ഇത്ര ശ്രദ്ധ ആവശ്യമായിരുന്നോ! ഓൺലൈനില്‍ ചെടി വാങ്ങി പണം നഷ്ടപ്പെടാതിരിക്കാൻ ചെയ്യേണ്ടത്
Mail This Article
കോവിഡ് മഹാമാരിക്കൊപ്പം ഏറെ പ്രചാരത്തിലായതാണ് ഓൺലൈൻ ചെടി ഇടപാട്. വീട്ടുപകരണങ്ങൾ ഓൺലൈൻ ആയി വാങ്ങുന്നതുപോലെ ചെടികളും കുറിയർ വഴി വീട്ടിലെത്തുന്നു. എന്നാൽ, പരിചിതമല്ലാത്ത സൈറ്റിൽ കാണുന്ന അതിമനോഹരമായ പൂവും ചെടിയും കണ്ടു മയങ്ങി വാങ്ങി കബളിപ്പിക്കപ്പെടുന്ന സംഭവങ്ങളും ഇതിനൊപ്പം നടക്കുന്നുണ്ട്. അതിനാല്‍ ഓൺലൈനില്‍ ചെടി വാങ്ങുന്നതിനു മുൻപ്, ആ ചെടി നേരത്തെ വാങ്ങിയവർ പ്രസ്തുത ഓണ്‍ലൈൻ സൈറ്റിൽ കുറിക്കുന്ന പ്രതികരണങ്ങൾ ശ്രദ്ധാപൂർവം വായിച്ചു മനസിലാക്കിയ ശേഷം മാത്രം തീരുമാനമെടുക്കുക. വിശ്വാസയോഗ്യമായ സൈറ്റുകളിൽനിന്നു ചെടികൾ ഓർഡർ ചെയ്യാൻ ശ്രദ്ധിക്കണം.
നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുകയും പൂവിടുകയും ചെയ്യുന്നവ ആണോ എന്ന് അന്വേഷിച്ചു കൃത്യമായി മനസിലാക്കിയതിനുശേഷം മാത്രം ഓർഡർ ചെയ്യുക. ഉദാഹരണമായി ഓർക്കിഡ് ഇനങ്ങളിൽ സിംബീഡിയം, വാർഷിക പൂച്ചെടികളിൽ സ്നാപ് ഡ്രാഗൺ, ഡെൽഫീനം, പാൻസി തുടങ്ങിയവയൊന്നും നമ്മുടെ ഉഷ്‌ണമേഖലാകാലാവസ്ഥയിൽ നന്നായി വളരുകയോ പൂവിടുകയോ ചെയ്യാറില്ല. ഓൺലൈൻ ആയി വാങ്ങിയ ചെടി വരുന്ന ബോക്സ് കൈപ്പറ്റിക്കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങൾ മനസ്സിലാക്കാം.
