ഇരട്ടി വരുമാനമാകുന്ന ഇരട്ടപ്പടവലം; 25 ലക്ഷം പച്ചക്കറിത്തൈ ഉൽപാദിപ്പിച്ച നഴ്സറി: ഇത് ലക്ഷങ്ങൾ നേടുന്ന കർഷകൻ
Mail This Article
ഓണപ്പച്ചക്കറിയെക്കുറിച്ച് കേരളമാകെ ചിന്തിച്ചുതുടങ്ങുന്ന കാലമാണ്. വാണിജ്യ കർഷകരായാലും മട്ടുപ്പാവുകർഷകരായാലും മികച്ച ഇനങ്ങളുടെ തൈകൾ നടണമെന്നതില്‍ തര്‍ക്കമില്ല. ഇരുകൂട്ടർക്കും വേണ്ടി ലക്ഷക്കണക്കിനു പച്ചക്കറിത്തൈകൾ ഒരുക്കുകയാണ് ആലപ്പുഴ പെരുമ്പളത്തെ ശ്രീകുമാറും കുടുംബവും.
മഴക്കാലം ശ്രീകുമാറിനു ഓഫ് സീസണല്ല, സീസണാണ്. പതിനായിരക്കണക്കിനു വീടുകളിൽ പച്ചക്കറി ഉൽപാദിപ്പിക്കാവശ്യമായ തൈകൾ പെരുമ്പളം ദ്വീപിലെ ഈ കൃഷിയിടത്തിൽനിന്ന് അക്കരദേശങ്ങളിലേക്കു പോകും. മഴ കനത്താലും തൈ ഉൽപാദനം മുടങ്ങാതിരിക്കാനായി 2000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 8 മഴമറകളാണ് ശ്രീകുമാർ ഒരുക്കിയിരിക്കുന്നത്. 20 ലക്ഷം രൂപയോളം മുതൽമുടക്കിയതില്‍ പകുതിയോളം സബ്സിഡിയായി തിരികെ ലഭിച്ചു.
വേമ്പനാട്ടുകായലിലെ 16 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള, പതിനാറായിരത്തോളം പേർ വസിക്കുന്ന ദ്വീപാണ് പെരുമ്പളം. കയർമേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ടൂറിസം, മത്സ്യബന്ധനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലാണ് ഉപജീവനം കണ്ടെത്തുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന ഇവിടെ 30 വർഷമായി വാണിജ്യക്കൃഷിയിലൂടെ വലിയ വളർച്ച നേടി ശ്രീകുമാർ. സീസണനുസരിച്ച് വിവിധ പച്ചക്കറികൾ വൻതോതിൽ ഉൽപാദിപ്പിച്ച് വിപണികളിലെത്തിക്കുന്ന അദ്ദേഹം കൃഷിയെ ബിസിനസായാണു കാണുന്നത്.
പച്ചക്കറിക്കൃഷിയില്‍ ശ്രീകുമാറിന്റെ അനുഭവസമ്പത്ത് തിരിച്ചറിഞ്ഞ ഒരു കൃഷി ഓഫിസറാണ് 10 വർഷം മുൻപ് തൈ ഉൽപാദനത്തിനു പ്രേരിപ്പിച്ചത്. ചെറിയ മഴമറയിൽ ആരംഭിച്ച സംരംഭം ക്രമേണ വളര്‍ന്നു. ഗുണമേന്മയുള്ള തൈകളായതിനാല്‍ മറ്റു ജില്ലകളിലും ആവശ്യക്കാരുണ്ടായി. എ ഗ്രേഡ് ക്ലസ്റ്ററിനു കീഴിൽ പ്രവർത്തിക്കുന്നതിനാൽ കൃഷിവകുപ്പിന്റെ ഓർഡറുകൾ നല്ല തോതില്‍ ലഭിക്കാറുണ്ട്. പ്രോട്രേകളിൽ കയർപിത്തും പെർക്കളൈറ്റുമൊക്കെ ചേർത്തുണ്ടാക്കുന്ന നടീൽമിശ്രിതത്തിലാണ് തൈകൾ കിളിർപ്പിക്കുക. തൈകൾ മൊത്തമായി വാങ്ങുന്നവർക്ക് 1.5–1.7 രൂപ നിരക്കിൽ നൽകും. ചില്ലറ ആവശ്യക്കാർക്ക് 2 രൂപ നിരക്കിൽ കുറിയർ ചെയ്തും നൽകാറുണ്ട്.
