ADVERTISEMENT

നഴ്സിങ് പഠിച്ച് ഗള്‍ഫില്‍ നഴ്സായി ജോലി ചെയ്തിരുന്ന വയനാട് മാനന്തവാടി കാട്ടിക്കുളം മാവറ പ്രിയ ജിനേഷ് ഇന്ന് മുഴുവൻ സമയ കർഷകയാണ്. ഭർത്താവിനും മക്കൾക്കുമൊപ്പം ഗൾഫിലായിരുന്ന പ്രിയ അവിടെ ആശുപത്രിയിലെ ജോലി വിട്ട് 2018ൽ നാട്ടിലേക്കു മടങ്ങി. റബര്‍കൃഷി ചെയ്തിരുന്ന കുടുംബവസ്തുവില്‍ നല്ലൊരു ഡെയറി ഫാമും കൃഷിയിടവും എന്ന ഭർത്താവ് ജിനേഷിന്റെ സ്വപ്നം സാക്ഷാൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മടക്കം. 

priya-dairy-farm-1
പ്രിയ

സുരക്ഷയൊരുക്കി കൃഷിയിലേക്ക്

ഉപേക്ഷിച്ചുകിടന്ന ഭൂമിയില്‍ കൃഷി ഒരു വെല്ലുവിളിയായിരുന്നു. എങ്കിലും സുരക്ഷ, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കി കൃഷിയിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു. ആദ്യം പരിഗണിച്ചതു നനസൗകര്യം. വെള്ളത്തിനായി കുഴൽക്കിണർ കുഴിച്ചു. പമ്പിങ് സൗകര്യം ഒരുക്കി, കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കാന്‍ മണ്ണിനടിയിലൂടെ പൈപ്പ്‌ലൈൻ ഇട്ടു. ആന, പന്നി, മാൻ തുടങ്ങിയ വന്യജീവികളുടെ ആക്രമണം ഏറെയുള്ള കാട്ടിക്കുളത്തു സുരക്ഷ മുഖ്യം. അതിനാല്‍, കൃഷിയിടത്തിനു ചുറ്റും സോളർ വേലി ഒരുക്കി. തുടർന്ന് 2019ൽ കൃഷി ആരംഭിച്ചു.

നോട്ടമില്ലാതെ കിടന്ന റബർത്തോട്ടം വെട്ടിത്തെളിച്ച് ഇടവിളകൾ ചെയ്തായിരുന്നു തുടക്കം. റബറിന്റെ ശിഖരങ്ങൾ വെട്ടിമാറ്റി ചുവട്ടിൽ പന്നിയൂർ ഇനം കുരുമുളക് നട്ടു. ഒപ്പം ഇടവിളയായി റോബസ്റ്റ ഇനം കാപ്പിയും. 2 ഹെക്ടർ സ്ഥലത്ത് ഏകദേശം 3000 ചുവട് കാപ്പിയാണു നട്ടത്. കഴിഞ്ഞ വർഷം 3.5 ടൺ വിളവ് ലഭിച്ചു. കിലോ 220 രൂപയ്ക്കു വിൽക്കാനും കഴിഞ്ഞു. ഈ വർഷം ഉൽപാദനം 4 ടണ്ണിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ക്രമേണ ഉൽപാദനം 7 ടണ്ണിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഒപ്പം, വാഴ, ഇഞ്ചി, മഞ്ഞൾ, കപ്പ, ചേന,തുടങ്ങിയ എല്ലാം കൃഷി ചെയ്യുന്നു. നാലര ഏക്കർ വയൽ പാട്ടത്തിനെടുത്ത് നെൽക്കൃഷിയുമുണ്ട്. ചെറിയ രീതിയിൽ കോഴി, ആട് എന്നിവയെയും വെള്ളത്തിനായി കുത്തിയ കുളങ്ങളിൽ ഗിഫ്റ്റ്, രോഹു മത്സ്യങ്ങളെയും വളർത്തുന്നു.

