പൊങ്ങല്യവും ടാപ് ചെയ്യാം, പശ കിലോയ്ക്ക് 900 രൂപ, 4 ഏക്കറിൽ 1500 മരങ്ങൾ: കേരളത്തിൽ വേറെയില്ല ഇതുപോലൊരു തോട്ടം
Mail This Article
ഒരു കാലത്ത് മധ്യതിരുവിതാംകൂറിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കിയ റബർ ഇന്ന് പല കാരണങ്ങളാൽ ഉപേക്ഷിക്കപ്പെടുകയാണ്. വിലയിടിവ്, തൊഴിലാളികളുടെ ലഭ്യതക്കുറവ്, ടാപ്പിങ് ദിനങ്ങളുടെ കുറവ് എന്നിങ്ങനെ കാരണങ്ങളേറെ. റബറിനു പകരം റംബുട്ടാനും കന്നാരയുംപോലുള്ള പല വിളകളും സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും എറണാകുളം മണീട് പാമ്പ്ര നെല്ലിക്കുഴിയിൽ മനോജ് എൻ. പോൾ തിരഞ്ഞെടുത്തത് പൊങ്ങല്യം. മട്ടി, പെരുമരം, ധൂപ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന, പാഴ്ത്തടിയായും കുരുമുളകിനു താങ്ങുമരമായുമൊക്കെ കർഷകർ പണ്ടുമുതലേ ഉപയോഗിച്ചിരുന്ന പൊങ്ങല്യത്തിന്റെ മറ്റൊരു വിപണിസാധ്യത തിരിച്ചറിഞ്ഞാണ് മനോജിന്റെ ഈ ചുവടുമാറ്റം. പൊങ്ങല്യം ടാപ് ചെയ്ത് പശ എടുക്കുകയാണ് ഉദ്ദേശ്യമെന്നു മനോജ്. ഇന്ന് വിപണിയിൽ ഇതിനു കിലോയ്ക്ക് 900 രൂപ വിലയുണ്ടത്രെ!
മണീട് മേഖലയിലെ ആദ്യകാല റബർതോട്ടങ്ങളിലൊന്നാണ് മനോജിന്റേത്. ഇവിടെ പൊങ്ങല്യം ഇടം പിടിച്ചപ്പോൾ പലരും ഞെട്ടി. മിക്ക പറമ്പുകളിലും അങ്ങിങ്ങായി കാണുന്ന ഒരു പാഴ്മരം നട്ടുപിടിപ്പിച്ച് തോട്ടമുണ്ടാക്കുന്നത് മണ്ടത്തരമാണെന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തിയവരേറെ. പിന്നീട് ഒരു കിലോമീറ്ററോളം പൈപ്പ്‌ലൈൻ വലിച്ച് കൃഷിയിടത്തിൽ വെള്ളമെത്തിച്ചപ്പോൾ പൊങ്ങല്യത്തിന് ആരും നനയ്ക്കാറില്ലെന്നായി പരിഹാസം. എന്നാൽ, ആരും ചെയ്യാൻ മുതിരാത്ത കൃഷിക്കുവേണ്ടി റിസ്ക് എടുത്ത് കുന്നിൻമുകളിലെ കൃഷിയിടത്തിൽ വെള്ളമെത്തിക്കുമ്പോൾ മനോജിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു– ഇടവിളയായി കുരുമുളകും കമുകും നടുക. രണ്ടിനും വെള്ളം ധാരാളം ആവശ്യമുണ്ട്. തോട്ടത്തിനു സമീപം ഭീമൻ ടാങ്കുകൾ സ്ഥാപിച്ചായിരുന്നു ഈ ജലസംഭരണം.
