ADVERTISEMENT

കേരളം റബർ സീസണിന്‌ ഒരുങ്ങുന്നു. വേനൽമഴ സൃഷ്‌ടിച്ച ആഘാതത്തിൽനിന്നും ഉൽപാദകമേഖല തിരിച്ചു വരവിന്റെ പാതയിലാണ്‌. കാലവർഷത്തിന്റെ വരവിന്‌ മുൻപേ തോട്ടങ്ങളിൽ മഴമറ ഒരുക്കാനുള്ള സാവകാശം ഇക്കുറി നമ്മുടെ ഉൽപാദകർക്കു ലഭിച്ചില്ല. മേയ്‌ മധ്യം നിലനിന്ന ഉഷ്‌ണതരംഗത്തിനു ശേഷം വേനൽമഴയുടെ താണ്ഡവത്തിനിടയിൽ മരങ്ങളെ റെയിൻ ഗാർഡറുകൾ അണിക്കാനുളള ഉൽപാദകരുടെ ആദ്യ നീക്കങ്ങൾ വിജയിച്ചില്ലെങ്കിലും മുന്നിലുള്ള ദിവസങ്ങളിൽ ടാപ്പിങ്‌ സുഗമമാക്കാൻ വേണ്ട കവചം ഒരുക്കും. 

തെക്കുപടിഞ്ഞാൻ കാലവർഷത്തിന്റെ കടന്നുവരവ്‌ റബർ മേഖലയെ ഞെട്ടിക്കും വിധം ശക്തമായിരുന്നെങ്കിലും ആദ്യ ദിനങ്ങൾ പിന്നിട്ടതോടെ രൗദ്രഭാവത്തിൽനിന്നും ശാന്തതയിലേക്ക്‌ കാലവർഷം ചുവടു മാറ്റുമെന്ന പ്രതീക്ഷയിലാണ്‌ ഉൽപാദകർ. ഇതിനിടയിൽ കേരളം കടന്ന്‌ കർണാടകത്തിലേക്കും ആന്ധ്രയിലേക്കും മഴമേഘങ്ങൾ സഞ്ചരിച്ചതോടെ അൽപ്പം തെളിഞ്ഞ കാലാവസ്ഥ പല ഭാഗങ്ങളിലും ലഭ്യമായത്‌ നേട്ടമാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ്‌ നമ്മുടെ റബർ കർഷകർ. 

കാലാവസ്ഥാ മാറ്റങ്ങൾക്ക്‌ ഇടയിൽ റബർ വെട്ടിന്‌ ചെറുകിട കർഷകർ ഉത്സാഹം കാണിച്ചു തുടങ്ങി. ഷീറ്റ്‌ വില മൂന്നു വർഷത്തെ ഉയർന്ന നിലവാരത്തിൽ നീങ്ങുന്നതും ഉൽപാദകർക്ക്‌ ആവേശം പകരുന്നുണ്ട്‌. അടുത്ത വാരതോടെ ലാറ്റക്‌സ്‌ ലഭ്യത മെച്ചപ്പെടുമെന്നാണ്‌ വ്യാപാര മേഖലയുടെ വിലയിരുത്തൽ. എന്നാൽ പ്രതീക്ഷിച്ച ഡിമാൻഡ് ഡൽഹി, പഞ്ചാബ്‌ സംസ്ഥാനങ്ങളിലെ ചെറുകിട വ്യവസായികളിൽ നിന്നും ഇനിയും അനുഭവപ്പെട്ടില്ല. 

ഉത്തരേന്ത്യ കടുത്ത ചൂടിൽ നട്ടം തിരിയുന്നതിനാൽ ചെറുകിട വ്യവസായശാലകളിൽ തൊഴിലാളികളുടെ എണ്ണത്തിലും കുറവ്‌ അനുഭവപ്പെട്ടത്‌ അവരുടെ ഉൽപാദനത്തെ ബാധിച്ചു. ഒപ്പം സ്റ്റോക്കുള്ള ചരക്ക്‌ പുതിയ വാങ്ങലുകളിൽ നിന്നും അവരെ പിന്നോക്കം വലിച്ചതും ലാറ്റക്‌സ്‌ വിലക്കയറ്റത്തിന്‌ തടസമായി. അതേ സമയം മേയ്‌ ആദ്യം കിലോ 120 രൂപ മാത്രമായിരുന്നു ലാറ്റക്‌സ്‌ വില കൊച്ചിയിൽ ഇതിനകം 129ലേക്ക്‌ ഉയർന്നത്‌ കർഷകരിൽ പ്രതീക്ഷപകരുന്നു.

