ജാതിക്ക: സൗദിയില്‍ മയക്കുമരുന്ന്, കരീബിയൻ ദ്വീപിൽ ഐശ്വര്യം– ജാതിക്ക വിശേഷങ്ങൾ
Mail This Article
നീർവാർച്ചയും ജൈവാംശവുമുള്ള മണ്ണും ഭേദപ്പെട്ട മഴയും നല്ല സൂര്യപ്രകാശവും ഈർപ്പമുള്ള അന്തരീക്ഷവുമുണ്ടെങ്കിൽ അവിടെ ഏതു വിള വേണമെന്ന കാര്യത്തിൽ സംശയമേ വേണ്ട. ജാതിക്ക് ഇതിൽപരം പറ്റിയ സാഹചര്യമില്ല. അതുകൊണ്ടുതന്നെ ഭൂമധ്യരേഖയോട് അടുത്ത ദ്വീപസമൂഹങ്ങൾ ജാതിക്കൃഷിക്കു പേരുകേട്ടവയാണ്. ഏറ്റവും മുൻപന്തിയിൽ ‘ഏറ്റവും വലിയ ദ്വീപസമൂഹ’മായ ഇന്തൊനീഷ്യ തന്നെ. രണ്ടാം സ്ഥാനത്തു കരീബിയൻ ദ്വീപ് ആയ ഗ്രെനഡയും. അവരുടെ സമ്പദ്‌വ്യവസ്ഥതന്നെ ജാതിക്കൃഷിയിലും ടൂറിസത്തിലും അധിഷ്ഠിതമാണ്. നന്ദിസൂചകമായി, അവരുടെ ദേശീയപതാകയിൽ ജാതിപത്രി കാണാവുന്നതുപോലെ പിളർന്ന ജാതിക്ക കാണാം. ‘ജാതിക്ക-ഈ നാടിന്റെ ഐശ്വര്യം’ എന്നാണ് അതു വിളിച്ചോതുന്നത്. മൂന്നാം സ്ഥാനത്ത് നമ്മുടെ അയൽക്കാരനായ കുഞ്ഞൻ ശ്രീലങ്ക തന്നെ. പക്ഷേ, ഇവരെയെല്ലാം സമീപഭാവിയിൽ വെല്ലുവിളിക്കാൻ പോന്ന തരത്തിൽ കേരളത്തിലും കർണാടകയിലും മഹാരാഷ്ട്രയിലും ജാതിക്കൃഷി വ്യാപിക്കുന്നു.
മികവുകള്‍
കേരളത്തിലെ കാലാവസ്ഥ ഏറ്റവും യോജ്യം. പക്ഷേ, വേനലിൽ നനസൗകര്യം വേണം. ഇടവിളയായി ശോഭിക്കും. തെങ്ങ്, കമുക് എന്നിവയുമായി ഇടകലർത്തി നടാം. ദീർഘകാല വിളയാണ്. പ്രായം കൂടുന്നതിനനുസരിച്ചു വിളവും കൂടും. നല്ല പരിചരണം വേണം എന്നുമാത്രം. 20 കൊല്ലമൊക്കെ കഴിയുമ്പോഴാണു വിളവ് മൂർധന്യത്തിൽ എത്തുക. വിളവെടുക്കാൻ വലിയ ബുദ്ധിമുട്ടില്ല. മൂപ്പെത്തുമ്പോൾ ഏറക്കുറെ, കായ്കൾ തനിയെ കൊഴിഞ്ഞു വീണുകൊള്ളും. വിളവെടുപ്പാനന്തര പരിചരണം സങ്കീർണമല്ല. ശുചിയായി ഉണക്കുക മാത്രം ചെയ്‌താൽ മതി. ഫർമസ്യൂട്ടിക്കൽ ഉല്‍പന്നങ്ങൾ, ടൂത്ത് പേസ്റ്റ്, ചൂയിങ് ഗം, ബേക്കറി ഉൽപന്നങ്ങൾ എന്നിവയിൽ എല്ലാം വ്യാപകമായി ഉപയോഗിക്കുന്നതിനാൽ നല്ല വാണിജ്യ പ്രാധാന്യമുണ്ട്.
ബലഹീനതകൾ
കാറ്റിനെ പ്രതിരോധിക്കാൻ ശേഷിക്കുറവുണ്ട്. എന്നാൽ, ഇടവിളയായി ചെയ്യുമ്പോൾ കാറ്റ് പ്രശ്നമാകാറില്ല. വേനലിൽ നന നിർബന്ധം. ചെറിയ അളവിൽ തണൽ വേണം, തുടക്കത്തിലെങ്കിലും.
