ADVERTISEMENT

പഴവർഗക്കൃഷിയിൽ തന്റേതായ രീതിയിലൂടെ വിജയം കൈവരിക്കുന്ന യുവ കർഷകനാണ് കോട്ടയം പൊൻകുന്നം ചെങ്ങളം സ്വദേശി വയലുങ്കൽ പുതുവയലിൽ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തിൽ കൃഷിയിലൂടെ മികച്ച വരുമാനം നേടാൻ സാധിക്കുമെന്ന് തന്റെ കൃഷികൊണ്ട് തെളിയിക്കുന്ന യുവ കർഷകനാണ് അദ്ദേഹം. റംബുട്ടാനും ചക്കയുമാണ് സലേഷിന്റെ ഇഷ്ട ഇനങ്ങൾ. അദ്ദേഹത്തിന് മികച്ച വരുമാനം നേടിക്കൊടുക്കുന്നതും ഇവർ തന്നെ. കേരളത്തിൽ അധികമാരും കൃഷി ചെയ്യാത്ത മൽവാന ഇനം റംബുട്ടാനാണ് സലേഷിന്റെ തോട്ടത്തിലുള്ളത്.

എന്തുകൊണ്ട് പഴക്കൃഷി

ഓസ്ട്രേലിയയിൽ വൻകിട പഴത്തോട്ടത്തിലായിരുന്നു മുൻപ് സലേഷ് ജോലി ചെയ്തിരുന്നത്. അവിടുത്തെ വലിയ പഴത്തോട്ടങ്ങളായിരുന്നു നാട്ടിൽ പഴവർഗത്തിലേക്കു തിരിയാനുള്ള പ്രചോദനം. പ്രകൃതിക്കും ആരോഗ്യത്തിനും ഹാനികരമാകാത്ത രീതിയിൽ പഴവർഗങ്ങൾ  ഉൽപാദിപ്പിച്ചാൽ മികച്ച നേട്ടമുണ്ടാക്കാമെന്നു ഓസ്ട്രേലിയൻ ജീവിതം പഠിപ്പിച്ചു. റബറിനെ മാത്രം ആശ്രയിച്ചുള്ള  കാർഷികജീവിതം പ്രായോഗികമല്ലാതായതോടെ ഫലവൃക്ഷങ്ങളുടെ തണലിലാവണം തന്റെ ബദൽവഴിയെന്ന് സലേഷ് തീരുമാനിക്കുകയായിരുന്നു.

salesh-antony-rambutan-malwana
മൽവാന റംബുട്ടാൻ പഴം

റംബുട്ടാനിൽ മൽവാന

റംബുട്ടാൻ കൃഷിയിൽ സമീപകാലത്ത് പ്രചാരത്തിലായ ശ്രീലങ്കൻ ഇനമാണ് മൽവാന. ഇപ്പോൾ വ്യാപകമായി കൃഷി ചെയ്തുവരുന്ന എൻ18 എന്ന ഇനത്തിന്റെ പഴത്തിനോട് സാമ്യമുണ്ടെങ്കിലും കടും ചുവപ്പു നിറവും അൽപം വലുപ്പക്കൂടുതലുമുള്ള പഴങ്ങളാണ് മൽവാനയുടേത്. മാത്രമല്ല കായ പൊഴിച്ചിൽ കുറവാണ്. മരത്തിന് കരുത്തുമുണ്ട്. എൻ18ന്റെ പോലെ നല്ല മധുരവും സൂക്ഷിപ്പുകാലാവധിയുമുണ്ട്. പത്തു വർഷം മുൻപ് ഒരു സുഹൃത്തു വഴി കൃഷിയിടത്തിൽ എത്തിച്ച ഇനം ഇന്ന് മികച്ച വിളവ് തരുന്നെന്ന് സലേഷ്. ഒരു മരത്തിൽനിന്ന് ശരാശരി 100 കിലോ പഴം വിളവെടുക്കുന്നുണ്ട്. മാത്രമല്ല, മറ്റിനങ്ങളെ അപേക്ഷിച്ച് സീസണിൽ ഏറ്റവുമാദ്യം കായിക്കും, അതുകൊണ്ട് നേരത്തെതന്നെ വിളവെടുക്കാൻ കഴിയുന്നുമുണ്ടെന്ന് സലേഷ്.

അങ്ങോട്ടു കൊടുത്താലേ ഇങ്ങോട്ടു ലഭിക്കൂ

‘പണമെറിഞ്ഞ് പണമുണ്ടാക്കുക, വളമെറിഞ്ഞ് വിളവുണ്ടാക്കുക’ എന്നതാണ് ഫലവർഗക്കൃഷിയുടെ വിജയമന്ത്രം. അതായത് മികച്ച വിളവ് നൽകുന്ന മരത്തിന് അതിന് ആവശ്യമായ രീതിയിൽ വളം നൽകാൻ കർഷകർ മടിക്കരുതെന്ന് സലേഷ് ഓർമിപ്പിക്കുന്നു. 100 കിലോ പഴം നൽകുന്ന ഒരു മരം നമുക്ക് നേടിത്തരുന്നത് 13,000 രൂപയാണ്. അതുകൊണ്ടുതന്നെ 1000 രൂപയുടെയെങ്കിലും വളം പല തവണകളായി നൽകാൻ കർഷകന് മടി പാടില്ല. എങ്കിൽ മാത്രമേ അടുത്ത വർഷവും അതനുസരിച്ച് വിളവ് ലഭിക്കൂ.

