ADVERTISEMENT

ഒരു കിലോയിലധികം ഭാരമുള്ള ഇറുക്കുകാലോടുകൂടിയ ഞണ്ടുകൾക്കാണ് വിപണിയിൽ ഡിമാൻഡ്. ഞണ്ടിറച്ചിയുടെ രാജ്യാന്തര വിപണിമൂല്യം കഴിഞ്ഞ വർഷം 87.92 കോടി ഡോളറായിരുന്നു. 10 വർഷം കഴിയുമ്പോൾ ഇത് 151. 61 കോടി ഡോളറാകും. ഞണ്ടിറച്ചിയുടെ പോഷകഗുണങ്ങളെക്കുറിച്ചുള്ള അവബോധം, സമുദ്രോല്‍പന്ന ഉപഭോഗത്തില്‍ വർധിക്കുന്ന താൽപര്യം, വർധിക്കുന്ന പ്രതിശീർഷ വരുമാനം, ഉയർന്ന നഗരവൽക്കരണം എന്നിവ ഞണ്ടുകളുടെ ഡിമാൻഡ് ഇനിയും വർധിപ്പിക്കുമെന്നു പ്രതീക്ഷിക്കാം.  

ഞണ്ടു മാംസത്തിൽ പ്രോട്ടീൻ, വൈറ്റമിൻ, ധാതുക്കൾ എന്നിവ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. രക്ത സമ്മർദം കുറയ്ക്കാനും മാനസികാരോഗ്യത്തിനും എല്ലുകളുടെ ദൃഢതയ്ക്കും ആവശ്യമായ ഘടകങ്ങൾ ഞണ്ടിറച്ചിയിൽ അടങ്ങിയിരിക്കുന്നു.  

പുതുതായി തോട് പൊഴിച്ച (വാട്ടർ ക്രാബ്) പഞ്ഞി ഞണ്ടുകളെ തോട് കട്ടിയാകുന്നതുവരെ 10–45 ദിവസം വളർത്തുന്നതിനെയാണ് ഞണ്ടുകൊഴുപ്പിക്കൽ (ക്രാബ് ഫാറ്റനിങ് ) എന്നു പറയുന്നത്. 80 മില്ലി മീറ്ററിൽ കൂടുതൽ വലുപ്പവും, 550 ഗ്രാമിലേറെ ഭാരവുമുള്ള മൃദുവായ പുറംതോടോടുകൂടിയ ഞണ്ടിനെയാണ് കൊഴുപ്പിക്കുന്നത്. 

crab2
Image credit: bonchan/iStockPhoto

ലാഭകരമായ ഹ്രസ്വകാല സംരംഭമായതിനാൽ ഇത് യുവാക്കളെ കൂടുതലായി ആകർഷിക്കുന്നു. കുളങ്ങളിലെ ഫ്ലോട്ടിങ് ബോക്സിൽ പഞ്ഞിഞണ്ടുകളെ നിക്ഷേപിച്ച് 45 ദിവസം വളർത്തി വില്‍ക്കല്‍ പണ്ടേയുണ്ട്. എന്നാൽ, വിപണിപ്രിയമനുസരിച്ചുള്ള ഉൽപന്നം ലഭ്യമാകാത്തതുകൊണ്ടും, ശാസ്ത്രീയമായി കൃഷി നടത്താത്തതുകൊണ്ടും, ഈ സംരംഭത്തിൽ നഷ്ടം പതിവാണ്. 

വേമ്പനാട്ടു കായലിൽ കരിമീൻ, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങളെ കൂടുകൃഷി ചെയ്യുന്നവര്‍ ഒട്ടേറെ. താരതമ്യേന ചെലവ് കുറവായതിനാൽ ജോലിയോടൊപ്പം അധിക വരുമാനം എന്ന രീതിയിലാണ് പലരും ഈ കൃഷി നടത്തുന്നത്. ഇത്തരം കൂടുകളിൽ  അധിക വരുമാനമായി ഞണ്ടുകൊഴുപ്പിക്കൽ നടത്തുന്ന രീതിയാണ് കുഫോസ് വിദ്യാർഥികളായ അരുൺദാസും അശ്വതിയും വികസിപ്പിച്ചിരിക്കുന്നത്.

