അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സ്ഥാപനം; ബിസിനസ് മാതൃക മാറ്റി തിരിച്ചുവരവ്; ഇത് കുപ്പിയിലാക്കിയ ഇളനീർമധുരം
Mail This Article
‘നല്ല കരിക്കിൻവെള്ളം കുപ്പിയിലാക്കി കിട്ടിയാൽ നമ്മുടെ നാട്ടിലും ആവശ്യക്കാർ ഏറെയുണ്ടാവില്ലേ?’ – അമേരിക്കയിലും മറ്റും ഇളനീർ ഒരു ട്രെൻഡായി മാറുന്നു എന്നറിഞ്ഞപ്പോൾ തിരുവനന്തപുരം സ്വദേശി ആർ.കിരൺകുമാർ ചിന്തിച്ചത് ഇങ്ങനെ. കൊണ്ടുനടക്കാനും ഉപയോഗിക്കാനും സൗകര്യപ്രദമായ ബോട്ടിലുകളിൽ ഇളനീര്‍ വിപണിയിലിറക്കാന്നുള്ള സാധ്യത തേടി അദ്ദേഹം 10 വർഷം മുമ്പ് നാളികേര വികസന ബോർഡിലെത്തി. അന്നത്തെ ചെയർമാൻ ടി.കെ.ജോസിന്റെ പ്രചോദനം കൂടിയായതോടെ കംപ്യൂട്ടർ എൻജിനീയറിങ്ങിൽനിന്ന് കരിക്കു കച്ചവടത്തിലേക്കു ചുവടു മാറാൻ തീരുമാനിച്ചു. പറ്റിയ സാങ്കേതികവിദ്യ മൈസൂരിലെ ഡിഫൻസ് ഫുഡ് ലബോറട്ടറിയിൽ കണ്ടെത്തുകയും ചെയ്തു.
നിലവാരമുള്ള ഇളനീരിന്റെ ലഭ്യതയായിരുന്നു മറ്റൊരു വെല്ലുവിളി. കേരളത്തിലെങ്ങും തെങ്ങുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ തുടർച്ചയായി ഇളനീർ ഉറപ്പാക്കാവുന്ന തോട്ടങ്ങൾ പാലക്കാട്ടു മാത്രമാണുള്ളത്. അങ്ങനെ കഞ്ചിക്കോട് വ്യവസായ മേഖലയിൽ കിരണ്‍ തന്റെ സംരംഭം തുടങ്ങി.
ബാലാരിഷ്ടതകൾ ഏറെയായിരുന്നു. മൈസൂരിൽനിന്നു കിട്ടിയ സാങ്കേതികവിദ്യ പൂർണതയുള്ളതായിരുന്നില്ല. ഏതാനും വർഷത്തെ പരിശ്രമം വേണ്ടി വന്നു അത് നേരെയാക്കാൻ. ചില്ലറ വിപണിയിലെ പ്രകടനവും തുടക്കത്തിൽ ആശാവഹമായിരുന്നില്ല. കറൻസി പിൻവലിക്കൽ, പ്രളയം, കൊറോണ - പ്രതിസന്ധികൾ ഓരോന്നായി വന്നു.
അടച്ചുപൂട്ടലിന്റ വക്കിലെത്തിയ സ്ഥാപനം തിരിച്ചു വന്നത് ബിസിനസ് മാതൃക മാറ്റിയതോടെയാണ്. ചില്ലറ വിപണിക്കൊപ്പം ബൾക്ക് ഓർഡറും സ്വീകരിച്ചു. ഒപ്പം സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ കൂടുതൽ നിക്ഷേപം നടത്തി. റിട്ടോർട്ട് പാക്കിങ്ങിലേക്കു മാറിയതോടെ ഉൽപാദനച്ചെലവു കുറഞ്ഞു. പൂർണ തോതിൽ ഉൽപാദനം നടക്കുന്നില്ലെങ്കിൽപോലും ഇപ്പോൾ കമ്പനി ലാഭത്തിലാണ്. പ്യുവർ എന്ന സ്വന്തം ബ്രാൻഡിലാണ് പകുതിയിലേറെയും വിൽക്കുന്നത്. മിൽമ ഉൾപ്പെടെ 4-5 കമ്പനികൾക്ക് അവരുടെ ബ്രാൻഡിൽ ഇളനീർ കുപ്പിയിലാക്കി നൽകും. ഉത്തരേന്ത്യയാണ് മുഖ്യ വിപണി. കുപ്പിയിലാക്കിയ ഇളനീരിന് അവിടെ വേനൽക്കാലത്ത് ആവശ്യക്കാരേറെയാണ്. പ്യുവറിന്റെ ഇളനീർ ബോട്ടിലുകൾ കാനഡയിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. കേരളത്തിലും മുൻകാലങ്ങളെക്കാൾ ആവശ്യക്കാരേറുന്നു. എല്ലാ ജില്ലകളിലുമായി 150ലേറെ കടകളിൽ പ്യുവർ വിൽപനയ്ക്കെത്തുന്നു.
