ADVERTISEMENT

ഒരാള്‍ വെജിറ്റേറിയന്‍, മറ്റേയാള്‍ നോണ്‍ വെജിറ്റേറിയന്‍. രണ്ടു പേര്‍ക്കുമുണ്ട് ഭക്ഷണത്തെക്കുറിച്ചു ചില്ലറ സംശയങ്ങള്‍. സസ്യാഹാരം മാത്രം കഴിച്ചാല്‍ ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കുമോ എന്നാണ് ഒരാളുടെ ആശങ്ക. മാംസാഹാരം പതിവാക്കിയാല്‍ കൊളസ്ട്രോളും കൊഴുപ്പും കൂടിപ്പോകുമോ എന്നു മറ്റേയാള്‍ക്കു പേടി. എന്തു ചെയ്യും? ഉണ്ണിക്കൃഷ്ണനും ധീരജ് മോഹനും കൂടിയിരുന്ന് ആലോചിച്ചു. വൈകാതെ രണ്ടു പേരും പുതിയൊരു സംരംഭത്തിലേക്കെത്തി; വെജ്‌കാര്‍ക്കും നോണ്‍ വെജ്‌കാര്‍ക്കും സ്വീകാര്യമായ ഗ്രീന്‍ മീറ്റ്, ഇരുവരും ചേര്‍ന്നു സ്ഥാപിച്ച ‘ഗ്രീനോവേറ്റീവ്’ എന്ന സ്റ്റാര്‍ട്ടപ് സംരംഭം ഇപ്പോള്‍ വിപണിയിലെത്തിക്കുന്നത് 3വ്യത്യസ്ത ചേരുവകളുമായി റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വെജിറ്റേറിയന്‍ ഇറച്ചിക്കറികള്‍. എറണാകുളം കളമശ്ശേരിയിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിലാണ് സംരംഭം.

veg-meat-2
ഗ്രീൻ മീറ്റുമായി ഉണ്ണിക്കൃഷ്ണനും ധീരജും

ഉദ്യോഗം വിട്ട് സംരംഭത്തിലേക്ക്

മികച്ച ഉദ്യോഗങ്ങളിലിരുന്ന തൃശൂര്‍ മാള സ്വദേശി പി.ജി.ഉണ്ണിക്കൃഷ്ണനും മലപ്പുറം തിരൂര്‍ സ്വദേശി ധീരജ് മോഹനും ഉദ്യോഗത്തിനൊപ്പം തുടര്‍ പഠനത്തിനായി കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ എംബിഎയ്ക്കു ചേര്‍ന്നപ്പോഴാണ് പരസ്പരം പരിചയപ്പെടുന്നത്. ഇരുവരും തങ്ങളുടെ ആശയ‌ങ്ങള്‍ പങ്കുവച്ചതോടെ ജോലി രാജിവച്ച്‌ സംരംഭത്തില്‍ ഒന്നിച്ചു.

