ADVERTISEMENT

ആഗോളതാപനത്തിന്റെ അനന്തരഫലമായി ഉണ്ടായ കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതം എന്നവണ്ണം  48 മണിക്കൂറുകൾക്കകം 572 മി.മീ. അതിതീവ്ര മഴ വയനാട് ജില്ലയിലെ മുണ്ടക്കൈ ചൂരൽമല പ്രദേശത്ത് മാത്രം പെയ്തിറങ്ങിയപ്പോൾ, ആ പേമാരിയുടെ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാനാവാതെ ഉൾക്കാട്ടിലെ മലനിരകൾ പൊട്ടിയൊലിച്ച് രാത്രിയുടെ ഏതോയാമങ്ങളിൽ കാടിന്റെ അതിർത്തികളും ഭേദിച്ച് സകല സ്വപ്നങ്ങളും തൂത്തുവാരി ഒരു പ്രദേശത്തെ ഒന്നാകെ ഇല്ലാതാക്കിക്കൊണ്ട് സംഹാരതാണ്ഡവമാടി 25 കിലോമീറ്ററുകൾക്കും അപ്പുറം മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്ത് പോത്തുകല്ല് വരെ എത്തിയപ്പോൾ അതിന്റെ ഉത്തരവാദിത്തം പ്രദേശത്ത് താമസിച്ച അപകടത്തിൽപ്പെട്ടവരുടെ തലയിൽ കെട്ടിവച്ചു രക്ഷപ്പെടാനുള്ള കാർബൺ ദല്ലാളുമാരുടെ ശ്രമം അംഗീകരിച്ചു തരില്ല.

പരിസ്ഥിതി ജാഡകളും, ശാസ്ത്രീയ സാക്ഷരത ഇല്ലാത്ത സോക്കോൾഡ് പരിസ്ഥിതി ബുദ്ധിജീവികളും ചേർന്ന് ഒരു ജനതയെ ഒറ്റു കൊടുക്കാൻ കിട്ടിയ അവസരം പാഴാക്കുന്നില്ലെന്നു കാണാം. എന്നാൽ, യാഥാർഥ്യങ്ങൾക്കു മുൻപിൽ പുകമറ സൃഷ്ടിച്ച്, ആഗോളതാപനത്തിന്റെ അച്ചാരം വാങ്ങി പശ്ചിമഘട്ടത്തിന് ലോക പൈതൃക പദവി ചാർത്തിക്കൊടുത്ത്, സാമ്പത്തികം മാത്രം ലക്ഷ്യംവച്ചുകൊണ്ട് നൂറ്റാണ്ടുകളുടെ പരിസ്ഥിതി ചരിത്രം പോലും പരിഗണിക്കാതെ ഗാർഡ്‌ഗിലിനെ കൂട്ടുപിടിച്ച് പഠനം നടത്തിച്ച് എന്നു വരുത്തിതീർത്ത്, ആ റിപ്പോർട്ടും ഉയർത്തിപ്പിടിച്ച് മലയോരത്തെ ചൂഷണത്തിനു മാത്രം വിധേയരായിട്ടുള്ള കർഷകരെയും കർഷക തൊഴിലാളികളെയും പരിസ്ഥിതി ചൂഷകരായി മുദ്രകുത്തി വേട്ടയാടുന്നു. കാർബൺ ക്രെഡിറ്റ് ദല്ലാളുമാർ ഓരോ ഉരുൾപൊട്ടലും വന്യമൃഗ അക്രമണങ്ങളും മലയോരങ്ങളിൽ താമസിക്കുന്നവരെ കുടിയിറക്കാനുള്ള അവസരമായികണ്ടാണ് ഇടപെടുന്നത്. ഈ രീതി തുടർന്നാൽ നാളെകളിൽ വരാൻ പോകുന്ന ചുഴലിക്കാറ്റിനും ഭൂചലനത്തിനും എന്തിനേറെ സുനാമിക്കു വരെ മലയോര ജനത ഉത്തരവാദിത്വം പറയേണ്ടിവരും.     