ഒട്ടുപാൽ വില ഒരു മാസം കൊണ്ട്‌ കിലോ പതിനഞ്ച്‌ രൂപയുടെ നേട്ടത്തിൽ 125 രൂപയിലെത്തി. മേയ്‌ ആദ്യം നിരക്ക്‌ 110 രൂപ മാത്രമായിരുന്നു. താഴ്‌ന്ന വിലയ്‌ക്ക്‌ ചരക്ക്‌ ലഭ്യമെന്ന നിലപാടിൽ വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ നേരത്തെ ശ്രമം നടത്തിയിരുന്നു. അവരുടെ ഗോഡൗണുകളിൽ സ്റ്റോക്ക്‌ നില ചുരുങ്ങുന്നതും സംസ്ഥാനത്ത്‌ ടാപ്പിങ്‌ സീസണിന്‌ തുടക്കം കുറിക്കുന്നതും വാങ്ങൽ താൽപര്യം ഉയർത്താം. ജൂൺ അവസാനതോടെ രാജ്യത്തിന്റെ ഏതാണ്ട്‌ എല്ലാ ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിക്കുന്നതോടെ വ്യവസായിക മേഖലയിലും ഉണർവ്‌ കണ്ട്‌ തുടങ്ങും. 

പുതിയ ഷീറ്റ്‌ മാസാവസാനത്തിൽ സജ്ജമാകുമെങ്കിലും വരവ്‌ ജൂലൈയിൽ മാത്രമേ ഉയർന്ന്‌ തുടങ്ങൂ. കഴിഞ്ഞ മാസം തുടക്കത്തിൽ കിലോ 179 രൂപയിൽ വ്യാപാരം നടന്ന നാലാം ഗ്രേഡ്‌ മാസാവസാനം 193ലേക്ക്‌ ചുവടുവച്ചു. ജൂൺ ആദ്യം 194 രൂപയിലേക്ക്‌ വിപണി വില കയറിയത്‌ വൻകിട തോട്ടങ്ങളെയും തിരക്കിട്ട്‌ ടാപ്പിങിലേക്ക്‌ തിരിയാൻ പ്രേരിപ്പിക്കുന്നു. 

കാലാവസ്ഥ അനുകൂലമായാൽ റെയിൻ ഗാർഡറുകൾ പരമാവധി വേഗത്തിൽ ഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ തോട്ടം മേഖലയിൽ പുരോഗമിക്കും. കാർഷിക മേഖലയിലെ ചലനങ്ങൾ കണക്കിലെടുത്താൽ മധ്യകേരളത്തിൽ മാസത്തിന്റെ രണ്ടാം പകുതിയിൽ റബർ ടാപ്പിങ്‌ രംഗം ഉണരുമെന്ന്‌ വേണം വിലയിരുത്താൻ. ഷീറ്റിന്റെ വിലക്കയറ്റം മുൻനിർത്തി ടാപ്പിങിനായി കൂടുതൽ ഉത്തരേന്ത്യൻ തൊഴിലാളികളെ രംഗത്ത്‌ ഇറക്കാനുള്ള ഒരുക്കങ്ങളും പല ഭാഗങ്ങളിൽ നടക്കുന്നുണ്ട്‌. വിദഗ്‌ധരായ ടാപ്പിങ്‌ തൊഴിലാളികൾക്ക്‌ ഇക്കുറി കേരളത്തിൽ ആവശ്യം വർധിക്കും.    

കാലവർഷം യഥാസമയം തന്നെ കേരളത്തിൽ പ്രവേശിച്ചെങ്കിലും സംസ്ഥാനത്തെ മൂന്നിൽ ഒന്ന്‌ കർഷകർക്ക്‌ മാത്രമേ മേയ്‌ മാസം റെയിൻ ഗാർഡുകൾ ഒരുക്കാൻ അവസരം ലഭിച്ചുള്ളൂ. ഉഷ്‌ണതരംഗത്തിനു പിന്നാലെ വേനൽ മഴ തിമിർത്ത്‌ പെയ്‌തതിനാൽ തോട്ടങ്ങളിൽ വേണ്ടത്ര സമയം കണ്ടെത്താനുള്ള സാഹചര്യം ഉൽപാദകർക്ക്‌ ലഭിച്ചില്ല. കാർഷിക ഉൽപന്നങ്ങൾ വിൽപ്പന നടത്തുന്ന പല വ്യാപാര സ്ഥാപനങ്ങളിലും റെയിൻ ഗാർഡ്‌ വിൽപ്പന അവരുടെ പ്രതീക്ഷയ്ക്കൊത്ത്‌ ഉയർന്നില്ല. ചെറുകിട കർഷകരെ സംബന്ധിച്ച്‌ വർധിച്ച കാർഷികച്ചെലവുകൾ ഭയന്ന്‌ പഴയവ തന്നെ ഘടിപ്പിക്കാനുള്ള നീക്കത്തിലാണ്‌. മിഥുനവും കർക്കിടകവും കടന്ന്‌ കിട്ടായാൽ ടാപ്പിങ്‌ ദിനങ്ങൾ ഉയർത്താനാവുമെന്ന കണക്കുകൂട്ടലിലാണ്‌ റബർ മേഖല. 

