വീട്ടുമുറ്റത്ത് മുളക് കാടുപോലെ വളരും, ഈ കൃഷിരീതി അറിയാതെ പോവരുത്
Mail This Article
‘എരിവിന്റെ രാജാവ്’ എന്നറിയപ്പെടുന്ന മുളക് നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ്. എരിവ് മാത്രമല്ല, ജീവകം ‘സി’യുടെയും ഉറവിടമായ ഈ വിള നിത്യേനയുള്ള വീട്ടാവശ്യത്തിനായി അടുക്കളത്തോട്ടത്തിൽ തീർച്ചയായും നട്ടുവളർത്തേണ്ട ഒന്നാണ്. പോഷകസമ്പന്നവും ഔഷധഗുണവുമുള്ള പച്ചക്കറികൂടിയാണ് പച്ചമുളക്. അധികം പരിചരണമില്ലാതെ തന്നെ അടുക്കളത്തോട്ടത്തിൽ നമുക്ക് മുളക് വളർത്തിയെടുക്കാം.
തൈകൾ ഇങ്ങനെ മുളപ്പിക്കാം
1. നന്നായി കിളച്ച് മൺകട്ടകൾ ഉടച്ച് മണ്ണു പരുവപ്പെടുത്തി മാത്രമേ മുളകു നടാൻ പാടുള്ളൂ. ഒരു സെന്റിലേക്ക് രണ്ടര കിലോ പൊടിഞ്ഞ കുമ്മായം ചേർത്തിളക്കണം.
2. ഗ്രോബാഗോ ചെടിച്ചട്ടിയോ ആണെങ്കിൽ 75 ഗ്രാം കുമ്മായം ചേർക്കുക.
3. പ്രോട്രേയിൽ തൈകൾ മുളപ്പിച്ചെടുക്കുന്നതാണു നല്ലത്. ചകിരിച്ചോർ കംപോസ്റ്റും ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ചാണകപ്പൊടിയും മണ്ണിരക്കംപോസ്റ്റും ഒരേ അനുപാതത്തിൽ കലർത്തിയ മിശ്രിതമാണ് ട്രേയിൽ നിറയ്ക്കേണ്ടത്.
4. വിത്ത് പാകിയതിനുശേഷം നേർത്ത കനത്തിൽ മിശ്രിതം വിതറാം.
5. പൂപ്പാളികൊണ്ട് നേരിയ തോതിൽ നനയ്ക്കണം. 5–6 ദിവസം കൊണ്ട് വിത്തു മുളയ്ക്കും.
മുളക് തൈകൾ നടേണ്ട രീതികൾ
1.വിത്ത് പാകി ഏകദേശം 25 ദിവസം മുതൽ 30 ദിവസം വരെ പ്രായമായ തൈകളാണ് പറിച്ചു നടേണ്ടത്.
2.രണ്ടടി അകലത്തിലായി ഒരടി വീതിയുള്ള ചാലുകള്‍ കീറി സെന്റിന് 100 കിലോ ജൈവവളം ചേർത്തിളക്കി തൈകൾ പറിച്ചു നടാം.
3.മണ്ണ്, ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർത്ത് നടീൽ മിശ്രിതം തയാറാക്കിയും തൈകൾ നടാം.
4.ചാലുകളിലോ തടത്തിലോ എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാരം എന്നിവ സമം ചേർത്ത് മണ്ണുമായി ഇളക്കി ചേർത്ത ശേഷം 45– 60 സെ.മീ അകലത്തിലായും തൈകൾ നടാം.
5.മൺചട്ടികളിലും ചാക്കുകളിലുമൊക്കെ പോട്ടിങ് മിശ്രിതവും ജൈവവളക്കൂട്ടും ചേർത്ത് തൈകൾ നടാൻകഴിയും. സ്ഥലപരിമിതിയുള്ളവർക്ക് മട്ടുപ്പാവിലും കൃഷി ചെയ്യാം.
6.ഏപ്രിൽ–മേയ്, സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളാണ് തൈ നടാൻ ഉചിതമായ കാലം
വളപ്രയോഗം എങ്ങനെ ആവാം?
തൈ നട്ട് ഓരോ ആഴ്ചയും ചാണകം, സ്യൂഡോമൊണാസ്, പുളിപ്പിച്ച കടലപ്പിണ്ണാക്ക് എന്നിവ ചേർത്ത വളക്കൂട്ടിന്റെ തെളി ഒഴിച്ചു നൽകുക . ഇതിലെ സ്ലറി ഫംഗസ് ബാധയ്ക്കു കാരണമായേക്കാവുന്നതുകൊണ്ട് തെളി മാത്രമേ ചെടിക്ക് നൽകാവൂ. ചെടികളുടെ ചുറ്റും വെള്ളം കെട്ടിനിൽക്കാൻ ഇടവരരുത്.
ഫലപ്രദം ഈ ജൈവ കീടനാശിനി
രോഗം വരാതിരിക്കാനായി വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം ആഴ്ചയിൽ ഒന്ന് എന്ന തോതിൽ തളിച്ചു നൽകാം