ഇളനീർ കാമ്പാണ് മറ്റൊരു വരുമാനം. കഞ്ചിക്കോട് വ്യവസായ മേഖലയിലെ 2 പ്രമുഖ ഐസ് ക്രീം കമ്പനികൾ ഇത് പതിവായി വാങ്ങുന്നുണ്ട്. കൂടാതെ ഫ്രീസ് ചെയ്ത ഇളനീർ കാമ്പ് പാക്കറ്റിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയും ചെയ്യുന്നു. കാറ്ററിങ് കമ്പനികൾ, ഹോട്ടലുകൾ, ഇളനീർഷേക്ക് വിൽപനക്കാർ എന്നിവരൊക്കെ ആവശ്യക്കാര്‍.
തുടക്കത്തിൽ കർഷകസംഘങ്ങളുടെ ഇളനീർ സംഭരിക്കാൻ ശ്രമിച്ചെങ്കിലും തുടർച്ചയായി ലഭ്യത ഉറപ്പാക്കാനോ നിശ്ചിത നിലവാരത്തിൽ നൽകാനോ അവർക്ക് കഴിയാതെ പോയി. ഇപ്പോൾ കച്ചവടക്കാർ മുഖേന പാലക്കാട്ടെ തെങ്ങിൻതോപ്പുകളിൽനിന്ന് എത്തിക്കുകയാണ്. നാടൻ തെങ്ങിന്റെ കാമ്പോടു കൂടിയ കരിക്കാണ് ആവശ്യം. ഹൈബ്രിഡ് - കുള്ളൻ ഇനങ്ങൾക്ക് കരിക്കിൻ വളളം കൂടുതലുണ്ടെങ്കിലും രുചി കുറവാണെന്നാണ് കിരൺ പറയുന്നത്. കാമ്പുള്ള കരിക്കിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞാലും രുചിയേറും . അതുകൊണ്ടു തന്നെ തമിഴ്‌നാട്ടിൽനിന്ന് ഇളനീർ വാങ്ങാറില്ല. 100 ശതമാനവും കേരളത്തിലെ ഇളനീർ ഉപയോഗിക്കുന്നതിനാൽ വിപണിയില്‍ കൂടുതൽ പ്രിയമുണ്ട്. ഒരു കരിക്കിന് 20-22 രൂപ നിരക്കിലാണ് കമ്പനി വില നൽകുന്നത്. കൃഷിക്കാർക്ക് 18 രൂപയോളം വില കിട്ടും.
നാളികേരമായി വിൽക്കുന്നതിലും ഏറെ ലാഭകരമാണ് ഇളനിർ ഉൽപാദനമെന്ന് കിരൺ കുമാർ. കൂടുതൽ വിലയും വിളവും ഇതു വഴി ഉറപ്പാക്കാം. പൊതുവെ 45 ദിവസം കൂടുമ്പോഴാണ് തേങ്ങയിടുന്നത്. എന്നാൽ 30 ദിവസത്തെ ഇടവേളയിൽ തുടർച്ചയായി വരുമാനം നൽകാൻ ഇളനീരിനു കഴിയും. കച്ചവടക്കാർ തോട്ടത്തിലെത്തി വിളവെടുക്കുന്നതിനാൽ തേങ്ങയിടീലിന്റെ തലവേദനയും ചെലവും കർഷകന് ഒഴിവാകുമെന്ന മെച്ചവുമുണ്ട്.
ഫോൺ: 9539983998