ADVERTISEMENT

‘ലോകത്തുള്ള സകല സാധനങ്ങളും കാലത്തിനനുസരിച്ചു പുതുക്കപ്പെട്ടു. തൂമ്പ മാത്രം ഇതെന്താ ഇങ്ങനെ?’ ഒടിഞ്ഞുവീണ തൂമ്പാപ്പിടി നോക്കി ശശി ഗൗരവമായി ആലോചിച്ചു.     

ഏലത്തോട്ടത്തിലെ പണിക്കിടയിൽ പലവട്ടം ഇളകിവീണ് പണിമുടക്കുന്ന തൂമ്പാപ്പിടികൊണ്ടു മടുത്ത കാലത്താണ് വെൽഡ് ചെയ്തു ചേർത്ത ഇരുമ്പുപിടിയുള്ള തൂമ്പ വിപണിയിൽ എത്തിയത്. അതോടെ മരം ഇരുമ്പിനു വഴിമാറി. എന്നാലതും അധികകാലം കഴിയും മുൻപേ ‘പണി’ തന്നു. കിളച്ചു കിളച്ച് ഒടിഞ്ഞു പോയ ഇരുമ്പുപിടിയുമായി ശശി ഇരുമ്പു പണിക്കാരനെ കാണാൻ പോയി. ‘നന്നാക്കണമെങ്കിൽ 400 രൂപ വേണം, പുതിയതിന് (അന്ന്) 370 രൂപ, എന്തു വേണം?’ എന്ന് ഇരുമ്പുപണിക്കാരൻ. മരപ്പിടി ഇളകിയാലും ഉറപ്പിക്കാം. ഇരുമ്പുപിടി ഒടിഞ്ഞാൽ തൂമ്പ തന്നെ ഉപേക്ഷിക്കേണ്ടിവരും. എങ്കിലും ശശി പുതിയ ഇരുമ്പു തൂമ്പ വാങ്ങി. അതും ഒടി‍ഞ്ഞ് ‘പിടിവിട്ട’ രംഗമാണ് നമ്മൾ ആദ്യം കണ്ടത്.

ഏതായാലും ശശിയുടെ അന്നത്തെ ആലോചനയ്ക്കു ഫലമുണ്ടായി. ശശിക്കു മാത്രമല്ല തൂമ്പാപ്പണി ചെയ്യുന്ന സകലർക്കും  ഗുണമുണ്ടായി. ഇന്ന് കട്ടപ്പന ആമയാറിലെ കൊച്ചു വർക്‌ഷോപ്പിൽ ഇടതടവില്ലാതെ നിർമിച്ച് വിപണിയിലെത്തുന്ന ‘ശശിയുടെ സ്വന്തം തൂമ്പ’ കൃഷിക്കാർക്കെല്ലാം ഏറെ പ്രിയം. എന്താണ് ഈ തൂമ്പയുടെ മേന്മ? എത്ര കിളച്ചാലും പിടി ഇളകില്ല എന്നതുതന്നെ. നട്ട്–ബോൾട്ട്കൊണ്ട് ഉറപ്പിച്ച ഉഗ്രൻ പിടി. ഇനി ധൈര്യമായി കിളയ്ക്കാം.

sasi-idukki-3

പട്ടാളം വിട്ട് കൃഷിയിലേക്ക്

പട്ടാളത്തില്‍ ഡ്രൈവർ ആയിരുന്ന ശശി ജോലിയിൽനിന്നു വിരമിച്ച് തിരിച്ചെത്തിയപ്പോൾ കാർഷികസംരംഭം തുടങ്ങാനാണു താൽപര്യപ്പെട്ടത്. ഏലയ്ക്ക ഡ്രയർ ഉൾപ്പെടെ കൃഷി അനുബന്ധ സംരംഭങ്ങൾ പലതു തുടങ്ങിയും തൃപ്തി വരാതെ മതിയാക്കിയും പോകുന്നതിനിടയിലാണു തൂമ്പയിൽ ‘പിടി’ ഉറപ്പിക്കുന്നത്. കട്ടപ്പന–കുമളി റൂട്ടിൽ വണ്ടന്മേട് ആമയാറിലാണ് ശശിയുടെ തൂമ്പാനിർമാണശാല. കൃഷിക്കാരന്‍ കൂടിയായതുകൊണ്ടാവാം കൃഷിക്കാർക്കെല്ലാം സ്വീകാര്യമായൊരു തൂമ്പ രൂപപ്പെടുത്താൻ തനിക്കു കഴിഞ്ഞതെന്നു ശശി. സാധാരണ തൂമ്പകളുടെ പോരായ്മകളെല്ലാം പരിഹരിക്കാൻ പുതിയ തൂമ്പയ്ക്കു കഴിയുന്നുണ്ടെന്നു ശശി പറയുന്നു. സ്വന്തം കൃഷിയിടത്തില്‍ പരീക്ഷിച്ചു പണിക്കുറ്റം തീര്‍ത്താണ് പണിയായുധങ്ങള്‍ക്കെല്ലാം അന്തിമരൂപം നല്‍കുന്നത്. 