എന്തുകൊണ്ട് പൊങ്ങല്യം
ഒരു സുഹൃത്തുവഴിയാണ് 2014ൽ പൊങ്ങല്യം ടാപ്പിങ്ങിനെയും കറയുടെ വിപണിസാധ്യതയെയും കുറിച്ച് മനോജ് അറിയുന്നത്. പ്രദേശത്തെ പൊങ്ങല്യമരങ്ങൾ തേടി കണ്ടുപിടിച്ച് തൊഴിലാളികൾക്കൊപ്പം പോയി ടാപ് ചെയ്തായിരുന്നു തുടക്കം. മണീടിലെയും സമീപപ്രദേശങ്ങളിലെയും ഏകദേശം രണ്ടായിരത്തോളം മരങ്ങൾ ഇത്തരത്തിൽ ടാപ് ചെയ്തു. ഉടമകള്‍ക്കു വിപണിവിലയുടെ പകുതി നൽകുകയും ചെയ്തുവന്നു. എന്നാല്‍പിന്നെ എന്തുകൊണ്ട് സ്വന്തമായി കൃഷി ചെയ്തുകൂടാ എന്ന ചിന്തയിൽനിന്നാണ് ഈ തോട്ടമുണ്ടായിവന്നത്. 4 ഏക്കറിൽ നട്ട 1500ൽപരം പൊങ്ങല്യമരങ്ങൾ ഉൽപാദനത്തിലെത്താന്‍ ഏതാനും വർഷം കഴിയണമെങ്കിലും ഡിമാൻഡ് അനുസരിച്ച് ഉൽപാദനം ഇല്ലാത്തതിനാൽ വിപണി ഉറപ്പെന്ന് മനോജ്.
മുൻപ് റബറായിരുന്ന തോട്ടത്തിലെ കയ്യാലകൾക്കു മാറ്റം വരുത്താതെയാണ് പൊങ്ങല്യം നട്ടത്. തൈകൾ തമ്മിൽ 9 അടിയും നിരകൾ തമ്മിൽ 10–11 അടിയും അകലം. ഇടവിളകളായ കുരുമുളകിനും കമുകിനും കോഴിവളം, ചാണകം എന്നിവ നൽകാറുള്ളതിനാൽ പൊങ്ങല്യത്തിനു കാര്യമായ വളപ്രയോഗമില്ല. എങ്കിലും ഇടയ്ക്ക് യൂറിയ നൽകും. ഏതൊരു നൂതന വിളയെയും അവധാനതയോടെ സമീപിക്കണമെന്നു കരുതുന്നതിനാല്‍ കുരുമുളക്, കമുക് എന്നിവ ഉൽപാദനത്തിലെത്തിയശേഷം മാത്രമേ പൊങ്ങല്യത്തിൽനിന്നു വരുമാനം പ്രതീക്ഷിക്കുന്നുള്ളൂ.
പൊങ്ങല്യം ടാപ്പിങ്
35–40 ഇഞ്ച് വണ്ണമെത്തിയാൽ ടാപ് ചെയ്തു തുടങ്ങാം. അപ്പോഴേക്ക് തൊലിക്ക് ഒരു സെന്റിമീറ്റർ കനമെങ്കിലും വയ്ക്കും. കൂടുതല്‍ വണ്ണവും തൊലിക്ക് ഒരു സെന്റിമീറ്റർ കനവുമുള്ള മരത്തിൽനിന്നേ മികച്ച ഉൽ പാദനം ലഭിക്കൂ. റബറിനെപ്പോലെ അർധവൃത്താകൃതിയിലുള്ള ടാപ്പിങ് പട്ടയല്ല പൊങ്ങല്യത്തിന്. റബര്‍ പാല്‍ പോലെയല്ല ഇതിന്റെ പശയും. ലംബരീതിയിൽ താഴെനിന്നു മുകളിലേക്ക് ഒരു മീറ്റർ നീളത്തിലാണ് ടാപ്പിങ് പട്ട വരിക. ഈ പട്ടയുടെ ഇരുവശത്തേക്കും പ്രത്യേക കത്തി ഉപയോഗിച്ച് ടാപ് ചെയ്യാം. തടിയിൽ മുട്ടുന്ന വിധത്തിൽ പുറംതൊലി പൂർണമായും ചെത്തിനീക്കിയാലാണ് പശ പുറത്തേക്കു വരിക. അതുപോലെ ഓരോ ടാപ്പിങ്ങിനു മുൻപും പട്ടയിലുള്ള പശ വടിച്ചെടുക്കുകയും വേണം. ഒരടി വീതിയിൽ ടാപ് ചെയ്തെത്തിയാൽ മറുവശത്ത് പുതിയ പട്ടയിടാം. ക്രമേണ ആദ്യം ടാപ് ചെയ്ത ഭാഗം തൊലിവന്ന് അടയും. അതേസമയം, ഇത് പുതിയൊരു കൃഷിരീതിയായതുകൊണ്ടുതന്നെ ഒരു മരം എത്രകാലം ടാപ് ചെയ്യാമെന്ന് അറിയില്ലെന്നു മനോജ് പറഞ്ഞു.
