ADVERTISEMENT

ഇത്ര ആവേശത്തോടെ റബർകൃഷിയെക്കുറിച്ചു പറയുന്ന രണ്ടു പേർ ഇന്നു സംസ്ഥാനത്ത് റബർ ബോർഡിൽപോലും കാണില്ല. ഊണിലും ഉറക്കത്തിലും ഉച്ഛ്വാസവായുവിലും ഇവര്‍ ചിന്തിക്കുന്നതു റബർകൃഷിയെക്കുറിച്ചുമാത്രം. ദമ്പതികളായ ഗോപകുമാറും സൗമ്യയും.

റബർകൃഷിയെ സംബന്ധിച്ച് ആശ്വാസകരമായ സാഹചര്യമല്ല വർഷങ്ങളായി സംസ്ഥാനത്തുള്ളത്. ചാക്രികമായ വിലയിടിവ് ഏതൊരു കാർഷികവിളയ്ക്കുമുണ്ടാകാം. എന്നാൽ റബറിന്റെ കാര്യത്തിൽ നിലവിൽ, വിപണി ജ്യോതിഷികൾക്കൊന്നും പ്രവചനത്തിനു ധൈര്യം പോരാ. അത്രയ്ക്കുണ്ട് അനിശ്ചിതത്വം. വിലയിടിവു മാത്രമല്ല, കൂലിയിലും പരിപാലനച്ചെലവിലുമുണ്ടായ വർധന മുതൽ കാലാവസ്ഥമാറ്റം വരെ പ്രതികൂല ഘടകങ്ങൾ പലതുണ്ട്. വില കൂടിയാൽത്തന്നെയും ഇനിയങ്ങോട്ടു റബർകൃഷി എത്രത്തോളം ആദായകരമാകുമെന്ന ആശങ്കയുണ്ട് കർഷകർക്ക്. സംസ്ഥാനത്ത് ഏതാണ്ട് 34% തോട്ടങ്ങളിൽ ടാപ്പിങ് നിലച്ചതിനു കാരണവും മറ്റൊന്നല്ല. ഈ ആശങ്കകൾക്കെല്ലാം പരിഹാരം കണ്ടെത്തി റബർകൃഷിയെ സുസ്ഥിര വരുമാനമാർഗമാക്കാൻ ഉറപ്പിച്ചുള്ള വരവാണ് സൗമ്യയുടെയും ഗോപകുമാറിന്റെയും. കൊല്ലം ചടയമംഗലത്തെ ജി ആൻഡ് ജി റബേഴ്സ് എന്ന സംരംഭത്തിലൂടെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഒട്ടേറെപ്പേർക്ക് റബര്‍കൃഷി തുടരാനുള്ള ധൈര്യം ഗോപകുമാറും സൗമ്യയും നൽകിക്കഴിഞ്ഞു.

ഗോപകുമാറും സൗമ്യയും
ഗോപകുമാറും സൗമ്യയും

തോട്ടം ദത്തെടുക്കൽ, വിളവു പങ്കുവയ്ക്കൽ, മേൽനോട്ടം എന്നിങ്ങനെ 3 തലങ്ങളിലാണ് ജി ആൻഡ് ജിയുടെ പ്രവർത്തനം. റബർകൃഷിയിൽ പ്രതിസന്ധി നേരിടുന്ന, സംസ്ഥാനത്തെ മുഴുവൻ കർഷകരെയും ഈ 3 തലങ്ങളിൽ കണ്ണി ചേർക്കുകയാണ് അടിയന്തര ലക്ഷ്യം. ഇക്കാര്യത്തിൽ റബർ ബോർഡിന്റെയും കർഷകരുടെയും നിർലോപ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കുന്നതായി സൗമ്യയും ഗോപകുമാറും പറയുന്നു.