ചിട്ടയായ പരിചരണമില്ലെങ്കിൽ കായ്കളുടെ വലുപ്പം ഗണ്യമായി കുറയും. കുരു മുളപ്പിച്ചെടുക്കുന്ന തൈകളിൽ പകുതിയെങ്കിലും ആൺമരങ്ങൾ ആയിരിക്കും. പൂക്കുന്ന സമയത്താകും ഇതു തിരിച്ചറിയുന്നത്. മഴക്കാലത്താണ് പ്രധാനമായും വിളവെടുപ്പ്. തന്മൂലം ജാതിപത്രി കേടാകാതെ, സംസ്കരിക്കാൻ ഉണക്കുയന്ത്രം അനിവാര്യം. ജാതിപത്രി പെട്ടെന്നു പൂപ്പൽ പിടിക്കാൻ സാധ്യതയുണ്ട്. ചില ഫംഗസ് രോഗങ്ങൾക്കു പെട്ടെന്ന് അടിപ്പെടും, വിശേഷിച്ച് ബ്ലയ്റ്റ് (Blight), വാട്ടം (wilt) എ ന്നീ രോഗങ്ങൾ. തൈകൾക്ക് ഉയർന്ന വില നൽകേണ്ടിവരും എന്ന പ്രശ്നവുമുണ്ട്. തൈകളിൽ ഓരോ തട്ട് ഇലകൾ കൂടുമ്പോഴും വില ഇരട്ടിയാകും.
കേരളത്തിന്റെ ശക്തി
- അനുകൂല കാലാവസ്ഥ.
- ഒട്ടേറെ മികച്ച നാടൻ ഇനങ്ങൾ (പലതും കർഷകർ വികസിപ്പിച്ചവ).
- മികച്ച ആഭ്യന്തര ഡിമാൻഡ്.
- എടുക്കാൻ ധാരാളം കച്ചവടക്കാർ.
- ഗവേഷണ സഹായം നൽകാൻ കോഴിക്കോട് ആസ്ഥാനമായുള്ള ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (Indian Institute of Spices Research, കോഴിക്കോട് ).
- ഗവേഷകരെക്കാൾ അനുഭവസമ്പത്തുള്ള പരമ്പരാഗത കർഷകർ.
- ഉണക്കാൻ യന്ത്രം വേണ്ടവരെ സഹായിക്കാൻ SMAM പോലെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾ.
- കൃഷിക്കു ധനസഹായം നൽകാൻ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്‍ പദ്ധതികൾ.
കൃഷി ലാഭകരമാക്കാൻ
കൃഷിയിടത്തിൽ സൂര്യപ്രകാശം, നീർവാർച്ചയും ജൈവാംശവുമുള്ള മണ്ണ്, നന സൗകര്യം എന്നിവയുണ്ടാകണം. രണ്ടരയടി വീതം നീളവും വീതിയും ആഴവുമുള്ള കുഴികൾ എടുത്ത് ജൈവവളങ്ങൾ (അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, കുറച്ച് എല്ലുപൊടി, നന്നായി പൊടിച്ച വേപ്പിൻപിണ്ണാക്ക്, കരിയിലകൾ, ശീമക്കൊന്നയിലകൾ) മണ്ണുമായി നന്നായി കൂട്ടിക്കലർത്തി കുഴി പൂർണമായും മൂടി, 15 ദിവസം കഴിഞ്ഞു വേണം തൈകൾ നടാൻ. ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കണം.
തനി വിളയായി ചെയ്യുമ്പോൾ സാധാരണ ഇനങ്ങൾ 8 മീറ്റർ അകലത്തിൽ നടണം. അപ്പോൾ ഏതാണ്ട് ഒന്നര സെന്റിൽ ഒരു ജാതിമരം എന്ന കണക്കിൽ വരും. ഹെക്ടറിൽ 160 മരം. എന്നാൽ, കേരളശ്രീപോലെ കുറ്റിയായി വളരാൻ കഴിവുള്ളവ, അഞ്ചര മീറ്റർ അകലത്തിൽ ഹെക്ടറിന് 360 എന്ന കണക്കിൽ നടാം. 20 വർഷം എങ്കിലും പ്രായമുള്ള തെങ്ങിൻ തോട്ടങ്ങളിൽ 4 തെങ്ങുകൾക്ക് നടുവിൽ ഒരു ജാതി നടാം. കമുകിന്‍തോട്ടങ്ങളിൽ 3 വരി കമുക് കഴിഞ്ഞ് ഒരു വരി ജാതി എന്ന കണക്കിനു നടാം. കമുകുകൾ 2.7 മീറ്റർ അകലത്തിലായിരിക്കണം. വില അല്‍പം കൂടിയാലും, നന്നായി വളർന്ന, നല്ല ജനിതക ഗുണമുള്ള ഇനങ്ങൾ തന്നെ നടാൻ ശ്രമിക്കുക. ഫീൽഡ് ബഡിങ് രീതി ചെടിക്ക് കൂടുതൽ ആയുസ്സും രോഗപ്രതിരോധശേഷിയും നൽകുന്നതായി കാണുന്നു.