ചെടി പുറത്തെടുക്കേണ്ട രീതി
കുറിയർ അയക്കുന്ന പെട്ടിയുടെ ഭാരം കുറയ്ക്കാൻ പല ഓൺലൈൻ ദാതാക്കളും ഡെൻഡ്രോബിയം, ഫലനോപ്സിസ്പോലുള്ള ഓർക്കിഡുകൾ, കാക്ട്‌സ്, സക്ക്യൂലന്റ്, ആന്തൂറിയം, ബ്രൊമീ ലിയഡ് ചെടികൾ ഇവയെല്ലാം നട്ടിരിക്കുന്ന ചട്ടിയിൽനിന്നു പുറത്തെടുത്ത് വേരുകൾ പൂർണമായും തുറന്നിരിക്കുന്ന വിധത്തിലോ അല്ലെങ്കിൽ ഇറക്കുമതി വരുന്ന ചെറിയ ചട്ടിയിൽ നട്ട വിധത്തിലോ ആയിരിക്കും പായ്ക്ക് ചെയ്ത് അയയ്ക്കുക. പത്രക്കടലാസ്, ബ്രൗൺ പേപ്പർ അല്ലെങ്കിൽ പ്ലാസ്റ്റിക് ഉപയോഗിച്ച് മുഴുവനായി പൊതിഞ്ഞായിരിക്കും ചെടികൾ കുറിയർ ചെയ്യുന്നത്. ഈ വിധത്തിൽ പൊതിയുന്നത് ചെടിയിൽനിന്നും മിശ്രിതത്തിൽനിന്നും ഈർപ്പം നഷ്ടപ്പെടുന്നതിന്റെ തോതു കുറയ്ക്കാനാണ്. ചട്ടിയിൽ നട്ട ചെടിയാണെങ്കിൽ ചിലപ്പോൾ ചട്ടിക്കു മാത്രമായിരിക്കും കടലാസോ പ്ലാസ്റ്റിക്കോകൊണ്ടുള്ള ആവരണം നൽകുക. ചട്ടിയിലുള്ള ചെടി നട്ടിരിക്കുന്ന മിശ്രിതത്തിനു മുകളിൽ, ഈർപ്പം നഷ്ടപ്പെടാതിരിക്കാന്‍ നനഞ്ഞ പത്രക്കടലാസ്കൊണ്ട് മൂടിയിട്ടുണ്ടാകും.
കുറിയർ വഴി ബോക്സ് കിട്ടിയാൽ പെട്ടിയുടെ മുകൾഭാഗം ഏതെന്നു നോക്കി അവിടം തുറന്ന് എത്രയും വേഗം ചെടികൾ ഒന്നൊന്നായി, പൊതിഞ്ഞിരിക്കുന്ന കടലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക് സഹിതം പുറത്തെടുത്ത് നിരത്തിവയ്ക്കുക. ബോക്സിനും ഒപ്പം ചെടികൾക്കും കാര്യമായ കേടുപാടുണ്ടെങ്കിലോ, ഓർഡർ ചെയ്ത ചെടി ഇനമല്ല കിട്ടിയിരിക്കുന്നതെങ്കിലോ ഓൺലൈൻ സൈറ്റിലെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടു പരാതി നൽകണം. ഓരോ ചെടിയും ചട്ടിയും പൊതിഞ്ഞിരിക്കുന്ന ആവരണം ഇലയ്ക്കും വേരുകൾക്കും കേടു സംഭവിക്കാതെ ശ്രദ്ധയോടെ നീക്കം ചെയ്യണം. ഇലച്ചെടികളുടെ ഇലകൾ വള്ളിയോ നൂലോ ഉപയോഗിച്ചു ഒരുമിച്ചു ചേർത്ത് കെട്ടിയായിരിക്കും ബോക്സിൽ വച്ചിരിക്കുക. കത്രിക ഉപയോഗിച്ചു വള്ളിയെല്ലാം നീക്കി ഇലകൾ സ്വാതന്ത്രമാക്കണം.
നന്നായി വായുസഞ്ചാരവും തണലുമുള്ളിടത്തു ചെടികൾ ഓരോന്നോരോന്നായി നിരത്തി വയ്ക്കുക. ഓരോ ചെടിയും നന്നായി നിരീക്ഷിച്ച് ഏതെങ്കിലും ഇലയോ വേരോ ഒടിയുകയോ മറ്റു കേടുപാടുകളുണ്ടായെങ്കിലോ അവയെല്ലാം കത്രിക ഉപയോഗിച്ച് മുറിച്ചു നീക്കം ചെയ്യണം. കുറിയർ വഴി അയയ്ക്കുന്ന ചെടികൾ ഉപയോക്താവിന്റെ കയ്യിൽ കിട്ടാൻ ചിലപ്പോൾ ഒരാഴ്ചയോളം കാലതാമസമെടുക്കാറുണ്ട്. ഈ സമയമത്രയും ചെടിക്ക് ആവശ്യത്തിനു വെള്ളം കിട്ടുന്നില്ല. ഉള്ള ഈർപ്പം കുറെയേറെ നഷ്ടപ്പെടുകയും ചെയ്യും. ചെടികളുള്ള പെട്ടികൾ മറ്റു പെട്ടികൾക്കൊപ്പം കുത്തിനിറച്ചു കൊണ്ടുവരുന്ന വാഹനത്തിലുള്ളിലെ ആവിയും ചൂടും കാരണം നമ്മുടെ കയ്യിൽ കിട്ടുമ്പോഴേക്കും ചെടികള്‍ വാടിത്തളർന്നിരിക്കും. ഈ ആവിയിലും ചൂടിലും ചിലപ്പോൾ കുമിളും ബാക്റ്റീരിയയുമൊക്കെ ചെടിയെ ബാധിച്ചേക്കാം. ദാഹിച്ചിരിക്കുന്ന ചെടി ആദ്യം നനയ്ക്കുക. കുമിളിനെയും മറ്റും നീക്കാൻ കുമിൾനാശിനി കലർത്തിയ വെള്ളം കൊണ്ടു വേണം ആദ്യ നന. ഇതിനായി ‘കോൺടാഫ്+’ കുമിൾനാശിനി (1 ഗ്രാം / ലീറ്റർ വെള്ളം) മതി.
