ചായ കുടിച്ചിട്ടും ഉൻമേഷമില്ലെന്ന് തേയില കർഷകർ, തേയില തോട്ടങ്ങളിൽ സംഭവിക്കുന്നത്
Mail This Article
ചായ കുടിച്ചിട്ടും ഉൻമേഷമില്ലെന്ന് തേയില കർഷകർ. കൊടും വരൾച്ചയുടെ ദിനങ്ങൾക്ക് ശേഷം ദക്ഷിണേന്ത്യയിൽ തേയില സീസണിന് തുടക്കം കുറിച്ചതോടെ ഹൈറേഞ്ച് മേഖലയിലെ വലുതും ചെറുതുമായ തേയില തോട്ടങ്ങളിൽ കൊളുന്ത് നുള്ള് ഊർജിതമായി. ഏറെ പ്രതീക്ഷയോടെയാണ് ഉൽപാദകർ സീസണിനെ വരവേറ്റതെങ്കിലും കൊളുന്തിന് വില ഇടിഞ്ഞത് അവരുടെ പ്രതീക്ഷളെല്ലാം തകർത്തു.
ഫെബ്രുവരി മുതൽ ഇടുക്കിയിലെ ഒട്ടുമിക്ക തേയില തോട്ടങ്ങളും നാളിതു വരെ നിർജീവമായിരുന്നു. ചെടികളെ കനത്ത ചൂടിൽ നിന്നും സംരക്ഷിക്കാൻ അന്ന് തുരിശ് ലായിനി വരെ പ്രയോഗിച്ച് ഓരോ ഇലകൾക്കും അധിക സംരക്ഷണം നൽകി തോട്ടങ്ങൾ പരിപാലിച്ചപ്പോൾ അര ഏക്കറും ഒരേക്കറും മാത്രമുള്ള ചെറുകിട കർഷകർ പോലും സ്വപ്‌നം കണ്ടത് ഭാവിയിലെ ഉയർന്ന വിലയെയാണ്.
ഇതിനിടയിൽ കാലവർഷത്തിൻറ വരവ് കണ്ട് കീടനാശിനി, വള പ്രയോഗങ്ങൾക്കും വലിയ സംഖ്യ പലരും ചിലവഴിച്ചു. എന്നാൽ പുതിയ കൊളുന്ത് ശേഖരിക്കാൻ ഫാക്‌ടറികൾ താൽപര്യം കാണിക്കുന്നില്ലെന്നാണ് ചെറുകിടക്കാരുടെ പക്ഷം. ഇടുക്കിയിലെ കർഷകർ ഉൽപാദിപ്പിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച തേയിലയാണ്. ആഗോള വിപണിയിൽ തന്നെ പേര് കേട്ട നമ്മുടെ ഉൽപ്പന്നം വിൽപ്പനയ്‌ക്ക് എത്തിക്കുന്ന കർഷകർക്ക് ന്യായവില പലപ്പോഴും ഉറപ്പ് വരുത്താനാവുന്നില്ല.
ടീ ബോർഡാണ് കൊളുന്തിന് വില നിശ്‌ചയിക്കുന്നത്. നിലവിൽ കിലോ പതിമൂന്ന് രൂപ മുപ്പത്തി അഞ്ച് പൈസയാണ് നിരക്ക്. എന്നാൽ വിൽപ്പനയ്‌ക്ക് എത്തിക്കുന്ന തേയിലയ്‌ക്ക് ഗുമേൻമയുടെ പേരിൽ വ്യവസായികൾ പൂർണ്ണമായി ചരക്ക് എടുക്കാതെ തിരിച്ചു വിടുകയാണ്. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ നിരക്ക് കിലോ 19 രൂപ മുതൽ 20 രൂപ വരെയായിരുന്നു.
ഓരോ കിലോയിലും ആറ് രൂപയിൽ അധികം വില ഇടിഞ്ഞത് ഉൽപാദകർക്ക് താങ്ങാനാവുന്നതിലും വലിയ ഭാരമായി മാറിയെങ്കിലും മറ്റ് മാർഗ്ഗങ്ങളില്ലൊതെ അവർ നട്ടം തിരിയുകയാണ്. വില നിശ്‌ചയിക്കുന്ന ടീ ബോർഡാവട്ടേ ബഹുരാഷ്‌ട്ര കമ്പനികളുടെ താൽപര്യങ്ങൾക്ക് മാത്രമാണ് മുൻ തൂക്കം നൽക്കുന്നത്.
ഊട്ടിയിൽ നിന്നും തമിഴ്‌നാടിൻറ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള കൊളുന്തും ഇടുക്കിയിൽ എത്തുന്നതായി കർഷക സംഘടന വക്ത്‌താക്കൾ. ചെക്ക് പോസ്‌റ്റുകൾ വഴി അനായാസം ചരക്ക് കടത്താനും അവർക്ക് കഴിയുന്നു. ഗുണമേൻമയിൽ ഹൈറേഞ്ച് കൊളുന്തിലും താഴ്‌ന്ന ഇനമാണ് എത്തുന്നതെങ്കിലും ഇവ സംസ്‌കരണ വേളയിൽ നാടൻ തേയിലയുമായി കലർത്തി വിൽപ്പന നടത്തുന്നത് ഫാക്‌ടറികൾക്ക് അധിക വരുമാനത്തിന് അവസരം ഒരുക്കുന്നു.
