ADVERTISEMENT

സ്ഫടികം സിനിമയിലെ ചാക്കോമാഷിന്റെ ശൈലി കടമെടുത്താൽ ‘ഈ കൃഷിയിടത്തിന്റെ സ്പന്ദനം കണക്കിലാണ്’ എന്നു പറയേണ്ടിവരും. ഇവിടെ നൽകുന്ന വളത്തിനും വെള്ളത്തിനും കിട്ടുന്ന വിളവിനും വരുമാനത്തിനുമെല്ലാം കിറുകൃത്യം കണക്കുണ്ട്. ഒരു വിളയ്ക്ക് പരമാവധി എത്ര മുടക്കാമെന്നും കുറഞ്ഞത് എന്തു കിട്ടുമെന്നും കൃഷി തുടങ്ങുമ്പോൾത്തന്നെ കണക്കാക്കുകയും ചെയ്യും. 

രാജനാരായണൻ കൃഷിയിടത്തിൽ
രാജനാരായണൻ കൃഷിയിടത്തിൽ

തൃശൂർ തിരുവില്വാമല കണിയാർകോട് വെങ്കിടനിവാസിലെ രാജനാരായണന്റെ കൃഷി ഉയരങ്ങളിലേക്കു കുതിച്ചത് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ആസൂത്രണമികവിലൂടെ. എല്ലാ വിവരങ്ങളും കംപ്യൂട്ടറിൽ സോഫ്റ്റ്‌വെയർ സഹായത്തോടെ അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഒരു സീസണിലെ വളത്തിന്റെ ചെലവറിയണോ, അല്ലെങ്കിൽ കിട്ടിയ വിളയുടെ ശരാശരി തൂക്കമറിയണോ – കീ ബോർഡില്‍ വരല്‍  അമർത്തുകയേ വേണ്ടൂ. അതുകൊണ്ടുതന്നെ തീരുമാനങ്ങള്‍ കൃത്യം. തിരുത്തലുകള്‍ ഉടനടി.  

കൃഷിയൊരു നിയോഗം

ക്ഷേത്രപൂജാരി ആയിരുന്ന അച്ഛന്റെ മരണത്തോടെയാണ് രാജനാരായണൻ കൃഷിക്കിറങ്ങുന്നത്. മറ്റൊരു വരുമാനസാധ്യതയും മുന്നിലുണ്ടായിരുന്നില്ല. 26 വർഷം മുൻപ് 20–ാം വയസിൽ കുടുംബസ്വത്തായ 8ഏക്കർ വയലിൽ ആരംഭിച്ച കൃഷി ഇന്ന് സ്വന്തമായുള്ള 16 ഏക്കർ സ്ഥലത്തേക്കും പാട്ടത്തിനെടുത്ത 12 ഏക്കറിലേക്കും വളര്‍ന്നിരിക്കുന്നു. നെല്ലിന്റെ വരുമാനം മതിയാകാതെ വന്നപ്പോൾ വാഴ നട്ടു. പാട്ടത്തിനെടുത്ത സ്ഥലത്തെ കൃത്യതാക്കൃഷിയിലൂടെ മികച്ച വരുമാനമുണ്ടാക്കി. മിച്ചം പിടിച്ചു കൂടുതൽ സ്ഥലം വാങ്ങി. അവിടെയും വിളവിറക്കി. ക്രമേണ താനറിയാതെ വളരുകയായിരുന്നെന്ന് രാജനാരായണന്‍. 2001 മുതൽ വാഴക്കൃഷിയുണ്ടെങ്കിലും 2010ൽ ഓപ്പൺ പ്രിസിഷൻ രീതിയിലേക്ക് ചുവടുമാറിയതോടെയാണ് രാജനാരായണന്റെ വളർച്ച തുടങ്ങുന്നത്. 

