ചൈനക്കാരുടെ സ്വന്തം ഫലവൃക്ഷം; കൃഷി തായ്ലൻഡിൽ; പൈനാപ്പിൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൃഷി: ലോങ്ങനെക്കുറിച്ചറിയാം
Mail This Article
സാപ്പിൻഡേസി സസ്യകുടുംബത്തിലെ അംഗമായ ലോങ്ങൻ ചൈനക്കാരുടെ സ്വന്തം ഫലവൃക്ഷമാണ്. ഡിമോക്കാർപ്പസ് ലോങ്ങൻ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ ഫലവൃക്ഷം സ്വാഭാവികമായി 10–12 അടി ഉയരത്തിൽ വളരുന്ന നിത്യഹരിതവൃക്ഷമാണ്. ഇതിന്റെ തളിരിലകളും ശാഖകളുമെല്ലാം മനോഹരമായതിനാൽ അലങ്കാരവൃക്ഷമായും വളർത്താം. സമുദ്രനിരപ്പിൽനിന്ന് 1500 അടി ഉയരത്തിൽവരെ ലോങ്ങൻ സ്വാഭാവികമായി വളരുന്നുണ്ട്. നന്നായി പരിചരിച്ചാൽ അതിലും ഉയർന്ന പ്രദേശങ്ങളിലും ലോങ്ങൻ വിജയകരമായി കൃഷി ചെയ്യാം. മിതോഷ്ണമേഖലാ (Sub-tropical) ഫലവൃക്ഷമാണെങ്കിലും സമശീതോഷ്ണ മേഖലയിലും നന്നായി വളർന്ന് മികച്ച വിളവു നൽകുന്നു. മറ്റേതൊരു ഉഷ്ണമേഖലാ ഫലവൃക്ഷത്തെയുംപോലെ ലോങ്ങനും ഉയർന്ന അന്തരീക്ഷ ആർദ്രതയും ചൂടും ആവശ്യമാണ്.
കേരളത്തിന്റെ സമതലങ്ങൾക്കും ഹൈറേഞ്ചിനും വളരെ യോജിച്ച ഫലവൃക്ഷമാണിത്. വർഷത്തിൽ പല തവണ പൂക്കുന്നതിനാൽ ഓഫ് സീസണിലും പഴങ്ങൾ ഉണ്ടാകും. അപ്പോള്‍ വളരെ ഉയർന്ന വില കിട്ടും. ലോങ്ങൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നതും തായ്‌ലൻഡാണ്. മികച്ച വിളവും വിലയും ലഭിക്കുന്നതിനാൽ തായ് കർഷകർ ലോങ്ങൻ കൃഷി ചെയ്യാൻ ഉത്സാഹമുള്ളവരാണ്. ചൈന, ഇന്തൊനീഷ്യ, അമേരിക്ക, നെതർലൻഡ്സ്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലേക്കാണ് ലോങ്ങൻ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. പൈനാപ്പിൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൃഷി ലോങ്ങനാണ്. ഏകദേശം അഞ്ചു ലക്ഷം മെട്രിക് ടണ്ണാണു തായ്‌ലൻഡിന്റെ ഉൽപാദനം. ധാരാളം മൂല്യവർധിത ഉൽപന്നങ്ങള്‍ ലോങ്ങനിൽനിന്നു തയാറാക്കി മറ്റു രാജ്യങ്ങളിൽ വിറ്റഴിച്ചുവരുന്നു. ഈ കണക്കുകളിൽനിന്നു ലോങ്ങൻ എത്രമാത്രം വ്യവസായപ്രാധാന്യമുള്ള പഴവർഗമാണെന്നു മനസ്സിലാക്കാം.
ലോങ്ങന്റെ ധാരാളം ഇനങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ‘ഈഡോ’ എന്നയിനമാണ് ഏറ്റവും മികച്ചത്. മറ്റിനങ്ങളെക്കാൾ വേഗം വളർന്ന് മികച്ച വിളവു നൽകുന്ന ഈഡോ രാജ്യാന്തരവിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഇനമാണ്. ശരീരക്ഷീണം അകറ്റി, ഊർജസ്വലത നൽകുന്ന ഫലമായാണു ലോങ്ങൻ അറിയപ്പെടുന്നത്. ശരീരത്തിനു ചൂടു നൽകി, ജീവിതസൗഭാഗ്യം പ്രദാനം ചെയ്യുന്ന ഒരു ഫലവൃക്ഷമായി ലോങ്ങനെ ചൈനക്കാർ കാണുന്നു. മലേഷ്യക്കാരും ഇന്തൊനീഷ്യക്കാരും ലോങ്ങൻ ജ്യൂസ് ഇഷ്ടപ്പെടുന്നു. കൊറിയക്കാർക്ക് ഉണങ്ങിയ ലോങ്ങനാണ് ഇഷ്ടം.
