മൈസൂരുവിൽ മലയാളി കെട്ടിപ്പൊക്കിയ കൊക്കോ സാമ്രാജ്യം: 22 ഏക്കറിൽ 4500 കൊക്കോ, ഒരു ഡസൻ മൂല്യവർധിത ഉൽപന്നങ്ങൾ
Mail This Article
ചെമ്പോട്ടി കുടുംബത്തിന്റെ ഹൃദയം നിറയെ കൊക്കോയാണ്. ‘‘രാവിലെ എഴുന്നേറ്റ്, സുഖകരമായ കാലാവസ്ഥയുള്ള കൊക്കോത്തോട്ടത്തിലൂടെ ഒരു വട്ടം നടന്ന്, നന്നായി മൂത്തു പഴുത്ത നല്ലൊരു കൊക്കോക്കായ പറിച്ചു പൊട്ടിച്ച് നല്ല മധുരവും നേരിയ പുളിയുമുള്ള പച്ചക്കുരു നുണഞ്ഞ് ഓരോ ദിവസവും ആരംഭിക്കാനാണ് ആഗ്രഹം’’, 4500 കൊക്കോ നൽകുന്ന തണലും തണുപ്പും നിറഞ്ഞ പച്ചത്തുരുത്തിലിരുന്ന് തങ്കച്ചൻ ചെമ്പോട്ടിയും ഭാര്യ ജെസിയും പറയുന്നു.
‘‘കൃഷിയിലൂടെ ലഭിക്കുന്ന വരുമാനം മാത്രമല്ല, കൊക്കോയുടെ ആകർഷണം. അതിനപ്പുറം ഹൃദയത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കാനുള്ള സിദ്ധിയുണ്ട് കൊക്കോയ്ക്ക്. ‘ദൈവത്തിന്റെ ഭക്ഷണം’ എന്നു വിശേഷിപ്പിക്കുന്ന ചോക്ലേറ്റിന്റെ ഒരേ ഒരു ഉറവിടം കൊക്കോയാണ്. ചോക്ലേറ്റാകട്ടെ, കഴിക്കുന്നവരിൽ ഹാപ്പി ഹോർമാണുകളെ ഉത്തേജിപ്പിക്കുന്നു. ആസ്വദിച്ചൊരു ചോക്ലേറ്റ് കഴിക്കുമ്പോൾ നിങ്ങളറിയാതെ തന്നെ നിങ്ങളിൽ സന്തോഷം നിറയുമെന്നു പഠനങ്ങൾ പറയുന്നു. ഇവിടെ തയാറാക്കുന്ന ഓരോ ചോക്ലേറ്റിലും ഞങ്ങൾ നിറയ്ക്കാനാഗ്രഹിക്കുന്നത് ഈ സന്തോഷമാണ്.’’ ഹുറാക്കോ എന്ന ബ്രാൻഡിൽ ഒരുക്കുന്ന പ്രീമിയം ഡാർക് ചോക്ലേറ്റ് പരിചയപ്പെടുത്തുന്നു തങ്കച്ചൻ– ജെസി ദമ്പതികളുടെ മകൻ ജോർജ്.
