ചാണക സംസ്കരണത്തിന് 15 ലക്ഷത്തിന്റെ പ്ലാന്റ്; ആഴ്ചയിൽ കിട്ടും അര ലക്ഷം; ഡെയറി ഫാം ലാഭത്തിലാക്കാനുള്ള എളുപ്പവഴി
Mail This Article
ഡെയറിഫാമും പരിസരവും എപ്പോഴും വൃത്തിയായി വയ്ക്കണമെന്നു നിര്‍ബന്ധമുണ്ട് കോട്ടയം മുട്ടുചിറയിലെ പറുദീസ ഫാം ഉടമകളായ അരൂകുഴുപ്പിൽ രാജീവിനും ഭാര്യ വിധുവിനും. സമ്മിശ്ര–സംയോജിതകൃഷിയുടെ മികച്ച മാതൃകയായ ഈ ഫാമിൽ പശുക്കൾക്ക് ഏറെ പ്രാധാന്യമുണ്ട്. പാലിനും പാലുൽപന്നങ്ങള്‍ക്കുമൊപ്പം ഗോമൂത്രവും ചാണകവും ഇവിടെ മികച്ച വരുമാനമാർഗങ്ങള്‍. അതുകൊണ്ടുതന്നെ ഈയിടെ 15 ലക്ഷം രൂപ മുതൽമുടക്കി ചാണക സംസ്കരണ യൂണിറ്റ് സ്ഥാപിച്ചു. വരുമാനം ഇനിയും ഉയര്‍ത്താന്‍ ഈ യൂണിറ്റ് സഹായിക്കുമെന്നാണ് ദമ്പതികളുടെ പ്രതീക്ഷ.
ചാണക സംസ്കരണ യൂണിറ്റ്
ഡെയറി ഫാമിലെ മാലിന്യ സംസ്കരണത്തിനു പ്രധാനമായും 2 ഗോബര്‍ ഗ്യാസ് പ്ലാന്റുകളാണ് ഇവിടെ യുള്ളതെന്ന് രാജീവ്. തൊഴുത്തു കഴുകിയതിന്റെയും പശുക്കളെ കുളിപ്പിച്ചതിന്റെയും മലിനജലം 8 ഘന മീറ്റർ വ്യാപ്തമുള്ള പ്ലാന്റിലേക്കാണ് പോകുന്നത്. ഇവിടെനിന്നുള്ള വാതകം തൊഴിലാളികൾ അവരുടെ പാചകാവശ്യത്തിന് ഉപയോഗിക്കുന്നു. പ്ലാന്റിൽനിന്നു സ്ലറി ടാങ്കിലേക്ക് എത്തുന്ന വെള്ളം പുതുതായി നിർമിച്ച ചാണക സംസ്കരണ യൂണിറ്റിലേക്ക് സ്ലറി പമ്പ് ഉപയോഗിച്ച് എത്തിക്കും. 3 മീറ്റർ വ്യാസത്തിലും ആഴത്തിലും വൃത്താകൃതിയില്‍ തയാറാക്കിയ ടാങ്കിലേക്കാണ് സ്ലറി എത്തുന്നത്. തൊഴുത്തിൽനിന്ന് കോരി മാറ്റുന്ന ചാണകം ഈ വെള്ളത്തിലേക്ക് ചേർക്കുന്നുമുണ്ട്. ഇത് പ്രത്യേകം പമ്പ് ഉപയോഗിച്ച് ഡീവാട്ടറിങ് മെഷീനി(ജലാംശം നീക്കുന്ന യന്ത്രം)ലേക്ക് എത്തിക്കുന്നു. യന്ത്രത്തില്‍ അധികമായി എത്തുന്ന വെള്ളം ടാങ്കിലേക്കു തിരിച്ചു വിടുന്നു. ഈ വെള്ളം വീഴുന്നതനുസരിച്ച് ടാങ്കിനുള്ളിലെ വെള്ളം വൃത്താകൃതിയിൽ കറങ്ങിക്കൊണ്ടിരിക്കും. ഡീവാട്ടറിങ് മെഷീനിൽനിന്നു പുറത്തേക്ക് എത്തുന്ന വെള്ളം 20 ഘന മീറ്ററിന്റെ ബയോഗ്യാസ് പ്ലാന്റിലേക്ക് പോകും. വെള്ളം നീക്കം ചെയ്ത ചാണകം പൊടി രൂപത്തിലും ട്രൈക്കോഡെർമ ചേർത്ത് സംപുഷ്ടീകരിച്ചും വിൽക്കുന്നു. പൊടി ചാക്കിന് 300 രൂപ നിരക്കിലാണു വിൽപന. സംപുഷ്ട ചാണകം കിലോയ്ക്ക് 30 രൂപയും. പുതിയ പ്ലാന്റിനു മുടക്കിയ 15 ലക്ഷം രൂപ ഒന്നര വർഷത്തിനകം തിരിച്ചുപിടിക്കാൻ കഴിയുമെന്ന് രാജീവ്.
