500 രൂപയുടെ ഞണ്ടിനെ 25 ദിവസം വളർത്തിയാൽ 2800 രൂപ; വീപ്പയിലെ ഞണ്ടിലൂടെ നേട്ടം കൊയ്ത് വിദ്യാർഥികൾ
Mail This Article
അഞ്ഞൂറു രൂപയ്ക്കു വാങ്ങുക, 200 രൂപ വിലയുള്ള ഡ്രമ്മിലാക്കി വെള്ളത്തിലിടുക. 25-30 ദിവസം പരമാവധി 200 രൂപയുടെ തീറ്റ കൊടുക്കുക. 2,800 രൂപയ്ക്കു വിൽക്കുക. ലാഭം കിട്ടിയ 1,800 രൂപ കീശയിലിടുക-എങ്ങനെയുണ്ട് ഐഡിയ? അതാണ് ന്യൂജൻ ഞണ്ടു കൊഴുപ്പിക്കൽ. കായലരികത്ത് ഇത്തിരി സ്ഥലവും ഉപ്പുവെള്ളവും ലഭ്യമായവർക്ക് ഞണ്ടുകൊഴുപ്പിക്കലിലൂടെ പണമുണ്ടാക്കാൻ സഹായമെത്തിക്കുകയാണ് എറണാകുളം പനങ്ങാടുള്ള സ്റ്റെം എന്ന അഗ്രി സ്റ്റാർട്ടപ്.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് അഥവാ കുഫോസിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികളായ അരുൺദാസ്, അശ്വതി എന്നിവരാണ് ഇതിനു പിന്നിൽ. ബിരുദപഠനകാലം മുതൽ അക്വാകൾചർ രംഗത്തെ സംരംഭസാധ്യതകൾ തിരിച്ചറിഞ്ഞു നടത്തിയ പഠന, ഗവേഷണങ്ങളാണ് ഇവരുടെ മുതൽക്കൂട്ട്. സ്വന്തമായി ഉൽപാദനമെടുക്കുന്നതിനൊപ്പം മത്സ്യക്കർഷകർക്ക് കൺസൽറ്റൻസി സേവനവും ഇവർ നൽകുന്നുണ്ട്. പരമ്പരാഗത ഞണ്ടു കൊഴുപ്പിക്കലിലെ ചില പരിമിതികൾ മറികടക്കാന്‍ വ്യത്യസ്ത ശൈലിയിലാണ് ഇവരുടെ കൊഴുപ്പിക്കൽ.
പരമ്പരാഗതരീതിയിൽ കുളങ്ങളിൽ വളർത്തുമ്പോൾ ഞണ്ടുകൾ പരസ്പരം ആക്രമിക്കുകയും തീറ്റയാക്കുകയും ചെയ്യും. ഇത് വലിയ നഷ്ടമുണ്ടാക്കും. മാത്രമല്ല, വെള്ളത്തിനടിയിലെ ഞണ്ടിന്റെ വളർച്ച കൃത്യമായി നിരീക്ഷിക്കാനും കഴിഞ്ഞിരുന്നില്ല. ഇത് ഒഴിവാക്കാനായി വെള്ളത്തിൽ പൊന്തിക്കിടക്കുന്ന ബോക്സുകളിലും മറ്റും ഞണ്ടിനെ വളർത്തുന്ന ഫ്ലോട്ടിങ് സംവിധാനവും ഉരുത്തിരിഞ്ഞിരുന്നു. എന്നാൽ, ചൂടു മൂലം ഞണ്ടു ചത്തുപോകുന്നത് ഇതിന്റെ പരിമിതിയായിരുന്നു. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായാണ് അരുൺദാസും അശ്വതിയും ചേർന്ന് ഹാംഗിങ് രീതി വികസിപ്പിച്ചത്. വെള്ളം കയറിയിറങ്ങാനായി തുളകളിട്ട ബാരലുകളിൽ വളർത്തുന്ന രീതിയാണിത്. 60 സെന്റിമീറ്ററോളം ആഴമുള്ള ബാരലുകളായതിനാൽ ഞണ്ടിനു ചൂട് പ്രശ്നമാവില്ല. പുതിയ രീതി വികസിപ്പിച്ച് സ്വയം കൃഷി ചെയ്യുന്നതിനൊപ്പം മറ്റു കർഷകരെ പഠിപ്പിക്കാനും ഇവർ തയാറാവുന്നുണ്ട്. പനങ്ങാട് മേഖലയിൽ എൺപതോളം കൃഷിക്കാർക്ക് പരിശീലനം നൽകിക്കഴിഞ്ഞു.