ആൺജാതിയിൽ ഫീൽഡ് ബഡ് ചെയ്യുമ്പോൾ ഏറ്റവും അടിയിൽ ഉള്ള ഒന്നോ രണ്ടോ ശിഖരങ്ങൾ നിലനിർത്തുക. അതിൽ ഉണ്ടാകുന്ന ആൺപൂക്കൾ, അതേ ചെടിയിലെ പെൺപൂക്കൾക്ക് പരാഗണസഹായം നൽകും.
നൂറ് ഉണങ്ങിയ കായ്കൾക്കും 300 പത്രിക്കും ഓരോ കിലോ തൂക്കമെങ്കിലും വരുന്ന ഇനങ്ങൾ തിരഞ്ഞെടുക്കുക. കായ്കളുടെ വലുപ്പം, നല്ല മണ്ണുപരിപാലനത്തിന്റെ കൂടി ഫലമാണ് എന്നോർക്കുക. കോഴിക്കോട്ടെ ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽനിന്നു കേരളശ്രീ, വിശ്വശ്രീ എന്നീ മികച്ച ഇനങ്ങൾ ലഭ്യമാണ്. 20 പെൺമരങ്ങൾക്ക് ഒരു ആൺമരം വീതം വളർത്താൻ ശ്രമിക്കണം. തനിവിളയായി നടുകയാണെങ്കിൽ, ചെടികൾക്ക് ഭാഗിക തണൽ കിട്ടാനുള്ള ക്രമീകരണം ചെയ്യണം. വാഴ ഇതിനു പറ്റിയ ഇടവിളയാണ്.
കരിയിലകൾകൊണ്ട് ചെടിത്തടം പുതയിടുന്നത്, മണ്ണിലെ ജലാംശം നഷ്ടമാകാതിരിക്കാനും മണ്ണിന്റെ കാർബൺ അനുപാതം മെച്ചപ്പെടുത്താനും ഉപകരിക്കും. മരത്തിന്റെ ചുവട്ടിൽ കൊത്തിക്കിള ഒഴിവാക്കണം. വേരുകൾക്ക് മുറിവു പറ്റിയാൽ, ഫംഗസ് ബാധ ഉണ്ടാകാൻ സാധ്യത കൂടും. വർഷത്തിൽ ഒരു കുമ്മായപ്രയോഗവും രണ്ട് എൻപികെ വളപ്രയോഗവും വേണം. ആവശ്യമെങ്കിൽ, മണ്ണുപരിശോധനാഫലപ്രകാരം മഗ്നീഷ്യം സൾഫേറ്റ്, മൈക്രോ ന്യൂട്രിയന്റ് മിക്സ്ചർ എന്നിവയും നൽകണം. ഒന്നു മുതൽ എട്ടു വരെ വർഷം പ്രായമുള്ള ചെടികൾക്ക് 25 കിലോയും അതിനു മുകളിൽ പ്രായമുള്ളവയ്ക്ക് 50 കിലോയും അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി എല്ലാക്കൊല്ലവും നൽകണം. ഒരു വർഷം പ്രായമായ തൈകൾക്ക് 40 ഗ്രാം യൂറിയ, 110 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 80 ഗ്രാം പൊട്ടാഷ് എന്ന അളവിൽ രണ്ട് തുല്യ തവണകളായി ജൂൺ-ജൂലൈ മാസങ്ങളിലും സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിലും നൽകണം. ഈ അളവ് പടിപടിയായി ഉയർത്തി 15 കൊല്ലം പ്രായമായ മരത്തിന് 1090 ഗ്രാം യൂറിയ, 1560 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 1670 ഗ്രാം പൊട്ടാഷ് എന്ന അളവിൽ വർഷം തോറും നൽകണം.
ഡിസംബർ മുതൽ മേയ് മാസം വരെയുള്ള സമയത്ത് മണ്ണിൽ പുട്ടുപൊടി പരുവത്തിൽ ഈർപ്പം നിലനിർത്തക്ക തരത്തിൽ നനയ്ക്കണം. തുള്ളിനനയാണ് ഏറ്റവും യോജ്യം. കരിയിലകൾകൊണ്ട് തടങ്ങൾ പുതയിടണം. മഴക്കാലം തുടങ്ങുന്നതിനു മുൻപ് ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ഇലകളിൽ സ്പ്രേ ചെയ്യണം. ഇത് വളരെ അനിവാര്യമാണ്. തായ്തടിയിൽനിന്നു കുത്തനെ മുകളിലേക്കു പൊട്ടിവളരുന്ന ശിഖരങ്ങൾ ഒഴിവാക്കണം.