ഫൈവ് ലെയർ ഫാമിങ്
എയർടെല്ലിൽ ഉദ്യോഗസ്ഥനായിരുന്ന തങ്കച്ചനും അധ്യാപികയായിരുന്ന ജെസിയും ഉദ്യോഗാർഥമാണ് മൈസൂരിലെത്തിയതെങ്കിലും വിരമിച്ചതോടെ അവിടെ സ്ഥിരതാമസമാക്കി. കുടിയേറ്റക്കർഷക കുടുംബത്തിൽ പിറന്ന തങ്കച്ചന്റെ മനസ്സിലെന്നും കൃഷിയുണ്ടായിരുന്നു. മൈസൂർ ബേഗൂരിനടുത്ത് ഹുറ ഗ്രാമത്തിൽ 22 ഏക്കർ തെങ്ങിൻതോപ്പു വാങ്ങുന്നത് അങ്ങനെ. നല്ല സൂര്യപ്രകാശ ലഭ്യതയുള്ള തോട്ടത്തിൽ ‘ഫൈവ് ലെയർ ഫാമിങ്’ പരീക്ഷിക്കാനായിരുന്നു ശ്രമം. ഓരോ വിളയ്ക്കും വേണ്ടത്ര സൂര്യപ്രകാശം ലഭിക്കുംവിധം പല തട്ടുകളായി വ്യത്യസ്ത വിളകൾ ക്രമീകരിക്കുന്ന രീതിയാണിത്. ഏറ്റവും ഉയരത്തിൽ തെങ്ങ്, അതിന്റെ താഴെത്തട്ടായി കമുക്, തുടർന്ന് അതിനെക്കാൾ ഉയരം കുറഞ്ഞ സപ്പോട്ട, മാവ്, തുടങ്ങിയ ഫലവൃക്ഷങ്ങൾ, അതിനും താഴെ കൊക്കോ എന്നിങ്ങനെ നട്ടുവളർത്തി. യഥാസമയം പ്രൂണിങ് നടത്തി ഫലവൃക്ഷങ്ങളുടെ ഉയരം ക്രമീകരിച്ചു. അക്കൂട്ടത്തിൽ ഏറ്റവും ലാഭസാധ്യതയുള്ളതായി തോന്നിയതു കൊക്കോ തന്നെയെന്നു തങ്കച്ചൻ. കർണാടകയിൽ മംഗലാപുരം, പുത്തൂർ പ്രദേശങ്ങളിൽ കൊക്കോ കൃഷി ചെയ്യുന്നുണ്ടെങ്കിലും മൈസൂർ, നഞ്ചങ്കോട് ഭാഗങ്ങളിൽ തീരെയില്ല. എന്നാല്‍, കൊക്കോയ്ക്കു യോജിക്കുമെന്നു കണ്ട് ഈ പ്രദേശങ്ങളില്‍ ഇപ്പോൾ കർണാടക കൃഷിവകുപ്പും കാഡ്ബറിയും കൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ട്.
കൊതിപ്പിക്കും കൊക്കോവിഭവങ്ങൾ
കൊക്കോക്കൃഷിയിൽ താൽപര്യമായതോടെയാണ് ചോക്ലേറ്റ് വിപണിയെ ശ്രദ്ധിക്കുന്നതെന്നു തങ്കച്ചൻ. ആരോഗ്യഗുണങ്ങൾക്ക് അത്ര പ്രാധാന്യം കൊടുക്കാതെ, വ്യത്യസ്ത നിറങ്ങളും ഫ്ലേവറുകളും ചേർത്തു വ്യാവസായികാടിസ്ഥാനത്തിൽ ഉല്‍പാദിപ്പിക്കുന്ന ചോക്ലേറ്റുകളാണ് ഇന്നു വിപണിയിൽ നല്ല പങ്കും. എന്നാൽ, അതല്ല യഥാർഥ ചോക്ലേറ്റ് എന്നു തിരിച്ചറിയുന്ന വലിയൊരു ഉപഭോക്തൃ സമൂഹമുണ്ട്. തനതുഗുണങ്ങൾ ഒട്ടും ചോരാതെ തയാറാക്കുന്ന അത്തരം ‘ക്രാഫ്റ്റ് ചോക്ലേറ്റി’ന്റെ വിപണി നാൾതോറും വർധിക്കുകയാണ്. ഈ അറിവ് ജോർജിനെ ആവേശഭരിത നാക്കി.
സ്പെയിനിൽ ഫുട്ബോൾ പരിശീലനത്തിൽ ശ്രദ്ധ വച്ചിരുന്ന ജോർജ് അതോടെ ഫുട്ബോൾ വിട്ട് ക്രാഫ്റ്റ് ചോക്ലേറ്റ് നിർമാണത്തിന്റെ കലയും ശാസ്ത്രവും കയ്യിലൊതുക്കാനുള്ള യാത്രകൾ തുടങ്ങി. വിവിധ രാജ്യങ്ങളിൽനിന്നും വിവിധ സംരംഭകരിൽനിന്നും നേടിയ അറിവുകളും കൃഷിയിടം സ്ഥിതി ചെയ്യുന്ന ഹുറാ ഗ്രാമത്തിന്റെ പേരും ചേർത്ത് ജോർജ് വിപണിയിലെത്തിച്ച ‘ഹുറാക്കോ’ ചോക്ലേറ്റ് ബ്രാൻഡിന് ഇന്നു രാജ്യത്തും വിദേശത്തും ആരാധകരുണ്ട്. പഞ്ചസാരയ്ക്കു പകരം ശർക്കര ചേർത്തു നിർമിക്കുന്ന, കൂടുതൽ ആരോഗ്യകരമായ ഡാർക് ചോക്ലേറ്റാണ് ഹുറാക്കോ.
