കോട്ടയത്തിന് 430, മലബാറിൽ 105; ഓരോ ജില്ലയ്ക്കും യോജിച്ച റബറിനങ്ങൾ അറിഞ്ഞ് തൈകൾ നടാം
Mail This Article
പരപരാഗണം നടക്കുന്നതിനാൽ റബറിന്റെ വിത്ത് മുളച്ചുണ്ടാകുന്ന തൈകൾക്കെല്ലാം ഒരേ സ്വഭാവഗുണങ്ങൾ കിട്ടണമെന്നില്ല. അതിനാൽ, വിത്തുകൾ മുളച്ചുണ്ടാകുന്ന തൈകൾ പൊതുവേ നേരിട്ട് നടീലിന് ഉപയോഗിക്കാറില്ല. ഇത്തരം തൈകളിൽ ഉൽപാദനശേഷി കൂടിയ ഇനങ്ങൾ ബഡ് ചെയ്താണ് നടാനെടുക്കുന്നത്. ബഡ് ചെയ്തവ ഒട്ടുതൈക്കുറ്റികളോ കൂടത്തൈകളോ കപ്പുതൈകളോ ആക്കിയ ശേഷം കൃഷിയിടത്തിൽ നടുന്നു.
ഒട്ടുതൈക്കുറ്റികളും കപ്പുതൈകളും
കുരു പാകിമുളപ്പിച്ച റബർതൈകളിൽ നിലനിരപ്പിന് തൊട്ടുമുകളിലായി ഗുണമേന്മയുള്ള ഇനങ്ങളുടെ ഒട്ടുകണ്ണുകൾ ബഡ് ചെയ്യുന്നു. ബഡിങ് വിജയിച്ച തൈകൾ പിഴുതെടുത്ത്, ബഡ് ചെയ്തതിനു തൊട്ടുമുകളിൽ മുറിച്ചുമാറ്റിയാണ് ഒട്ടുതൈക്കുറ്റികൾ ഉൽപാദിപ്പിക്കുക. പറിച്ചു നടുമ്പോൾ ഇവയ്ക്ക് കൂടുതൽ പരിചരണം നൽകേണ്ടിവരും. ഒട്ടുതൈക്കുറ്റികൾ നേരിട്ട് നടുന്നതിനു പകരം അവയെ മണ്ണുനിറച്ച പോളിത്തീൻ കൂടകളിൽ നട്ട് 2 തട്ട് ഇലകളാകുന്നതുവരെ വളർത്തിയതാണ് കൂടത്തൈ. കൂടകളിൽ കുരു പാകിയ തൈകളിൽ ബഡ് ചെയ്തും ഇവയുണ്ടാക്കാം. കൃത്യമായ പരിചരണം നൽകുന്നതിനും ഒരേ പോലെ വളർച്ചയെത്തിയ തൈകൾ മാത്രം കൃഷിയിടങ്ങളിൽ നടുന്നതിനും ഈ രീതി ഉപകരിക്കും. എന്നാൽ, കൂടത്തൈകൾക്ക് കൈകാര്യച്ചെലവ് കൂടും. തായ്‌വേര് വളർന്ന് കൂടയുടെ അടിഭാഗത്ത് ചുറ്റുമെന്ന പോരായ്മയുമുണ്ട്.
പ്രത്യേകം രൂപകൽപന ചെയ്ത പ്ലാസ്റ്റിക് കപ്പുകളിൽ ചകിരിച്ചോർ മിശ്രിതം നിറച്ച് അതിൽ ഒട്ടുതൈക്കുറ്റികൾ നട്ടോ കപ്പുകളിൽ മുളപ്പിച്ച തൈകളിൽ ബഡ്ഡ് ചെയ്തോ കപ്പുതൈകൾ ഉല്‍പാദിപ്പിക്കാം. ഇപ്പോൾ ഏറ്റവും പ്രചാരത്തിലുള്ള നടീൽവസ്തു കപ്പുതൈകളാണ്. ഇവ കൃഷിയിടത്തിലേക്കു മാറ്റിനടുന്നതിനു കൈകാര്യച്ചെലവ് വളരെ കുറവാണ്. മണ്ണിനു പകരം ചകിരിച്ചോർമിശ്രിതം ഉപയോഗിക്കുന്നതിനാൽ ഭാരവും കുറവ്. കപ്പുകൾ പുനരുപയോഗം ചെയ്യുന്നതിനാൽ കൂടത്തൈകളെ അപേക്ഷിച്ച് കൃഷിയിടങ്ങളിലെ പ്ലാസ്റ്റിക് മാലിന്യവും കുറയും. തൈകൾ നട്ട കപ്പുകൾ മണ്ണിൽനിന്ന് ഉയർത്തി സ്റ്റാൻഡിൽ വയ്ക്കുന്നതിനാൽ ‘എയർ പ്രൂണിങ്’ പ്രക്രിയ മൂലം തായ്‌വേര് കപ്പിന്റെ അടിയിൽനിന്ന് പുറത്തേക്ക് വളർന്നിറങ്ങുന്നില്ല. അതേസമയം, തൈകൾ മണ്ണിൽ നട്ടു കഴിയുമ്പോൾ തായ്‌വേര് താഴേക്കു വളർന്നിറങ്ങുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗുണമേന്മയുള്ള ഇനങ്ങളുടെ ആരോഗ്യമുള്ള തൈകൾ വേണം നടാൻ. വിശ്വാസയോഗ്യമായ നഴ്സറികളിൽനിന്നുമാത്രം തൈകൾ വാങ്ങുക. ഒരേ പ്രായത്തിലും വലുപ്പത്തിലുമുള്ള തൈകൾ നടണം. തൈകൾ മാറ്റിനടുന്ന സമയത്ത് അവയുടെ മുകളിലെ തട്ട് ഇലകൾ മൂപ്പെത്തിയിരിക്കണം. നഴ്സറിയിൽനിന്നു മാറ്റി നടുമ്പോൾ ഉണ്ടാകാവുന്ന ആഘാതത്തിൽ തളിരിലകൾ വാടിപ്പോകാൻ സാധ്യതയുള്ളതുകൊണ്ടാണിത്.