rajanarayanan-4
കുറ്റിവിള രീതിയിലും വാഴക്കൃഷി

കൃത്യതാക്കൃഷി അംബാസഡര്‍

കൃത്യതാക്കൃഷിയുടെ ബ്രാൻഡ് അംബാസഡറാണ് രാജനാരായണൻ. 14 വർഷം മുന്‍പ് കേരളത്തിലാദ്യമായി അതിനു പ്രേരിപ്പിച്ചത് അന്നത്തെ കൃഷി ഓഫിസർ പി.ജി.കൃഷ്ണകുമാറും പാലക്കാടു പെരുമാട്ടിയില്‍ കൃഷി ഓഫിസറായിരുന്ന അനിയും. തുടക്കം മുതലേ ആദായകരമായിരുന്നു. വാഴയായിരുന്നു എന്നും പ്രധാന വിള. ഇപ്പോൾ പാട്ടത്തിനെടുത്ത സ്ഥലത്ത് 7000 വാഴകൾ. അതിൽ അയ്യായിരത്തോളം നേന്ത്രനും. കുറ്റിവിളയായി രണ്ടായിരത്തോളം വേറെയുമുണ്ട്. ആദ്യകൃഷിയില്‍ ഒരു വാഴയുടെ കൃഷിച്ചെലവ് 100 രൂപയെങ്കില്‍ കുറ്റിവിളയിൽ 40 രൂപ മാത്രം. കുലയുടെ വലുപ്പത്തിൽ കാര്യമായ അന്തരമില്ല താനും. ആദ്യകൃഷിയിലെ വാഴത്തട കുറ്റിവിളയ്ക്കു വളമാകും. 

പാട്ടക്കൃഷിയിലെ മുൻനിരക്കാരനായതോടെ ഫാം ഡവലപ്മെന്റ് എന്ന ബിസിനസ് ആശയമായി അതിനെ വികസിപ്പിച്ചു. പറമ്പ് തരിശിട്ടിരിക്കുന്നവരിൽനിന്നു വാഴക്കൃഷിക്കായി സ്ഥലം ഏറ്റെടുക്കുകയും മൂന്നു വർഷത്തെ കൃഷിക്കു ശേഷം തെങ്ങ് / റബർ / ജാതി / പൈനാപ്പിൾ നട്ടു വളർത്തി മടക്കിക്കൊടുക്കുകയും  ചെയ്യുന്ന രീതിയാണിത്. നാട്ടിലെമ്പാടും തരിശായി കിടന്ന ഒട്ടേറെ സ്ഥലങ്ങൾ ഇപ്രകാരം വിളഭൂമിയാക്കി.

rajanarayanan-7

വാഴക്കൃഷി സാമ്പത്തികശാസ്ത്രം

ഒരു വാഴയ്ക്ക് പരമാവധി 100 രൂപയേ മുടക്കുകയുള്ളൂ എന്നു തുടക്കത്തിലേ തീരുമാനം. ഓരോ ദിവസത്തെയും കണക്കുകൾ കംപ്യൂട്ടറിലാക്കുന്ന അനുജൻ ചന്ദ്രനാണ് ഇക്കാര്യത്തിൽ ഓഡിറ്റർ. ഇപ്രകാരം കൃഷിച്ചെലവ് നിയന്ത്രിച്ചു നഷ്സാധ്യത ഇല്ലാതാക്കാമെന്ന് നാട്ടുകാര്‍ക്കു‘സ്വാമി’യായ രാജനാരായണന്‍. അതിന്റെ അടിസ്ഥാനത്തിലാവും അടുത്ത കൃഷി.   

rajanarayanan-2
കുടുംബാംഗങ്ങൾക്കൊപ്പം

പ്രതിസന്ധിയിൽ തുണ

വൃക്കരോഗം ബാധിച്ച അനുജൻ ചന്ദ്രന്റെ ചികിത്സയ്ക്കും വൃക്ക മാറ്റിവയ്ക്കലിനുമൊക്കെയായി ലക്ഷങ്ങൾ വേണ്ടിവന്നപ്പോൾ സ്വാമിക്കു തുണയായത് വാഴക്കൃഷിയാണ്. 1000 രൂപയ്ക്കുപോലും പ്രയാസപ്പെട്ട അക്കാലത്തു പിടിച്ചുനിന്നതും വൃക്ക മാറ്റിവച്ചതും ചികിത്സിച്ചതുമൊക്കെ വാഴക്കൃഷിയുടെ ബലത്തില്‍. കൃത്യതാക്കൃഷിയിൽ കായികാധ്വാനം താരതമ്യേന കുറവാണെന്നത് സഹായകമായി. കൂടുതൽ സ്ഥലം പാട്ടത്തിനെടുക്കാനായത് അതുകൊണ്ടാണ്. ഇന്നു കൃഷിയില്‍ ജ്യേഷ്ഠന്റെ വലംകയ്യായി ചന്ദ്രനുണ്ട്. 

