ഇടുക്കിയിൽ ഏലം ഇനി എത്രനാൾ! തോട്ടങ്ങളിൽ കായില്ല, പക്ഷേ ലക്ഷങ്ങൾ വാരാനുള്ള അവസരം മുൻപിൽ
Mail This Article
ആഗോള ഏലക്ക ഉൽപാദനം കുത്തനെ കുറയും, പുതിയ ചരക്ക് സുക്ഷ്‌മതയോടെ കൈകാര്യം ചെയ്‌താൽ ലക്ഷങ്ങൾ വാരാനുള്ള അസുലഭ സൗഭാഗ്യം കർഷകരെ കാത്തിരിക്കുന്നു. കാലാവസ്ഥ ചതിച്ചതിനാൽ ഇക്കുറി ഉൽപാദനം കുറയുമെന്ന് കർഷകർക്ക് മുൻകൂറായി ‘കർഷകശ്രീ’ലൂടെ അറിവ് നൽകിയിട്ടുള്ളതാണ്. ഏഴു റൗണ്ട് വിളവെടുപ്പ് വരെ നടത്താറുള്ള ഹൈറേഞ്ചിലെ തോട്ടങ്ങളിൽ ഇക്കുറി രണ്ടാം റൗണ്ട് എങ്കിലും പൂർണതോതിൽ അവസാനിപ്പിക്കാൻ കഴിഞ്ഞാൽ മഹാഭാഗ്യം. അതേ, കാലാവസ്ഥ അത്തരത്തിലാണ് സംസ്ഥാനത്ത് മാറി മറിയുന്നത്.
പിന്നിട്ട മൂന്നു വർഷങ്ങളിലെ കൂടിയതും, കുറഞ്ഞതുമായ താപനിലയിൽ സംഭവിച്ച മാറ്റങ്ങൾ മാത്രം വീക്ഷിച്ചാൽ വ്യക്തമാകും ഏലക്ക ഉൽപാദനവുമായി ഇനി എത്രകാലം മലനിരകളിലെ കർഷകർക്കു പിടിച്ചു നിൽക്കാനാവുമെന്നത്. ജൂണിൽ വിളവെടുപ്പ് ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു വർഷാരംഭത്തിൽ തോട്ടം മേഖല. എന്നാൽ, മാസങ്ങൾ നീണ്ട വരൾച്ചയിൽ സ്ഥിതിഗതികൾ പാടെ തകിടം മറിഞ്ഞു. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വരവിൽ ഓഗസ്റ്റിനു മുൻപേ ഏലത്തോട്ടങ്ങൾ പൂവിടുമെന്നു സ്വപ്‌നം കണ്ട കർഷകരെയും കാലാവസ്ഥ മാറ്റം നിരാശപ്പെടുത്തി.
ഇതിനിടെ കർക്കിടകപ്പെയ്‌ത്ത് തോട്ടങ്ങൾക്ക് താങ്ങാനാവുന്നതിലും കടുത്തതായിരുന്നു. ഒട്ടുമിക്ക ഭാഗങ്ങളിലും മഴയ്‌ക്കു മുന്നിൽ പിടിച്ച് നിൽക്കാനാവാതെ ശരങ്ങൾ നിലപതിച്ചു. അതേ തോട്ടം കാലാവസ്ഥ വ്യതിയാനം മൂലം മേഖലയിൽ 2024 പിറന്ന ശേഷം വൻ കൃഷിനാശമാണ് സംഭവിച്ചത്. ഏപ്രിൽ‐മേയിലെ കൊടും ചൂടിൽ ഏതാണ്ട് 35 ശതമാനം ഏലച്ചെടികൾ കരിഞ്ഞുണങ്ങി, ശേഷിക്കുന്ന ചെടികളെ മക്കളെ പോലെ പരിലാളിച്ച് വന്നപ്പോൾ കാലവർഷം തിർമിർത്ത് പെയ്‌ത് പുതിയ വെല്ലുവിളി ഉയർത്തി. ഓഗസ്റ്റിലും അനുകൂല കാലാവസ്ഥയുടെ അഭാവം മൂലം ചെടികൾക്ക് വേണ്ട വിധം പുഷ്‌പിക്കാൻ അവസരം ലഭിച്ചില്ല.
