ADVERTISEMENT

‘‘അടുത്ത പത്തു വർഷത്തേക്ക് റംബുട്ടാന്റെ വില ഇടിയുമെന്ന് പ്രതീക്ഷിക്കേണ്ട... അപ്പോഴേക്കും മുടക്കുമുതൽ തിരികെ കിട്ടുമെന്നതിനാൽ പിന്നീട് വില താഴ്ന്നാൽ പോലും കൃഷി ലാഭകരമായിരിക്കും’’ പതിമൂന്നു വർഷമായി റംബുട്ടാൻ കച്ചവടം നടത്തുന്ന എരുമേലി സ്വദേശികളായ ഷിഹാബ്–ഷീനാജ് സഹോദരന്മാർ പറയുന്നു. തോട്ടം ഉടമകളുമായി ധാരണയിലെത്തിയശേഷം  മൊത്തവ്യാപാരികൾക്കു റംബുട്ടാൻ എത്തിച്ചുകൊടുക്കുകയാണ് ഇവരുടെ രീതി. ഏറ്റെടുത്ത തോട്ടങ്ങളിലെ കായ്‌കൾ വല മൂടി സംരക്ഷിക്കുന്നതും വിളവെടുക്കുന്നതും ക്രെയ്റ്റുകളിലെത്തിക്കുന്നതുമൊക്കയായി ഒരു സംഘം തൊഴിലാളികളും ഇവർക്കൊപ്പമുണ്ട്.  വിളവെടുത്ത കായ്കൾ ഗ്രേഡ് ചെയ്ത് തൂക്കിയശേഷം മുൻധാരണപ്രകാരമുള്ള നിരക്കിൽ രൊക്കം വില നൽകുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ തോട്ടങ്ങളിൽനിന്നു വാങ്ങുന്ന റംബുട്ടാൻ തൃശൂർ മുതൽ പെരിന്തൽമണ്ണ വരെയുള്ള 4 മൊത്തവ്യാപാരികൾക്കാണ് ഇവർ പ്രധാനമായി നൽകുന്നത്.

വിളവെടുത്ത റംബുട്ടാൻ വൃത്തിയാക്കി തരംതിരിക്കുന്ന തൊഴിലാളികൾക്കൊപ്പം ഷിഹാബുദീനും ഷീനാജും
വിളവെടുത്ത റംബുട്ടാൻ വൃത്തിയാക്കി തരംതിരിക്കുന്ന തൊഴിലാളികൾക്കൊപ്പം ഷിഹാബുദീനും ഷീനാജും

പുരയിടങ്ങളിലെ നാടൻ മരങ്ങൾ കച്ചവടം ചെയ്തായിരുന്നു തുടക്കം. 13 വർഷം മുന്പ് അവ മാത്രമേ ഇവിടെ ലഭ്യമായിരുന്നുള്ളൂ. പിന്നീട് എൻ18 പോലുള്ള ബഡ് തൈകൾ വ്യാപകമായ കൃഷി ചെയ്യപ്പെടുകയും ഒട്ടേറെപ്പേർ റബർതോട്ടം വെട്ടിമാറ്റി റംബുട്ടാൻ നടുകയും ചെയ്തതോടെ തോട്ടങ്ങളിൽ നിന്നുമാത്രം റംബുട്ടാൻ വാങ്ങുന്ന രീതിയിലേക്കു മാറി. ‘‘അഞ്ചു വർഷമായി 80–100 മരത്തിൽ കൂടുതലുള്ള തോട്ടങ്ങളിൽനിന്നു മാത്രമാണ് ഞങ്ങൾ റംബുട്ടാൻ എടുക്കാറുള്ളൂ. പുരയിടങ്ങൾ തോറും ഏതാനും മരങ്ങൾ തേടി നടന്നാൽ കച്ചവടം ആദായകരമാകില്ല. നാം ഉദ്ദേശിക്കുന്ന ഉൽപാദനം നൽകാത്ത ചില മരങ്ങളെങ്കിലും അവയിലുണ്ടാകും. പുരയിടങ്ങൾ കയറിയിറങ്ങിയുള്ള യാത്രയ്ക്ക് കൂടുതൽ സമയവും മെനക്കേടും വേണമെന്നതിനാൽ വൈകുന്നേരം ലോഡ് നിറയാതെ വരും. അതേസമയം 100 മരങ്ങളിലെറെയുള്ള തോട്ടമാണങ്കിൽ രാവിലെ വാഹനവുമായെത്തിയാൽ ഉച്ച കഴിയുമ്പോഴേക്കും ലോഡ് നിറയും. മാത്രമല്ല നിലവാരമുള്ള കായ്കൾ കൂടുതലായി തെരഞ്ഞെടുക്കാനും പറ്റും. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ തോട്ടമടിസ്ഥാനത്തിൽ നട്ടാൽ മാത്രമേ വിപണി കണ്ടെത്താൻ കഴിയൂ’’– ഷീനാജ് പറഞ്ഞു.