കൂടത്തൈകളിലും കപ്പുതൈകളിലും ഒട്ടുതൈക്കുറ്റികൾ നട്ട് മുളപ്പിച്ചെടുത്ത തൈകൾ മാറ്റി നടുമ്പോൾ രണ്ടു തട്ട് ഇലകൾ വളർന്ന് മൂപ്പെത്തിയിരിക്കണം. കൂടയിലോ കപ്പിലോ വിത്തിട്ടു മുളപ്പിച്ച് വളർത്തിയെടുക്കുന്ന തൈകളിൽ ബഡ് ചെയ്തതാണെങ്കിൽ ഒരു തട്ട് ഇലകളുള്ള തൈകളും നടാം. ആവശ്യത്തിന് മഴ ലഭിക്കുന്ന സമയത്തു മാത്രമേ ഒരു തട്ട് ഇലകളുള്ള തൈകൾ നടാവൂ. ഗ്രീൻ ബഡ് ചെയ്‌ത ആരോഗ്യമുള്ള കൂടത്തൈകളിലും കപ്പുതൈകളിലും ആദ്യത്തെ തട്ടിൽ കുറഞ്ഞത് ആറും രണ്ടാമത്തെ തട്ടിൽ ഏഴും ഇലത്തണ്ടുകൾ (ഒരു ഇലത്തണ്ടിൽ 3 ഇലകൾ) ഉണ്ടാകും. ബ്രൗൺ ബഡ്ഡ് ചെയ്ത കൂടത്തൈകളിൽ ആദ്യത്തെ തട്ടിൽ കുറഞ്ഞത് ഏഴും രണ്ടാമത്തെ തട്ടിൽ എട്ടും ഇലത്തണ്ടുകൾ ഉണ്ടാകും.
ഇന്ത്യൻ റബർഗവേഷണകേന്ദ്രം നല്ല ഗുണമേന്മയുള്ള ഇനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഒരു ഇനം മാത്രം കൃഷി ചെയ്യുന്ന ഏക ക്ലോൺ കൃഷിസമ്പ്രദായത്തിന് (monoclone planting) ദൂരവ്യാപകമായ ദോഷങ്ങളുള്ളതിനാൽ വൻകിടത്തോട്ടങ്ങളിൽ ബോർഡ് നിർദേശിച്ചുവരുന്ന ബഹു ക്ലോൺ കൃഷി (multiclone planting) ആണ് ഉത്തമം. എന്നാല്‍ ഈ രീതിയില്‍ വിവിധ ഇനങ്ങൾ ഇടകലർത്തി നടരുത്. ഓരോ ഇനവും വേർതിരിച്ചു നടുക, ടാപ്പിങ് എളുപ്പമാകും.
ഉല്‍പാദനത്തെ ബാധിക്കുന്ന കാലാവസ്ഥാസാഹചര്യങ്ങളും രോഗതീവ്രതയും കണക്കിലെടുത്ത് പ്രാദേശികാടിസ്ഥാനത്തിൽ ഓരോ പ്രദേശത്തേക്കും ഏറ്റവും യോജിച്ച ഇനങ്ങളുടെ പുതിയ ശുപാർശ ചുവടെ
തെക്കൻ തമിഴ്നാട് (കന്യാകുമാരി): ആർആർഐഐ 430, ആർആർഐഐ 105, ആർആർഐഐ 429.
തെക്കൻ കേരളം (തിരുവനന്തപുരം, കൊല്ലം): ആർആർഐഐ 422, ആർആർഐഐ 430, ആർആർഐഐ 417,
മധ്യകേരളം (പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം): ആർആർഐഐ 430, ആർആർഐഐ 414, ആർആർഐഐ 417.
വടക്കൻ മധ്യകേരളം (തൃശൂർ, പാലക്കാട്): ആർആർഐഐ 417, ആർആർഐഐ 429, ആർആർഐഐ 430.
വടക്കൻ കേരളം (മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്): ആർആർഐഐ 430, ആർആർഐഐ 417, ആർആർഐഐ 105.
ഉയരം കൂടിയ പ്രദേശങ്ങൾ (വിതുര, കുളത്തുപ്പുഴ, ഇടുക്കി, വയനാട്): ആർആർഐഐ 422, ആർആർഐഐ 429, ആർആർഐഐ 417.
തെക്കുപടിഞ്ഞാറൻ കർണാടകം, ഗോവ (ദക്ഷിണ കന്നഡ, ഗോവ): ആർആർഐഐ 430, ആർആർഐഐ 414, ജി.റ്റി. 1, ആർആർഐഐ 203.
ലേഖകന്റെ വിലാസം
കെ.കെ.ബെന്നി, ഫാം ഓഫിസർ, പബ്ലിസിറ്റി ഡിവിഷൻ, റബർ ബോർഡ്, കോട്ടയം. ഫോൺ: 9447913108