അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം; ഞങ്ങൾ എങ്ങോട്ടുമില്ല, ഞങ്ങൾക്ക് പശുവിനെക്കണ്ടു മരിക്കണം
Mail This Article
ആ പഴയ വീട്ടിൽ അച്ഛനും അമ്മയും എട്ടു മക്കളുമായിരുന്നു താമസിച്ചിരുന്നത്. കഷ്ടിച്ച് ഒരേക്കർ സ്ഥലം. അഞ്ചാറു പശുക്കൾ. ഇത്രയുമായിരുന്നു അവരുടെ സമ്പാദ്യം. എല്ലാവരുംചേർന്ന് പശുക്കളെ പൊന്നു പോലെ നോക്കും. പാലും മോരും വിൽക്കും. ചാണകവും ഗോമൂത്രവും വളമാക്കി കപ്പയും വാഴയും കാച്ചിലും ചേമ്പും ചീരയുമൊക്കെ കൃഷി ചെയ്യും.
കുട്ടികളെ പഠിപ്പിക്കണം, വീട്ടുചെലവുകൾ നടത്തണം, മരുന്നിനും മന്ത്രത്തിനും പണം വേണം. ഏക വരുമാന മാർഗം പശുക്കളായിരുന്നു. കാമധേനുക്കളുടെ കാരുണ്യത്തിൽ ആ കുടുംബചക്രം തിരിഞ്ഞു. പാലും വെണ്ണയും പഴങ്കഞ്ഞിയും പകർന്നു നൽകിയ കരുത്തിൽ കുട്ടികൾ വളർന്നു, കഷ്ടപ്പെട്ടു പഠിച്ചു. രാവിലെ അവർ എട്ടു പേരും മൈലുകൾ അകലെയുള്ള സ്കൂളിലേക്കു പുറപ്പെടും. അവരുടെ കയ്യിൽ പുസ്തകങ്ങൾ മാത്രമല്ല, പാൽക്കുപ്പികളും ഉണ്ടായിരുന്നു. വഴിയിലെ ചായക്കടകളിൽ പാൽ കൊടുത്തിട്ട് അവർ സ്കൂളിലെത്തുമ്പോഴേക്കും നേരം വൈകിയിരിക്കും. സ്കൂളിൽനിന്നു മടങ്ങുന്ന വഴി കുട്ടികൾ പാൽകുപ്പികൾ തിരികെ വാങ്ങും.
കാലാന്തരത്തിൽ എല്ലാവരും പഠിച്ച് ഉയരങ്ങളിലെത്തി. എട്ടു പേര്‍ക്കും കുടുംബങ്ങളായി. അവരുടെ കുട്ടികൾ അല്ലലും കഷ്ടപ്പാടുകളുമറിയാതെ വളർന്നു. പക്ഷേ,ഫലവൃക്ഷങ്ങൾ തണൽ വിരിച്ച മുറ്റവും ചാണകം മെഴുകിയ നിലവുമുള്ള, ചെറിയ വീട്ടില്‍തന്നെ വൃദ്ധരായ അച്ഛനും അമ്മയും തുടര്‍ന്നും ജീവിച്ചു. അവരുടെ കൊച്ചുതൊഴുത്തിൽ അപ്പോഴും ഒരു പശുവുണ്ടായിരുന്നു. വലിയ ഉദ്യോഗസ്ഥനായ മൂത്ത മകൻ പശുവിനെ ആർക്കോ വിൽക്കാനും തൊഴുത്തു പൊളിക്കാനും ഇടപാടാക്കിയപ്പോൾ അമ്മ പറഞ്ഞു: "ഞങ്ങൾ എങ്ങോട്ടുമില്ല. ഞങ്ങൾക്ക് പശുവിനെക്കണ്ടുകൊണ്ടു മരിക്കണം. ഈ മണ്ണിൽ പുണ്യാഹംപോലെ ഗോമൂത്രം വീഴണം"
അമ്മപ്പശുക്കള്‍ അനുഗ്രഹിച്ച കാലം
പണ്ട് നമ്മുടെ കുടുംബങ്ങളെ കാത്തുരക്ഷിച്ചിരുന്നത് പശുക്കളായിരുന്നു. കറമ്പിയും വെളുമ്പിയും പൂവാലിയും പുള്ളിപ്പശുവും പാലും വെണ്ണയും മൂത്രവും ചാണകവും യഥേഷ്ടം തന്നു. വീടിന്റെ ഭിത്തിയും തറയും നമ്മൾ ചാണകം മെഴുകി ശുചിയാക്കി. ചാണക വരളികൾ അടുപ്പിൽ മത്സരിച്ചെരിഞ്ഞു. ഗോമൂത്രവും ചാണകവും പഞ്ചഗവ്യവും തൊടികളിൽ വളമായി, വിളകളായി, ഭക്ഷണമായി.
