നൂറു പശുക്കൾ; 1500 ലീറ്റർ പാൽ: കിനാവിലെ ഏദൻ തോട്ടമല്ല, ഇത് ബിയാട്രീസിന്റെ ‘പശു’ തോട്ടം
Mail This Article
പശു വളർത്തൽ എന്ന പരീക്ഷണശാല
പരീക്ഷണാർഥമാണ് ബിയാട്രീസ് പശു വളർത്തലിലേക്കിറങ്ങിയത്. കാട്ടാക്കടയ്ക്കു സമീപം പൂവച്ചൽ പഞ്ചായത്ത് കൊണ്ണിയൂർ സൈമൺ റോഡ് പുനലാൽ ഗ്രാമത്തിൽ ബിയാട്രീസ്, ബിരുദപഠനത്തിനു ശേഷം ഒന്നര പതിറ്റാണ്ടോളം ലാബ് അസിസ്റ്റന്റായി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു. സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹമാണ് പശു വളർത്തലിലേക്ക് കടന്നത്. കുട്ടിക്കാലത്ത് കുടുംബത്തിൽ നിന്നു ലഭിച്ച അറിവും ഇതിനു പ്രചോദനമായി. ജലഅതോറിറ്റിയിൽ പമ്പ് ഓപ്പറേറ്ററായി വിരമിച്ച ഭർത്താവ് എസ്.കെ.പ്രശാന്ത്കുമാർ പ്രോത്സാഹിപ്പിച്ചതോടെ ചെറിയ രീതിയിൽ സംരംഭം തുടങ്ങാൻ തീരുമാനിച്ചു.
പഴയ തൊഴുത്തും 2 പശുക്കളും
വീടിനോട് ചേർന്നുള്ള പഴയ തൊഴുത്തിൽ 2 പശുക്കളെ വാങ്ങിയാണ് പരീക്ഷണത്തിന് തുടക്കമിട്ടത്. കിട്ടുന്ന പാൽ വീട്ടാവശ്യത്തിനും അധികമുള്ളത് അയൽവീടുകളിലും നൽകി. പശു വളർത്തലിലെ പുതുരീതികളിലെ പരിചയക്കുറവ് തുടക്കത്തിൽ ബുദ്ധിമുട്ടിച്ചു. ക്ഷീരവികസന വകുപ്പ് സഹായത്തിനെത്തിയതോടെ പശു പരിപാലനത്തിലെ നൂതന പ്രവണതകളെക്കുറിച്ചും, ലാഭകരവും ശാസ്ത്രീയവുമായ ക്ഷീരവൃത്തിയെക്കുറിച്ചുള്ള പുത്തൻ അറിവും, ക്ഷീരവികസന ഉദ്യോഗസ്ഥർ കൈമാറിയതോടെ ബിയാട്രീസിന് ഏറെ പ്രോത്സാഹനമായി. വകുപ്പിൽ നിന്ന് സാമ്പത്തിക സഹായം കൂടി ലഫഭിച്ചതോടെ ഈ മേഖലയിൽ നിലയുറപ്പിക്കാനും സംരംഭം വിപുലീകരിക്കാനും ബിയാട്രീസ് തീരുമാനിച്ചു. പശുക്കളുടെ എണ്ണം കൂടിയതോടെ മൂന്ന് വർഷം മുൻപ് 95 സെന്റ് സ്ഥലത്ത് വീടിനോടു ചേർന്ന് ‘ഏദൻസ് ഡെയറി ഫാമും’ തുടങ്ങി.
പ്രതിദിനം 1,500 ലീറ്റർ പാൽ
ശാസ്ത്രീയമായാണ് ഏദൻ ഡെയറി ഫാമിലെ പശുവളർത്തൽ. ജഴ്സി പശുക്കളുടെ എണ്ണത്തിന് ഇരട്ടി എണ്ണം ഹോൾസ്റ്റയിൻ ഫ്രീഷ്യൻ(എച്ച്എഫ്) പശുക്കൾ. ഇക്കാരണത്താൽ, ഉൽപാദിപ്പിക്കുന്ന പാലിന്റെ അളവും ഗുണവും ഒരു പോലെ വർധിക്കാൻ കാരണമാകുന്നു. 1,500 ലീറ്റർ പാലാണ് ഒരു ദിവസം ലഭിക്കുന്നത്. ഇതിൽ 1,100 ലീറ്റർ ക്ഷീര സഹകരണ സംഘങ്ങൾ മുഖേന മിൽമയ്ക്ക് കൈമാറും. കുറച്ച് വീട്ടാവശ്യത്തിനും ഹോട്ടലുകളിലേക്കും നൽകും. ഗ്രാമപ്രദേശമാണെങ്കിലും ശുദ്ധമായ പാലിന് പ്രാദേശികമായി നല്ല വിപണിയും ലഭിക്കുന്നുണ്ട്.
പാട്ടുകേട്ട്, കാറ്റേറ്റ് പശുക്കൾ...