ചട്ടിയിൽ നട്ട ചെടിയാണെങ്കിൽ മിശ്രിതം തൊട്ടുനോക്കുക. ആവശ്യത്തിന് ഈർപ്പം ഉണ്ടെങ്കിൽ ഉടനെ നനയ്ക്കേണ്ടതില്ല. പകരം കുമിൾനാശിനി ചെടിയിൽ തുള്ളിനനയായി നൽകാം. ഓർക്കിഡ് ചെടി ചട്ടിയിൽ നട്ടാണ് കിട്ടുന്നതെങ്കിൽ നടീല്‍മിശ്രിതത്തിൽ ഈർപ്പം അധികമുണ്ടോ എന്നു നോക്കണം. ഓൺസീഡിയം ഓർക്കിഡിന്റെ സങ്കര ഇനങ്ങൾ, ഫലനോപ്സിസ് എല്ലാം അധിക ഈർപ്പാവസ്ഥയിൽ വേഗം കേടു വരാനിടയുണ്ട്. ഇവ നട്ടിരിക്കുന്ന മിശ്രിതത്തിൽനിന്നു പുറത്തെടുത്ത് കുമിൾനാശിനിയിൽ മുക്കി അണുമുക്തമാക്കിയശേഷം പുതുതായി തയാറാക്കിയ മിശ്രിതത്തിലേക്കു മാറ്റിനടണം. കുമിൾ നാശിനിയിൽ ചെടി തലകീഴായാണ് മുക്കിവയ്ക്കേണ്ടത്. ചെടിയുടെ ഇലയുടെ താഴെ ഭാഗത്ത് ചെറുപ്രാണികൾ ഉണ്ടാക്കുന്ന കീടബാധയുണ്ടോ എന്നു നോക്കുക. വെളുത്ത പൊടിപോലെ കാ ണുന്നുണ്ടെങ്കിൽ ‘ഇമിഡാ ക്ലോപ്രിഡ്’ അടങ്ങിയ കീടനാശിനി തളിച്ച് കീടമുക്തമാക്കണം.