കറവ വറ്റിയിട്ടും ഗോമാതാക്കളുടെ ഐശ്വര്യം വറ്റിയില്ല. ഓണത്തിനും വിഷുവിനും ഞാറ്റുവേലകളിലും നെറ്റിയിൽ കുറിയും കഴുത്തിൽ മാലയും ചാർത്തി, ദീപമുഴിഞ്ഞ് അവരെ നമ്മൾ വണങ്ങി. മിണ്ടാപ്രാണികളുടെ സ്നേഹം അനുഗ്രഹമായി വീടിനു തണലൊരുക്കി. അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും അവരോടു കിന്നാരം ചൊല്ലി. പശു ചെന പിടിക്കുന്നതും പ്രസവിക്കുന്നതും നാട്ടിലെ സന്തോഷ വാർത്തകളായി. അമ്മൂമ്മപ്പശുക്കള്‍ മരണത്തിനു കീഴടങ്ങുമ്പോൾ, വീട്ടമ്മമാർ കണ്ണീർ വാർത്തു, പുലയും വാലായ്മയും ആചരിച്ചു. മുത്തച്ഛന്മാർ നാമം ജപിച്ചു സ്ഥിതപ്രജ്ഞരായി. അതൊരു കാലം. ഇന്ന് മിക്ക വീടുകളിലും പശുക്കളില്ല. പുല്ലും പച്ചപ്പുമില്ല.
വീട്ടുമൃഗങ്ങളില്‍ സിന്ധിപ്പശു
സിന്ധ്, കറാച്ചി തുടങ്ങിയ ദൂരദേശങ്ങളെ പശുക്കളുടെ പേരുകളിലൂടെയാണ് നമ്മളാദ്യം പരിചയപ്പെട്ടത്. "കാട്ടുമൃഗങ്ങളിൽ കരിവീട്ടിയാണു നീ, വീട്ടുമൃഗങ്ങളില്‍ സിന്ധിപ്പശു'- എന്ന ഈരടികളുടെ ഗ്രാമീണ ചാരുത മറക്കാനാവില്ല. പി.ഭാസ്കരൻ 'ഭാഗ്യമുദ്ര' എന്ന ചിത്രത്തിനു വേണ്ടി എഴുതിയ ഈ ഗാനം പൊയ്പോയ കാർഷിക സംസ്കൃതിയുടെ ഓർമകളുണർത്തുന്നു. സിന്ധിപ്പശുകൾക്കു മാത്രമല്ല വെച്ചൂർ, കാസർകോടൻ, ഹൈറേഞ്ച് ഡാർക്ക് തുടങ്ങിയ നാടൻ പശുക്കൾക്കും ഇപ്പോൾ പേരും പ്രശസ്തിയും കിട്ടിത്തുടങ്ങിയെങ്കിലും അവയൊന്നും ഇന്നു വീടിന്റെ ഐശ്വര്യമല്ല, മറിച്ച് റിസോര്‍ട്ടുകളിലെ കാഴ്ചവസ്തുക്കളാണ്.
പാലുല്‍പാദനയന്ത്രങ്ങള്‍
പശുവളർത്തൽ ഇന്നും ഒട്ടേറെ കുടുംബങ്ങള്‍ക്കു താങ്ങും തണലുമാണ്. വാണിജ്യാടിസ്ഥാനത്തില്‍ വമ്പന്‍ സംരംഭങ്ങളുമുണ്ട്. അകിടുകളിൽ നിറയുന്നത് പശുവിന്റെയും പ്രകൃതിയുടെയും കാരുണ്യമാണെന്ന സങ്കല്‍പമൊക്കെ പഴഞ്ചനായി. കർഷകനും പശുവും തമ്മിലുണ്ടായിരുന്ന ഹൃദയബന്ധം എന്നോ ഇല്ലാതായി. ഇന്‍പുട്ടിന് ആനുപാതികമായി പാൽ ഉല്‍പാദിപ്പിക്കുന്ന യന്ത്രങ്ങൾ മാത്രമാണ് ചിലര്‍ക്കെങ്കിലും ഇന്നു പശുക്കള്‍. 'സ്റ്റീമിങ് അപ്', 'ചലഞ്ച് ഫീഡിങ്' തുടങ്ങി ക്ഷീരമേഖലയില്‍ ഇന്നുള്ള പദപ്രയോഗങ്ങളിൽ തെളിയുന്നത് ഈ സ്നേഹശൂന്യതയല്ലേ?