എന്നാൽ പല ഘട്ടങ്ങളിലും ചെറു മഴ ലഭിക്കേണ്ട സ്ഥാനത്തു ശക്തമായ മഴ സ്ഥിതി കൂടുതൽ പരുങ്ങലിലാക്കി. നിലവിൽ ഉൽപാദകരുടെ പക്കൽ കഴിഞ്ഞ സീസണിലെ ഏതാണ്ട് 5000 മുതൽ 8000 വരെ ടൺ ചരക്ക് സ്റ്റോക്കുണ്ടാവും. വിപണിയുടെ ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് നാലിൽ ഒന്നിനു പോലും തികയില്ല. ഓണം പടിവാതുക്കൽ എത്തി, സംസ്ഥാനത്ത് ഏലത്തിന് ഏറ്റവും കൂടുതൽ ഇടപാടുകൾ നടക്കുന്ന സന്ദർഭമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉത്സവാഘോഷങ്ങൾക്കു തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ്. ശ്രീകൃഷ്‌ണ ജയന്തിക്കു മുന്നോടിയായുള്ള വാങ്ങലുകൾക്കായി അവർ വല വിരിച്ചു. ദീപാവലി‐നവരാത്രി ആവശ്യങ്ങൾക്കായി ഉത്തരേന്ത്യൻ വാങ്ങലുകാർ പിടിമുറുക്കാനുള്ള തയാറെടുപ്പിലാണ്. എന്നാൽ വിളവെടുപ്പ് വൈകുന്നതിനാൽ പുറമേ കാര്യമായ ആവേശം കാണിക്കാതെ അവർ തണുപ്പൻ മനോഭാവത്തിൽ ചുളുവിലയ്‌ക്ക് ഏലക്ക ശേഖരിക്കുകയാണ്.
നിലവിൽ കിലോ 2200 രൂപയെ ചുറ്റിപ്പറ്റിയാണ് ശരാശരി ഇനങ്ങൾ പ്രമുഖ ലേല കേന്ദ്രങ്ങളിൽ ഇടപാടുകൾ നടക്കുന്നത്. ഉൽപാദകകേന്ദ്രങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ഇതിനകം തന്നെ നിരക്ക് 3500 രൂപ മറികടക്കേണ്ടതായിരുന്നു. പിന്നിട്ട ഒന്നര മാസത്തിൽ അധികമായി തിരക്കിട്ട് ചരക്ക് സംഭരിക്കുന്ന ഉത്തരേന്ത്യക്കാർ ഉത്സവ ഡിമാൻഡിനിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏലക്ക വില 4000 ലേക്ക് അടുപ്പിച്ച് അവരുടെ വൻ സ്റ്റോക്ക് വിറ്റഴിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയുന്നുണ്ട്. ക്രിസ്‌മസ്- ന്യൂ ഇയർ വേളയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് വിദേശ രാജ്യങ്ങളും ഇന്ത്യൻ ഏലത്തിലേക്കു ശ്രദ്ധതിരിക്കുന്ന സന്ദർഭമാണ്.
സെപ്‌റ്റംബർ - ഒക്‌ടോബറിൽ മഴ അനുകൂലമായാൽ ഏലക്ക ഉൽപാദനം അൽപ്പം മെച്ചപ്പെടാം. അങ്ങനെ വന്നാൽ നവംബറിലെ വിളവെടുപ്പിൽ ഏക്കറിന് 30 കിലോ(ഉണക്ക)യെന്ന തോതിൽ ഉൽപാദനം പ്രതീക്ഷിക്കാം. ഹൈറേഞ്ചിലെ കാലാവസ്ഥ തുടർന്നും അനുകൂലമായി നീങ്ങിയാൽ ഡിസംബറിൽ ഉൽപാദനം ഏക്കറിന് 50 കിലോയിലേക്ക് ഉയർത്താനാവും. സാധാരണ ജൂലൈയിൽ ഏക്കറിന് 100 കിലോ വരെ ഏലക്ക മികച്ച തോട്ടങ്ങളിൽ വിളയാറുണ്ട്. അതായത് മുന്നിലുള്ള മാസങ്ങളിൽ കാലാവസ്ഥ അനുകൂലമായാൽ പോലും മൊത്തം ഉൽപാദനത്തിൽ 50 ശതമാനത്തിന്റെ ഇടിവിനുള്ള സാധ്യതയാണ് കണക്കാക്കുന്നത്.
കഴിഞ്ഞ സീസണിൽ ഏലക്കയുടെ മൊത്തം ഉൽപാദനം 50,000 ടണ്ണിന് അടുത്ത് വരുമെന്നാണ് കാർഷിക മേഖലയിൽ നടത്തിയ വിലയിരുത്തലുകളിൽനിന്നും വ്യക്തമാകുന്നത്. ഈ കണക്കിൽ 5,000 ടണ്ണിന്റെ കൂടുതലോ കുറവോ സംഭവിക്കാൻ ഇടയുണ്ട്. ഉൽപാദനം സംബന്ധിച്ച് വ്യക്തമായ കണക്ക് നിരത്താൻ കേന്ദ്ര ഏൻസിക്കു പോലുമാകുന്നില്ല. ലേലത്തിൽ റീ പൂളിങ്ങിന്റെ സ്വാധീനം അത്രയ്‌ക്കു രൂക്ഷമെന്നു വേണം അനുമാനിക്കാൻ.
