ADVERTISEMENT

പോളിഹൗസിൽ പച്ചക്കറിക്കൃഷിയും കട്ട് ഫ്ലവർ കൃഷിയുമൊക്കെ സുപരിചിതമാണ്. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ പനിനീർപ്പൂവു കൃഷി ചെയ്തു ശ്രദ്ധ നേടുകയാണ് ഇടുക്കി ജില്ലയിലെ കുമളിയിൽ നിന്നുള്ള ജോർളി ജോൺ. തുറന്ന കാലാവസ്ഥയെ അപേക്ഷിച്ചു പോളിഹൗസിലെ നിയന്ത്രിത കാലാവസ്ഥയിൽ കൃഷി വൻവിജയമായതിന്റെ ആഹ്ലാദത്തിലാണു ജോർളിയും ഒപ്പം നിന്ന ഹോർട്ടികൾചർ മിഷനും കൃഷിവകുപ്പും വീടിനോടു ചേർന്ന് 1400 ചതുരശ്ര മീറ്റർ പോളിഹൗസിലും മറ്റൊരു 2000 ചതുരശ്ര മീറ്റർ പോളിഹൗസിലുമാണു റോസാപ്പൂ കൃഷി. ആദ്യത്തെ പോളിഹൗസിന് 45 ശതമാനം സബ്സിഡിയിൽ 13,35,000 രൂപയും 2000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള രണ്ടാമത്തെ പോളിഹൗസിന് 50 ശതമാനം സബ്സിഡിയിൽ 10,38,000 രൂപയും സംസ്ഥാന ഹോർട്ടികൾചർ മിഷൻ മുഖേന ലഭിച്ചു. നടീൽ വസ്തുക്കൾ വാങ്ങാനും സഹായം ലഭിച്ചു. 2019ൽ ഒരു പോളിഹൗസിൽ തുടങ്ങിയ കൃഷി പിന്നീടു മറ്റൊരു പോളിഹൗസിൽ കൂടി വ്യാപിപ്പിക്കുകയായിരുന്നു. 

പ്രതിദിനം 5 മണിക്കൂറാണു ജോർളി കൃഷിക്കായി ചെലവിടുന്നത്. പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപ വരുമാനം നേടുന്നു. വിപണി പ്രാദേശികമായി കണ്ടെത്താനായതും വിജയകാരണമായി. കട്ടപ്പന, നെടുങ്കണ്ടം, കുമളി എന്നിവിടങ്ങളിൽ തന്നെ പൂക്കൾ വിൽക്കാൻ സാധിക്കുന്നു. ഒരു പൂവിന് 7.50 രൂപ നിരക്കിൽ 20 പൂക്കളുള്ള കെട്ടിന് 150 രൂപയാണു വില. വെള്ള പൂക്കൾക്കാണ് ഏറ്റവും ഡിമാൻഡ്. ഈർപ്പവും താപനിലയും നിയന്ത്രിക്കാൻ കഴിയുമെന്നതാണു പോളിഹൗസിന്റെ മെച്ചം. കൂളിങ് നെറ്റ് ഉപയോഗിച്ചു ചൂടു ക്രമീകരിക്കാം. അതുകൊണ്ടു നല്ല വിളവും സാധ്യമാകുന്നു. തുടർച്ചയായ വിളവെടുപ്പും ദീർഘനാളത്തെ വളർച്ചയും പോളിഹൗസ് കൃഷി ഉറപ്പാക്കുന്നു. 

പായലും മറ്റും മാറ്റി പോളിഹൗസ് വർഷത്തിലൊരിക്കൽ വൃത്തിയാക്കണം. അതുപോലെ പ്രൂണിങ്ങിലും ശ്രദ്ധ വേണം. നിറയെ മൊട്ടുകൾ ഉണ്ടാകാൻ പ്രൂണിങ് അനിവാര്യം. മൂന്നു മാസത്തിലൊരിക്കലാണ് പ്രൂണിങ്. പൂക്കൾ വിടർന്നു പോകാതിരിക്കാൻ മൊട്ടിട്ടു  തുടങ്ങുമ്പോഴേ ബഡ് ക്യാപ്പിട്ടു പൊതിയും. പാക്കിങ് സമയത്താണ് ക്യാപ് മാറ്റുന്നത്. ക്യാപ്പിട്ട് രണ്ടാഴ്ച കഴിയുമ്പോൾ വിളവെടുക്കാം. .

ഫോൺ:  9447524238

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com