ADVERTISEMENT

മണലാരണ്യത്തിൽ 25 വർഷം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മുഴുവൻ നിക്ഷേപിച്ചാണ് കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തൻപുരയ്ക്കൽ വി.എം.ഇബ്രാഹിം റാവുത്തർ ഡെയറി ഫാം ആരംഭിച്ചത്. 2018ൽ 5 പശുക്കളുമായി തുടങ്ങിയ ഫാം ഇന്ന് 40 പശുക്കളും ദിവസം 400 ലീറ്റർ പാല്‍ ഉല്‍പാദനവുമുള്ള സഫ ഫാം ഫ്രഷ് മിൽക്ക് എന്ന വന്‍ സംരംഭമാണ്. മുൻപ് പാൽ പാലായിത്തന്നെ ക്ഷീരസംഘത്തിൽ നല്‍കുകയായിരുന്നെങ്കിൽ കഴിഞ്ഞ മേയ് മാസം മുതൽ പാക്കറ്റ് പാൽ, അതും വെറും പാലല്ല, പാസ്ചുറൈസ് ചെയ്ത പാൽ  വിപണനം ചെയ്യുന്നു. ഒപ്പം തൈരുമുണ്ട്. ഈയിടെ വിപണിയിലെത്തിച്ച സംഭാരമാണ് ഏറ്റവും ഒടുവിലത്തെ ഉൽപന്നം. ഇബ്രാഹിം റാവുത്തർ തുടങ്ങിവച്ച ഫാം  മുൻപോട്ടു കൊണ്ടുപോകുന്നത് മകൾ റിനി നിഷാദാണ്. അഞ്ചില്‍നിന്ന് 40 പശുക്കളിലേക്കുള്ള വളര്‍ച്ചയും പാക്കറ്റ് പാൽ വിൽപനയുമെല്ലാം റിനിയുടെ പരിശ്രമഫലം. 

rini-nishad-5
പാൽ പാസ്ചുറൈസിങ് സംവിധാനത്തിനരികെ റിനി

പ്രവാസം വിട്ട് കൃഷിയില്‍
ബിടെക്കിനുശേഷം എംബിഎ എടുത്ത റിനി, ഭർത്താവ് നിഷാദിനൊപ്പം വിദേശത്തായിരുന്നു. പിന്നീട് ഫാം നടത്തിപ്പ് ഏറ്റെടുത്തു നാട്ടിൽ കൂടി. 5 ഏക്കർ പുരയിടത്തിൽ, പാറകൾ നിറഞ്ഞതും മറ്റു കൃഷിക്ക് യോജ്യമല്ലാത്തതുമായ സ്ഥലത്താണ് തൊഴുത്തും അനുബന്ധ സംവിധാനങ്ങളും. ബാക്കി സ്ഥലത്തു റംബുട്ടാൻ ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളും തെങ്ങും കമുകും ജാതിയും ആടും കോഴിയും തേനീച്ചയുമെല്ലാമുണ്ട്. ഡെയറിഫാം കൂടിച്ചേരുമ്പോള്‍ ലക്ഷണമൊത്ത സമ്മിശ്ര കൃഷിയിടം.

rini-nishad-4

30 ലീറ്റർ പാലുള്ള പശുക്കൾ
ബെംഗളൂരുവിൽനിന്നു കൊണ്ടുവന്ന പശുക്കളാണ് സഫ ഫാമിലുള്ളത്. കൂടുതലും മികച്ച പാലുൽപാദന മുള്ള എച്ച്എഫ് പശുക്കള്‍. ദിവസം 25–30 ലീറ്റർ പാൽ തരുന്ന ഇവയെക്കൂടാതെ, ശരാശരി 15 ലീറ്റർ കറവയുള്ള ജേഴ്സിപ്പശുക്കളും. പാലിന്റെ കൊഴുപ്പ് ക്രമീകരിക്കാൻ ജേഴ്സികളുടെ പാല്‍ ഉപകരിക്കുന്നു.

