ADVERTISEMENT

പ്രവാസകാലത്തുതന്നെ പുനലൂരിനു സമീപം വിളക്കുടി പണിക്കശ്ശേരിൽ രാജൻ മാത്യുവിന്റെ മനസ്സിൽ കൃഷി കയറിക്കൂടി. തിരിച്ചു നാട്ടിലെത്തിയാല്‍ സ്വച്ഛജീവിതം എന്നു നിർബന്ധമുണ്ടായിരുന്നു. ചെറുപ്പം മുതലേ ഏറെ ഇഷ്ടമാണ് കൃഷി. അതുതന്നെ ലക്ഷ്യത്തിനു പറ്റിയ മാർഗമെന്നും തീരുമാനിച്ചു. അന്നൊക്കെ അവധിക്കു നാട്ടിൽ വരുമ്പോൾ ഫാമുകളിലൂടെ ചുറ്റിക്കറങ്ങും. കണ്ടും അറിഞ്ഞും ചിന്തിച്ചും തനിക്കു ചേർന്ന വിള കണ്ടെത്തി, പ്രവാസകാലത്തുതന്നെ അതിനു തുടക്കമിടുകയും ചെയ്തു. പ്രവാസികൾ പൊതുവേ നിക്ഷേപം നടത്തുന്നത് ഡെയറി ഫാം, വാഴ-പച്ചക്കറിക്കൃഷി, ആട് എന്നിവയിലാണല്ലോ. എന്നാല്‍, ഒരു നാരകത്തോപ്പായിരുന്നു രാജന്റെ സ്വപ്നം. ഗൾഫ് രാജ്യങ്ങളിലെ നാരകത്തോട്ടങ്ങൾ കണ്ടപ്പോൾ മനസ്സിൽ കയറിക്കൂടിയ ഇഷ്ടം. കോവിഡ് കാലത്ത് തമിഴ് നാരങ്ങാക്കച്ചവടക്കാരിൽനിന്നുണ്ടായ ദുരനുഭവം ആ താൽപര്യം ഊതിക്കത്തിച്ചു. അങ്ങനെയാണ് 5 വർഷം മുൻപ് സ്വന്തമായുള്ള 80 സെന്റിൽ നാരകം നട്ടത്. വിവിധ സ്ഥലങ്ങളിൽനിന്നായി 4-5 ഇനം തൈകള്‍ വാങ്ങി. ഏറിയ പങ്കും നല്‍കിയത് തൃശൂരിലെ സുഹൃത്ത് ഷൺമുഖൻ. ബാക്കി തമിഴ്നാട്ടിലെയും മറ്റും സുഹൃത്തുക്കൾ നല്‍കി. രണ്ടര വർഷം മുൻപ് പ്രവാസം അവസാനിപ്പിക്കുമ്പോൾ നാരകം ഫലം നൽകിത്തുടങ്ങിയിരുന്നു. 

രാജനും കുടുംബാംഗങ്ങളും തോട്ടത്തിൽ. ചിത്രങ്ങൾ: അരവിന്ദ് ബാല∙ മനോരമ
രാജനും കുടുംബാംഗങ്ങളും തോട്ടത്തിൽ. ചിത്രങ്ങൾ: അരവിന്ദ് ബാല∙ മനോരമ