നടപ്പ് സീസണിൽ ഏലത്തിന്റെ മൊത്തം ഉൽപാദനത്തിൽ വൻ ഇടിവ് സംഭവിക്കുമെന്നാണ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും കർഷകരുമായി നടത്തിയ അഭിമുഖങ്ങളിൽനിന്നും വ്യക്തമാക്കുന്നത്. അതേ നാം എത്ര മുറുക്കി പിടിച്ചാലും വിളവ് 25,000 – 30,000 ടണ്ണിൽ ഒതുങ്ങുമെന്ന് വൻകിട തോട്ടം ഉടമകൾ. ജനുവരിയിൽ വിളവെടുപ്പ് പൂർണതോതിലേക്ക് എത്തിയാലും ഫെബ്രുവരിയിൽ വീണ്ടും പകൽ താപനില വില്ലനായി മാറുമോയെന്ന ആശങ്കയും കാർഷിക മേഖലയ്‌ക്കുണ്ട്. കഴിഞ്ഞ വർഷവും ഇതേ കാലയളവിൽ പകൽ താപനില ഉയർന്നത് മൂലം ഉൽപാദകർ തോട്ടങ്ങളിൽ നിന്നും പിൻതിരിയാൻ നിർബന്ധിതരായി.
ഹൈറേഞ്ചിൽ 2023ൽ 18–20 ഡിഗ്രിയിൽ നീങ്ങിയ പകൽ താപനില ഈ വർഷം 26-28 വരെ ഉയർന്നു. ഏലച്ചെടികൾക്ക് ഇത്ര ഉയർന്ന താപനിലയിൽ അധിക നാൾ പിടിച്ച് നിൽക്കാനാവില്ല. താപനില ഉയരുന്നതിന് അനുസൃതമായി മണ്ണിലെ ഈർപ്പം നഷ്‌ടപ്പെടുന്നത് തോട്ടങ്ങൾ പതിവിലും നേരത്തെ വരണ്ട് ഉണങ്ങാൻ ഇടയാക്കും. ശക്തമല്ലാത്ത മഴ തുലാവർഷത്തിൽ ലഭിച്ചാൽ മാത്രമേ ഭൂമിക്കു കൂടുതൽ ജലം ശേഖരിക്കാനാവൂ. മഴ കനത്താൽ ആ കുത്തൊഴുക്കിൽ മഴവെള്ളം പൂർണമായി ഒഴുകി പോകുന്നതിനാൽ ശേഖരിക്കാനുള്ള സാവകാശം മണ്ണിനു ലഭിക്കില്ല.
മാർച്ചിനു ശേഷമുള്ള വരൾച്ചയെ കൂടി ഈ അവസരത്തിൽ നാം മുന്നിൽ കാണണം. ജലസംഭരണികൾ ഒരുക്കാൻ ആവശ്യമായ നടപടികൾക്കായി കർഷകർ മുന്നോട്ട് വരേണ്ട സന്ദർഭമാണ്. വിരലിൽ എണ്ണാവുന്ന വൻകിട തോട്ടങ്ങൾക്കു മാത്രമേ വേനലിൽ ടാങ്കർ ലോറികളെ വെള്ളത്തിനായി ആശ്രയിക്കാനാവൂ. ഉയർന്ന കൂലിച്ചെലവുകൾ ഭയന്ന് തോട്ടം നനയ്ക്കുന്നതിൽ നിന്നും ഒട്ടുമിക്ക ചെറുകിട കർഷകരും അകന്നു മാറുന്ന കാഴ്‌ച്ച ഏതാനും വർഷങ്ങളായി തുടർക്കഥയാണ്. മാർച്ച് ‐മേയ് കാലയളവിൽ ആഴ്‌ച്ചയിൽ ഒരു നനയ്‌ക്കെങ്കിലും അവസരം ഒരുക്കാൻ നമുക്കായാൽ 2025ൽ ഏലക്ക ഉൽപാദനം കേരളത്തിന് ഉയർത്തിയെടുക്കാനാവും. ഇതിന് കൃഷി വകുപ്പും മുൻകൈയെടുത്താൽ മാത്രമേ സുഗന്ധറാണിക്കും അത് ഉൽപാദിപ്പിക്കുന്ന കർഷക കുടുംബങ്ങളിലും സുഗന്ധം പരക്കൂ. അല്ലാത്ത പക്ഷം വിളവ് 20,000-25,000 ടണ്ണിലേക്ക് ചുരുങ്ങുന്ന കാലം വിദൂരമല്ല. ആഗോള വിപണിയിലെ വൻ ശക്തിയായ ഗ്വാട്ടിമലയിൽ കീടബാധകളും കാലാവസ്ഥ വ്യതിയാനങ്ങളും മൂലം ഉൽപാദനത്തിൽ സംഭവിച്ച ഇടിവു കൂടി കണക്കിലെടുത്ത് ഉണർന്ന് പ്രവർത്തിച്ചാൽ ശ്രദ്ധേയമായ കുതിച്ചു ചാട്ടം വരും വർഷങ്ങളിൽ കേരളത്തിന് കാഴ്‌ചവയ്ക്കാനാവും.