rajanarayanan-9

ദീർഘദൃഷ്ടിയോടെ 

വെയിലും മഴയും വകവയ്ക്കാതെ വാഴത്തോട്ടത്തിൽ അധ്വാനിച്ച സ്വാമിക്കു പ്രായമേറുകയാണെന്ന ബോധ്യം ഉള്ളിലുണ്ട്. എക്കാലത്തും ഒരേപോലെ ഓടിനടന്നു കൃഷി ചെയ്യാനാവില്ല.  ദീർഘകാല വിളകളിൽ ശ്രദ്ധിക്കാനുള്ള തീരുമാനത്തിനു പിന്നിലെ യുക്തി അതുതന്നെ. കമുക്, തെങ്ങ്, ജാതി, കുരുമുളക് എന്നിവയാണ് സ്വന്തം പുരയിടത്തിൽ ഇപ്പോൾ കൃഷി. ഒരേക്കറിൽ മാവുകൃഷിയും തുടങ്ങിയിട്ടുണ്ട്.  

തെങ്ങും കമുകും ജാതിയും

തെങ്ങുകൾക്കിടയിൽ കമുകും ജാതിയും. തെങ്ങുകൾ തമ്മിൽ 8 മീറ്റർ അകലം. 4 തെങ്ങിനു നടുവിൽ ഒരു ജാതി, 2 തെങ്ങുകൾക്കു നടുവിൽ 2 കമുക്. തനിവിളയായി വളരുന്ന കമുകിനൊപ്പം കുരുമുളകുമുണ്ട്. ഇവയ്ക്കിടയിൽ പയറു വിതച്ചിട്ടുണ്ടെങ്കിലും അതു വിളവെടുക്കാനല്ല. നൈട്രജൻ ആഗിരണം ചെയ്യുന്ന പയർചെടികളിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ടി വർധിപ്പിക്കുകയാണു ലക്ഷ്യം. ഒപ്പം നേരിട്ട് വെയിൽ ഏൽക്കാതെ മണ്ണിനെ സംരക്ഷിക്കാൻവേണ്ടികൂടിയാണ് ഈ പയർ വിത.

25 വർഷത്തിനു മേൽ പ്രായമുള്ള ഇരുന്നൂറോളം തെങ്ങുകള്‍. വാര്‍ഷിക വിളവ് ശരാശരി 130 തേങ്ങ. ഉൽപാദനത്തിലേക്കു വരുന്ന 450 നാടൻ തെങ്ങ് വേറെയുമുണ്ട്. സങ്കരയിനങ്ങൾ കൃഷി ചെയ്തെങ്കിലും രോഗ, കീട ബാധ കൂടിയപ്പോൾ ഒഴിവാക്കി. മണ്ണു പരിശോധിച്ചതിനുശേഷം വർഷത്തിൽ ഒന്ന് എന്ന രീതിയിലാണ് രാസവളപ്രയോഗം. ഒരു തെങ്ങിന് 50 കിലോ ജൈവവളം 2–3 തവണയായി നൽകുന്നു. ഉണങ്ങിയ ഓലയും മറ്റും ചാലു കീറി കൃഷിയിടത്തിൽത്തന്നെ നിക്ഷേപിക്കും.  തെങ്ങിന്റെയും കമുകിന്റെയും വിളവ് കൃഷിയിടത്തിൽത്തന്നെ കച്ചവടം ചെയ്യും. ഈ വർഷം 1100 കമുകിലെ വിളവ്  9 ലക്ഷം രൂപയ്ക്കാണു വിറ്റത്.