മുന്നിലുണ്ട് 3 മാർഗങ്ങൾ
ആവശ്യക്കാരുടെ റബർത്തോട്ടം സന്ദർശിച്ച് മരത്തിന്റെ ഇനം, പ്രായം എന്നിവയുടെ അടിസ്ഥാനത്തിൽ വാർഷികോൽപാദനം വിലയിരുത്തി തോട്ടം ദത്തെടുക്കലാണ് പദ്ധതികളിലൊന്ന്. കിലോയ്ക്ക് 150 രൂപ അടിസ്ഥാനവില നിശ്ചയിച്ചാണു കരാർ. ഒപ്പം, അതത് പ്രദേശത്തെ ആർപിഎസുകളുമായി സഹകരിച്ച് സർക്കാർ ഉറപ്പു നൽകുന്ന കുറഞ്ഞ വിലയായ 170 രൂപ കർഷകനു നേടിക്കൊടുക്കുകയും ചെയ്യും. വിപണിവില 170 രൂപയ്ക്കു മുകളിലെത്തിയാൽ അധികവിലയുടെ 60% കൂടി കർഷകനു നൽകും. 

ദത്തെടുക്കുന്ന തോട്ടങ്ങൾ 100% ശാസ്ത്രീയമായും കാര്യക്ഷമമായും സംരക്ഷിക്കുമെന്നു സൗമ്യ. കാടുവെട്ടൽ, വളപ്രയോഗം, ടാപ്പിങ്, മരുന്നുതളി, റെയിൻഗാർഡിങ് എന്നിവയെല്ലാം റബർബോർഡ് ശുപാർശ ചെയ്യുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായിത്തന്നെ ചെയ്യുന്നു. ഇങ്ങനെ ശാസ്ത്രീയ പരിപാലനവും ആഴ്ചയിൽ ഒരു വട്ടം ടാപ്പിങ്ങും വഴി ഒരു മരത്തിൽനിന്ന് 50 വർഷം ഉൽപാദനം നേടാനാകുമെന്നു ഗോപകുമാർ. 

കൃഷി, വിളവെടുപ്പു ചെലവുകളെല്ലാം കർഷകനും സംരംഭകനും ചേർന്നു വഹിക്കുന്നതാണു ജി ആൻഡ് ജി യുടെ രണ്ടാമത്തെ പദ്ധതി. ചെലവും വരവും തുല്യമായി പങ്കുവയ്ക്കുന്ന കരാർ. വില കൂടിയാലും കുറഞ്ഞാലും അത് രണ്ടു കൂട്ടര്‍ക്കും ബാധകം. മേൽനോട്ടമാണ് മൂന്നാമത്തെ പദ്ധതി. നിശ്ചിത ഫീസ് ഈടാക്കി തോട്ടത്തിന്റെ പരിപാലനച്ചുമതല പൂർണമായും ജി ആൻഡ് ജി നിര്‍വഹിക്കുന്നു. അതായത്, പരിപാലനച്ചെലവത്രയും കർഷകൻ തന്നെ വഹിക്കണം. ഇനി അതല്ല, തൈ നടീൽ, പുതിയ മരങ്ങളുടെ മാർക്കിങ്, കാടുവെട്ടൽ, വളപ്രയോഗം, ടാപ്പിങ്, മരുന്നുതളി, റെയിൻഗാർഡിങ് എന്നീ പണികൾക്കായി വിദഗ്ധ തൊഴിലാളികളെ നൽകിയാൽ മതിയെങ്കിൽ അതിനും തയാർ.

