ബ്ലാക്ക് ഗോൾഡ് മുതൽ ഐമ്പിരിയൻ വരെ; 65 ഇനം കുരുമുളകുമായി വാകത്താനം ബിജുകുമാറിന്റെ ‘പെപ്പർ ലൈഫ്’
Mail This Article
‘സാൾട്ട് ആൻഡ് പെപ്പർ’ എന്നതു പഴഞ്ചൻ. ‘പെപ്പർ ആൻഡ് ലൈഫ്’ എന്നു തിരുത്തി ബിജു. ബ്ലാക്ക് ഗോൾഡ് മുതൽ ഐമ്പിരിയൻ വരെ 65 ഇനം കുരുമുളക് ഇനങ്ങളെ ലാളിച്ച് വളർത്തി കോട്ടയം വാകത്താനം പുത്തൻചന്ത കല്യാണി വീട്ടിൽ എം.കെ.ബിജു കുമാർ. ഗവേഷണം നടത്തി പുതിയ കുരുമുളക് ഇനം കണ്ടെത്തുകയാണ് വിനോദം. കുരുമുളകിനു പുറമേ 59 ഇനത്തിലുള്ള ഔഷധ ചെടികളും വൃക്ഷങ്ങളും ഉണ്ട്. മൂന്നു ഇടങ്ങളിലായി ആകെയുള്ളത് 75 സെന്റ്. സൗദിയിൽ ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു. 2009ൽ കൃഷി ഇവിടെ ആരംഭിച്ചു. 2011 മുതൽ നാട്ടിൽ സ്ഥിരതാമസമാക്കി. പന്നിയൂർ കുരുമുളക് ഒന്നു മുതൽ എട്ടു വരെയുള്ള ഇനങ്ങളും മറ്റ് ഒട്ടേറെ ഇനം കുരുമുളകുമായി കൃഷിയിൽ സജീവമായി. കുരുമുളകിന്റെ 74 ഇനം വരെ സ്വന്തമാക്കിയിരുന്നു. കാർഷിക സർവകലാശാലയിൽനിന്ന് ബഡ്ഡിങ്ങിലും ഗ്രാഫ്റ്റിങ്ങിലും പരിശീലനം നേടി.
കുരുമുളക് കൃഷി രീതി ഇങ്ങനെ
പരമ്പരാഗതവും ഹൈടെക് രീതിയും സമ്മിശ്രമായി അവലംബിച്ചാണ് കൃഷി. പുരയിടത്തിൽ 15 അടി പൊക്കത്തിൽ കോൺക്രീറ്റ് തൂൺ നാട്ടിയാണ് കുരുമുളക് വള്ളി പടർത്തുന്നത്. 5 അടി അകലത്തിലാണ് തൂൺ. 5 അടി ഉയരത്തിൽ ഗ്രീൻ നെറ്റ് പൊതിഞ്ഞ് കുരുമുളകു വള്ളിക്ക് പിടിച്ച് വളരാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് നടുമ്പോൾ അടിവളമായി നൽകുന്നത്. പിന്നെ മരോട്ടിപ്പിണ്ണാക്ക് ഇട്ടുകൊടുക്കും. മരോട്ടിപ്പിണ്ണാക്ക് ലായനി ഇലകളിലും തളിക്കും. പിന്നെ ചിരട്ടക്കരിയും മുട്ടത്തോടുമാണ് വളം. ഇല, എരിവ്, രുചി എന്നിവയുടെ ഗുണം അനുസരിച്ച് സങ്കരയിനം, പരമ്പരാഗതം, കാട്ടിനം എന്നിങ്ങനെയാണ് കുരുമുളകിന്റെ വകഭേദം. പുരയിടത്തിൽ ഇടവിളയായി ഇപ്പോൾ പ്ലാവ് നട്ടിട്ടുണ്ട്. വിളവെടുക്കുകയല്ല ലക്ഷ്യം. ചുവട്ടിൽ നിന്ന് 16 അടി പൊക്കത്തിൽ വരെ ഒറ്റത്തടിയായി പ്ലാവിനെ വളർത്തുക. അതിനു മുകളിൽ ഇലകൾ പന്തലിച്ച് കുരുമുളക് വള്ളികൾക്കാകെ തണൽ വിരിക്കും. അതാണ് പുതിയ രീതി.
കൃഷിയിടത്തിലെ കുരുമുളക് ഇനങ്ങൾ
ബ്ലാക്ക് ഗോൾഡ്, കരിമുണ്ട, കോട്ട, ചുവന്ന, വെള്ളമുണ്ടി, കുമ്പുക്കൽ, വിജയ്, കരിംകോട്ട, ഹൈറേഞ്ച്, പിരിയൻ, കല്ലുവള്ളി, വെള്ളനാടൻ, വയനാടൻ കുതിരവാലി, ജീരകമുണ്ടി, ചോലക്കൊടി, നീളൻ കരിമുണ്ടി, പന്നിയൂർ 1-8, ശക്തി, ശ്രീകര, ശുഭകര, തേവം, പൗർണമി, നീലമുണ്ടി പഞ്ചമി, അറക്കുളം മുണ്ടി, ഗിരിമുണ്ട, കല്ലുവള്ളി, മുണ്ടി, ഉതിരൻകോട്ട, നാരായക്കൊടി, മഞ്ഞ മുണ്ടി, ബാലൻകോട്ട, ഐമ്പിരിയൻ, മലബാർ എക്സൽ, കൊറ്റനാടൻ, കുരിയില മുണ്ടി, സീയോൺ മുണ്ടി, മുട്ടിയാർ മുണ്ടി, കാണിയക്കാടൻ, കൈരളി, തെക്കൻ, വയനാടൻബോൾട്ട്, പ്രീതി, സുവർണ, ചെങ്ങന്നൂർക്കൊടി, അശ്വതി, ആഡി പെപ്പർ, വന്യ എന്നീ ഇനങ്ങൾ കാണാം.
ഫോൺ: 8547194828