ആവശ്യമെങ്കിൽ ചട്ടിയിലേക്കു മാറ്റാം
ചട്ടിയിൽ നട്ട ചെടിയാണ് കിട്ടുന്നതെങ്കിൽ ഉടനെ മാറ്റി പുതിയ മിശ്രിതത്തിലേക്കു നടരുത്. 3-4 ദിവസം നമ്മുടെ സ്ഥലവും കാലാവസ്ഥയുമായി ഇണങ്ങാൻ സമയം നൽകുക. ഇതിനുശേഷം മാറ്റി നടാം. ചട്ടിയിൽനിന്ന് വേരുൾപ്പെടെ ഊരിയെടുത്തു വരുന്ന ഓർക്കിഡ്, സക്ക്യൂലന്റ് ഇനങ്ങൾ, ആന്തൂറിയം, ബ്രൊമീലിയഡ് ചെടികള്‍ ചട്ടിയിൽ തയാറാക്കിയ മിശ്രിതത്തിലേക്കു മാറ്റി നടണം. ഓർക്കിഡ്, ആന്തൂറിയംപോലുള്ള ചെടികൾ നടാൻ ആവശ്യമായ പ്രത്യേക മിശ്രിതം മുൻകൂട്ടി തയാറാക്കിവച്ചിരുന്നാൽ ചെടി കയ്യിൽ കിട്ടുമ്പോൾതന്നെ മാറ്റിനടാനാകും. ഡെൻഡ്രോബിയം, ഫലനോപ്സിസ് ഉൾപ്പടെ എല്ലാത്തരം ഓർക്കിഡുകളും കരിയും ഓടിന്റെ കഷണങ്ങളും കലർത്തിയ മിശ്രിതത്തിൽ നടാം. മിശ്രിതം നന്നായി അണുവിമുക്തമാക്കിയ ശേഷം നടാൻ ശ്രദ്ധിക്കുക. ചെടിയുടെ വേരുഭാഗം മാത്രം മിശ്രിതത്തിലേക്ക് ഇറക്കിവച്ചു വേണം നടാൻ. ചെറിയ നഴ്സറിച്ചട്ടിയിൽ നട്ടു ലഭിക്കുന്ന ഓർക്കിഡ് വലിയ ചട്ടിയിലേക്കു നടാനായി ചെറിയ ചട്ടിയിൽനിന്നു ചെടി ഊരിയെടുക്കേണ്ടതില്ല. പകരം വലിയ ചട്ടിയിലേക്ക് ചെടി ഉൾപ്പടെ ചെറിയ ചട്ടി ഇറക്കി ചുറ്റും ഓടിന്റെയും കരിയുടെയും കഷണങ്ങൾ നിറച്ചു നട്ടാൽ മതി.
സക്ക്യൂലന്റ് ചെടികൾ നടാൻ 4 ഇഞ്ച് വലുപ്പമുള്ള പ്ലാസ്റ്റിക് ചട്ടി മതിയാകും. നല്ല നീർവാർച്ചയുള്ള നടീൽമിശ്രിതമാണ് വേണ്ടത്. ഇതിനായി ആറ്റുമണലും ചകിരിച്ചോറും വളമായി മണ്ണിരക്കമ്പോസ്റ്റും കലർത്തിയെടുത്തതിൽ അൽപം കുമ്മായവും കൂടി ചേർത്ത് മിശ്രിതം തയാറാക്കാം. ചെടിയുടെ വേരുഭാഗം മാത്രം മിശ്രിതത്തിൽ ഇറക്കി ഉറപ്പിക്കുവാൻ ശ്രദ്ധിക്കണം. ചില ഓൺലൈൻ സ്റ്റോറുകൾ കുഞ്ഞൻ നഴ്സറിച്ചട്ടിയിൽ നട്ട സക്ക്യൂലന്റ് ചെടിയായിരിക്കും അയച്ചു തരിക. ഇത്തരം ചട്ടി പിന്നീട് ചെടി വളരുമ്പോൾ പോരാതെ വരും. ആകർഷകമായ സെറാമിക് ചട്ടിയിലായിരിക്കും നമ്മൾ ഇവ വളർത്താൻ ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ യാത്രാക്ഷീണം മാറിയ ചെടിയെ മിശ്രിതമടക്കം ചെറിയ ചട്ടിയിൽനിന്നു ഊരിയെടുത്ത് നല്ല നീർവാർച്ചയുള്ള മിശ്രിതം നിറച്ച വലിയ സെറാമിക് ചട്ടിയിലേക്കു മാറ്റി നടണം. ചെടി നട്ട ശേഷം മിശ്രിതം മാത്രം ആവശ്യാസരണം നനയ്ക്കുക. പിന്നീടുള്ള നന വളരെ ശ്രദ്ധിച്ചു നൽകണം.
