ADVERTISEMENT

രണ്ടു വർഷം മുൻപ് 2021ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡു വാങ്ങി സർവീസിൽനിന്നു വിരമിച്ച ഇടുക്കി കട്ടപ്പന തൂക്കുപാലം സ്വദേശി അജിത്കുമാർ 2023ൽ പുതിയൊരു അവാർഡു കൂടി വാങ്ങി: പഞ്ചായത്തിലെ മികച്ച സമ്മിശ്രക്കർഷകനുള്ള പുരസ്കാരം. 2021 വരെ നാമമാത്ര വരുമാനമുണ്ടായിരുന്ന രണ്ടേക്കർ കൃഷിയിടത്തിൽനിന്ന് 2023 വർഷത്തിൽ അജിത് നേടിയത് 10 ലക്ഷം രൂപയിലധികം! അതു പോരേ അവാർഡിന്. 56–ാം വയസ്സിൽ വിരമിച്ച് വിശ്രമജീവിതത്തിന് ഒരുങ്ങേണ്ട ഒരു കാര്യവുമില്ലെന്ന് അജിത്കുമാർ. ആ പ്രായത്തിൽ വിരമിക്കുന്നവരെല്ലാം അതൊരു അവസരമായെടുക്കണം. വ്യത്യസ്തമായൊരു മേഖലയുടെ ത്രില്ലും സന്തോഷവും ആസ്വദിക്കണം.

ജോലി ചെയ്തിരുന്ന കാലത്തു കൃഷിയിടം ശ്രദ്ധിക്കാനേ കഴിഞ്ഞില്ല. 2 ഏക്കറിൽ  ഉണ്ടായിരുന്നത് കുരുമുളകും ഏലവും ജാതിയുമായിരുന്നു. പരിപാലനമില്ലാത്തതിനാൽ പരിതാപകരമായിരുന്നു സ്ഥിതി. ആണ്ടിൽ പരമാവധി കിട്ടിയിരുന്നത് 10 കിലോ ഉണക്കക്കുരുമുളക്. 2021ലെ വിരമിക്കൽ മുന്നിൽക്കണ്ട് 2019ൽതന്നെ പ്ലാനിങ് തുടങ്ങി. വീടിനു ചുറ്റുമായി ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കല്‍ ആദ്യ പടി. റംബുട്ടാനും മാംഗോസ്റ്റിനും പ്ലാവുമുൾപ്പെടെ അമ്പതോളം ഫലവൃക്ഷങ്ങൾ നട്ട് ശുദ്ധവും പോഷകസമൃദ്ധവുമായ പഴങ്ങളുടെ ലഭ്യത ഉറപ്പു വരുത്തി. കോവി‍ഡ്കാലം കൃഷിക്ക് കൂടുതൽ സമയം നൽകി. ഏലക്കൃഷി ശാസ്ത്രീയമാക്കി. ചുവടുകളുടെ എണ്ണം 700 ആയി വർധിപ്പിച്ചു. തോട്ടത്തിലെ തന്നെ മികച്ചയിനം ജാതിയിൽനിന്ന് ബഡ്ഡെടുത്ത് പുതിയ തൈകൾ വളർത്തി ഏലത്തിന് ഇടവിളയാക്കി. ഏലത്തോട്ടത്തിലെ തണല്‍മരങ്ങളില്‍ പന്നിയൂർ, കരിമുണ്ട ഇനങ്ങൾ ഉൾ‌പ്പെടെ 35 വ്യത്യസ്ത ഇനം കുരുമുളകുകൾ വളർത്തി. കൃഷിവിദഗ്ധരുമായി ബന്ധപ്പെട്ട് ഓരോ വിളയ്ക്കും ശാസ്ത്രീയ കൃഷിരീതി  തന്നെ അവലംബിച്ചു. 2 വർഷംകൊണ്ട്  സ്ഥലം ഒന്നാന്തരം സമ്മിശ്രക്കൃഷിയിടമായി.