ഏതാനും വർഷങ്ങളായി കായലുകളിൽ കൂടുകൃഷിയോടൊപ്പം ഞണ്ടുകൃഷി നടത്തി ഇരുവരും വൻലാഭം നേടുന്നു. കുഫോസിലെ ബിസിനസ് ഇൻക്യുബേഷൻ സെന്ററില്‍ പ്രവർത്തിക്കുന്ന സ്റ്റം സിസ്റ്റംസ് ഒരു മാസം ശരാശരി 200 ഞണ്ടുകളെ കയറ്റുമതി ചെയ്യുന്നുണ്ട്. പനങ്ങാട് കോളജിനു സമീപമുള്ള കായലിലാണ് ഇവരുടെ കൂടുമത്സ്യക്കൃഷി. അവിടെയും തൊട്ടടുത്തായി വാടകയ്ക്ക് എടുത്ത മത്സ്യഫാമിലുമാണ് ഞണ്ടു വളർത്തല്‍. ഇപ്പോൾ നീണ്ടകര പാലത്തിനു സമീപം കല്ലുമ്പുറത്തും ഇവർ ഞണ്ടുകളെ വളർത്തുന്നു. ആകെ 250 ബാരലുകളിലാണ് കൃഷി.
കയറ്റുമതിക്കായാണ് പ്രധാനമായും ഞണ്ടുകൊഴുപ്പിക്കല്‍. ചൈന, കൊറിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളില്‍ ഇഷ്ടവിഭവമാണ് ഞണ്ട്. അതുകൊണ്ടുതന്നെ ആഘോഷ വേളകളിൽ വില കുതിച്ചുയരും. ഒരു കിലോ തൂക്കമുള്ള ഞണ്ടിന് 2,800 രൂപ വരെ കിട്ടുന്നത് ഈ സാഹചര്യത്തിലാണെന്ന് അരുൺദാസ്. പ്രകൃതിദത്തമായി കായലിൽനിന്നു കിട്ടുന്ന പഞ്ഞി ഞണ്ടുകളുടെ പുറംതോട് തീർത്തും മൃദുവാണ്. മത്സ്യത്തൊഴിലാളികൾ എത്തിച്ചു കൊടുക്കുന്ന ഇത്തരം ഞണ്ടുകളെ വില കുറഞ്ഞ മത്സ്യങ്ങളും മറ്റും നൽകി വളർത്തിയാൽ ഒരു മാസത്തിനകം തോടിനു കട്ടി വയ്ക്കും. വലിയ ഞണ്ടുകൾക്ക് ഈ പ്രക്രിയ പൂർത്തിയാകാന്‍ 20–40 ദിവസം വരെ വേണ്ടിവന്നേക്കാം. അരക്കിലോ തൂക്കമുള്ള ഞണ്ടിനെ കൊഴുപ്പിക്കലിലൂടെ 1-1.25 കിലോയിലെത്തിക്കാം.
വലുപ്പമനുസരിച്ച് ഞണ്ടുകളെ ബിഗ്, എക്സ്‌എൽ, ഡബിൾ എക്സ്‌എൽ എന്നിങ്ങനെ ഗ്രേഡ് ചെയ്യാറുണ്ട്. ഒരു കിലോയിലേറെ തൂക്കമുള്ള XXL ഞണ്ടുകൾക്ക് കഴിഞ്ഞ മാസം 2,800 രൂപ വില കിട്ടിയിരുന്നു. മദേഴ്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായാണ് ഇത്രയും മുന്തിയ വില കിട്ടിയതെന്ന് അരുൺദാസ് പറഞ്ഞു. ഡിസംബർ മുതൽ മേയ് വരെയാണ് രാജ്യാന്തര ഞണ്ടു വിപണി ഉഷാറാകുന്നത്. ചൈന-സിംഗപ്പൂർ ബെൽറ്റിലെ ആഘോഷങ്ങളെല്ലാം ഈ സമയത്താണ്. സീസൺ നോക്കി ഉൽപാദനം ക്രമീകരിച്ചാൽ മികച്ച നേട്ടം ഉറപ്പാണെന്ന് അശ്വതി ചൂണ്ടിക്കാട്ടി. ഒരു ഞണ്ടിൽനിന്നു ശരാശരി 1000 രൂപ കിട്ടും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞണ്ടു കൊഴുപ്പിക്കുന്നവരുടെ കൂട്ടായ്മകളുണ്ടാക്കി പരിശീലനം നൽകാനും അവരിൽനിന്നു ഞണ്ടിനെ തിരികെ വാങ്ങി കയറ്റുമതി ചെയ്യാനുമാണ് ഇവർ ലക്ഷ്യമിടുന്നത്.
ഫോണ്‍: 9544553253 (അരുൺദാസ്), 9072956614 (അശ്വതി)