ഒരു കിലോ ശർക്കര മതി, 30 ലീറ്റർ ജീവാണു ലായനി നിർമിക്കാം; രീതി പങ്കുവച്ച് കർഷകൻ
Mail This Article
ജൈവകൃഷിയിൽ മിത്രജീവാണുക്കൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ബിവേറിയ, ട്രൈക്കോഡെർമ, സ്യൂഡോമൊണാസ് തുടങ്ങിയവ കർഷകർ ഏറെ ഉപയോഗിക്കുന്നതും മിക്കവർക്കും പരിചിതവുമായ ജീവാണുക്കളാണ്. മാർക്കറ്റിൽ ഇവ ലഭ്യമാണെങ്കിലും ഇവയുടെ കൾച്ചർ ലഭിച്ചാൽ കർഷകർക്കുതന്നെ ഇവ കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിക്കാമെന്നു പറയുകയാണ് ഇടുക്കി ഇരട്ടയാർ ചെമ്പകപ്പാറയിലെ സോജി ചാക്കോ. പത്തേക്കറിൽ ജൈവകൃഷി ചെയ്യുന്ന സോജിയുടെ കൃഷിയിടം വിളവൈവിധ്യത്താൽ സമ്പന്നമാണ്. വിപുലമായ കൃഷിയിടത്തിൽ റെഡിമെയ്ഡ് ജീവാണു ഉൽപന്നങ്ങൾ ഉപയോഗിച്ചാൽ ചെലവ് ഉയരും. അതിനാൽ ഒരു സൃഹൃത്തിന്റെ സഹായത്തോടെയാണ് വീട്ടിൽത്തന്നെ ജീവാണു ലായനി തയാറാക്കുന്നത്.
ബിവേറിയ, ട്രൈക്കോഡെർമ, സ്യൂഡോമൊണാസ് എന്നിവയാണ് സോജിയുടെ കൈവശമുള്ളത്. മൂന്നിന്റെയും കൾചർ രീതി ഒന്നുതന്നെ. മദർ കൾച്ചറും ശർക്കരയും ശുദ്ധജലും വൃത്തിയുള്ള ബക്കറ്റും മാത്രം മതി അനായാസം ഇവയുടെ അളവ് പെരുപ്പിക്കാം. 1.1 കിലോ ശർക്കരയുണ്ടെങ്കിൽ 30 ലീറ്റർ ജീവാണു ലായനി തയാറാക്കാമെന്ന് സോജി. മാർക്കറ്റിൽ ലഭിക്കുന്ന കറുത്ത ശർക്കര വെള്ളത്തിൽ ലയിപ്പിച്ച് ഇതിലേക്ക് ജീവാണു മദർ കൾചർ ചേർക്കണം. 10 ദിവസം കഴിഞ്ഞാൽ ലായനി കൃഷിയിടത്തിൽ ഉപയോഗിക്കാം. 250 മില്ലി മാറ്റിവച്ച് പുതിയ ലായനി തയാറാക്കുകയും ചെയ്യാം. ഓരോന്നും പ്രത്യേകം പ്രത്യേകം കൈകാര്യം ചെയ്യണം. ഒരു ജീവാണുവിന്റെ ബക്കറ്റിലോ ലായനിയിലോ സ്പർശിച്ചാൽ കൈ വൃത്തിയായി കഴുകിയ ശേഷമേ അടുത്ത ജീവാണു ലായനി കൈകാര്യം ചെയ്യാവൂ. വിഡിയോ കാണാം.
വിളസമൃദ്ധം പുരയിടം
മലയോരത്തെ മറ്റു കൃഷിയിടങ്ങൾപോലെ സോജിയുടേതും വിള–വൃക്ഷ നിബിഡം. നാലും അഞ്ചും തട്ടുകളായി വളരുന്ന വിളകളിൽ കുരുമുളകും റബറും തെങ്ങും കൊക്കോയും വാഴയും ജാതിയും ഗ്രാമ്പൂവൂം കാപ്പിയും ഏലവുമൊക്കെയുണ്ട്. വിളയും കളയും തിരിച്ചറിയാനാവാത്തവർ നോക്കിയാൽ കാടെന്നേ പറയൂ. സംരക്ഷിത വനങ്ങളേക്കാൾ സസ്യനിബിഡമെന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. ഇന്ത്യയിലെ ഏറ്റവും സസ്യസാന്ദ്രമായ കൃഷിയിടത്തിനുള്ള കഴിഞ്ഞ വർഷത്തെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം സോജിക്കായിരുന്നു.
ഫാം ടൂറിസമെന്നാൽ ഹോം സ്റ്റേയും മുന്തിയ ഭക്ഷണവും നക്ഷത്രസൗകര്യമുള്ള മുറികളുമാണെന്നാണ് പലരും കരുതുന്നത്. ഇതൊക്കെയാവാമെങ്കിലും ഇതൊന്നുമല്ല ഫാം ടൂറിസമെന്നു കാണിച്ചുതരികയാണ് സോജിയും കുടുംബവും. മലഞ്ചെരുവിൽ കുടുംബസ്വത്തായ പത്തേക്കറിലെ കൊച്ചുവീട്ടിലാണ് താമസം. ഇതിൽ ജ്യേഷ്ഠൻ സജിയുടെ വിഹിതവുമുണ്ട്. വിദൂര ഗ്രാമമമായ ചെമ്പകപ്പാറയിൽ സോജിയെ തേടി വിദേശികളെത്തുന്നത് ഇവിടത്തെ കൃഷി കാണാനാണ്, കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങാനാണ്. കാനഡയിലെ ആപ്പിൾകൃഷിയും കശ്മീരിലെ കുങ്കുമക്കൃഷിയും വട്ടവടയിലെ വെളുത്തുളളിക്കൃഷിയും കാണാൻ മലയാളി പോകുന്നതുപോലെ. സോജിയെപ്പോലുള്ള ചെറുകിട കർഷകർ മരത്തിൽ കയറി പറിച്ച്, വെയിലത്തുണക്കി വൃത്തിയാക്കി കയറ്റുമതി ചെയ്യുന്ന കുരുമുളകാണ് പൊടിരൂപത്തിൽ സ്വന്തം തീൻമേശയിലെത്തുന്നത് എന്നറിയുമ്പോഴുള്ള വിസ്മയമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
Also read: കൃഷി ചെയ്തു മാത്രമല്ല കൃഷിയിടം കാണിച്ചും വരുമാനം; ഈ കർഷകന്റെ വീട്ടിൽ താമസിക്കാനെത്തുന്നത് വിദേശികൾ