ഇലകളിലും തണ്ടുകളിലും വന്നേക്കാവുന്ന കുമിൾ രോഗങ്ങൾ (Blight, Thread blight), ശൽക്കകീടങ്ങൾ എന്നിവ പ്രതിരോധിക്കണം. കാത്സ്യം, ബോറോൺ എന്നിവ മണ്ണിൽ കുറയാതെ നോക്കണം. അവ കുറഞ്ഞാൽ കായ്കൾ മൂപ്പെത്തുന്നതിനു മുൻപ് വെടിച്ചു കീറി ഉപകാരപ്പെടാതെപോകും.
വിളവെടുപ്പ് ആകുമ്പോഴേക്കും ജാതിച്ചുവട് നല്ല വൃത്തിയായി സൂക്ഷിക്കണം. താഴെ വീഴുന്ന കായ്കളിലെ പത്രി അഴുകാതെ നോക്കണം. പാകമായി വീഴുന്ന കായ്കൾ താമസംവിനാ ശേഖരിച്ചു തൊണ്ടിൽനിന്നു കുരു വേർപെടുത്തി അൽപസമയം വെള്ളത്തിൽ ഇട്ടുവച്ചാൽ പത്രി പൊട്ടാതെ ഇളക്കിയെടുക്കാം. SMAM പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഡ്രയർ വാങ്ങിയാൽ പ്രധാന വിളവെടുപ്പു കാലമായ മഴക്കാലത്ത് കായും പത്രിയും വൃത്തിയായി ഉണക്കി സൂക്ഷിക്കാനാവും. ഉണക്കിക്കഴിഞ്ഞ് കായ്കളും പത്രികളും ഗ്രേഡ് ചെയ്ത് വായുനിബദ്ധമായി പ്രത്യേകം സൂക്ഷിക്കണം. കേടുള്ളവ ഒരു കാരണവശാലും നല്ലതുമായി ചേർത്തു സൂക്ഷിക്കരുത്. വിപണി നിരീക്ഷിച്ച്, നല്ല വില വരുമ്പോൾ മാത്രം വിൽക്കണം
മുന്നിൽ ഇന്തൊനീഷ്യ
ലോകത്ത് ഏറ്റവും കൂടുതൽ ജാതിക്ക ഉൽപാദിപ്പിക്കുന്നത് ഇന്തൊനീഷ്യയാണ്. അവിടത്തെ മൊളൂക്കസ് ദ്വീപു(ബാൻഡാ ദ്വീപ്)കളിൽ മാത്രമേ പണ്ട് ജാതി വിളഞ്ഞിരുന്നുള്ളൂ. ഒരു കാലത്ത് അവിടം പോർച്ചുഗീസ് കോളനി ആയിരുന്നു. പിന്നീട് ഡച്ചുകാരുടെ കയ്യിലൂടെ, ഒടുവിൽ ബ്രിട്ടിഷു കാരുടെ കയ്യിലും എത്തി. അവർ ജാതിക്കയെ സിംഗപ്പൂർ, ശ്രീലങ്ക, സാൻസിബെർ, ഗ്രെനഡ എന്നിവിടങ്ങളിൽ പ്രചരിപ്പിച്ചു. അങ്ങനെയാണ് കരീബിയൻ ദ്വീപ് ആയ ഗ്രെനഡ ഇന്നു ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജാതിക്ക ഉൽപാദകരായത്. പക്ഷേ, നിരന്തരമായ കൊടുങ്കാറ്റുകൾ അവിടെ ജാതിമരത്തിന്റെയും ജാതിക്കർഷകരുടെയും നടുവൊടിക്കുന്നുണ്ട്.
കുറച്ച് ജാതിക്കായ് കൈവശമുള്ളയാൾ പ്രഭുവിനു തുല്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു ഇംഗ്ലണ്ടിൽ. ഫെർഡിനാൻഡ് മഗല്ലൻ ജാതിക്ക തേടി ഇറങ്ങിയ ഒരു സാഹസിക യാത്രയിൽ 5 കപ്പലുകളുടെ നഷ്ടവും 219 പേരുടെ മരണവും ഉണ്ടായെങ്കിലും 20,000 കിലോ ജാതിക്ക കിട്ടിയത് വലിയ നേട്ടമായി വിലയിരുത്തപ്പെട്ടു. ഇപ്പോൾ ജാതിക്കയുടെ ഒരു കാലത്തെ നിലയും വിലയും മനസ്സിലായില്ലേ?
പ്രമോദ് മാധവൻ
അസിസ്റ്റന്റ് ഡയറക്ടർ ഒാഫ് അഗ്രികൾചർ (Planning), വികാസ് ഭവൻ, തിരുവനന്തപുരം