ഓരോ പ്രദേശത്തെയും ആർപിഎസുകൾ മുഖേനയാണ് ജി ആൻഡ് ജിയുടെ പ്രവർത്തനം. സംസ്ഥാനത്തെ റബർ കർഷകരിൽ നല്ല പങ്കും ചെറുകിടക്കാരാണ്. അവരിൽ ഒന്നോ രണ്ടോ പേർക്കു മാത്രമായി സേവനം എത്തിക്കാൻ പരിമിതിയുണ്ടെന്നു ഗോപകുമാർ. മറിച്ച് ഒരു പ്രദേശത്തെ 10–15 ചെറുകിട കർഷകർ  ഒരുമിച്ചു കൂടി തോട്ടങ്ങള്‍ ഏൽപിക്കുമ്പോൾ തൊഴിലാളികൾ ഉൾപ്പെടെ എല്ലാ സന്നാഹങ്ങളും അവിടെ വിന്യസിക്കാനാവും. ആർപിഎസുമായി ചേർന്നു പ്രവർത്തിക്കുന്നതിന്റെ പ്രധാന മെച്ചം ഇതാണ്. നിലവിൽ എൺപതോളം അംഗങ്ങളടങ്ങുന്നതാണ് ജി ആൻഡ് ജി ടീം. കൃഷിയിടവിസ്തൃതിക്ക് അനുസൃതമായാണ് തൊഴിലാളികളെ നിയോഗിക്കുന്നത്. എറ്റെടുക്കുന്ന ഓരോ തോട്ടത്തിന്റെയും ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടെ സമഗ്രവിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫിസ് വിഭാഗം, ഒരോ തോട്ടത്തിലെയും പ്രവർത്തനങ്ങൾ സമയബന്ധിതമായി വിലയിരുത്തുന്ന സൂപ്പർവൈസർമാർ, ശാസ്ത്രീയ പരിശീലനം നൽകി സജ്ജമാക്കിയ ടാപ്പർമാർ എന്നിവരടങ്ങുന്ന സംഘത്തെ ദീർഘവീക്ഷണത്തോടെ മുന്നിൽ നിന്നു നയിക്കുന്നു സൗമ്യയും ഗോപകുമാറും. ദത്തെടുക്കുന്ന തോട്ടങ്ങളിൽനിന്നുള്ള ലാറ്റക്സ് നിലവിൽ റബർ ഉൽപന്ന നിർമാണ ഫാക്ടറികൾക്കു കൈമാറുകയാണു ചെയ്യുന്നത്. എന്നാൽ, അടുത്ത ഘട്ടത്തിൽ വൺ എക്സ് നിലവാരത്തിലുള്ള ഷീറ്റും ഇതര റബർ ഉൽപന്നങ്ങളും നിർമിക്കുകയാണ് ലക്ഷ്യം. ഒപ്പം സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും സേവനം വ്യാപിപ്പിക്കാനും ഒരുങ്ങുകയാണ് ജി ആൻഡ് ജി.

ലാഭക്കൃഷിയുടെ വഴിയേ
കൊല്ലം ചടയമംഗലം കണ്ണങ്കോട് ചന്ദ്രമംഗലത്ത് ഗോപകുമാർ അടിസ്ഥാനപരമായി ചെറുകിട റബർ കർഷകനാണ്, ഒപ്പം കെഎസ്ആർടിസി ജീവനക്കാരനും. ഒട്ടേറെ ചെറുകിട റബർ കർഷകരുള്ള ജില്ലയാണ് കൊല്ലം. 50 സെന്റ് സ്ഥലമുള്ളവർക്കും അതിൽ റബർ മാത്രം കൃഷി. വിലയിടിഞ്ഞതോടെ ഇവരെല്ലാം കടുത്ത പ്രതിസന്ധിയിലായി. പലരും ടാപ്പിങ് അവസാനിപ്പിച്ചു. പരിശീലനം നേടി സ്വന്തം മരം സ്വയം ടാപ്പ് ചെയ്യാൻ തീരുമാനിക്കുന്നത് അങ്ങനെയെന്ന് ഗോപകുമാർ. അതിനുള്ള സമയവും സാഹചര്യവുമില്ലാത്തവരുടെ തോട്ടങ്ങൾ അപ്പാടെ കാടുകയറിക്കിടന്നു. സൗമ്യയുമായി ആലോചിച്ച് 2018–19കാലത്ത് റബർകൃഷിമേഖലയിൽ സംരംഭ സാധ്യത പരീക്ഷിക്കുന്നത് അങ്ങനെയെന്ന് ഗോപകുമാർ. നേതൃത്വം സൗമ്യ ഏറ്റെടുത്തു. സംരംഭം ട്രാക്കിലാകുന്നതുവരെ ഭാര്യയ്ക്കു പിന്തുണ നൽകാൻ ഗോപകുമാർ കെഎസ്ആർടിസിയിൽനിന്ന് ദീർഘകാല അവധിയെടുത്തു.