പാചകവാതകം, കൃഷിക്കു വളം
20 ഘനമീറ്റർ ബയോഗ്യാസ് പ്ലാന്റിൽനിന്നുള്ള സ്ലറി 4 സെറ്റ്‌ലിങ് ടാങ്കുകളിലൂടെ കടന്നാണ് പുറത്തെത്തുന്നത്. ഈ വെള്ളം കൃഷിയിടത്തിലേക്ക് എത്തിക്കുന്നു. തീറ്റപ്പുല്ല്, തെങ്ങ്, വാഴ, കിഴങ്ങുവിളകൾ തുടങ്ങിയവയ്ക്ക് ഈ വെള്ളമാണ് പ്രധാന വളം. ബയോഗ്യാസിൽ പ്രവർത്തിപ്പിക്കാവുന്ന ഡ്രയര്‍ ഈയിടെ വാങ്ങി. ഇറച്ചി, മുളക്, പച്ചക്കറികൾ, മഞ്ഞൾ തുടങ്ങിയവ ഉണങ്ങാൻ ഡ്രയർ സഹായിക്കും. ഉൽപന്നങ്ങളുടെ മൂല്യവർധനയ്ക്കും ഇത് സഹായകമാണെന്നു വിധു പറഞ്ഞു.
സമ്പുഷ്ടീകരിച്ച ചാണകം
ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ചാണകത്തിന് ആവശ്യക്കാരേറെയെന്ന് വിധു. 450 കിലോ ചാണകത്തോടൊപ്പം 50 കിലോ വേപ്പിൻപിണ്ണാക്ക്, 7 കിലോ ട്രൈക്കോഡെർമ എന്നിവ ചേർത്താണ് സംപുഷ്ടീകരണം. 15 ദിവസംകൊണ്ട് ഈ പ്രക്രിയ പൂർത്തിയാകും. ഇത് പാക്കറ്റിലാക്കിയാണു വിൽപന.
17 പശുക്കൾ, 300 ലീറ്റർ പാൽ
ചെറുതും വലുതുമായി മുപ്പതോളം ഉരുക്കളുള്ളതില്‍ 17 എണ്ണമാണ് കറവയില്‍. രണ്ടു നേരവുംകൂടി 300 ലീറ്റർ പാൽ. ഏതാനും പശുക്കളെക്കൂടി എത്തിക്കാനുള്ള ശ്രമത്തിലാണ്. പാട്ടത്തിനെടുത്ത 7 ഏക്കറിൽ തീറ്റപ്പുൽക്കൃഷി. ചെറിയ രീതിയിൽ സൈലേജ് ഉൽപാദനവും. ഈയിടെ ചോളക്കൃഷിയും തുടങ്ങി. ഭാവിയിൽ പിറ്റുകൾ നിർമിച്ച് സൈലേജ് ഉൽപാദനത്തിനും പദ്ധതിയുണ്ട്.
പാലിനു മാത്രമല്ല, ചാണകത്തിനും ഡിമാൻഡ് ഏറെയുള്ളതിനാൽ പല വഴിയിൽ വരുമാനം എത്തുന്നു. പാൽവിൽപനയിലൂടെ ആഴ്ചയിൽ ഒന്നേകാൽ ലക്ഷത്തോളം രൂപ ലഭിക്കുന്നുണ്ട്. ചാണകവിൽപനയി ലൂടെ ഏകദേശം 50,000 രൂപയും. തൈര്, നെയ്യ് തുടങ്ങിയവയും വിൽപനയുണ്ട്. പശുക്കൾ മിച്ചം വയ്ക്കുന്ന തീറ്റയാണ് ആടിനും കോഴി, താറാവ് ഉൾപ്പെടെ പക്ഷികള്‍ക്കും തീറ്റ. അതുകൊണ്ടുതന്നെ അവയ്ക്ക് അധിക തീറ്റച്ചെലവ് വരുന്നില്ല. മുട്ടയും ആട്ടിൻപാലും ചെറിയ രീതിയിൽ വിൽപനയുണ്ട്.