priya-dairy-farm-2

കൃഷിക്കു വളത്തിനുവേണ്ടി എട്ടു പോത്തുകളെയും ഏതാനും ആടുകളെയും തുടക്കകാലത്ത് വളർത്തി. എന്നാൽ, പോത്തുവളർത്തൽ പ്രതീക്ഷിച്ചപോലെ ലാഭകരമായില്ല. അവയെ ഒഴിവാക്കി 2 പശുക്കളെ എത്തിച്ചു. പശുക്കളുടെ എണ്ണം ക്രമേണ ആറായി. അവയെ പരിപാലിക്കുന്നതിന് ഒരു തൊഴിലാളിയെയും വച്ചു. 6 പശുക്കളെ നോക്കുന്നതിന് തൊഴിലാളിയെ വച്ചാൽ മുതലാവില്ല എന്നതിനാൽ 8 പശുക്കളെക്കൂടി വാങ്ങി എണ്ണം 14ൽ എത്തിച്ചു. ഇതിനുശേഷമാണ് വലിയൊരു ഫാം എന്ന ആശയമുണ്ടായത്. 2021 ഫെബ്രുവരിയോടുകൂടി 42 പശുക്കളെ വളര്‍ത്താന്‍ പാകത്തില്‍ ആധുനിക സൗകര്യങ്ങളോടെ ഷെഡ് നിർമിച്ച് പശുക്കളെ അങ്ങോട്ടേക്കു മാറ്റി. ഘട്ടം ഘട്ടമായി വാങ്ങി 40 പശുക്കളിലേക്കു ഫാം വിപുലപ്പെടുത്തി. 

priya-dairy-farm-4

കിടാരികൾ മുതൽക്കൂട്ട്

തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നുമൊക്കെ പശുക്കളെ വാങ്ങിയാണ് ഫാം വിപുലപ്പെടുത്തിയതെങ്കിലും പശുക്കൾക്ക് രോഗങ്ങൾ കൂടിയതോടെ പുറമേനിന്നു പശുക്കളെ വാങ്ങല്‍ നിര്‍ത്തി. പകരം, ഫാമിൽ പിറക്കുന്ന നല്ല കന്നുകുട്ടികളെ വളർത്തി ഫാമിലേക്കു ചേർത്തു. ഇന്ന് 34 പശുക്കളും 14 കിടാരികളും ഫാമിലുണ്ട്.

priya-dairy-farm-5
പ്രിയയും മക്കളും നെൽവിത്ത് ചാക്കിലാക്കുന്നു

ശുചിത്വത്തിന് പ്രാധാന്യം

ഫാമും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല. ടെയിൽ ടു ടെയിൽ, ഫേസ് ടു ഫേസ് രീതിയിൽ മൂന്നു നിരകളിലായാണ് പശുക്കളെ പാർപ്പിച്ചിരിക്കുന്നത്. ചാണകം അപ്പപ്പോൾ നീക്കി അകലെ കുഴിയിലേക്കു മാറ്റും. തൊഴുത്തു കഴുകുന്ന വെള്ളവും മൂത്രവും ബയോഗ്യാസ് പ്ലാന്റിലേക്കും എത്തിക്കും. ടൈൽ വിരിച്ച പുൽത്തൊട്ടിയാണ് തൊഴുത്തിലെ മുഖ്യ ആകർഷണം. വൃത്തിയാക്കാനും എളുപ്പം. രണ്ടു പശുക്കൾക്ക് ഒന്ന് എന്ന രീതിയിൽ കുടിവെള്ള സംവിധാനം ഒരുക്കിയിരിക്കുന്നു. ഫാമിലെ ചെറു പ്രാണികളെ ഒഴിവാക്കാന്‍ മേൽക്കൂരയിൽ നീല നിറത്തിലുള്ള കുടം അകത്ത് ബൾബിട്ട് ഉറപ്പിച്ചിരിക്കുന്നു. പുറമേ ഓയിലോ ഗ്രീസോ പുരട്ടും. നീല നിറം ആകർഷിച്ച് എത്തുന്ന ചെറുപ്രാണികൾ ഇതിൽ ഒട്ടിപ്പിച്ച് നശിക്കുന്നു. പൊലൂഷൻ സർട്ടിഫിക്കറ്റും പഞ്ചായത്ത് ലൈസൻസും നേടിയാണ് ഫാമിന്റെ പ്രവർത്തനം എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

