കാബേജിൽ ഹെഡ് ഉണ്ടാകാനുണ്ടൊരു പൊടിക്കൈ: ശീതകാല പച്ചക്കറി നടാന് സമയമായീട്ടോ...
Mail This Article
കാബേജ്, കോളിഫ്ലവർ എന്നിവ 25 സെ.മീ. എങ്കിലും വീതിയും താഴ്ചയുമുള്ള ചാലുകൾ എടുത്തതിൽ 30 സെ.മീ. അകലത്തിലാണു നടേണ്ടത്. തൈകൾ നടേണ്ട സ്ഥലം അടയാളപ്പെടുത്തി അവിടെ 20 ഗ്രാം കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് വിതറി ഒരു തൂമ്പത്താഴ്ചയിൽ കിളച്ചു ചേർക്കുക. 2–3 ദിവസം കഴിഞ്ഞ് ഇതേ സ്ഥലത്ത് 400 ഗ്രാം ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ചകിരിച്ചോർ കംപോസ്റ്റോ ജൈവവളമോ ചേർത്ത് വീണ്ടും ഒരു തൂമ്പ ആഴത്തിൽ ഇളക്കിച്ചേർക്കുക. നീർവാർച്ചയുള്ളതും സൂര്യപ്രകാശം നന്നായി ലഭിക്കുന്നതുമായ സ്ഥലത്തായിരിക്കണം ഇവ കൃഷിയിറക്കേണ്ടത്. വെള്ളം ഒട്ടും കെട്ടി നിൽക്കാന്‍ പാടില്ല. പ്രോട്രേയിലുള്ള തൈകൾ നടുന്നതിന് 12 മണിക്കൂർ മുൻപ് സ്യൂഡോമോണാസ് /ബാസില്ലസ് സബ്ടിലിസ് സ്പ്രേ ചെയ്യണം.
കാബേജ്
30 ദിവസം പ്രായമുള്ള, കുറഞ്ഞത് 8 സെ.മീ. ഉയരമുള്ള തൈകളാണു നടേണ്ടത്. തൈകൾ നട്ടു കഴിഞ്ഞ് തണൽ കുത്തിക്കൊടുക്കുന്നതു നന്ന്. നട്ടുകഴിഞ്ഞ് 10 ദിവസമാകുമ്പോൾ 18:18:18 /19:19:19, 3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയത് സ്പ്രേ ചെയ്യണം. 15 ദിവസമാകുമ്പോൾ തളിരിലയോ കൂമ്പോ പർപ്പിൾ നിറം (light violet) നിറമാകുന്നുണ്ടെങ്കിൽ ബോറിക് ആസിഡ് ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ചു സ്പ്രേ ചെയ്യണം. അല്ലാത്ത പക്ഷം ഇത്തരം നിറഭേദം കാണിക്കുന്ന തൈകളിൽ 90 ശതമാനത്തിന്റെയും വളർച്ച നിന്നുപോകും. ആദ്യ വളപ്രയോഗം നടത്തി 10 ദിവസം കഴിയുമ്പോൾ സൾഫേറ്റ് ഓഫ് പൊട്ടാഷ് (SoP) 4 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിലുണ്ടാക്കിയ ലായനി സ്പ്രേ ചെയ്തു കൊടുക്കണം.
നട്ട് 25 ദിവസമാകുമ്പോൾ 3 മില്ലി നാനോ DAPയോടൊപ്പം സൾഫേറ്റ് ഓഫ് പൊട്ടാഷ് അല്ലെങ്കിൽ 18:18:18 ഒരു ലീറ്റർ വെള്ളത്തിൽ 3 ഗ്രാം എന്ന തോതിൽ ചേർത്ത് സ്പ്രേ ചെയ്യാം. മൂന്നാം സ്പ്രേയിങ്ങിനു ശേഷം ചെടികൾ പൊക്കം വയ്ക്കുന്നതനുസരിച്ച് ചുവട്ടിലേക്കു ബാസില്ലസ് സബ്ടിലിസ് / സ്യൂഡോമോണാസ് 30 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി ഒരു ചെടിക്ക് 100 മില്ലി എങ്കിലും ചുവട്ടിലേക്ക് ഒഴിച്ചുകൊടുക്കണം. അതോടൊപ്പം കംപോസ്റ്റും മണ്ണും ചേർത്ത മിശ്രിതം ചുവട്ടിലിട്ടു മണ്ണ് കയറ്റിക്കൊടുക്കുകയും വേണം. നട്ട് 55–60 ദിവസമാകുമ്പോൾ കാബേജിൽ ഹെഡ് ഉണ്ടാകും. ഹെഡ് ഉണ്ടായി 14 ദിവസം കഴിയുമ്പോൾ വിളവെടുക്കാം.