പാസ്ചുറൈസ്ഡ്  പാല്‍
ഫാം തുടങ്ങിയ കാലം മുതൽ റിനിയുടെ ആഗ്രഹമായിരുന്നു പാൽ സ്വന്തം ബ്രാൻഡിൽ വിപണിയിൽ എത്തിക്കണമെന്നത്. ഈ വർഷം മേയിൽ അതു സഫലമായി. കമ്പനി രൂപീകരിച്ച് സഫ ഫാം ഫ്രഷ് മിൽക്ക് എന്ന പേരിൽ പാസ്ചുറൈസ്ഡ് മിൽക്ക് വിപണിയിൽ എത്തിച്ചു. കൊഴുപ്പ് നീക്കം ചെയ്യാതെ 500 മില്ലി പാക്കറ്റിലാക്കിയ പാൽ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ കടകള്‍ വഴി  വിൽക്കുന്നു. കറന്ന് പ്ലാന്റിലെത്തിക്കുന്ന പാൽ ഉടൻതന്നെ പാസ്ചുറൈസ് യൂണിറ്റില്‍  80 ഡിഗ്രി സെൽഷ്യസിലേക്ക് ചൂടാക്കിയശേഷം മറ്റൊരു ചേംബറിലെത്തിച്ച് 4 ഡിഗ്രിയിലേക്ക് തണുപ്പിക്കുന്നു. ഇങ്ങനെ തണുത്ത പാൽ പാക്കറ്റാക്കി കോൾഡ് റൂമിലേക്ക് മാറ്റുന്നു. യന്ത്രസഹായത്തോടെയാണ് പാക്കിങ് എങ്കിലും ഓരോ കവറിലും 500 മില്ലി പാൽ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നുമുണ്ട്. പാക്കറ്റിന് 30 രൂപയാണ് വില. എന്നും പുലർച്ചെ 5.30ന് ആണ് ഫാമിൽനിന്നു പാലുമായി ആദ്യ വാഹനം പുറപ്പെടുക. അയല്‍ക്കാര്‍ ഫാമിലെത്തി പാൽ വാങ്ങുന്നു.

rini-nishad-7
പാക്കറ്റ് പാൽ തൂക്കം നോക്കി അളവ് ഉറപ്പാക്കിയശേഷം ട്രേകളിൽ അടുക്കുന്നു

മറ്റു കർഷകർക്കും സഹായം
റിനിയുടെ ഫാമിലെ പ്രതിദിന പാലുൽപാദനം 400 ലീറ്റര്‍. സമീപത്തെ ചെറുകിട കർഷകരുടെയും ഫാമുകളിലെയും പാൽ കൂടി വാങ്ങി 1000 ലീറ്ററോളം ഇവിടെ പാക്കറ്റിലാക്കുന്നുണ്ട്. വാങ്ങുന്ന പാലിനു റിനി മികച്ച വില നൽകുന്നു. കർഷകരെത്തിക്കുന്ന പാൽ തൂക്കം നോക്കിയശേഷം മെഷീനിൽ പരിശോധിച്ച് റീഡിങ് നോക്കും. പാലിൽ വെള്ളമില്ല എന്ന് ഉറപ്പുവരുത്താനാണ് പ്രധാനമായും ഈ പരിശോധനയെന്നു റിനി. 

rini-nishad-1
സംഭാരം കുപ്പിയിൽ നിറയ്ക്കുന്നു

തൈരും നെയ്യും സംഭാരവും
പാൽ 90 ഡിഗ്രി വരെ ചൂടാക്കി കടഞ്ഞ് ക്രീം വേർതിരിച്ചാണ് തൈരും നെയ്യും തയാറാക്കുന്നത്. പാലിൽ ഉറ ചേർത്ത് ഹോട്ട് റൂമിലാണ് ആദ്യം സൂക്ഷിക്കുക. തൈരായ ശേഷം പാക്ക് ചെയ്ത് കോൾഡ് റൂമിലേക്ക് മാറ്റും. ക്രീം ഉരുക്കി 50 ഗ്രാം മുതൽ ബോട്ടിലുകളിലാക്കി സഫ ഗീ എന്ന പേരിൽ വിപണിയിലെത്തിക്കുന്നു. ഈ ശ്രേണിയിലെ ഏറ്റവും പുതിയ ഉൽപന്നമാണ് സഫ സംഭാരം. 300 മില്ലിയുടെ കുപ്പിയിലാക്കി 20 രൂപ നിരക്കിലാണ് വിൽപന. വൈകാതെ ചെറിയ കവറുകളിലാക്കിയും വിപണിയിലെത്തും. സീസൺ ആയതിനാൽ വ്യാപാരികൾ കൂടുതൽ ചോദിക്കുന്നുണ്ടെന്ന് റിനി. 

ഇപ്പോൾ പ്രതിദിനം പാലും തൈരുമായി 2000 കവർ വിൽക്കാൻ കഴിയുന്നുണ്ട്. 10 പശുക്കളെക്കൂടി വാങ്ങി പാലിന്റെ അളവ് വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ജലാംശം നീക്കിയ ചാണകം, സ്ലറി എന്നിവയും വില്‍ ക്കുന്നുണ്ട്. പിതാവ് വി.എം. ഇബ്രാഹിമും അമ്മ സലീനയും ഭർത്താവ് നിഷാദ് അലിയും മക്കളായ റിദ ഫാത്തിമയും ഐറ മറിയവും അടങ്ങുന്നതാണ് റിനിയുടെ കുടുംബം.

ഫോൺ: 9447153273

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com