ADVERTISEMENT

വീടിനുള്ളിലെ വായു എത്രത്തോളം ശുദ്ധമാണ്? റോഡും തോടുമൊക്കെ മലിനമാകുന്നതിനെക്കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും വലിയ ആശങ്കകൾ പങ്കുവയ്ക്കുന്ന നമ്മൾ സ്വന്തം വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ചു ചിന്തിക്കാറുണ്ടോ. എന്തൊക്കെ രാസവസ്തുക്കളാണ് വീടുനിർമാണത്തിനും തുടർന്നു പരിപാലനത്തിനും നാം ഉപയോഗിച്ചിട്ടുള്ളത്! ചിതലിനെ തുരത്താനും മര ഉരുപ്പടികൾക്കു തിളക്കം കൂട്ടാനും ഭിത്തികൾക്കു നിറം നൽകാനുമൊക്കെ പ്രയോഗിച്ച രാസപദാർഥങ്ങൾ വീടിനുള്ളിലെ വായുവിനെ നിരന്തരം അശുദ്ധമാക്കുന്നുണ്ട്. അടുക്കളയിലെ വറക്കൽ–പൊരിക്കൽ, സൗന്ദര്യവർധകവസ്തുക്കളുടെ ഉപയോഗം തുടങ്ങി വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന ഘടകങ്ങൾ വേറെയുമുണ്ട്. വാസ്തവത്തിൽ, പുറത്തെ വായുവിനെക്കാൾ മോശമാണ് പലപ്പോഴും ഉൾത്തളങ്ങളിലെ അന്തരീക്ഷം. നമ്മളതു ശ്രദ്ധിക്കുന്നില്ലെന്നുമാത്രം. അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ആരും പരിഗണിക്കാറില്ല. അവിടെയാണ് അകത്തളച്ചെടികളുടെയും അവ ഉൾപ്പെടുത്തി തയാറാക്കുന്ന ‘ഹീലിങ് ഗാർഡന്റെ’യും പ്രസക്തി.

indoor-plants-3
Image Credit : Followtheflow / Shutterstock

നഗരങ്ങളിൽ താമസിക്കുന്നവർക്കു സ്ഥലപരിമിതി മൂലം പുറത്തൊരു പൂന്തോട്ടം നിർമിക്കാൻ കഴിയാറില്ല. അതുകൊണ്ടുതന്നെ അകത്തൽപം പച്ചപ്പു നിറയ്ക്കാൻ അവർ താൽപര്യപ്പെടും. തിരക്കു പിടിച്ച ജിവിതത്തിൽ ലഭിക്കുന്ന അൽപനേരത്തെ ഇടവേളകളിൽ മനസ്സിനും ശരീരത്തിനും ഉല്ലാസം നൽകുന്ന വിനോദമായും മാറും ഈ ചെടിപരിപാലനം. നിത്യവും ശ്രദ്ധ നൽകേണ്ടാത്തതും സൂര്യപ്രകാശ ലഭ്യത അൽപം കുറഞ്ഞാലും ആകർഷകമായി നിലനിൽക്കുന്നതുമായ അലങ്കാര ഇലച്ചെടികൾക്കു ഡിമാൻഡ് വർധിച്ചത് മേൽപറഞ്ഞ സാഹചര്യത്തിലാണ്. ഈ ഇൻഡോർ ഇലച്ചെടികളിൽ ഏതാനും ചിലതിന് അകത്തളങ്ങളിലെ വായുവിനെ ശുദ്ധമാക്കാനുള്ള കഴിവു കൂടിയുണ്ടെന്നു വന്നതോടെയാണ്, മനസ്സിനും ശരീരത്തിനും ഒരുപോലെ സൗഖ്യം നൽകുന്ന ഉദ്യാനം – ഹീലിങ് ഗാർഡൻ – എന്ന ആശയം പ്രചാരത്തിലെത്തുന്നത്.

സൗഖ്യം സന്തോഷം

indoor-plants-2
Image Credit : j.chizhe / Shutterstock

പീസ് ലില്ലി, മണി പ്ലാന്റ്, പെപ്പറോമിയ, സ്പൈഡർ പ്ലാന്റ്, അരേക്ക പാം, ഫിഡിൽ ലീഫ് ഫിഗ്, സ്നേക്ക് പ്ലാന്റ്, ഫിലോഡെൻഡ്രോൺ എന്നിങ്ങനെ ഒട്ടേറെ അകത്തളച്ചെടികളാണ് മേൽപറഞ്ഞ മേന്മ അവകാശപ്പെട്ട് വിപണിയിൽ വിറ്റഴിയുന്നത്. ഈ അവകാശവാദം ശരിയാണോ? അതോ, അതൊരു വിപണനതന്ത്രം മാത്രമാണോ. അകത്തളച്ചെടികളിൽ ചിലതിനെങ്കിലും മേൽപറഞ്ഞ അധിക മേന്മകളുണ്ടെന്നു പറയുന്നു കേരള സർവകലാശാലയിലെ ബോട്ടണി വിഭാഗം ഗവേഷക തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി പി.ആർ.രേഷ്മ. ബോട്ടണി വിഭാഗം പ്രഫസർ ഡോ. ബിന്ദു ആർ. നായരുടെയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ബോട്ടണി വിഭാഗം പ്രഫസർ & ഹെഡ് ഡോ. ലൈജ എസ്. നായരുടെയും മേൽനോട്ടത്തിൽ പുരോഗമിക്കുന്ന ഗവേഷണത്തിന്റെ ഭാഗമായി, തിരഞ്ഞെടുത്ത ഇൻഡോർ ചെടികൾ ഉൾപ്പെടുത്തിയുള്ള ഹീലിങ് ഗാർഡനും രേഷ്മ സർവകലാശാലയിൽ ഒരുക്കിയിട്ടുണ്ട്. 