കൃഷിയില്‍ ഒമാനികളായ സുഹൃത്തുക്കളാണ് വഴികാട്ടികള്‍. കേരള കാർഷിക സർവകലാശാലയിലെയും കൃഷിഭവനിലെയും ഉദ്യോഗസ്ഥരും സഹായിച്ചു. നല്ല സുഹൃത്തുക്കളുണ്ടെങ്കിൽ വിശ്രമകാലത്തെ കൃഷി എളുപ്പമാകുമെന്ന് രാജൻ. നാരകത്തിനു പുറമേ, നാലേക്കർ റബറും പുരയിടത്തിലും പാടത്തുമായി തെങ്ങ്, വാഴ, കപ്പ എന്നിവയുമുണ്ട്. എന്നാൽ, രാജന്റെ ഹൃദയം നാരകത്തോട്ടത്തിൽ തന്നെ. ആകെ 100 തൈകളാണു നട്ടത്. 10 അടി ഇടയകലം എന്നായിരുന്നു സുഹൃത്തുക്കളുടെ ഉപദേശം. ചെറിയ നാരകത്തിനു റബറിനെന്നപോലെ ഇടയകലം നൽകാൻ മടിച്ചെങ്കിലും അവർ പറഞ്ഞതുപോലെ ചെയ്തു. നടുമ്പോൾ തൈകൾക്ക് ഒന്നരയടി ഉയരമുണ്ടായിരുന്നു. ഇപ്പോൾ 5 വർഷത്തെ വളർച്ച കാണുമ്പോൾ 15 അടി ഇടയകലം നൽകണമായിരുന്നോ എന്നേ സംശയമുള്ളൂ. ആറാം മാസം പൂവിട്ട് ആദ്യഫലം നൽകിയ നാരകം രണ്ടാം വർഷം വരുമാനവും നൽകിത്തുടങ്ങി.

rajan-lemon-sq

വലിയ കഷ്ടപ്പാടില്ലാത്തതാണ് ഈ കൃഷിയെന്നു രാജൻ. വലിയ പരിചരണം ആവശ്യമില്ല. കീട, രോഗ ശല്യം തീരെക്കുറവാണ്. വരണ്ട കാലാവസ്ഥയിൽ വളരുന്ന ചെടിയാണെങ്കിലും തരക്കേടില്ലാത്ത വിളവുണ്ട്. കീട,രോഗങ്ങള്‍ കുറവായതിനാൽ വിഷപ്രയോഗമില്ല, രാസവളവും നല്‍കാറില്ല. വർഷത്തിലൊരിക്കൽ ജൈവവളം നൽകുന്നതും കൃഷിയിടത്തിലെ കള നശിപ്പിക്കുന്നതുമാണ് പരിചരണം. വിപണിയിൽ ചെറുനാരകത്തിന് തരക്കേടില്ലാത്ത വില കിട്ടുന്നു. ഇക്കഴിഞ്ഞ ഓണം നാളുകളിൽ വിളക്കുടി കൃഷിഭവൻ നടത്തിയ ഓണച്ചന്തയിൽ ഏറെ ഡിമാന്‍ഡ് ഉണ്ടായി. പുറത്തെ കടകളിലും നാരങ്ങ നൽകാറുണ്ട്. ശരാശരി 150 രൂപ വില കിട്ടുന്നു. 

rajan-lemon-2

വളർച്ചഘട്ടമായതിനാൽ ഓരോ ചെടിയിലും വര്‍ഷംതോറും വിളവ് ഇരട്ടിക്കുന്നു. കഴിഞ്ഞ വർഷം ഒരു ചെടിയിൽനിന്ന് ശരാശരി 15 കിലോ വീതം കിട്ടി. വർഷം മുഴുവൻ ഉൽപാദനം നൽകുമെന്നതും നാരകത്തിന്റെ സവിശേഷത.

rajan-lemon-3

വരുമാനം മാത്രമല്ല, ഇഷ്ടമുള്ള ജോലി ചെയ്യുന്നതിന്റെ സന്തോഷവും കൃഷി നല്‍കുന്നു. ഭാര്യയും മക്കളുമായി തോട്ടത്തിൽ ചെലവഴിക്കുന്ന സമയം എറെ ഉല്ലാസപ്രദമാണ്. മക്കളുടെ കൂട്ടുകാര്‍ വീട്ടിൽ വന്നാൽ നേരെ നാരകത്തോട്ടത്തിലേക്കു പോകും. ‘‘ഞാൻ കൃഷി ചെയ്യുന്നതുകൊണ്ട് കോളജ് വിദ്യാർഥികളായ മക്കൾക്ക് കൃഷി കണ്ടുപഠിക്കാൻ സാധിക്കുന്നു എന്നത് മറ്റൊരു നേട്ടം. ഭാവിയിൽ സ്വന്തം ഭക്ഷണം ഉൽപാദിപ്പിക്കുന്നതിനുള്ള അറിവുകളൊക്കെ അവർ നേടിക്കഴിഞ്ഞു’’- രാജൻ പറഞ്ഞു.

ഫോൺ: 9495018875

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com