ആന്തൂറിയവും, സെബ്രീന, ക്രിപ്റ്റാന്തസ്, നിയോറിഗേലിയ തുടങ്ങിയ ബ്രൊമീലിയഡ് ചെടികളും നടാന്‍ വേണ്ട മിശ്രിതത്തിൽ നന്നായി വായുസഞ്ചാരം കിട്ടാൻ ആറ്റുമണലിനും ചകിരിച്ചോറിനു മൊപ്പം ഓടിന്റെയും കരിയുടെയും വലുപ്പം കുറഞ്ഞ കഷണങ്ങൾ കൂടി ചേർക്കണം. വളമായി മണ്ണിരക്കമ്പോസ്റ്റ് മതി. ചെടിയുടെ വേരുകൾ മാത്രം മിശ്രിതത്തിൽ ഇറക്കി നടണം. ഇവയെല്ലാം പാതി തണൽ കിട്ടുന്നിടത്താണ് പരിപാലിക്കേണ്ടത്.
അലങ്കാര പന്നൽച്ചെടികൾ, അഗ്ളോനിമ, ഡ്രസീന, സിങ്കോണിയം, മറ്റ് അലങ്കാര ഇലച്ചെടികൾ എന്നിവയെല്ലാം ചെടിയുടെ സസ്യ പ്രകൃതി അനുസരിച്ച് ആവശ്യത്തിനു വലുപ്പമുള്ള ചട്ടിയിലേക്കോ നിലത്തേക്കോ മാറ്റി നടാം. ഗുണനിലവാരമുള്ള ചുവന്ന മണ്ണും, ചകിരിച്ചോറും ആറ്റുമണലും വളമായി നന്നായി ഉണങ്ങിയ ആട്ടിൻകാഷ്ഠവും അൽപം കുമ്മായവും കലർത്തിയ മിശ്രിതം മതി ഇവയെല്ലാം വളർത്താൻ. പുതിയ ചട്ടിയിലേക്കു മാറ്റി നട്ട ചെടി, 4 - 5 ദിവസം പാതി തണൽ കിട്ടുന്നിടത്തു വച്ച് കരുത്തായ ശേഷം മാത്രം സ്ഥിരമായി വളർത്താൻ ഉദ്ദേശിക്കുന്നിടത്തേക്കു മാറ്റിവയ്ക്കുക. നിലത്തു നട്ടു വളർത്താണെങ്കിൽ ചട്ടി നിറയ്ക്കാൻ ഉപയോഗിച്ച മിശ്രിതം തന്നെ കുഴി നിറയ്ക്കാനും മതി. നേരിട്ട് വെയിൽ കിട്ടുന്നിടത്തു നട്ട ചെടിക്കു ഒരാഴ്ച തണൽ നൽകണം.
ഉത്തരേന്ത്യയിൽനിന്നു വരുത്തുന്ന റോസ് ഉൾപ്പടെ ഒട്ടു മിക്ക ചെടികളും നട്ടിരിക്കുന്ന മണ്ണ് സിമന്റ് പോലെ ഉറച്ചതായിരിക്കും. ഇത്തരം മണ്ണിൽ ചെടി നന്നായി വളരില്ല. ബക്കറ്റിൽ എടുത്ത കുമിൾനാശിനി കലർത്തിയ വെള്ളത്തിൽ ഈ മണ്ണ് കഴുകി മുഴുവനായി നീക്കം ചെയ്ത ശേഷം വേണം പുതിയ മിശ്രിതത്തിലേക്ക് മാറ്റി നടാൻ.
അടുത്തുള്ള നഴ്സറിയിൽനിന്നു ചെടി നേരിട്ട് കണ്ടു മനസിലാക്കി വാങ്ങുന്നതിൽനിന്നു വ്യത്യസ്തമായി ഓൺലൈൻ സൈറ്റിൽ ചെടിയുടെ ഫോട്ടോ മാത്രം കണ്ടാണ് വാങ്ങുന്നതെന്നതിനാല്‍ അതിലെ അപകട സാധ്യതയെ കരുതി ജാഗ്രത പാലിക്കണം.