കത്തി മുതൽ കലം വരെ, പച്ചക്കറി മുതൽ മത്സ്യം വരെ... വാങ്ങാനും വില്‍ക്കാനും വേറിട്ടൊരു ഞായര്ചന്ത
Mail This Article
പഴയ ഗ്രാമീണ ജീവിതത്തിന്റെ ശേഷിപ്പുകളാണ് നാട്ടുചന്തകൾ. അത്തരത്തിലൊന്നാണ് മലപ്പുറം തവനൂർ പാപ്പിനിക്കാവ് മൈതാനിയിൽ തവനൂർ നന്ദന സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച നടത്തിവരുന്ന ചന്ത. 2020ൽ തുടക്കമിട്ട നാട്ടുചന്തയില്‍ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ കാര്‍ഷിക വിളകള്‍ ഉള്‍പ്പെടെ എല്ലാത്തരം ഉൽപന്നങ്ങൾ വിൽക്കാനും വാങ്ങാനും അവസരമുണ്ട്. കാർഷിക സംസ്കാരത്തിന്റെയും നാട്ടുജീവിതത്തിന്റെയും നന്മകളിൽ നിലനിന്ന വാണിജ്യ-വ്യവഹാരകേന്ദ്രങ്ങളായിരുന്നു നാട്ടുചന്തകള്‍. ഈ ഗതകാല സംസ്കാരം തിരികെക്കൊണ്ടു വരാനുള്ള ശ്രമമാണിതെന്നു വന്ദന ക്ലബ് പ്രസിഡന്റ് ടി. ശശിധരനും സെക്രട്ടറി എ.പി.സുബ്രുവും പറയുന്നു.
തവനൂർ പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും കർഷകർ, കുടുംബശ്രീ പ്രവർത്തകർ, പ്രവാസി സംരംഭകർ, ചെറുകിട സ്വയംസംരംഭകർ എന്നിവരുടെ ഗുണമേന്മയുള്ള ഏതൊരുൽപന്നവും ഇവിടെ ഇടനിലക്കാരില്ലാതെ വിൽപനയ്ക്കെത്തുന്നു. കത്തി മുതൽ കലം വരെ, പച്ചക്കറി മുതൽ മത്സ്യം വരെ ഒരു വീട്ടിലേക്കാവശ്യമായ എല്ലാ ഉൽപന്നങ്ങളും ഇവിടെ കിട്ടും. കർഷകര്‍ക്കു മാത്രമല്ല, നാട്ടിൽ ലഭിക്കാത്ത പഴം–പച്ചക്കറികൾ വിൽക്കാൻ പ്രദേശത്തെ ചെറുകിട കച്ചവടക്കാർക്കും അവസരമുണ്ട്. കാബേജ്, കോളിഫ്ലവർ ഉൾപ്പെടെയുള്ള ശീതകാല പച്ചക്കറികളുടെ വിത്തുകളും തൈകളും മലപ്പുറം കെവികെ സെപ്റ്റംബർ മുതൽ ഡിസംബർ വരെ എത്തിച്ചിരുന്നു. ഏപ്രിലില്‍ വരുന്നത് വിഷു, റംസാൻ ചന്തയാണ്. വെള്ളരി, മത്തൻ തുടങ്ങി വേനൽക്കാല പച്ചക്കറികൾ എല്ലാം ഏപ്രിൽ 7ന് എത്തും.
മാസത്തെ എല്ലാ ഞായറാഴ്ചയും ഇവിടെ നാൽപതോളം കച്ചവടക്കാരുണ്ട്. ആദ്യ ഞായറാഴ്ച, ചന്ത ദിവസം രാവിലെ മുതൽ പരിസരവാസികളും മറ്റു പ്രദേശങ്ങളിൽനിന്നുള്ളവരും ചന്തയിലേക്കെത്തുന്നു. ചെറുകിട കൃഷിക്കാര്‍ക്കു തങ്ങളുടെ ഉൽപന്നങ്ങള്‍ വിൽക്കുന്നതിനായി ദിവസം മുഴുവൻ ചന്തയിൽ നിൽക്കേണ്ടതില്ല. ഇവരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാനായി ക്ലബ്ബിന് ഒരു സ്ഥിരം സ്റ്റാളുണ്ട്. കർഷകർ രേഖപ്പെടുത്തി നൽകുന്ന വിലയ്ക്കു ചന്ത ഭാരവാഹികള്‍ വിൽപന നടത്തി പണം കൈമാറും. പൂർണമായും വിൽക്കാൻ കഴിയാതെ വന്നാൽ സമീപത്തുള്ള കോളജ് കന്റീനിലേക്കു നൽകും.