തുടക്കത്തിൽ പട്ട മാർക്ക് ചെയ്ത് ആദ്യത്തെ 8 ദിവസം തുടർച്ചയായി ടാപ് ചെയ്യണം. തുടർന്ന് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ടാപ് ചെയ്താൽ മതി. മികച്ച ഉൽപാദനമുള്ള ഒരു മരത്തിൽനിന്ന് ഒരു മാസംകൊണ്ട് ഒരു കിലോ പശ ലഭിക്കും. ഇത് പ്രത്യേക സംസ്കരണമൊന്നുമില്ലാതെ ദീർഘകാലം സൂക്ഷിച്ചുവയ്ക്കാം. വർഷങ്ങൾക്കു മുൻപു ശേഖരിച്ച പശ ഇപ്പോഴും തന്റെ പക്കലുണ്ടെന്ന് മനോജ്.
പൊങ്ങല്യത്തിരി
ചന്ദനത്തിരി നിർമാണത്തിലെ അസംസ്കൃത വസ്തുവാണ് പൊങ്ങല്യപ്പശ. വിപണിയിൽ ലഭ്യമായ മറ്റു ചന്ദനത്തിരികളിൽനിന്നു വ്യത്യസ്തമായി സവിശേഷ സുഗന്ധമാണിതിന്. നിലവിൽ ഒരു സുഹൃത്തിന്റെ സാങ്കേതിക സഹായത്തോടെ മനോജ് ചെറിയ രീതിയിൽ ചന്ദനത്തിരി നിർമിക്കുന്നുണ്ട്. യന്ത്രസഹായത്തോടെയുള്ള നിർമാണം സാധ്യമല്ലാത്തതിനാൽ ഒരു തിരിക്ക് 8 രൂപ വില വരുന്നുണ്ട്. എങ്കിലും കേരളത്തിൽത്തന്നെ സ്ഥിരമായി പലരും ഈ ‘പൊങ്ങല്യത്തിരി’ പൂജകൾക്കും മറ്റുമായി വാങ്ങുന്നു. വൈകാതെ ‘പൊങ്ങല്യത്തിരി’ എന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കാന്‍ മനോജിനു പദ്ധതിയുണ്ട്.
ബഹുതലക്കൃഷി
ഒരു വിളയെ മാത്രം ആശ്രയിച്ചു നിൽക്കുന്നത് ഇനിയുള്ള കാലത്ത് ബുദ്ധിയല്ലാത്തതിനാൽ ബഹുതല–ബഹുവിള രീതിയിലേക്ക് കൃഷിയിടം ഒരുക്കുകയാണ് മനോജ് ഇപ്പോൾ. പൊങ്ങല്യം നട്ട ആദ്യ നാളുകളിൽ ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൾപോലുള്ള തന്നാണ്ടു വിളകൾ കൃഷി ചെയ്തിരുന്നു. പിന്നീടാണ് കുരുമുളകും കമുകും ഇടവിളകളാക്കിയത്. രണ്ടും ഒരു വർഷം വളര്‍ച്ചയെത്തി. കൊക്കോയോ കാപ്പിയോ കൂടി നടാനാണ് തീരുമാനം. കുരുമുളകും കാപ്പിയും കൊക്കോയുമൊക്കെ ഉണങ്ങി സൂക്ഷിച്ച് വിലയുടെ കയറ്റിറക്കങ്ങൾ നോക്കി വിറ്റാല്‍ മതിയല്ലോയെന്നു മനോജ്.
ഫോൺ: 9446535939