേക്കു കടന്നുവന്നിട്ടുള്ളത്. ലോകത്തെവിടെയും ഇത്രയധികം പേരെ സുസ്ഥിരകൃഷിയിലേക്കു കൊണ്ടുവന്നതായി അവകാശപ്പെടാൻ ഒരു ഭരണകൂടത്തിനും കഴിയില്ല. ഞങ്ങളുടെ ഗവേഷണരീതികളും വ്യത്യസ്തമാണ്. ഗവേഷണശാലകളിലെ മണ്ണിനു നമ്മുടെ കൃഷിയിടങ്ങളുടെ പ്രാതിനിധ്യസ്വഭാവമുണ്ടാകണമെന്നില്ല. അതിനാല്‍, കൃഷിക്കാരുടെ മണ്ണിൽ അവരോടൊപ്പം വസിച്ചാണ് ഞങ്ങളുടെ ഗവേഷണം. അതില്‍ പങ്കുചേരാന്‍ ഞാൻ ഔപചാരിക ശാസ്ത്രമേഖലയെ ക്ഷണിക്കുകയാണ്.