ഫാമിൽ സ്ഥാപിച്ചിരിക്കുന്ന മ്യൂസിക് സിസ്റ്റത്തിൽ നിന്നുള്ള സംഗീതം കേട്ടാണ് പശുക്കൾ ഉണരുന്നതും ഉറങ്ങുന്നതും. ചൂട് നിയന്ത്രിക്കാൻ വലിയ ഫാനുകളും സ്ഥാപിച്ചു. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് പശുക്കൾക്ക് വെള്ളം നൽകുന്നത്. ഫാം എപ്പോഴും വൃത്തിയായി സൂക്ഷിക്കും. മൂത്രം ശേഖരിക്കാൻ പ്രത്യേക ടാങ്കുമുണ്ട്. ഗോബർ ഗ്യാസ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള പാചകവാതകം ഇതിലൂടെ ലഭിക്കും. ഇതര സംസ്ഥാന തൊഴിലാളികളായ 7 പേർക്കാണ് തൊഴുത്തിന്റെ ചുമതല. 2 നേരമാണ് പശുക്കൾക്ക് ഭക്ഷണം. ഗോതമ്പു മാവ്, അരി, ചോളപ്പൊടി, പുളിങ്കുരു, കപ്പ എന്നിവ വേവിച്ച് തീറ്റയോടൊപ്പം രാവിലെയും വൈകിട്ടും നൽകും. ഇടയ്ക്ക് പച്ചപ്പുല്ലും കൊടുക്കും. പച്ചപ്പുല്ല് കിട്ടാതാകുമ്പോൾ വൈക്കോലും നൽകും. പാട്ടത്തിനെടുത്ത സ്ഥലത്ത് തീറ്റപ്പുൽ കൃഷിയും ചെയ്യുന്നുണ്ട്.
ഉണക്ക ചാണകത്തിലൂടെയും വരുമാനം
പച്ചച്ചാണകം മാത്രമല്ല ഉണക്കച്ചാണകത്തിലൂടെയും നല്ല വരുമാനമുണ്ടാക്കാമെന്ന് ബിയാട്രീസും ഭർത്താവ് പ്രശാന്തും പറയുന്നു. ചാണകം ഉണക്കാനായി പ്രത്യേക ഷെഡും സജ്ജമാക്കി. ശാസ്ത്രീയരീതിയിൽ ചാണകം ഉണക്കി പായ്ക്കറ്റുകളിലും ചാക്കുകളിലുമായാണ് വിൽപന. ചാക്കൊന്നിന് (30–35 കിലോ) 100 രൂപയും, 1 കിലോയുടെ പായ്ക്കറ്റിന് 10 രൂപയുമാണ് വില. വളം വിൽപനശാലകളിലും മറ്റുമാണ് ഇവ കൈമാറുന്നത്. ഒരു മാസം ഉണക്ക ചാണക വിൽപനയിലൂടെ അര ലക്ഷം രൂപ വരുമാനമായി കിട്ടുന്നുണ്ടെന്നും ബിയാട്രീസ് പറയുന്നു. ഇതിനു പുറമേ തേനീച്ച വളർത്തൽ, അരുമ മൃഗങ്ങൾ, വർണ മത്സ്യം, വിവിധ ഇനം കിളികൾ തുടങ്ങിയവയുമുണ്ട്. കുരുമുളക്, പ്ലാവ്, റംബുട്ടാൻ, പേരയ്ക്ക, മാവ്, ലിച്ചിപഴം എന്നിവയും കൃഷി ചെയ്യുന്നു. മക്കളായ പി.ബി.പ്രബിൻ (എംഡി, നദി ഫൗണ്ടേഷൻ), പി.ബി.പ്രബിത (എൽഎൽബി വിദ്യാർഥിനി), മരുമകൻ അനുലാൽ (മാധ്യമ പ്രവർത്തകൻ) എന്നിവരും പശു വളർത്തലിൽ ബിയാട്രീസിന് പൂർണ പിന്തുണ നൽകുന്നു. സുഗന്ധ മെഴുകുതിരികളുടെ നിർമാണവും വിൽപനയും പ്രബിതയ്ക്കുണ്ട്. പാൽ കുപ്പികളിലാക്കി വിൽപന നടത്തുന്നതിന് തയാറെടുക്കുകയാണ് ബിയാട്രീസ്. ചാണക പായ്ക്കിങ് യൂണിറ്റ് തുടങ്ങാനും ആലോചനയുണ്ട്. പശുവളർത്തലിന് ഒട്ടേറെ പുരസ്കാരങ്ങൾ ബിയാട്രീസിനു ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ക്ഷീര കർഷകയ്ക്കുള്ള ജില്ലാ–ബ്ലോക് തല പുരസ്കാരവും പലതവണ സ്വന്തമാക്കി.
പശുവളർത്തൽ: ബിയാട്രീസിന്റെ ടിപ്സ്
- പശുക്കളെ തിരഞ്ഞെടുക്കുമ്പോഴും, വാങ്ങുമ്പോഴും ശ്രദ്ധിച്ചില്ലെങ്കിൽ വൻ നഷ്ടമുണ്ടാകും
- തൊഴുത്ത് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം, പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിച്ച് കഴുകണം
- അയഡിൻ നേർപ്പിച്ച് അകിടിൽ പുരട്ടണം. അണുബാധ ഉണ്ടാകാതിരിക്കാനും അകിടുവീക്കം നിയന്ത്രിക്കാനുമാണിത്
- കാത്സ്യത്തിന്റെ കുറവ് പരിഹരിക്കാൻ കാത്സ്യം സപ്ലിമെന്റ് നൽകണം. പശുവിന്റെ ആരോഗ്യകാര്യങ്ങളിൽ സദാശ്രദ്ധ വേണം
- പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യമായി എടുക്കണം
- പശുക്കൾക്കുള്ള ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധ വേണം
- ഏതു സമയത്തും മൃഗഡോക്ടറുടെ സേവനം ഫാമിൽ ലഭ്യമാക്കുന്നതാണ് ഉചിതം
ഫോൺ: 8129210361