sasi-idukki-4

പലതുണ്ട് ഗുണങ്ങൾ

നട്ട്–ബോൾട്ട് ഉപയോഗിച്ചു മുറുക്കുന്ന പിടി എന്നതാണ് പുതിയ തൂമ്പയുടെ പ്രധാന മെച്ചം. കിളയ്ക്കുന്നതിനിടെ ഊരി വീണ് പണിമുടങ്ങാനോ അപകടങ്ങമുണ്ടാകാനോ സാധ്യത തീരെയില്ല. കിളച്ചുകിളച്ചു തൂമ്പാ തേഞ്ഞാലും പിടി ഇളകില്ലെന്നു ശശി. പിടി ജിപി പൈപ്പ്കൊണ്ടും കിളയ്ക്കുന്ന ഭാഗം തുരുമ്പു കയറാത്ത സ്റ്റെയിൻലെസ് സ്റ്റീൽകൊണ്ടുമാണ് നിർമിക്കുന്നത്. ജിപി പൈപ്പായതുകൊണ്ട് അനായാസം ഉയർത്താവുന്ന ഭാരമേ തൂമ്പയ്ക്കുള്ളൂ. തുരുമ്പു കയറില്ലെന്നതു മാത്രമല്ല സ്റ്റെയിൻലെസ് സ്റ്റീലിന്റെ ഗുണം. നല്ല മിനസമുള്ളതിനാൽ കാഠിന്യമേറിയ മണ്ണിലും എളുപ്പം താഴ്ന്നിറങ്ങും. അതിനാല്‍, കിളയ്ക്കു വേഗം കൂടും, പണി കൂടുതൽ നടക്കും. തേയ്മാനവും കുറവ്.

ജിപി പൈപ്പ്കൊണ്ടുള്ള പിടിക്ക് മിനുസം ഉണ്ടാകുമല്ലോ. കിളയ്ക്കുമ്പോൾ പിടിയിൽ ‘ഗ്രിപ്’ ലഭിക്കാന്‍ ശശി എളുപ്പവഴി കണ്ടെത്തി. സൈക്കിൾ ട്യൂബ് വാങ്ങി മുറിച്ച് കൈ പിടിക്കുന്ന ഭാഗത്തിട്ടു. കേരളത്തിലിന്ന് ഏറ്റവും കൂടുതൽ സൈക്കിൾ ട്യൂബ് വാങ്ങുന്നത് ഏതെങ്കിലും സൈക്കിൾ കടക്കാരനല്ല, മറിച്ച് ശശിയാണ്. വാങ്ങി കുറേക്കഴിഞ്ഞ് കാലപ്പഴക്കംകൊണ്ട് ട്യൂബ് മുറിഞ്ഞോ മറ്റോ പോയാൽ പഴയൊരു സൈക്കിൾട്യൂബ് കഷണം കിട്ടാന്‍ കർഷകനും പ്രയാസമില്ല. പൈപ്പ് വേണ്ട, പകരം മരപ്പിടി മതിയെന്നുള്ള വർക്ക് അതും തയാർ. ഭാരം കുറഞ്ഞതും അതേസമയം നല്ല ബലമുള്ളതുമായ ഉന്നം, കരിങ്ങേല തുടങ്ങിയ മരങ്ങളാണ് അതിനായി ഉപയോഗിക്കുന്നത്. 

sasi-idukki-2

തൂമ്പയുടെതന്നെ 6 മോഡലുകൾ ശശി നിർമിക്കുന്നുണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ പ്ലെയ്റ്റിന്റെ വീതിയും പിടിയുടെ നീളവും കുറഞ്ഞതും കൂടിയതുമായ തൂമ്പകൾ. കിളയ്ക്കാനും മണ്ണു കോരാനും കൂട്ടിയിളക്കാനും പുല്ലു ചെത്താനുമൊക്കെ ഓരോ ഇനം. ലേഡീസ് തൂമ്പ, ഗാർഡൻ തൂമ്പ എന്നിങ്ങനെ വേറിട്ട തൂമ്പകളുമുണ്ട്.  ഏലത്തിന്റെ ചുവടിളക്കാനും തട്ട പറിക്കാനുമെല്ലാം യോജിച്ച മുള്ള്, കോടാലി എന്നിവയും നട്ട്–ബോൾട്ട് പിടിയോടെ ശശി ഒരുക്കുന്നുണ്ട്. എച്ച്ഡി പൈപ്പ്കൊണ്ടു പൊതിഞ്ഞ, വൈദ്യുതലൈനിൽ തട്ടിയാലും ഷോക്ക് ഏൽക്കാത്ത ഏണിയും തയാര്‍.

ഫോൺ: 9744776466

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com