10 ലക്ഷം വരുമാനം ലഭിക്കാൻ

7 വർഷമായ ഒരു മരത്തിൽനിന്ന് ശരാശരി 80 കിലോ വിളവ് പ്രതീക്ഷിക്കാം. ഇപ്പോഴത്തെ വിലനിലവാരം അനുസരിച്ച് 10,000 രൂപയോളം ലഭിക്കും. ഒരേക്കറിൽ 30 അടി അകലത്തിൽ 45 മരങ്ങളെങ്കിലും വയ്ക്കാം. രണ്ടേക്കറിൽനിന്ന് 9–10 ലക്ഷം അനായാസം നേടാനാകും. ഇതിൽ ഒരു ലക്ഷം ചെലവ് വന്നാൽ പോലും ബാക്കി നേട്ടമെന്നു സലേഷ്.

എന്നാൽ, കൈകാര്യം ചെയ്യാൻ കഴിയുന്ന തോതിൽ മാത്രമേ ഫലവൃക്ഷക്കൃഷി ചെയ്യാവൂ എന്ന് സലേഷ് പറയും. ഒരു കർഷകന് ഒറ്റയ്ക്ക് നോക്കിനടത്താൻ കഴിയുക പരമാവധി 200 റംബുട്ടാൻ മരങ്ങളാണ്. പ്രൂണിങ്ങും വളം നൽകലുമൊക്കെ കൃത്യമായി മാനേജ് ചെയ്യാൻ പാകത്തിനുള്ള എണ്ണമാണിത്. മറ്റ് ഫലവൃക്ഷങ്ങളുടെ കാര്യത്തിലും ഇതേ ആശയമാണ് സലേഷ് മുൻപോട്ട് വയ്ക്കുന്നത്. 300 പ്ലാവ് അല്ലെങ്കിൽ 100 ദുരിയാൻ ആണ് ഒരു കർഷകന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ സാധിക്കൂവെന്നും സലേഷ്. കൂടുതൽ എണ്ണം വയ്ക്കുന്നതിലല്ല, വയ്ക്കുന്നവയുടെ പരിചരണവും പ്രൂണിങ്ങും യഥാസമയം പൂർത്തിയാക്കാൻ കഴിയണം. അല്ലാത്തപക്ഷം അടുത്ത വർഷത്തെ വിളവിനെ ബാധിക്കും. റംബുട്ടാൻ വിളവെടുത്ത ഉടനെതന്നെ പ്രൂണിങ്ങും ആരംഭിക്കണം. തളിർത്തുതുടങ്ങിയാൽ പ്രൂൺ ചെയ്യുന്നതുകൊണ്ട് കാര്യമില്ല.

സ്ട്രെസിലൊന്നും കാര്യമില്ല

സ്ട്രെസ് കൊടുത്തെങ്കിൽ മാത്രമേ മരം പൂവിടൂ എന്ന മിധ്യാധാരണ പലർക്കുമുണ്ട്. ഇത്തവണ അങ്ങനെ സ്ട്രെസ് കൊടുത്ത പലരുടെയും മരങ്ങൾ ഉണങ്ങിപ്പോയെന്ന് സലേഷ്. നമ്മുടെ കാലാവസ്ഥയിൽ ചെടിക്കാവശ്യമായതിലും കൂടുതൽ സമ്മർദ്ദമുണ്ട്. അതുകൊണ്ടുതന്നെ ഒരു കാരണവശാലും വെള്ളം കൊടുക്കുന്നത് നിർത്തരുത്. മഴ നിൽക്കുന്നതു മുതൽ നന നൽകണം. മണ്ണിലെ ജലാംശം പൂർണമായും ഇല്ലാതായശേഷം നന തുടങ്ങിയാൽ മരത്തിന് അത് ലഭിക്കില്ല. 

കച്ചവടത്തിനുമുണ്ട് ചില മര്യാദകൾ

ഇത്തവണ കേരളത്തിൽ റംബുട്ടാന് മുൻപെങ്ങും ലഭിക്കാത്ത വിലയുണ്ടായിരുന്നു. എന്നാൽ, തോട്ടങ്ങളിൽ കർഷകനും കച്ചവടക്കാരും ഇടപാടുറപ്പിച്ചത് ശരാശരി 130 രൂപയ്ക്കായിരുന്നു. വിൽപനവിലയാകട്ടെ 300 കടക്കുകയും ചെയ്തിരുന്നു. എന്നാൽ, വ്യാപാരികൾ വലിയ ലാഭം നേടിയെന്നു പറഞ്ഞ് അവരെ കുറ്റപ്പെടുത്താൻ പാടില്ലെന്ന് സലേഷ്. ഇടുന്ന വലയുടെ ചെലവ്, തൊഴിലാളികളുടെ വേതനം തുടങ്ങി ഒട്ടേറെ ചെലവ് അവർക്കുണ്ട്. ലാഭമില്ലാതെ അവർക്കും ഈ മേഖലയിൽ പിടിച്ചുനിൽക്കാനാവില്ലല്ലോ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണയാണ് കച്ചവടക്കാർക്ക് നേട്ടം ലഭിച്ചത്. അതുപോലെ നന്നായി മൂത്ത് പഴുത്തതിനുശേഷം മാത്രമേ പഴം വിളവെടുക്കാവൂ. വിളവെടുത്തുവച്ചാൽ പഴുക്കുന്ന വിളയല്ല റംബുട്ടാൻ. അക്കാര്യവും ശ്രദ്ധിക്കണം.

ഫോൺ: 9446464357

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com