നാടൻ കോഴി, മുയൽകുഞ്ഞുങ്ങൾ, അലങ്കാരമത്സ്യങ്ങൾ, ജൈവ പച്ചക്കറികൾ, മറ്റു ഭക്ഷ്യവസ്തുക്കൾ, മൺപാത്രങ്ങൾ, ചൂരൽകൊട്ടകൾ, വലകൾ, വസ്ത്രങ്ങൾ, കാർഷികോപകരണങ്ങൾ, വിത്തുകളും തൈകളും തുടങ്ങിയവയെല്ലാം ചന്തദിവസം ഇവിടെ വിൽപനയ്ക്കെത്തിക്കുന്നു. വരും മാസങ്ങളിൽ വ്യത്യസ്തമായ ഒരു കൈമാറ്റ രീതി കൂടി തുടങ്ങുന്നുണ്ട്. പലരും തങ്ങള്‍ക്ക് ആവശ്യമില്ലാത്ത പല വസ്തുക്കളും വീട്ടിലോ സ്ഥാപനത്തിലോ സൂക്ഷിച്ചുവച്ചിട്ടുണ്ടാവും. ഇവ ചിലപ്പോൾ മറ്റൊരാൾക്ക് വളരെ ആവശ്യമുള്ളതായിരിക്കും. അത്തരത്തിലുള്ള ഉപകരണങ്ങൾ, ഫർണിച്ചര്‍, പാത്രങ്ങൾ, പുരാവസ്തുക്കൾ തുടങ്ങിയവ ഈ ചന്തയിൽ പ്രദർശിപ്പിക്കാനും ന്യായവിലയ്ക്ക് ആവശ്യക്കാരന് ലഭ്യമാക്കാനും അവസരമൊരുക്കും. ഇതിനായി പ്രത്യേക വിൽപന ക്രമീകരണവും ചന്തയിലുണ്ട്. കാർഷിക ഗ്രാമങ്ങളായിരുന്ന തവനൂർ, കടകശ്ശേരി, കൂരട, വെള്ളാഞ്ചേരി, അയങ്കലം തുടങ്ങിയ പ്രദേശങ്ങളിൽ പണ്ടുതൊട്ടേ വേലകൾ, നേർച്ചകൾ തുടങ്ങിയ ഉത്സവങ്ങളിൽ ഇത്തരം കൈമാറ്റങ്ങളും വിപണനവും നടന്നിരുന്നു.
പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തനഫണ്ടിൽനിന്നു ലഭിച്ചിരുന്ന സഹായം കൊണ്ടാണ് തുടക്ക കാലത്ത് ചന്ത നടത്തിയിരുന്നത്. കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ മൂലം വിപണി നിർത്തിവയ്ക്കേണ്ടിവന്നു. 2021 നവംബറിലാണ് പിന്നീട് വീണ്ടും പ്രവർത്തിച്ചുതുടങ്ങിയത്. തുടർന്നിങ്ങോട്ട് മുടക്കമില്ലാതെ മുൻപോട്ടു പോകുന്നു. അയങ്കലം കോ–ഓപ്പറേറ്റീവ് ബാങ്ക്, പൊന്നാനി കാർഷിക വികസന ബാങ്ക് എന്നിവയുടെയും ചില വ്യക്തികളുടെയും സ്പോൺസർഷിപ്പിൽ 10x10 അടി വലുപ്പമുള്ള 5 പോർട്ടബിൾ ഷെഡുകൾ വാങ്ങാനായത് ചന്തനടത്തിപ്പില്‍ സൗകര്യമായി.
വൻകിട സ്ഥാപനങ്ങളും ഓൺലൈൻ വ്യാപാരവും കളം വാഴുമ്പോഴും ചെറുകിട സംരംഭകർക്ക് കൈത്താങ്ങാവാനും ഗ്രാമീണ ജീവിതത്തിന്റെ വിശുദ്ധിയും നന്മകളും കാത്തുസൂക്ഷിക്കാനുമുള്ള വേദിയായി ഈ നാട്ടുചന്തയെ മാറ്റിയെടുക്കാനുള്ള യത്നത്തിലാണ് സംഘാടകർ. തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റ് ഏജൻസികളുടെയും സഹായവും പിന്തുണയും കൂടി ലഭിച്ചാൽ കൂടുതൽ മികച്ച നിലയിൽ ഈ സംരംഭം മുന്നോട്ടുകൊണ്ടു പോകാനാവുമെന്നാണ് പ്രതീക്ഷയെന്നു ക്ലബ് പ്രസിഡന്റ് ടി. ശശിധരന്‍ പറഞ്ഞു.
ഫോണ്‍ (ടി. ശശിധരന്‍): 9446426770