കേരളത്തിന്റെ പരിസ്ഥിതി

പശ്ചിമഘട്ടത്തിന്റെ സ്പന്ദനം കേരളത്തിലാണെന്ന ഭാവത്തിൽ കേവലം 100 വർഷത്തെ പോലും പരിസ്ഥിതി ചരിത്രത്തെക്കുറിച്ച് പഠിക്കാത്ത ഒരു ശരാശരി പരിസ്ഥിതിപ്രേമിയായ ബുദ്ധിജീവിയുടെ ഓപ്പണിങ് സ്റ്റേറ്റ്മെന്റെ മലയാളിയുടെ പരിസ്ഥിതിക അവബോധത്തെ പഴിച്ചു കൊണ്ടായിരിക്കും. പരിസ്ഥിതിയെ മുഴുവൻ മലയാളി നശിപ്പിച്ചുവെന്നോ ആർത്തി പൂണ്ട  മലയാളി തോടും പുഴയും മലയും കയ്യേറി പശ്ചിമഘട്ടത്തെ കാർന്നുതിന്നു എന്നുമായിരിക്കും. പരിസ്ഥിതി ഒന്നാകെ തകർന്നടിഞ്ഞ് തരിപ്പണമായി എന്ന് പരിസ്ഥിതി മാഫിയകൾ പറയുന്ന കേരളം ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായിട്ടു പോലും കേരളത്തിന്റെ ഫോറസ്റ്റ് കവർ 54.42 ശതമാനവും വനവിസ്തൃതി 29.65 ശതമാനവും ട്രീ കവർ 60 ശതമാനവും ഉണ്ടെന്ന വസ്തുത ആരും കാണാതെ പോകരുത്. ആഗോളതാപനം തടയാനുള്ള ഏക പോംവഴി മരം നട്ടുപിടിപ്പിക്കൽ ആണെന്നും പറയുന്ന പരിസ്ഥിതി ബുദ്ധിജീവികൾ തന്നെ ഫോറസ്റ്റ് കവർ വർധിക്കുന്നതുകൊണ്ട് കാര്യമില്ലാ എന്ന് പറയുകയും ചെയ്യുന്നു. അവരുടെ ഈ ഇരട്ടത്താപ്പ് ഓരോ മലയോരവാസികളും തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളുടെ ഏഴയലത്തു പോലും ക്വാറിയോ മറ്റു പ്രകൃതി വിഭവ വ്യവസായങ്ങളോ ഇല്ല. കപ്പ നടുന്നതും വാഴ നടുന്നതും തല ചായ്ച്ചുറങ്ങാൻ ഉറപ്പുള്ള ഒരു കൂര പണിയുന്നതും മാത്രമാണ് ഉരുൾപൊട്ടലിനു കാരണം ആകുന്നതെന്നാണ് ചില‍ർ പറയുന്നത്. അത്തരം ആളുകൾ സമൂഹത്തിൽ അനുഭവിക്കുന്ന സാമൂഹിക സാമ്പത്തിക നേട്ടങ്ങൾ ഒന്നും തന്നെ അനുഭവിക്കാൻ അർഹതയില്ലാത്ത മനുഷ്യരാക്കി മലയോര ജനതയെ ചിത്രീകരിക്കുന്നു. സാമ്പത്തിക ചൂഷണത്തിനുവേണ്ടി മാത്രം ചെയ്യുന്ന ജോലിയെ ആശ്രയിച്ച് രൂപീകരിച്ച ജാതിവ്യവസ്ഥ പോലെ അതിന്റെ പിന്തുടർച്ച എന്നവണ്ണം മനുഷ്യരെ ജീവിക്കുന്ന പ്രദേശത്തിനനുസരിച്ച് വേർതിരിച്ചു നിർത്തി കയ്യേറ്റക്കാരൻ എന്ന മുദ്രകുത്തി, സ്വതന്ത്രമായി കൃഷി ചെയ്യാനും ജീവിതോപാധികൾ കണ്ടെത്താനും അപര്യാപ്തരാക്കി മാറ്റുന്നത് ഗൂഢ ലക്ഷ്യത്തോടെയാണെന്ന് തിരിച്ചറിയാതെ പോകരുത്. 