ടാപ്പിങ് തൊഴിലാളികളെ സംഘടിപ്പിച്ച് പ്രാദേശികമായി ലേബർ ബാങ്ക് രൂപീകരിക്കാനായിരുന്നു ആദ്യ ശ്രമം. അവരെ നിശ്ചിത കൂലിക്കു വിട്ടുനൽകുന്ന രീതി ആരംഭിച്ചു. എന്നാൽ, തൊഴിലാളിലഭ്യതകൊണ്ടു മാത്രം പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഈ രംഗത്തുള്ളതെന്ന് അതിവേഗം തിരിച്ചറിഞ്ഞെന്നു സൗമ്യ. വിലയിടിവും കൂലിച്ചെലവും ഉൽപാദനക്കുറവുമെല്ലാം ചേർന്ന് മനം മടുക്കുന്ന സാഹചര്യത്തിലാണ് കർഷകർ. പ്രതികൂല ഘടകങ്ങളെയെല്ലാം ഏകോപിപ്പിച്ച് ഓരോന്നിനും പരിഹാരം കണ്ടെത്തിയാൽ റബർ കൃഷിയെ സുസ്ഥിരമായി നിലനിർത്താനാവുമെന്നും ബോധ്യപ്പെട്ടു. തോട്ടം ദത്തെടുക്കൽ, വിളവു പങ്കു വയ്ക്കൽ, മേൽനോട്ടം എന്നീ  സേവന മേഖലകളിലേക്കു കടക്കുന്നത് അങ്ങനെ. അന്ന് റബർ ബോർഡ് ഫീൽഡ് ഓഫിസറായിരുന്ന എം.ജി.അപ്പു (ഇപ്പോൾ കൃഷിവകുപ്പിൽ) അദ്ദേഹത്തിന്റെ പിതാവ് എം.ജി. മോഹൻദാസിന്റെ തോട്ടം തന്നെ സംരംഭ പരീക്ഷണത്തിനായി ഏർപ്പെടുത്തുകയും പ്രദേശത്തെ ആർപിഎസ്സുമായി ബന്ധപ്പെടുത്തുകയും ചെയ്തെന്ന് ഗോപകുമാർ. തുടർന്ന്, ചുരുങ്ങിയ കാലംകൊണ്ട്, മേൽപ റഞ്ഞ മൂന്നു തലങ്ങളിലായി 200 ഹെക്ടർ തോട്ടം ഏറ്റെടുക്കാനായി.

rubber-group-1
എം.ജി.മോഹൻദാസ്

മെച്ചം; കൃഷിക്കും കർഷകനും
ജി ആൻഡ് ജി റബേഴ്സുമായി കരാറിലെത്തിയ ഒട്ടേറെ റബർ കർഷകരുള്ള പ്രദേശമാണ് ചടയമംഗല ത്തിനടുത്തുള്ള പനപ്പാംകുന്ന്. എം.ജി. മോഹൻദാസ് പ്രസിഡന്റായുള്ള മനയ്ക്കൽ ആർപിഎസ് അംഗങ്ങളാണ്  ഇവരിലേറെയും. പുരയിടത്തിലെ ഒരു ഹെക്ടർ വരുന്ന റബർത്തോട്ടം മുറിക്കാൻ ആലോചിച്ച കാലത്താണ് ഗോപകുമാർ എത്തിയതെന്ന് മോഹൻദാസ്. അശാസ്ത്രീയമായ ടാപ്പിങ് കാരണം വെട്ടു തുടങ്ങി 20 വർഷം ആയപ്പോഴെ മരം മുറിച്ച് ആവർത്തനക്കൃഷി ചെയ്യേണ്ട സ്ഥിതിയെത്തി. എന്നാൽ, ദത്തെടുക്കൽ കരാർ പ്രകാരം തോട്ടം ഏൽപിച്ചതോടെ കാര്യങ്ങൾ മാറി. ആഴ്ചയിലൊരു വെട്ടും ശാസ്ത്രീയ പരിപാലനവും ചേർന്നതോടെ ഇനിയും ഏറെക്കാലം അതേ തോട്ടത്തിൽനിന്ന് മികച്ച ഉൽപാദനം നേടാമെന്നായി. ഉൽപാദനച്ചെലവു കിഴിച്ച് മോശമല്ലാത്ത വരുമാനവും ലഭിക്കുന്നു. 

ഫോൺ: 9446907744, 0474 2910193

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com