മധ്യവയസ്സിൽ വിരമിച്ച് വിരസമായ വിശ്രമജീവിതം നയിക്കുന്ന ഒട്ടേറെപ്പേരുണ്ട് നമ്മുടെ നാട്ടില്‍. അവരിൽ പലർക്കും സാമാന്യം വിസ്തൃതമായ കൃഷിയിടവുമുണ്ട്. കരുതൽധനത്തിലൊരു പങ്ക് സാഹചര്യങ്ങൾക്കു യോജിച്ച രീതിയിൽ ചെലവിട്ടാൽ കൃഷിയും ജീവിതവും പുതിയ സാധ്യതകൾ തുറന്നു തരുമെന്ന് അജിത്കുമാർ ഓർമിപ്പിക്കുന്നു.

ajith-kumar-1

പിഎഫിൽനിന്ന് 4 ലക്ഷം

വിരമിച്ചപ്പോൾ ലഭിച്ച തുകയിൽനിന്ന് 4 ലക്ഷം രൂപ ചെലവിട്ട് നന സൗകര്യമൊരുക്കിയതാണ് കൃഷിയിൽ നിർണായക മാറ്റം കൊണ്ടുവന്നതെന്ന് അജിത്കുമാർ. രണ്ടര ലക്ഷം ലീറ്റർ വെള്ളം കൊള്ളുന്ന പടുതക്കുളമാണു നിർമിച്ചത്. വീടിന്റെ മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം മുഴുവൻ സംഭരിക്കാവുന്ന രീതിയിലാണ് നിർമാണം. 750 തിലാപ്പിയ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. മത്സ്യക്കൃഷി വരുമാനലക്ഷ്യമേ ആയിരുന്നില്ല. ഏലത്തിന് കൃത്യമായ നന, നനയ്ക്കാപ്പം ചെലവു കുറഞ്ഞ രീതിയിൽ പോഷക ലഭ്യത; ഇതു രണ്ടുമായിരുന്നു ഉദ്ദേശ്യം. ടാങ്കിലെ മത്സ്യവിസർജ്യം കലർന്ന വെള്ളം ഏലച്ചെടികൾക്കെല്ലാം എത്തുന്ന രീതിയിൽ സ്പ്രിങ്ക്ളർ സൗകര്യമൊരുക്കി. മത്സ്യവിസർജ്യം കലർന്ന വെള്ളം ഏലത്തിന്റെ വളർച്ചയിലും വിളവിലുമുണ്ടാക്കിയ മാറ്റം  ആവേശകരമായിരുന്നെന്ന് അജിത്. നനയും ഏലത്തിനു നൽകുന്ന വളവും മറ്റു വിളകൾക്കും പ്രയോജനപ്പെട്ടു. ഇന്ന് അജിത്തിന്റെ തോട്ടത്തിലെ 700 ഏലച്ചുവടും നല്ല വിളവിലെത്തിയിരിക്കുന്നു. ആണ്ടിൽ ശരാശരി 700 കിലോ ഉൽപാദനം. വില കിലോയ്ക്കു ശരാശരി 1500 രൂപ. ഏലത്തിന് ഉൽപാദനച്ചെലവു കൂടുതലെങ്കിലും വരവിന്റെ 40 ശതമാനം ലാഭം പ്രതീക്ഷിക്കാം. ആണ്ടിൽ രണ്ട് കിന്റൽ കുരുമുളകുൾപ്പെടെ ഇതര വിളകളും വരുമാനം നല്‍കിത്തുടങ്ങി. തോട്ടത്തിൽ സൂര്യപ്രകാശ ലഭ്യതയും നല്ല നീർവാർച്ചാസൗകര്യവും ഉള്ളിടത്തെല്ലാം വീട്ടാവശ്യത്തിനു പച്ചക്കറിക്കൃഷിയുമുണ്ട്.

ഫോൺ: 8848698305

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com