ആത്മവിശ്വാസമായപ്പോൾ മാത്രം വായ്പ
വായ്പ എടുത്ത് ഫാം തുടങ്ങരുതെന്ന് രാജീവ്. മുതൽമുടക്കേണ്ട തുകയുടെ 70 ശതമാനമെങ്കിലും കൈവശമുണ്ടെങ്കിൽ മാത്രമേ ഇറങ്ങാവൂ. ഫാം നല്ല രീതിയിൽ പ്രവർത്തനക്ഷമമാകാൻ 3 വർഷമെങ്കിലും വേണം. അതുവരെ പിടിച്ചുനിൽക്കാൻ കഴിയുന്നവനു മാത്രമേ തുടർന്നും ഫാം മുൻപോട്ടു കൊണ്ടുപോകാൻ കഴിയൂ. ഭാര്യയും ഭർത്താവും ഒരുപോലെ ചിന്തിച്ചു പ്രവർത്തിച്ചെങ്കിൽ മാത്രമേ സംരംഭം വിജയിക്കൂ. പൂർണമായും തൊഴിലാളികളെ ഏൽപിച്ചാൽ മറിച്ചാകും ഫലം.
ചെറിയ രീതിയിൽ ആരംഭിച്ച് 5 വർഷംകൊണ്ടു വളർത്തിയെടുത്തതാണ് ഇന്നു കാണുന്ന പറുദീസ ഫാമെന്ന് രാജീവ്. ഒന്നും രണ്ടും പശുക്കളെ വളർത്തി പഠിച്ചപ്പോൾ മുൻപോട്ടു പോകാമെന്നു തോന്നി. ആദ്യ കാലത്തെ പശുക്കളിൽനിന്നുള്ള വരുമാനം ഫാമിലേക്കു തന്നെ നിക്ഷേപിച്ചു. ഇത് വിജയമായപ്പോൾ വിദേശത്തു ജോലി ചെയ്തുണ്ടാക്കിയ പണം ഫാമിന്റെ വികസനത്തിനു മുതൽമുടക്കി. അത് പശുക്കളായും ആടുകളായും ഷെഡായും ഫാമിലുണ്ട്. ഇന്ന് ഫാമിലെ പ്രവർത്തനങ്ങളും വീട്ടുചെലവുകളും മക്കളുടെ പഠനച്ചെലവുമെല്ലാം നടന്നുപോകുന്നത് ഫാമിലെ വരുമാനംകൊണ്ടുതന്നെ. ഇതിനൊപ്പം മുതൽമുടക്കിയ തുകയിലേക്കു ചേർക്കുന്നതിനായി 3 ചിട്ടിക്കും ചേർന്നിട്ടുണ്ട്. ഫാമിൽ മുതൽമുടക്കിയ തുക 7–10 വർഷം കൊണ്ടേ പൂർണമായും തിരികെ കിട്ടുകയുള്ളൂ.
ഫാമിന്റെ പ്രവർത്തനത്തിൽ ആത്മവിശ്വാസമായപ്പോൾ മാത്രമാണ് വായ്പയെക്കുറിച്ച് ചിന്തിച്ചത്. പ്രധാൻമന്ത്രി മുദ്ര യോജന പദ്ധതിയിലൂടെ വായ്പയെടുത്താണ് ചാണക സംസ്കരണ യൂണിറ്റും ഫാമിലെ മറ്റു ചില പ്രവർത്തനങ്ങളും തുടങ്ങിയത്. ഇതും ഫാമിൽനിന്നുള്ള വരുമാനംകൊണ്ട് കൃത്യമായി അടച്ചുതീർക്കാൻ കഴിയും.
ഫോൺ: 96054 75674, 95442 75624