അകത്തളച്ചെടികൾ വാങ്ങുമ്പോൾ അവയുടെ ഭംഗിയും ജനപ്രീതിയും മാത്രമേ പൊതുവേ ആളുകൾ നോക്കാറുള്ളൂ. എന്നാൽ, ഹീലിങ് ഗാർഡനായി തിരഞ്ഞെടുക്കുന്ന ചെടികൾ അന്തരീക്ഷവായു മലിനമാക്കുന്ന Volatile Organic Compound(VOC)കളെയും മറ്റ് അന്തരീക്ഷ വിഷാംശങ്ങളെയും ആഗിരണം ചെയ്യാൻ കഴിവുള്ളവ ആകണം. അത്തരം ചെടികളെ നമുക്ക് ‘ഹീലിങ് പ്ലാന്റ്സ്’ എന്നു വിളിക്കാം. അവയുടെ  സാന്നിധ്യം അന്തരീക്ഷത്തിലെ വിഷാംശങ്ങൾ ആഗിരണം ചെയ്തു വായുവിനെ ശുദ്ധമാക്കുമെന്നു ഗവേഷണത്തിലൂടെ തെളിയിക്കപ്പെട്ടെന്നും രേഷ്മ പറയുന്നു.

indoor-plants-4
Image Credit : Tatiana Buzmakova / Shutterstock

വായുകടക്കാതെ അടച്ചുവച്ച ഗ്ലാസ് ചേംബറി(sealed air tight glass chamber)നുള്ളിൽ ഇൻഡോർ ചെടികൾ വച്ചാണ് പരീക്ഷണം നടത്തിയത്. വ്യത്യസ്ത ഇനങ്ങളിൽപെട്ട 15 ചെടികളാണ് ഇതിനായി തിരഞ്ഞെടുത്തത്. നിശ്ചിത അളവിൽ VOC ഈ ഗ്ലാസ് ചേംബറിനുള്ളിലേക്കു കടത്തിവിടുന്നു. ഈ VOC ആഗിരണം ചെയ്യാനുള്ള കഴിവ് സസ്യങ്ങൾക്കുണ്ടോ എന്നും ഉണ്ടെങ്കിൽ എത്ര ശതമാനം വരെയെന്നും VOC ഡിറ്റക്‌ഷൻ മോണിറ്റർ ഉപയോഗിച്ച് കണ്ടെത്തുന്നു. ഈ പഠനത്തിൽ മണിപ്ലാന്റ്, സ്പൈഡർ പ്ലാന്റ്, ലക്കി ബാംബൂ, സ്നേക്ക് പ്ലാന്റ് തുടങ്ങിയ ചെടികൾ 80% മുതൽ 98% ശതമാനം വരെ VOC ആഗിരണം ചെയ്യുമെന്നു തെളിഞ്ഞു. അഗ്ലോനിമ, പീസ് ലില്ലി, റബർ പ്ലാന്റ്, സീസീ പ്ലാന്റ്, കാലാത്തിയ, ബാംബു പാം, വീപ്പിങ് ഫിഗ് തുടങ്ങിയ ചെടികളും വ്യത്യസ്ത അളവിലെങ്കിലും ഈ കഴിവു പ്രകടിപ്പിക്കുന്നുണ്ടെന്നു മുൻപേ തെളിഞ്ഞിട്ടുണ്ട്. 