കഞ്ഞിക്കുഴിപ്പയറും വ്ലാത്താങ്കരച്ചീരയും ആനക്കൊമ്പൻ വെണ്ടയും പോലുള്ള നാടൻ ഇനങ്ങൾ മുതൽ വമ്പൻ വിത്തുകമ്പനികളുടെ ഇന വൈവിധ്യങ്ങൾവരെ ഇവിടെ ലഭിക്കും. പരീക്ഷിക്കുന്നതിനായി പുത്തൻ വിത്തുകൾ കമ്പനികൾ എത്തിക്കാറുണ്ടെന്ന് ശ്രീകുമാർ പറഞ്ഞു. ഇന്ത്യയിലെ എല്ലാ പ്രമുഖ വിത്തു കമ്പനികളുടെയും ഇനഭേദങ്ങൾ ഇവിടെ ലഭ്യമാണ്. പുതിയ ഇനങ്ങൾ സ്വന്തമായി കൃഷി ചെയ്തു ബോധ്യപ്പെട്ടശേഷം മാത്രമേ തൈകൾ വിൽക്കാറുള്ളൂ. നമ്മുടെ കാലാവസ്ഥയ്ക്കു യോജിച്ച ഇനങ്ങൾ കണ്ടെത്തി കൂടുതലായി ഉൽപാദിപ്പിക്കുന്നതിനും കൃഷിക്കാരിലെത്തിക്കുന്നതിനും ശ്രമിക്കുന്നു.
പരിചിതമല്ലാത്ത പല പച്ചക്കറി ഇനങ്ങളും ഇക്കൂട്ടത്തിൽ ലഭിക്കാറുണ്ട്. ഒരു ഞെടുപ്പിൽ രണ്ടു കായയുണ്ടാകുന്ന കീർത്തന എന്ന ഇരട്ടപ്പടവലമാണ് ഇപ്പോൾ ഇവിടെയുളള ശ്രദ്ധേയമായ ഒരിനം. നീളമേറിയ ഒരു നാടൻ മുളകും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ശ്രീകുമാറിനു ലഭിച്ചു. പെരുമ്പളത്തെ മഴമറയിൽ ഇതു വളർത്തിയപ്പോൾ 38 സെ.മീ. നീളമുള്ള മുളക് ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 25 ലക്ഷം പച്ചക്കറിത്തൈകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശ്രീകുമാർ കയറ്റി വിട്ടത്. കേരളത്തിൽ മാത്രമല്ല, നാഗർകോവിലിലും പൊള്ളാച്ചിയിലുമാക്കെ അദ്ദേഹത്തിന്റെ തൈകൾക്ക് ആവശ്യക്കാരുണ്ട്. കേരളത്തിലെവിടെയും തൈകളെത്തിക്കാൻ രണ്ടു വാഹനങ്ങളും തയാർ. തക്കാളി, വഴുതന, മുളക് എന്നിവയുടെ വാട്ടരോഗത്തെ ചെറുക്കാൻ കഴിയുന്ന ഗ്രാഫ്റ്റ് തൈകൾ 2 മാസത്തിനകം വിതരണം ചെയ്തു തുടങ്ങുമെന്ന് ശ്രീകുമാർ പറഞ്ഞു.
തൈ ഉൽപാദകൻ എന്നതിലുപരി മികച്ച പച്ചക്കറി കർഷകനുമാണ് ശ്രീകുമാർ. 30 വർഷമായി വാണിജ്യ പച്ചക്കറികൃഷി നടത്തുകയും ടൺ കണക്കിനു വിളവെടുക്കുകയും ചെയ്യുന്ന അനുഭവസമ്പന്നൻ. കഴിഞ്ഞ വർഷവും 10 ഏക്കർ സ്ഥലത്ത് പയറും വെണ്ടയും മത്തനും വെള്ളരിയുമൊക്കെ കൃഷി ചെയ്തു. വേനൽക്കാലത്ത് വെള്ളരിവിളകളും പിന്നാലെ ഓണപ്പച്ചക്കറികളുമൊക്കെ ടണ്‍ കണക്കിനാണ് ശ്രീകുമാർ വിളവെടുക്കാറുള്ളത്.
ഫോൺ: 9446122740