ADVERTISEMENT

പ്രായപൂർത്തിയായ ഒരാൾ ദിവസം 350 ഗ്രാം പച്ചക്കറിയും 150 ഗ്രാം പഴവർഗങ്ങളും കഴിക്കണമെന്നാണ് കണക്ക്. 350 ഗ്രാം പച്ചക്കറിയിൽ 150 ഗ്രാം ഇലക്കറിയാവണം. ഇത്രയും വിഷരഹിത പച്ചക്കറി നിത്യവും ലഭിക്കണമെങ്കിൽ അടുക്കളത്തോട്ടം സദാ സമൃദ്ധമായിരിക്കണം. അതത്ര പ്രയാസമുള്ള കാര്യമല്ലതാനും. ചിട്ടയോടെ കൃഷി ചെയ്യാമെങ്കിൽ വേനലിലും വർഷത്തിലും ഒരുപോലെ വിളസമൃദ്ധമാവും നമ്മുടെ അടുക്കളത്തോട്ടം. മഴക്കാലത്ത് ഇലക്കറികള്‍ക്കു കൂടുതൽ ശ്രദ്ധ കൊടുക്കാം. എളുപ്പം വളർത്തിയെടുക്കാവുന്ന ഒട്ടേറെ ഇലക്കറിവിളകൾ നമ്മുടെ ചുറ്റിലുമുണ്ട്. കാത്സ്യം, ഇരുമ്പ്, വൈറ്റമിൻ സി, ബീറ്റാ കരോട്ടിൻ, നാര് എന്നിവ സമൃദ്ധമായി അടങ്ങിയ ഇവ മഴക്കാലത്തും പോഷകലഭ്യത ഉറപ്പു വരുത്തുന്നു.

വള്ളിച്ചീര

ദക്ഷിണേന്ത്യൻ സ്വദേശിയായ വള്ളിച്ചീര എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഇലക്കറിയാണ്. ബാസല്ലേസിയ കുടുംബാംഗം. ബാസല്ല ആൽബയുടെ തണ്ടിനും ഇലകൾക്കും ഇരുണ്ട പച്ചനിറമാണ്. ബാസല്ല റൂബ്രയുടെ തണ്ടിനു ചുവപ്പുനിറമാണ്. കാത്സ്യവും ഇരുമ്പും ബീറ്റാകരോട്ടിനും വൈറ്റമിൻ സിയും നാരുകളും വള്ളിച്ചീരയിലുണ്ട്. കമ്പു മുറിച്ചു നട്ടാണ് തൈകൾ വളർത്തുക. ഒരടി നീളത്തിലുള്ള തണ്ടിന്റെ രണ്ട് മുട്ട് മണ്ണിന്റെ അടിയിൽ വരത്തക്കവിധം നടാം. ഒന്നരയടി വീതം നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത്, ഉണങ്ങിപ്പൊടിഞ്ഞ കാലിവളം ചേർത്ത് നട്ടാൽ പെട്ടെന്നു പിടിച്ചുകിട്ടും. മഴക്കാലമാണ് വള്ളിച്ചീര നടാൻ ഏറ്റവും യോജ്യം.

സാമ്പാർ ചീര

ഈർപ്പമുള്ള അന്തരീക്ഷത്തിൽ നന്നായി വളരുന്ന ഇലക്കറിയാണ് സാമ്പാർചീര. മണ്ണിൽ നീർവാർച്ചയും ജൈവാംശവും നിർബന്ധം. പ്രോട്ടീൻ, നാരുകൾ, കാത്സ്യം, ഇരുമ്പ്, ബീറ്റാകരോട്ടിൻ എന്നിവയാണ് സാമ്പാർചീരയിലെ പ്രധാന പോഷകഘടകങ്ങൾ പോർട്ടുലാകേസിയേ കുടുംബാംഗം. വഴുവഴുപ്പുള്ള തണ്ടും തിളക്കമുള്ളതും, മാംസളവുമായ ഇളം പച്ച ഇലകളും റോസ് നിറത്തിലുള്ള കുഞ്ഞു പൂക്കളുമാണ് സാമ്പാർചീരയ്ക്ക്. ഇളം തണ്ട് മുറിച്ചു നട്ട് തൈകൾ വളർത്താം. നട്ട് ഒന്നര മാസത്തിനകം ഇളം തണ്ടുകൾ ഇലകളോടൊപ്പം മുറിച്ചെടുത്ത് കറിയാക്കാം.

മധുരച്ചീര

അടുക്കളത്തോട്ടത്തിന്റെ അതിരുകളിൽ അടുപ്പിച്ചു നട്ടാൽ മധുരച്ചീര ഇലക്കറിയായും അതിര്‍വേലിയായും ഉപയോഗപ്പെടുത്താം. വൈറ്റമിന്‍ സി, ബീറ്റാകരോട്ടിൻ, കാത്സ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് മധുരച്ചീര. ചെക്കുർമാനിസ് എന്നു വിളിക്കുന്ന മധുരച്ചീരയുടെ ശാസ്ത്രനാമം സൗരോപസ് ആൻട്രൊഗൈന സ്. ഒരടി നീളമുള്ള ഇളംതണ്ടുകൾ മുറിച്ചുനട്ടാണ് മധുരച്ചീര കൃഷി ചെയ്യുന്നത്. ചാലുകീറി, അതിൽ പൊടിഞ്ഞ കംപോസ്റ്റും മേൽമണ്ണും നിറച്ച് ഒരടി അകലത്തിലായി തണ്ടുകൾ നടാം. വേനൽക്കാലത്ത് ആഴ്ചയിലൊരിക്കൽ നന്നായി നനച്ചു കൊടുക്കണം.

മുരിങ്ങ

ഇലയും പൂവും കായും പച്ചക്കറിയായി ഉപയോഗിക്കുന്ന മുരിങ്ങ, മുറിച്ചു നടാൻ ഏറ്റവും യോജ്യം മഴക്കാലമാണ്. നടാന്‍ മുറിച്ചെടുക്കുന്ന കമ്പുകൾക്ക് ഒരു മീറ്റർ നീളമുണ്ടായിരിക്കണം. രണ്ടടി വലുപ്പമുള്ള കുഴിയിൽ ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും മേൽമണ്ണും നിറച്ചശേഷം മധ്യഭാഗത്ത് കമ്പു നടാം. മഴയിൽ ചീയാതിരിക്കാൻ കമ്പിന്റെ മുകളിലെ മുറിപ്പാട് പോളിത്തീൻ പേപ്പർ കൊണ്ടു പൊതിഞ്ഞു കെട്ടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com