തമിഴ്‌നാട് സർക്കാർ തേയില കർഷകർക്കായി വിവിധ പദ്ധതികൾ ഒരുക്കിയതിനൊപ്പം സാമ്പത്തിക സഹായങ്ങളും നൽക്കുന്നതായി ഊട്ടിയിലെ കർഷകർ. ചെടികൾക്ക് ആവശ്യമായ മരുന്നുകളും വളത്തിനും മറ്റുമായി ഏഴുപത് ശതമാനം വരെ സബ്‌സിഡി തേയില കർഷകർക്ക് അയൽ സംസ്ഥാനം നൽക്കുന്നു. കൃഷി പരമാവധി പോഷിപ്പിക്കാൻ തമിഴ്‌നാട് കാണിക്കുന്ന ഉത്സാഹം നാം കണ്ട് പഠിക്കേണ്ടതാണ്. അതേ സമയം കൃഷിയെ കുറിച്ചോ, കർഷകനെ കുറിച്ചോ വ്യക്തമായ ധാരണയില്ലാത്ത നോക്ക് കുത്തിയായ ഒരു കൃഷി വകുപ്പ് നമുക്കുമുണ്ട്.
സീസൺ ആരംഭിച്ച വിവരം പുറത്തുവന്നതോടെ ദക്ഷിണേന്ത്യൻ തേയിലയുടെ സ്വാദ് നുകരാൻ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ബയ്യർമാർ പ്രമുഖ തേയില ലേല കേന്ദ്രങ്ങളിലേയ്‌ക്ക് ശ്രദ്ധതിരിച്ചു. സി ഐ എസ് രാജ്യങ്ങളിൽ നിന്നും മദ്ധ്യപൂർവേഷ്യയിൽ നിന്നും ധാരാളം ഓർഡറുകൾ എത്തുന്നുണ്ട്. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ഓർത്തഡോക്സ് ചായയുടെ മികച്ച ഗുണനിലവാരവും അതുല്യമായ രുചിയും അന്താരാഷ്‌ട്ര ഡിമാൻറ്റ് ഉയർത്തി.
തുറമുഖങ്ങളിൽ കണ്ടെയ്‌നർ ക്ഷാമം തല ഉയർത്തുന്നത് തേയില കയറ്റുമതി മേഖലയിൽ ആശങ്ക പരത്തുന്നു. യഥാസമയം ഓർഡർ പ്രകാരമുള്ള ചരക്ക് തുറമുഖത്ത് നിന്നും കപ്പലിൽ കയറ്റിയാൽ മാത്രമേ ഇറക്കുമതിക്കാരിൽ നിന്നും പണം ലഭിക്കു. കൊച്ചി, ചൈന്നെ, തൂത്തുകുടി തുറമുഖങ്ങളിൽ കണ്ടെയ്‌നറുകളുടെ ലഭ്യത ചുരുങ്ങി.
രാജ്യാന്തര തലത്തിലെ ശക്തമായ മത്സരങ്ങൾക്ക് മുന്നിൽ തേയിലയ്‌ക്ക് പിടിച്ചു നിൽക്കണമെങ്കിൽ കാർഷിക മേഖലയ്‌ക്ക് കൂടുതൽ സബ്‌സിഡികൾ സർക്കാർ അനുവദിക്കേണ്ടയിരിക്കുന്നു. ഓർത്തഡോക്‌സ് തേയിലയുടെ ഉൽപാദനം ഉയർത്തിയാൽ കയറ്റുമതിയിൽ നിന്നുള്ള വരുമാനം ഇരട്ടിപ്പിക്കാനാവും.നിലവിൽ തോട്ടം മേഖലയില തേയില ഫാക്‌ടറികളുടെ ഓർത്തഡോക്‌സ് തേയില ഉൽപ്പാദന ശേഷി ഏകദേശം 27 ദശലക്ഷം കിലോയാണങ്കിലും നമ്മുടെ പ്രതിവർഷ ഉൽപ്പാദനം 12 ദശലക്ഷം കിലോ മാത്രമാണ്.
സി റ്റി സി തേയിലയെ അപേക്ഷിച്ച് ഓർത്തഡോക്‌സ് ഇനങ്ങളുടെ വിലയാവട്ടേ 25 ശതമാനം ഉയർന്ന് നിൽക്കുകയാണ്. കിലോ 180 രൂപയിലാണ് ഓർത്തഡോക്‌സിൻറ ലേലം നടക്കുന്നത്. ആഭ്യന്തര വിപണിയിലും പ്രീയമേറിയ ഈ ഇനം ഉൽപാദിപ്പിക്കാൻ കർഷകർക്ക് ആവശ്യമായ സഹായങ്ങൾക്ക് സർക്കാർ ഉണർന്ന് പ്രവർത്തിക്കേണ്ട അവസരമാണ്. ദക്ഷിണേന്ത്യൻ തേയിലയ്‌ക്ക് വിപണിയിൽ പലപ്പോഴും ശക്തമായ മത്സരം നേരിടുന്നത് അയൽ രാജ്യമായ ശ്രീലങ്കൻ ചരക്കുമായാണ്. രണ്ട് മേഖലയിലും ഒരേ കാലാവസ്ഥയായതിനാൽ തേയിലയുടെ രുചിയിലും ഒരുമയുണ്ട്.