ചെറുതല്ല ചെടിമേന്മകൾ

അന്തരീക്ഷത്തിലെയും മണ്ണിലെയും വിഷാംശങ്ങൾ ആഗിരണം ചെയ്യുന്ന സസ്യങ്ങൾ ഒട്ടേറെയുണ്ട്. എന്നാൽ, ഇങ്ങനെ ആഗിരണം ചെയ്ത വിഷഘടകങ്ങളെ നിർവീര്യമാക്കാൻ അവയ്ക്കു സാധിക്കാറില്ല. പകരം അവയെ വേരിലോ ഇലയിലോ ഒക്കെ സൂക്ഷിക്കുകയും ചെടി നശിക്കുമ്പോൾ അതു വിണ്ടും മണ്ണിലെത്തുകയും ചെയ്യുന്നു. എന്നാൽ, മേൽപറഞ്ഞ അകത്തളച്ചെടികൾ വീടിനുള്ളിലെ അന്തരീക്ഷ വിഷാംശങ്ങളെ വലിച്ചെടുക്കുക മാത്രമല്ല, അതിനെ വിഷരഹിതമാക്കി വായുശുദ്ധീകരണം കൂടി നടത്തുന്നു. നമ്മുടെ രാജ്യത്തെ കെട്ടിടങ്ങളുടെയുള്ളിൽ ഗൗരവമായ അളവിൽ VOC ഉണ്ട് എന്നാണു പഠനങ്ങൾ പറയുന്നത് (50 to 300 µg/m³). പുതിയ ഫർണിച്ചറുകളും പുതുക്കിപ്പണിയലുമൊക്കെ നടത്തിയ കെട്ടിടങ്ങളുടെ ഉൾത്തളങ്ങളിൽ ഈ കണക്കുകളും കവിഞ്ഞേക്കാം.

healing-garden
പി.ആർ‌.രേഷ്മ

ഈ സസ്യങ്ങൾ അവയുടെ ഇലയിലെ സ്റ്റൊമേറ്റ വഴിയാണ് VOC ആഗിരണം ചെയ്യുന്നത്. ചെടിയിതിനെ ഇലകളിൽവച്ച് നിർവീര്യമാക്കുന്നു. തുടർന്നതിനെ വിഷരഹിത മൂലകങ്ങളാക്കി അന്തരീക്ഷത്തിലേക്കുതന്നെ പുറന്തളളുന്നു. ഭൂരിപക്ഷം ചെടികളിലും സ്റ്റൊമേറ്റ പ്രവർത്തനക്ഷമമാകുന്നത് പകൽസമയത്താണ്. അതുകൊണ്ടുതന്നെ പകൽസമയത്താണ് കൂടുതൽ VOCആഗിരണം ചെയ്യപ്പെടുന്നതും. ചില സന്ദർഭങ്ങളിൽ ഇങ്ങനെ ആഗിരണം ചെയ്യുന്ന VOCവേരിൽ എത്തുകയും വേരിനെ ചുറ്റിപ്പറ്റി നിൽക്കുന്ന ബാക്ടീരിയകൾ അതിനെ വിഷവിമുക്തമാക്കുകയും ചെയ്യുന്നു. 

ഈ സവിശേഷതകളുള്ള ചെടികളുടെ ആരോഗ്യത്തെ സംബന്ധിച്ചും പഠിക്കുകയുണ്ടായി. അതിനായി ഈ സസ്യങ്ങളുടെ വായുമലിനീകരണ സൂചിക (air pollution tolerance index) നിരീക്ഷിച്ചു. നമ്മുടെയൊക്കെ വീടുകളിൽ ഉണ്ടാവാനിടയുള്ള ശരാശരി VOC അളവ് ആഗിരണം ചെയ്താലും മേൽപറഞ്ഞ ചെടികളുടെ ആരോഗ്യത്തെ അതു ബാധിക്കുന്നില്ല എന്ന് പരീക്ഷണത്തിലൂടെ കണ്ടെത്താനായെന്നു രേഷ്മ. ചുരുക്കത്തിൽ, ഈ സവിശേഷതകളുള്ള അകത്തളച്ചെടികൾ പരിപാലിച്ചാൽ വീടകങ്ങൾ കൂടുതൽ ആരോഗ്യകരമാകുമെന്നു തീർച്ച.

പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണല്ലോ മനുഷ്യർ. വീടിനുള്ളിൽ ഉദ്യാനമൊരുക്കുമ്പോഴും പ്രകൃതിയിലെപ്പോലെ ചെടികൾക്കൊപ്പം ജലത്തിന്റെയും മണ്ണിന്റെയും പ്രകാശത്തിന്റെയുമെല്ലാം സാന്നിധ്യവും ആവശ്യമാണ്. മനുഷ്യരിൽ ശാന്തതയും സമാധാനവും നിറയ്ക്കാൻ ജലത്തിനു കഴിയും. മണൽ, മണ്ണ്, ഉരുളൻകല്ലുകൾ എന്നിവയിലൂടെ നഗ്നപാദരായി നടക്കുന്നത് ശരീരിക പ്രവർത്തനങ്ങളെ  സന്തുലിതമാക്കാനും ഉറക്കം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ക്ഷേമം വർദ്ധിപ്പിക്കാനും സഹായിക്കും. അതുകൊണ്ടുതന്നെ വീടിനുള്ളിൽ ഒരുക്കുന്ന ഹീലിങ് ഗാർഡൻ പ്രകൃതിയുടെ ചെറു പതിപ്പാകാൻ ശ്രദ്ധിക്കണമെന്നും രേഷ്മ ഓർമിപ്പിക്കുന്നു. 

ഫോൺ: 9400621888

ഇമെയിൽ: reshmaushi@gmail.com

English Summary:

Breathe Easy: How Indoor Plants Purify Your Home's Air

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com