രുചികരമായ പ്രോട്ടീന്‍ ഭക്ഷണം എന്നതിനപ്പുറം ഗ്രീന്‍ മീറ്റ് എന്ന ആശയത്തിലെ ആരോഗ്യപരവും പരിസ്ഥിതിപരവുമായ സന്ദേശങ്ങള്‍ക്കാണു തങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്നു ധീരജും ഉണ്ണിക്കൃഷ്ണനും പറയുന്നു. ലോകം മുഴുവന്‍ ചർച്ച ചെയ്യുന്ന ആഗോളതാപനമെന്ന പ്രശ്നം പരിഹരിക്കുന്നതില്‍ എളിയ സംഭാവന കൂടിയായാണ് ഗ്രീന്‍ മീറ്റിനെ ഇവര്‍ കാണുന്നത്. ആഗോളതലത്തില്‍  ഭൂരിപക്ഷം ജനങ്ങളും മാംസാഹാരികളാണ്. ജീവിതശൈലീരോഗങ്ങള്‍ക്കുള്ള കാരണങ്ങളിലൊന്ന് അമിത തോതില്‍ മാംസാഹാരം കഴിക്കുന്നതാണെന്നു പഠനങ്ങളും വന്നിട്ടുണ്ട്. എന്നാല്‍, രുചികരമായ ഭക്ഷണം ഉപേക്ഷിക്കാന്‍ ആർക്കും മനസ്സില്ല. മറുവശത്ത്, സസ്യഭക്ഷണത്തിൽനിന്നു മാത്രം ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കില്ല എന്നതാണു സസ്യാഹാരികളുടെ പ്രശ്‌നം. ഒരാള്‍ക്ക് എത്ര കിലോ തൂക്കമുണ്ടോ അത്രയും ഗ്രാം പ്രോട്ടീന്‍ ദിവസവും ശരീരത്തിന് ആവശ്യമെന്നാണു കണക്ക്. 65 കിലോയാണ് തൂക്കമെങ്കില്‍ 65 ഗ്രാം പ്രോട്ടീന്‍. ചോറിലും ചപ്പാത്തിയിലും പയറിലും പരിപ്പിലുമൊക്കെ പ്രോട്ടീനുണ്ട്. പക്ഷേ അളവു തുച്ഛം. കൂടുതല്‍ കഴിച്ചാല്‍, കൂടുതല്‍ പ്രോട്ടീന്‍ കിട്ടും. എന്നാല്‍ ചോറും പരിപ്പുമൊക്കെ അമിതമായി കഴിക്കുന്നത് പൊണ്ണത്തടിക്കും മറ്റു പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും. ചുരുക്കത്തില്‍, സന്തുലിത രീതിയില്‍ പ്രോട്ടീന്‍ ലഭിക്കണമെങ്കില്‍ മാംസാഹാരംതന്നെ കഴിക്കേണ്ടിവരും. ഗ്രീന്‍ മീറ്റ് എന്ന ആശയത്തിന്റെ പ്രസക്തി ഇതാണെന്ന്‌ ഉണ്ണിക്കൃഷ്ണനും ധീരജും ചൂണ്ടിക്കാട്ടുന്നു. 

veg-meat-3
ഗ്രീൻ മീറ്റിന്റെ ഘടന

ഇറച്ചിയില്‍ ഏതാണ്ട്‌ 18 മുതൽ 24 വരെ ശതമാനമാണ് പ്രോട്ടീൻ അളവ്‌. അത്രയുംതന്നെ അളവില്‍ പ്രോട്ടീന്‍ ലഭിക്കുന്ന, ഇറച്ചിയുടെ അതേ രുചിയും ഗുണവുമുള്ള സസ്യാഹാരം ഒരുക്കുക എന്നതു വെല്ലുവിളിയായെന്ന് ഉണ്ണിക്കൃഷ്ണന്‍. മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കൽ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടി(CFTRI)ന്റെ സാങ്കേതിക സഹായവും സ്റ്റാര്‍ട്ടപ് മിഷന്റെ പിന്തുണയും ലഭിച്ചതോടെ ഇരുവരും ലക്ഷ്യത്തിലെത്തി.