rajanarayanan-5
ജൈവ രീതിയിൽ നെൽക്കൃഷി

ജൈവ നെൽകൃഷി

രണ്ടേക്കറിൽ ജൈവ നെൽകൃഷിയുണ്ട്. കുമ്മായം വിതറി ഉഴുത നിലത്ത് അടിവളമായി കോഴിക്കാഷ്ഠമോ ചാണകമോ ചേർത്താണ് ഞാറ് നടുക. സ്യൂഡോമോണാസ് പുരട്ടിയ വിത്ത് ഉപയോഗിച്ച് പ്ലാസ്റ്റിക് ഷീറ്റിൽ ഞാറ്റടി തയാറാക്കി നടും. യന്ത്രസഹായത്തോടെയാണ് നടീൽ. കീടനിയന്ത്രണത്തിന് ട്രൈക്കോഗ്രമ മുട്ടക്കാർഡ് 2 തവണ വയ്ക്കും. ഏക്കറിനു ശരാശരി 1300 കിലോ ഉൽപാദനം. അരിയാക്കി ‘തിരുവില്വാദ്രി’ ബ്രാൻഡില്‍ വിൽപന. 

ആണ്ടില്‍ രണ്ടു പൂവ് ചെയ്യുന്ന പാടത്ത് മൂന്നാം വിള ഉഴുന്നോ എള്ളോ ആണ്. ഇത്തവണ രണ്ടേക്കറിൽ നിന്ന്  40 കിലോ എള്ള് ലഭിച്ചു. അത് ആട്ടി എണ്ണയാക്കി വീട്ടിൽ ഉപയോഗിക്കുന്നു. പുരയിടത്തിൽ നാൽപതോളം മാവുണ്ട്. കഴിഞ്ഞ വർഷം ചെറിയ തോതിൽ ഫലം നൽകിത്തുടങ്ങിയ ഇവ ഭാവിയിൽ മികച്ച വരുമാനമായി മാറുമെന്നാണു പ്രതീക്ഷ. 

rajanarayanan-3

സാങ്കേതിക പിന്തുണ

മനുഷ്യാധ്വാനം കുറയ്ക്കാനായി യന്ത്രങ്ങൾ പ്രയോജനപ്പെടുത്തുന്നു. 4 വീഡ് കട്ടറുകളും വിവിധ വലുപ്പത്തിലുള്ള 3 ടില്ലറുകളുമുണ്ട്. തെങ്ങിനും കമുകിനുമൊക്കെ വേറിട്ട ശൈലിയിലാണ് തുള്ളിനന സംവിധാനം. ഡ്രിപ് ലൈന്‍ നിലത്തുകൂടി വലിക്കുന്നതിനു പകരം ഒരു മീറ്റർ ഉയരത്തിൽ തെങ്ങിലും കമുകിലും ബന്ധിച്ചിരിക്കുന്നു. മുള്ളൻപന്നിപോലുള്ള വന്യമൃഗങ്ങൾ ഡ്രിപ് ലൈന്‍ മുറിച്ചു നശിപ്പിക്കുന്നത് ഒഴിവാക്കാമെന്നതു കൂടാതെ, തുള്ളിനന ശരിയായി നടക്കുന്നുണ്ടോയെന്ന് അകലെ നിന്നു കാണാനും ഇതു സഹായകം. കൃഷിപ്പണികള്‍ക്കു തടസ്സവുമാവില്ല. 

rajanarayanan-6

കൃഷിയില്‍ ശമ്പളവും

ഒരു ആയുർവേദ ഗ്രൂപ്പിന്റെ കൃഷിയിടത്തിലെ മേൽനോട്ടക്കാരനെന്ന നിലയില്‍ കൃഷി ചെയ്ത് ശമ്പളം വാങ്ങുന്നുമുണ്ട് രാജു. ‘കൃഷിയിടത്തിൽ സമ്പൂര്‍ണ ഓട്ടമേഷൻ, ഫ്രീറേഞ്ച് ശൈലിയിൽ ഡെയറി ഫാമും’. ഇവയാണ് സ്വാമിയുടെയും സഹോദരന്റെയും പ്ലാനിങ് ബോർഡിന്റെ അടുത്ത പഞ്ചവത്സര പദ്ധതികൾ.

ഫോൺ: 9446725068

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com