മുകുളനം (ബഡ്ഡിങ്) വഴി ഉൽപാദിപ്പിക്കുന്ന തൈകളാണു കൃഷിക്കു നല്ലത്. മണൽ കലർന്ന ധാരാളം ജൈവാംശമുള്ള മണ്ണിലാണ് ഇതു കൃഷി ചെയ്യേണ്ടത്. റംബുട്ടാന്റെ കൃഷിരീതിതന്നെ ലോങ്ങനും. ചെടികൾ തമ്മിൽ 30 അടി അകലം മതി. ഫെബ്രുവരി–മാർച്ച് മാസങ്ങളാണ് പൂക്കാലം. മൂന്നു തരം പൂക്കൾ കാണാറുണ്ട്. ആൺപൂക്കൾ, പെൺപൂക്കൾ, ദ്വിലിംഗ പുഷ്പങ്ങൾ. ശാഖാഗ്രങ്ങളിലാണു പൂങ്കുല ഉണ്ടാകുന്നത്. ആൺപൂക്കള്‍ ആദ്യം വിരിയുന്നു. തുടർന്ന് പെൺപൂക്കളും ദ്വിലിംഗ പുഷ്പങ്ങളും വിരിയും. തേനീച്ചകളാണ് പരാഗണം നടത്തുന്നത്. പൂക്കളിൽ പൂന്തേൻ ഉള്ളതിനാൽ മറ്റു പ്രാണികളും വരാറുണ്ട്.
ഒട്ടുംതന്നെ തണൽ വേണ്ടാത്ത ഫലവൃക്ഷമാണ് ലോങ്ങൻ എന്നതിനാൽ നല്ല സൂര്യപ്രകാശമുള്ളിടത്താണ് നട്ടുപിടിപ്പിക്കേണ്ടത്. വേനൽക്കാലത്തു നനയ്ക്കണം. വർഷംതോറും ധാരാളം ജൈവവളങ്ങളും സംയുക്ത വളങ്ങളും നൽകാം. നട്ട് നാലു മാസം കഴിഞ്ഞാൽ സംയുക്ത വളങ്ങൾ നൽകണം. എൻപികെ 18 കോംപ്ലക്സ് 100 ഗ്രാം വീതം വർഷത്തിൽ മൂന്നു പ്രാവശ്യം നൽകി ഓരോ വർഷവും വളത്തിന്റെ അളവു ക്രമാനുഗതമായി വർധിപ്പിച്ച് ആറാം വർഷം മുതൽ ഒരു കിലോ വീതം എൻപികെ 18 കോംപ്ലക്സ് മൂന്നു പ്രാവശ്യം നൽകണം. സൂക്ഷ്മ മൂലകങ്ങളായ ബോറോൺ, സിങ്ക് എന്നിവ ഉൾപ്പെടുത്തണം. കാര്യമായ രോഗ–കീട ബാധയൊന്നും ലോങ്ങനിൽ കാണുന്നില്ല. എങ്കിലും ഇലതീനിപ്പുഴുക്കൾ ചിലപ്പോൾ ശല്യമാകാറുണ്ട്. വേപ്പ് അധിഷ്ഠിത ലായനികൾ തളിച്ച് ഇവയെ നിയന്ത്രിക്കാം.
വർഷത്തിൽ ഒന്നിലധികം തവണ പുഷ്പിച്ചു വിളവു നൽകുന്നുവെന്ന മേന്മയും ലോങ്ങൻ മരങ്ങൾക്കുണ്ട്. സാധാരണയായി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ കായ്ക്കുന്ന മരങ്ങൾക്ക് ഒരു ചതുരശ്രമീറ്റർ തലപ്പിന് 15 ഗ്രാം സോഡിയം ക്ലോറൈറ്റ് 15 ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ച് മരങ്ങളുടെ ചുവട്ടിൽ ഒഴിക്കണം. തളിരില വിടർന്ന് 40–45 ദിവസം മൂപ്പെത്തിയശേഷമാണ് ഇത് ചെയ്യേണ്ടത്.