മൂന്നാറിൽ 1908 മുതൽ 1924 വരെ ഓടിയിരുന്ന തീവണ്ടികളിലൊന്ന്. 1924ലെ വെള്ളപ്പൊക്കത്തിലാണ് മോണോറെയിൽ പാത നശിച്ചത്.
മൂന്നാറിൽ 1908 മുതൽ 1924 വരെ ഓടിയിരുന്ന തീവണ്ടികളിലൊന്ന്. 1924ലെ വെള്ളപ്പൊക്കത്തിലാണ് മോണോറെയിൽ പാത നശിച്ചത്.

99ലെ പ്രളയം

ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഇടമായിരുന്ന മൂന്നാർ പട്ടണം 1924 ജൂലൈ മാസത്തിലെ പ്രളയത്തിൽ നാമാവശേഷമായി. നൂറു വർഷങ്ങൾക്കിപ്പുറം ഇന്നു പോലും സാധ്യമാകാത്ത റെയിൽപാത വരെ മൂന്നാറിൽ അന്നുണ്ടായിരുന്നു. ആ കൊല്ലം സാധാരണയേക്കാൾ 60 ശതമാനത്തിലധികം മഴ കേരളത്തിൽ പെയ്തു. തിരുവിതാംകൂറിന്റെയും മലബാറിന്റെയും ഭാഗങ്ങൾ അതായത് ഇന്നത്തെ കേരളത്തിന്റെ മധ്യഭാഗം (തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾ) വെള്ളത്തിൽ മുങ്ങി. ആലപ്പുഴ ഏതാണ്ട് പൂർണമായും വെള്ളത്തിലായി. കോഴിക്കോട് പട്ടണത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. കൃത്യമായ കണക്കുകൾ ഇല്ലെങ്കിലും 1000 മനുഷ്യരെങ്കിലും ആ പ്രളയത്തിൽ കൊല്ലപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു. അക്കാലത്ത് ഏതുതരത്തിലുള്ള പരിസ്ഥിതി ചൂഷണങ്ങളാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കി പരിസ്ഥിതി ബുദ്ധിജീവികൾ മറുപടി പറയേണ്ടതുണ്ട്. കേരളത്തിന്റെ കടലോരങ്ങൾ വരെ വനമായിരുന്ന ഒരു കാലവും കേരളത്തിനുണ്ടായിരുന്നല്ലോ! അപ്പോൾ പിന്നെ ഇന്നു കാണുന്ന കേരളത്തിലെ നഗരങ്ങളിൽ ചതുപ്പ് നികത്തി താമസിക്കുന്നവർ പറയണം ആരാണ് ആദ്യത്തെ കയ്യേറ്റക്കാരൻ എന്ന്. 

മാട്ടുപ്പെട്ടി ഫാക്ടറി മാനേജരുടെ ബംഗ്ലാവ്. മലയിടിഞ്ഞു വീണാണ് ഇതു തകർന്നത്.
മാട്ടുപ്പെട്ടി ഫാക്ടറി മാനേജരുടെ ബംഗ്ലാവ്. മലയിടിഞ്ഞു വീണാണ് ഇതു തകർന്നത്.

1924 ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ 3284 മി.മീ. മഴ രേഖപ്പെടുത്തി. 2018ൽ ഇതേ കാലയളവിൽ 2366.1 മി.മീ. മഴയാണ് രേഖപ്പെടുത്തിയത്. എന്നാൽ 2024 ജൂൺ ഒന്നു മുതൽ ജൂലൈ 31 വരെ രേഖപ്പെടുത്തിയ മഴ 1439.2 മി.മീ. ആണ്.

(കർഷക സംഘടനയായ കിഫയുടെ മാനേജിങ് ബോർ‍ഡ് അംഗമാണ് ലേഖകൻ)
അഭിപ്രായം വ്യക്തിപരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com