ഞണ്ടിനെയിട്ട എച്ച്ഡിപിഇ വീപ്പകൾ വെള്ളത്തില്‍ 60 സെ.മീ. ആഴത്തിൽ മുങ്ങുന്ന വിധം കൂടിന്റെ കൈവരിയിലോ നടപ്പാതയിലോ തൂക്കിയിടാം. ഒരു വീപ്പയിൽ ഒരു ഞണ്ടിനെയാണ് ഇടുക. ഒരു ചതുരശ്ര മീറ്ററിൽ ഏകദേശം 9 വീപ്പകൾ (30 ലീറ്റർ സംഭരണശേഷി) തൂക്കിയിടാം. വീപ്പകളിൽ 4 ഇഞ്ച് അകലത്തിൽ ഒരിഞ്ച് വ്യാസമുള്ള തുളകളിടണം. ഇത് ജലചംക്രമണം സാധ്യമാക്കി പ്രകൃതിദത്ത ആവാസവ്യവസ്ഥയിൽ വളരാൻ ഞണ്ടിനെ സഹായിക്കുന്നു. 

crab-3

വാട്ടർ ക്രാബ് എന്ന പഞ്ഞി ഞണ്ടിനെ കിലോയക്ക് 500–650 രൂപ നിരക്കിൽ പരമ്പരാഗത ഞണ്ടുപിടിത്തക്കാരിൽനിന്നും മാർക്കറ്റിൽനിന്നും വാങ്ങാം. വൈപ്പിൻ, അരൂക്കുറ്റി, വൈക്കം, കൊടുങ്ങല്ലൂർ, തിരൂർ ഭാഗങ്ങളിൽനിന്നാണ് കൂടുതലായി ഞണ്ടുകൾ എത്തുന്നത്. വളരെ ശ്രദ്ധയോടെ വേണം പ‍ഞ്ഞിഞണ്ടുകളെ വാങ്ങാന്‍. ഇവയുടെ തോടിൽ കേടുപാടുകൾ ഇല്ലെന്നും ഇറുക്കുകാലിന് ഒരേ വലുപ്പമാണെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്. ഇറുക്കുകാൽ ഒരേ വലുപ്പത്തിൽ അല്ലെങ്കിൽ, അവയിൽ ഒന്നെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഞണ്ടിന് അര്‍ഹമായ വില ലഭിക്കില്ല. 

ആദ്യ ദിവസം ഞണ്ടുകൾക്ക് തീറ്റ കോടുക്കാറില്ല. രണ്ടാം ദിവസം മുതൽ ശരീരഭാരത്തിന്റെ 10% തീറ്റ കൊടുക്കാം. രാവിലെയും വൈകുന്നേരവും രണ്ടു നേരമായി തീറ്റ കൊടുക്കാം. മാർക്കറ്റിൽ ലഭിക്കുന്ന വില കുറഞ്ഞ മീനുകളാണ് തീറ്റ. ഞണ്ടുകളുടെ വലുപ്പമനുസരിച്ചാണ് വിളവെടുപ്പ്. ഭാരം 800 ഗ്രാമിൽ കുറവാണെങ്കിൽ 20 ദിവസം കൊണ്ട് തോട് കട്ടിയാക്കി ഒരു കിലോയുള്ള ഞണ്ടിനെ വിളവെടുക്കാം. ഞണ്ടുള്ള ബാരലുകൾ ദിവസംതോറും വെള്ളത്തിൽനിന്നു പൂർണമായി ഉയർത്തുകയും അതിലെ ശേഷിക്കുന്ന ഭക്ഷണ പദാർഥങ്ങൾ മാറ്റുകയും വേണം. വിളവെടുക്കുന്നതിന് 3 ദിവസം മുൻപു മുതൽ കക്കായിറച്ചി കൊടുക്കുന്നത് കൊഴുപ്പിക്കൽ വേഗത്തിലാക്കാനും ഭാരം കൂടാനും സഹായിക്കുന്നു. തീരദേശങ്ങളിൽ താമസിക്കു ന്നവർക്ക് വീടിനോടു ചേർന്ന് കായലോ മറ്റ് ഓരുജല സ്രോതസ്സുകളോ ലഭ്യമാണെങ്കിൽ  (ഉപ്പുരസം 15 -25 പിപിടി ) ഈ കൃഷിയിലൂടെ വൻനേട്ടമുണ്ടാക്കാം.  

വിലാസം: അസിസ്റ്റന്റ് പ്രഫസർ, കുഫോസ്, പനങ്ങട്, എറണാകുളം. ഫോൺ: 7736560431

English Summary:

Boost Your Income with Profitable Crab Fattening Techniques

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com