തങ്കച്ചൻ കൊക്കോക്കൃഷിയിലും ജോർജ് ചോക്ലേറ്റ് നിർമാണത്തിലും ശ്രദ്ധ വച്ചപ്പോൾ ജെസി ചോക്ലേറ്റിനപ്പുറമുള്ള മൂല്യവർധനസാധ്യതകളെക്കുറിച്ചാണ് ചിന്തിച്ചത്. കൊക്കോക്കുരുവിന്റെ പൾപ്പിൽനിന്നു തയാറാക്കുന്ന അതീവ രുചികരമായ കൊക്കോ ജൂസ്, കൊക്കോ ചായ, തേൻ ചേർത്തു തയാറാക്കുന്ന കൊക്കോ നിബ്സ് ഇൻ ഹണി, കൊക്കോ വിനീഗർ, കൊക്കോ ബട്ടർകൊണ്ടുള്ള ലിപ് ബാം എന്നിങ്ങനെ പത്തിലേറെ വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ജെസി വികസിപ്പിച്ചെടുത്തത്. കൊക്കോക്കുരു പുളിപ്പിക്കുമ്പോൾ പാഴാക്കുന്ന പൾപ്പിൽനിന്നു തയാറാക്കുന്ന കൊക്കോ ജൂസ്, ഇന്ത്യയില്‍ത്തന്നെ വിപണിയിലെത്തിക്കുന്നതു ചെമ്പോട്ടി എസ്റ്റേറ്റ് മാത്രം.
കൊക്കോ ടൂറിസം
കൃഷിയും മൂല്യവർധനയും ട്രാക്കിലായതോടെ കൊക്കോ അധിഷ്ഠിത ഫാം ടൂറിസത്തിലേക്കും ചെമ്പോട്ടി എസ്റ്റേറ്റ് ചുവടുവച്ചു. ബെംഗളൂരുപോലുള്ള മഹാനഗരങ്ങളിൽ വളരുന്ന കുട്ടികളിൽ നല്ല പങ്കിനും ചോക്ലേറ്റ് ഉണ്ടാക്കുന്നതു കൊക്കോ കൊണ്ടാണെന്നോ അങ്ങനെയൊരു മരമുണ്ടെന്നോ പോലും അറിയില്ല. കൊക്കോ കണ്ടിട്ടില്ലാത്ത മുതിർന്നവരും കുറവല്ല. ചെമ്പോട്ടിയിൽ എല്ലാ മാസവും അവസാന ശനിയാഴ്ച നടക്കുന്ന കൊക്കോ വിളവെടുപ്പുത്സവം കൂടാൻ കുട്ടികളും മുതിർന്നവരും എത്തുന്നു. ഉല്ലാസഭരിതരായി കൊക്കോരുചികൾ ആസ്വദിച്ചും കൃഷിയും മൂല്യവർധനയും കണ്ടും പഠിച്ചും ദിവസം മുഴുവൻ ചെമ്പോട്ടിയിൽ ചെലവിടാനുള്ള അവസരമാണ് ‘കൊക്കോ ഹാർവസ്റ്റ് ഫെസ്റ്റിവൽ’. കർണാടക ഹോർട്ടികൾചർ വകുപ്പുമായും പ്രമുഖ ഭക്ഷ്യസംസ്കരണ വിദഗ്ധരുമായും ചേർന്ന് കൊക്കോ ഉൽപന്ന നിര്‍മാണത്തില്‍ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ ഈ കൊക്കോ കുടുംബം.
ഹുറാ ഗ്രാമത്തിൽ മാത്രമല്ല, മൈസൂർ നഗരത്തിൽ ഇൻഫോസിസിനോടു ചേർന്ന് മൂന്നരയേക്കർ സ്ഥലം വാങ്ങി അവിടെയും കൊക്കോക്കൃഷി തുടങ്ങിക്കഴിഞ്ഞു തങ്കച്ചൻ. കൃഷിയും ചോക്ലേറ്റ് നിർമാണവും ഉൾപ്പെടെ പഠിക്കാൻ അവസരമുള്ള ‘എക്സ്പീരിയൻസ് സെന്റര്‍’ ആയി ഈ കൃഷിയിടത്തെ വളർത്തുകയാണു ലക്ഷ്യം.
ഫോൺ: 9845190577