പ്രോട്ടീനിന്റെ വലിയ ഉറവിടമാണല്ലോ പയര്‍വര്‍ഗങ്ങള്‍. അതില്‍ത്തന്നെ ഗ്രീൻപീസ് കുടുംബത്തിൽപെട്ട യെല്ലോപീസി(yellow peas)ല്‍ പ്രോട്ടീന്‍ കൂടിയ അളവിലുണ്ട്. ഗ്രീന്‍ മീറ്റിന്റെ മുഖ്യ ചേരുവ ഇതാണ്. ഒപ്പം സോയാ, ചോളം, ഗോതമ്പ് എന്നിങ്ങനെ ഇതര പയര്‍-ധാന്യ വിളകളും ചേര്‍ത്ത് പ്രോട്ടീന്‍ അളവ്‌ 25% എത്തിച്ചു. ഇറച്ചിയിലുള്ളതിനെക്കാള്‍ ഒരു പടി മുന്നില്‍. അതേസമയം ഇറച്ചിയുടെ ദോഷങ്ങളൊന്നുമില്ല. ഇറച്ചിയില്‍ 10% മുതൽ20% വരെയാണ് കൊഴുപ്പിന്റെ അളവെങ്കില്‍ ഗ്രീന്‍ മീറ്റിലത് 1.5% മാത്രം. കൊളസ്‌ട്രോളാകട്ടെ പൂജ്യം. ഇറച്ചിയുടെ രുചിയും ഘടനയും നേടാനായി അടുത്ത ശ്രമം. ഇറച്ചിക്കറിക്കു ബദലായി പലരും കഴിക്കുന്നതു സോയ. എന്നാല്‍ അതിന്റെ പ്രശ്നം അതിന്റെ പ്രകൃതമാണ്. ആദ്യം തയാറാക്കിയ ഗ്രീന്‍ മീറ്റ്, തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കു നല്‍കിയപ്പോള്‍ സോയയുടെ സ്പോഞ്ച് പ്രകൃതം പ്രശ്നമായി. അതും പരിഹരിച്ചാണ് ഈ വര്‍ഷം തുടക്കത്തോടെ ഗ്രീന്‍ മീറ്റ് വിപണിയിലെത്തിച്ചത്. റിട്ടോര്‍ട്ട് പായ്‌ക്കിലുള്ള ഉല്‍പന്നത്തിനു സാധാരണ താപനിലയില്‍ ഒരു വര്‍ഷത്തോളം സൂക്ഷിപ്പുകാലമുണ്ട്. പുതിയ ഗ്രീന്‍ മീറ്റ് ‘മാംസവിഭവങ്ങള്‍’ ഒരുക്കാനുള്ള ശ്രമത്തിലാണു സ്ഥാപനം.

veg-meat-4

ഭൂമിയുടെ ആരോഗ്യം

നിലവിൽ, മാംസഭക്ഷണം ലഭ്യമാക്കാന്‍ പരിസ്ഥിതി അനുഭവിക്കുന്ന നഷ്ടം ചെറുതല്ലെന്ന്‌ ധീരജും ഉണ്ണി ക്കൃഷ്‌ണനും പറയുന്നു. ഇറച്ചിമൃഗങ്ങളെ തീറ്റിപ്പോറ്റുന്നതിനു ചെലവിടുന്ന ഊര്‍ജം, തീറ്റയുൽപാദനത്തി നും വളർത്തലിനുമുള്ള വനനശീകരണം, അമിതമായ ജലവിനിയോഗം, കാര്‍ബണ്‍ ബഹിര്‍ഗമനം ഉള്‍പ്പെടെ ഗുരുതരമായ ദീര്‍ഘകാല പരിസ്ഥിതിപ്രശ്നങ്ങള്‍. ഗ്രീന്‍ മീറ്റ്‌ ആകട്ടെ,  100% പരിസ്ഥിതി സൗഹൃദ ഉല്‍പന്നമാണ്. ഭൂമിക്കു മുറിവേല്‍പിക്കാതെ തയാറാക്കുന്ന ഭക്ഷ്യേല്‍പന്നങ്ങളോട് യൂറോപ്പിലും അമേരിക്കയിലും മാത്രമല്ല, നമ്മുടെ രാജ്യത്തും വിശേഷിച്ച് യുവതലമുറയ്ക്കു മമതയേറുകയാണെന്നു ധീരജും ഉണ്ണിക്കൃഷ്ണനും പറയുന്നു. അതുകൊണ്ടുതന്നെ ആഭ്യന്തര വിപണിക്കൊപ്പം രാജ്യാന്തര വിപണിയിലും ഗ്രീന്‍ മീറ്റിനു വന്‍സാധ്യത ഉറപ്പ്.

ഫോണ്‍: 9995099114

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com