priya-dairy-farm-3
പ്രിയയും കുടുംബവും

ലൂസ് ഫാമിങ്

നടക്കുന്ന പശുക്കളാണ് പ്രിയയുടേത്. ദിവസം 6 പശുക്കളെ വീതം ഷെഡിനു പുറത്ത് അഴിച്ചുവിടും. രാവിലെ കറവയ്ക്കും തീറ്റയ്ക്കും ശേഷം പത്തു മണിയോടെയാണ് പശുക്കളെ പുറത്തിറക്കുന്നത്. വെയിൽ കൊണ്ടും നടന്നും അവർ തൊഴുത്തിനു പുറത്ത് സ്വൈരവിഹാരം നടത്തും. വൈകുന്നേരം മൂന്നോടെ തിരികെ ഷെഡ്ഡിനുള്ളിലേക്ക്. നാലരയോടെയാണ് ഉച്ചകഴിഞ്ഞുള്ള കറവ ആരംഭിക്കുക. പശുക്കൾക്കു നടക്കാനുള്ള സൗകര്യം നൽകുന്നതുകൊണ്ടുതന്നെ കുളമ്പുകളുടെ അനിയന്ത്രിത വളർച്ച ഉണ്ടാവുന്നില്ലെന്ന് പ്രിയ. എങ്കിലും 6 മാസം കൂടുമ്പോൾ കുളമ്പു പരിശോധന നടത്താറുണ്ട്. 

പുലർച്ചെ നാലരയോടെ തൊഴുത്തു വൃത്തിയാക്കി കറവ ആരംഭിക്കും. 26 പശുക്കൾ ഇപ്പോൾ കറവയിലുണ്ട്. 360–400 ലീറ്റർ പാൽ ഉൽപാദനം ഉണ്ട്. കാട്ടിക്കുളം ക്ഷീരസംഘത്തിലാണ് പാൽ നൽകുക. ലീറ്ററിന് 42–44 രൂപ ലഭിക്കും. പശുക്കൾക്കായി അഞ്ചരയേക്കറിൽ സൂപ്പർ നേപ്പിയർ ഇനം പുൽക്കൃഷിയുണ്ട്. കാലിത്തീറ്റയ്ക്കൊപ്പം ചോളപ്പൊടിയും ചേർത്താണ് സാന്ദ്രിത തീറ്റ നൽകുക. കൂടാതെ, ഫീഡ് അപ് യീസ്റ്റ് ചേർത്ത് തയാറാക്കിയ പ്രോബയോട്ടിക് ലായനിയും ഭക്ഷണത്തിൽ ചേർത്തു നൽകും. പശുക്കളുടെ ദഹനത്തിന് ഇതു വളരെ സഹായിക്കുമെന്നും പ്രിയ.