ഇതര റബർ ഉൽപാദകരാജ്യങ്ങൾ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതായാണ്‌ വിദേശത്തുനിന്നുള്ള വിവരം. മഴ തായ്‌ലൻഡിലും ഇന്തോനേഷ്യയിലും അനുഭവപ്പെടുന്നുണ്ട്‌. മലേഷ്യയിൽ സെപ്‌റ്റംബർ വരെയുള്ള കാലയളവിൽ ഉൽപാദനം ഉയർന്ന്‌ നിൽക്കും. റബർ ഉൽപാദനത്തിൽ മുൻപന്തിയിലുള്ള ഈ രാജ്യങ്ങൾ ടാപ്പിങിന്‌ തടസം നേരിടാത്ത വിധം മുൻകരുതലുകൾ നേരത്തെ തന്നെ നടത്തിയെന്നത്‌  കർഷകർക്ക്‌ നേട്ടമായി. 

അപ്രതീക്ഷിതമായെങ്കിലും രാജ്യാന്തര വിപണിയിലെ വിലക്കയറ്റം അവസരമാക്കി ഈ രാജ്യങ്ങൾ റബർ വിൽപ്പനയ്‌ക്ക്‌ വരും ദിനങ്ങളിൽ ഉത്സാഹിക്കുമെന്നാണ്‌ വ്യവസായിക മേഖലയുടെ വിലയിരുത്തൽ. മൂന്നു വർഷത്തിനിടയിലെ മികച്ച തലത്തിലേക്ക്‌ ഏഷ്യൻ മാർക്കറ്റുകൾ സഞ്ചരിച്ചത്‌ ഉൽപാദകർക്കും ആവേശം പകർന്നു. തോട്ടങ്ങൾ കൂടുതൽ സജീവമാകുന്നതോടെ മൊത്തം ഉൽപാദനത്തിൽ വർധന പ്രതീക്ഷിക്കാം. 

ഇതിനിടയിൽ രാജ്യാന്തര ക്രൂഡ്‌ ഓയിൽ വിലയിൽ പെട്ടെന്നുണ്ടായ ഇടിവ്‌ ഏഷ്യൻ റബർ മാർക്കറ്റുകളിലും ചെറുചലനം സൃഷ്‌ടിച്ചു. ക്രൂഡ്‌ വിലയിലെ മാറ്റം കൃത്രിമ റബറിൽ സ്വാധീനം ചെലുത്തുമെന്നത്‌ നിക്ഷേപകരെ റബർ അവധി വ്യാപാരത്തിൽ ലാഭമെടുപ്പിന്‌ പ്രേരിപ്പിക്കുന്നുണ്ട്‌. മാർച്ചിൽ ബാരലിന്‌ 91 ഡോളർ വരെ ഉയർന്ന എണ്ണ വില ഫെബ്രുവരിക്ക്‌ ശേഷം ഇതാദ്യമായി 80 ഡോളറിലെ താങ്ങ്‌ തകർത്ത്‌ 77ലേക്ക്‌ ഇടിഞ്ഞു. കേവലം 24 മണിക്കൂറിൽ ക്രൂഡ്‌ ഓയിലിന്‌ മൂന്നു ശതമാനം വിലത്തകർച്ച സംഭവിച്ചത്‌ ഒപെക്കിനെ പോലും ഞെട്ടിച്ചു. 

ജപ്പാനിലെ ഒസാക്ക എക്‌സ്‌ചേഞ്ചിൽ 352 യെൻ വരെ കഴിഞ്ഞ മാസം ഉയർന്ന സെപ്‌റ്റംബർ അവധി വില പ്രതികൂല വാർത്തകളെ തുടർന്ന്‌ ചെവാഴ്‌ച്ച രാവിലെ  328 ലേക്ക്‌ സാങ്കേതിക തിരുത്തൽ കാഴ്‌ച്ചവച്ചു. അതേ സമയം റബർ 322 യെന്നിലെ സപ്പോർട്ട്‌ നിലനിർത്തുവോളം വിപണി ബുള്ളിഷ്‌ മനോഭാവത്തിൽ നീങ്ങും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com