പഴങ്ങൾ നിലത്തുവീഴാതെ മരത്തിൽനിന്ന് കുലകളായി ഒടിച്ചെടുക്കുകയാണ്. തൊഴിലാളികൾ മരത്തിൽ കയറി പറിക്കുന്നതിനൊപ്പം നിലത്തുനിന്നു തോട്ടി ഉപയോഗിച്ചും വിളവെടുക്കും. വിളവെടുത്ത കായ്കൾ കൂട്ടിയിട്ട ശേഷം ഇലകളും ചെറുകമ്പുകളുമൊക്കെ നീക്കം ചെയ്താണ് ക്രെയ്റ്റുകളിൽ നിറയ്ക്കുക. കുലകളിൽനിന്നു പഴം വേർപെടുത്താതെയാണ് റംബുട്ടാൻ കടകളിൽ വിൽക്കാറുള്ളത്. ‘‘കസ്റ്റമറെ ആകർഷിക്കാൻ അതാണ് നല്ലത്. തിക്കിനിറച്ചാൽ ഒരു ക്രേറ്റിൽ 17 കിലോ വരെ കൊള്ളുമെങ്കിലും ഞങ്ങൾ 13 കിലോ മാത്രമേ ഓരോ പെട്ടിയിലും അടുക്കാറുള്ളൂ. കൂടുതൽ തിക്കിനിറച്ചാൽ കായ്കൾ കറുത്തുപോവും’’– ഷിഹാബ് ചൂണ്ടിക്കാട്ടി.  

rambutan-5
വിളവെടുപ്പ്

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കും  പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയുമാണ് റംബുട്ടാൻ കൃഷിയിൽ കൂടുതൽ മികവ് പ്രകടിപ്പിക്കുന്നതെന്ന് ഷിഹാബ് പറഞ്ഞു. ‘‘നല്ല കായ്കൾ കിട്ടുന്നത് ഈ പാലാ–കാഞ്ഞിരപ്പള്ളി–എരുമേലി മേഖലയിലാണ്. മലബാറിൽ കൂടുതൽ പേർ റംബുട്ടാൻ കൃഷിയിലേക്കു വരുന്നുണ്ടെങ്കിലും ഇവിടുത്തെ മികവ് ഇതുവരെ കണാനായിട്ടില്ല. അവിടുത്തെ പല തോട്ടങ്ങളും നോക്കിയ ശേഷം വാങ്ങാതെ തിരികെ പോന്നിട്ടുണ്ട്’’ മലബാറിലെ കടകളിലേക്കു തെക്കൻ ജില്ലകളിലെ കായ് എടുക്കുന്നതിന്റെ യുക്തി അദ്ദേഹം വിശദീകരിച്ചു. കാലാവസ്ഥയുടെ ആനുകൂല്യവും തോട്ടമുടമകളുടെ പരിചരണമികവും ഇതിനു കാരണമാണെന്നാണ് ഷിഹാബിന്റെ പക്ഷം. 

rambutan-4
പെട്ടിയിലാക്കിയ റംബുട്ടാൻ പഴം

അ‍ഞ്ചുവർഷം മുൻപ് തോട്ടം എടുത്തുതുടങ്ങുമ്പോൾ കിലോയ്ക്ക് 110 രൂപ നിരക്കിലാണ് കൃഷിക്കാർക്ക് വില നൽകിയത്. ഇപ്പോൾ 120–130 രൂപ നൽകിവരുന്നു. റംബുട്ടാന്റെ വിലയിൽ കാര്യമായ ഏറ്റക്കുറച്ചിലുകളുണ്ടായിട്ടില്ലെന്നു കാണാം. കൊറോണാക്കാലത്തും നിപ്പക്കാലത്തും മാത്രമാണ് വിപണി തീരെ ഇടിഞ്ഞത്. അന്ന് ഞങ്ങൾക്കും കച്ചവടം ബ്ലോക്കായി ഒട്ടേറെ പണം നഷ്ടപ്പെട്ടു’’– ഷിഹാബും ഷീനാജും പറഞ്ഞു. റംബുട്ടാൻ വിളവെടുക്കാറാകുമ്പോൾ നിപ്പ പ്രത്യക്ഷപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്നാണ് ഇവർ പറയുന്നത്. റംബുട്ടാൻ കൃഷി ചെയ്യുന്ന ജില്ലകളിലല്ല, അവ കൂടുതലായി വാങ്ങുന്ന ജില്ലകളിലാണ് നിപ്പ ആവർത്തിക്കപ്പെടുന്നത്. റംബുട്ടാൻ പഴം വഴിയാണ് നിപ്പ വ്യാപിക്കുന്നതെങ്കിൽ അത് കൃഷി ചെയ്യുന്ന തെക്കൻ ജില്ലകളിലല്ലേ റിപ്പോർട്ട് ചെയ്യപ്പെടേണ്ടത്? കൃഷി ചെയ്യുന്ന കർഷകരെയല്ലേ ആദ്യം ബാധിക്കേണ്ടത്? – ഇരുവരും ചോദിക്കുന്നു.

ഫോൺ: 9072709398

rambutan-chart
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com