എല്ലാവർക്കും റെക്കോർഡ്

ഫാമിലെ ഓരോ പശുവിനും കേസ് ഷീറ്റ് ഉണ്ട്. ഓരോ പശുവിന്റെ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ഫാമിലെ പ്രവർത്തനങ്ങളും വരവുചെലവുകളുമെല്ലാം കൃത്യമായി കംപ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്നു പ്രിയ. ഓരോ മാസവും എത്ര പശുക്കൾ പ്രസവിക്കാനുണ്ടെന്നും എത്ര പേർ കറവ വിട്ടിട്ടുണ്ടെന്നുമെല്ലാം കൃത്യമായി മനസ്സിലാക്കി കാര്യങ്ങൾ വളരെ എളുപ്പത്തിൽ ക്രമീകരിക്കാൻ ഇതിലൂടെ കഴിയുന്നു. നിലവിൽ ജനുവരി വരെയുള്ള പശുക്കളുടെ പ്രസവ ഷെഡ്യൂൾ ഇവിടെയുണ്ട്. ഇൻഷുർ ചെയ്തിരിക്കുന്നതിനാൽ ആ ഇയർ ടാഗ് ഉപയോഗിച്ചാണ് ഓരോ പശുവിനെയും തിരിച്ചറിയുക. നഴ്സ് ആയതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും സൂക്ഷ്മതയോടെ റെക്കോർഡ് ചെയ്യാൻ പ്രിയയ്ക്ക് കഴിയുന്നുണ്ടെന്ന് ഭർത്താവ് ജിനേഷ് പറഞ്ഞു.

കർഷകർ കളമൊഴിയുന്നു

കാട്ടിക്കുളം ക്ഷീരസംഘത്തിലെ ഭരണസമിതിയംഗംകൂടിയാണ് പ്രിയ. സമീപകാലത്ത് ക്ഷീരസംഘത്തിൽ അളക്കുന്ന പാലിന്റെ അളവിൽ കുറവുണ്ടായതിനെത്തുടർന്ന് ഭരണസമിതി അംഗങ്ങൾ കർഷകരെ നേരിട്ട് വീടുകളിലെത്തി സന്ദർശിച്ചിരുന്നെന്ന് പ്രിയ. സാധാരണക്കാരായ പല കർഷകരും രംഗത്തുനിന്ന് പിൻമാറിയെന്ന ഞെട്ടിക്കുന്ന വസ്തുതയാണ് മനസിലാക്കാൻ കഴിഞ്ഞത്. കാട്ടിക്കുളം സംഘത്തിൽ പാലളന്നിരുന്ന ഒരു കർഷകന്റെ പശുവിനെ കടുവ പിടിച്ചു. അദ്ദേഹത്തിന് നഷ്ടപരിഹാരം  ലഭിച്ചില്ല. അതുകൊണ്ട് വീണ്ടും പശുവിനെ വാങ്ങാൻ അദ്ദേഹം മുതിർന്നില്ല. അതുപോലെ വന്യജീവി പ്രശ്നങ്ങൾ രൂക്ഷമായതുകൊണ്ട് ഭയം മൂലം പലരും രംഗം വിട്ടു. പണ്ടു കാലത്തെപ്പോലെ പശുക്കളെ വളർത്തി കുടുംബം പുലർത്താനുള്ള വക ഇന്നു ലഭിക്കുന്നില്ലെന്നതും സാധാരണക്കാർ നേരിടുന്ന പ്രധാന പ്രശ്നമാണ്. തീറ്റച്ചെലവ് ഉയർന്നതും അതനുസരിച്ച് പാൽവില ലഭിക്കാത്തതും നല്ല പശുക്കൾ ഇല്ലാത്തതും കർഷകരെ ക്ഷീരമേഖലയിൽനിന്നു പിന്തിരിപ്പിക്കുന്നു. കേരളത്തിലെ ക്ഷീരമേഖലയുടെ അടിത്തറ സാധാരണക്കാരായ കർഷകരാണ്. അതുകൊണ്ടുതന്നെ പാൽവില വർധിപ്പിച്ച് കർഷകരെ സഹായിക്കാൻ സർക്കാരും മിൽമയും മുൻ കൈ എടുക്കണമെന്നും പ്രിയ പറഞ്ഞു.

ഫോൺ‌: 7559050242

English Summary:

From Hospital to Farm: Nurse Turns Dairy Entrepreneur in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com