നട്ട് 40 ദിവസം കഴിഞ്ഞ കാബേജ് നനയ്ക്കുമ്പോൾ ചെടിയുടെ മേൽ വെള്ളം വീഴാതെ ശ്രദ്ധിക്കണം. വെള്ളം വീണാൽ കൂമ്പും ഹെഡുമൊക്കെ ചീയുന്നതിനു സാധ്യതയുണ്ട്. 60 ദിവസമായിട്ടും കാബേജ് ഹെഡ് ഉണ്ടായില്ലെങ്കിൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് 6 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി സ്പ്രേ ചെയ്യണം.
കോളിഫ്ലവർ
കാബേജിന്റെ അതേ വളപ്രയോഗ, നടീൽ രീതികൾ അനുവർത്തിക്കുക. ചെടി നട്ട് 40–45 കഴിയുമ്പോൾ കോളിഫ്ലവർ കാർഡ് എന്നു വിളിപ്പേരുള്ള പൂവ് ഉണ്ടാകും. ഇതുണ്ടായി 8–10 ദിവസത്തിനകം വിളവെടുക്കണം അല്ലെങ്കിൽ വിരിഞ്ഞുപോകും. നല്ല നിറമുള്ള ഫ്ലവർ ലഭിക്കുന്നതിന് കോളിഫ്ലവറിന്റെ ഇലകൊണ്ട് പൊതിഞ്ഞുകെട്ടിക്കൊടുക്കാം. ഫ്ലവർ ഉണ്ടായിക്കഴിഞ്ഞാൽ നനയ്ക്കുമ്പോൾ വെള്ളം പൂവിൽ വീഴാതെ നോക്കണം.
അടുത്ത കാലത്തായി കാബേജ്, കോളിഫ്ലവർ എന്നിവയ്ക്ക് ഇലതീനി രോമപ്പുഴുക്കളും ഡയമണ്ട് ബ്ലാക് മോത്തിന്റെ പുഴുക്കളും ശല്യമാകുന്നതായി കാണുന്നു. ഇവയെ ട്രൈക്കോഗ്രാമ മുട്ടക്കാർഡുകൾ വച്ച് നിയന്ത്രിക്കാം. മുട്ടക്കാർഡുകൾ തയാറാക്കുന്ന കൃഷി വകുപ്പിന്റെയും കാർഷിക സർവകലാശാലയുടെയും സ്ഥാപനങ്ങളില്‍ കൃഷി ഓഫിസർ മുഖേന മുൻകൂട്ടി ആവശ്യപ്പെട്ട് ലഭ്യത ഉറപ്പാക്കണം.
കാബേജിനും കോളിഫ്ലവറിലും സ്പ്രേയിങ് വഴി വളപ്രയോഗം നടത്തുമ്പോൾ 4 ലീറ്റർ ലായനിയിൽ ഒരു മില്ലി എന്ന കണക്കിൽ പുതുതലമുറ non ionic adjuvants ചേർത്താൽ മിശ്രിതം ഇലകളിൽ പടരുന്നതിനും അതുവഴി ചെടി കൂടുതൽ ആഗിരണം ചെയ്യുന്നതിനും ഇടയാകും. വെള്ളീച്ചനിയന്ത്രണത്തിനു മഞ്ഞക്കാർഡുകൾ കൃഷിയിടത്തിന്റെ 4 അതിരുകളിലായി വയ്ക്കുന്നതു കൊള്ളാം.