പരിമിതികളെ തോൽപ്പിച്ച് പഠനവും കൃഷിയും പാചകവും: മാതൃകയാണ് ‘ഓൾ ഇൻ വൺ നന്ദന’
Mail This Article
തക്കാളി, പയർ, വെണ്ട, പാവലം, പടവലം അങ്ങനെ വിവിധ വിളകളാൽ സമൃദ്ധമാണ് പത്തനംതിട്ട നാരങ്ങാനം ചാന്ദ്രത്തിൽപ്പടി കുറിയനേത്ത് വീടിന്റെ പൂമുറ്റം. ശാരീരിക പരിമിതികളെയെല്ലാം അതിജീവിച്ച് നന്ദനയെന്ന കൊച്ചു മിടുക്കിയാണ് ഇതെല്ലാം ഒരുക്കിയെടുത്തത്. കൃഷിയിൽ മാത്രമല്ല പഠനത്തിലും പാചകത്തിലും ഒരുപോലെ കഴിവു തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ നന്ദന നായർ. ജന്മനാ അരയ്ക്കു താഴെ തളർന്ന് ചലനശേഷി നഷ്ടപ്പെട്ട നന്ദന ഗൃഹാധിഷ്ഠിത വിദ്യാഭ്യാസമാണ് നടത്തിവരുന്നത്. പഠനത്തിനൊപ്പം സീഡ് പെൻ, എൻവൽപ്പ്, പേപ്പർ ഫയൽ, വിവിധതരത്തിലുള്ള അച്ചാറുകളുടെ നിർമാണം തുടങ്ങിയവയും നടത്തി വരുന്നുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മിടുക്കിയായ നന്ദനയ്ക്ക് എല്ലാദിവസവും സ്കൂളിൽ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും വാഹനത്തിൽ സ്കൂളിൽ എത്താൻ കഴിയുന്ന തരത്തിലുള്ള റോഡ് ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഓട്ടോ ഡ്രൈവർ കൂടിയായ അച്ഛൻ ഒരു കിലോമീറ്ററോളം നന്ദനയെ എടുത്തുകൊണ്ടുവന്ന് വഴിയിലെത്തി ഓട്ടോയിലാണ് സ്കൂളിൽ എത്തിക്കുന്നത്. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ആണെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളെ എല്ലാം അവഗണിച്ച് ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും നന്ദന ക്ലാസിൽ എത്തുന്നുണ്ട്. നാരങ്ങാനത്ത് കുന്നിനു മുകളിലുള്ള നന്ദനയുടെ വീട്ടിലേക്കു വാഹനം എത്തുന്നതിനുള്ള വഴി നിർമിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ നാട്ടുകാരും സ്കൂൾ അധികൃതരും.
കൃഷിയോടുള്ള നന്ദനയുടെ താൽപര്യം മനസ്സിലാക്കി കഴിഞ്ഞവർഷമാണ് കൃഷിക്ക് ആവശ്യമായുള്ള എല്ലാവിധ സംവിധാനങ്ങളും കടമ്മനിട്ട ഹയർ സെക്കൻഡറി സ്കൂളിലും നാരങ്ങാനം ഗവൺമെന്റ് ഹൈസ്കൂളിലും സേവനമനുഷ്ഠിക്കുന്ന, കോഴഞ്ചേരി ബിആർസിയിലെ സ്പെഷൽ എഡ്യൂക്കേറ്ററായ പ്രിയ പി.നായർ ഒരുക്കി കൊടുത്തത്. 10 ഗ്രോ ബാഗിലായിരുന്നു തുടക്കം. കൃഷിഭവൻ വഴി ലഭ്യമായ ഹൈബ്രിഡ് വിത്തുകളാണ് കൃഷിക്കു വേണ്ടി ഉപയോഗപ്പെടുത്തിയത്. അടുത്തുള്ള വീട്ടിൽനിന്ന് ലഭ്യമാകുന്ന ചാണകപ്പൊടിയും കോഴി വളവും മാത്രമാണ് വളമായി ഉപയോഗിക്കുന്നത്.
'ജൈവകൃഷി തെറാപ്പി' എന്ന നിലയിൽ നന്ദനയിൽ ധാരാളം ശാരീരികവും മാനസികവുമായ മാറ്റങ്ങൾ കൃഷിയിലൂടെ ഉണ്ടായത് ശ്രദ്ധയിൽപ്പെട്ടതോടെ അച്ഛനും അമ്മയും നന്ദനയ്ക്ക് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന പ്രിയ ടീച്ചറും ചേർന്ന് കൃഷി വിപുലപ്പെടുത്താനുള്ള സൗകര്യങ്ങളും ഒരുക്കി നൽകുകയായിരുന്നു. ഇപ്പോൾ 50 ഗ്രോ ബാഗുകളിൽ കൃഷിയുണ്ട്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ എല്ലാം ഇപ്പോൾ വീട്ടുമുറ്റത്ത് നിന്ന് തന്നെ വിളയിച്ചെടുക്കുന്നു. മിച്ചം വരുന്നത് അയൽക്കാർക്കു വിതരണം ചെയ്യുന്നു. ഇലക്ട്രിക് വീൽചെയറിന്റെ സഹായത്തോടെ കൃഷിക്ക് ആവശ്യമായ വെള്ളവും വളവുമെല്ലാം നൽകുന്നത് നന്ദന ഒറ്റയ്ക്ക് തന്നെയാണ്.
പടർന്നു കയറുന്ന വിളകൾക്കായി ചെറിയ പന്തൽ ഒരുക്കാൻ അമ്മ ശ്രീവിദ്യയും അച്ഛൻ മനോജും ഒപ്പം കൂടും. കീടങ്ങളെ പ്രതിരോധിക്കാൻ വേപ്പെണ്ണ മിശ്രിതം, പുളിപ്പിച്ച കഞ്ഞിവെള്ളം, ചാരം തുടങ്ങിയവയാണ് ഉപയോഗിക്കാറുള്ളത്. കാലാവസ്ഥയ്ക്ക് അനുസൃതമായി എല്ലാ വിളകളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. നിലവിൽ ശീതകാലവിളകൾക്കായി ഗ്രോബാഗ് സജ്ജമാക്കാനുള്ള തിരക്കിലാണ് നന്ദന. ഈ വർഷം നാരങ്ങാനം കൃഷിഭവനും പഞ്ചായത്തും സംയുക്തമായി നൽകിയ മികച്ച കുട്ടിക്കർഷകയ്ക്കുള്ള അവാർഡും നന്ദനയ്ക്കായിരുന്നു. നന്ദനയ്ക്ക് കൃഷിയിൽ എല്ലാവിധ സഹായവുമായി അനുജത്തി കീർത്തനയും എപ്പോഴും കൂടെ ഉണ്ടാവാറുണ്ട്. കീർത്തന നാരങ്ങാനം ഗവൺമെന്റ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
കൃഷിയോടൊപ്പം പാചക മത്സരങ്ങളിലെ നിറസാന്നിധ്യം കൂടിയാണ് ഈ മിടുക്കി. കഴിഞ്ഞ വർഷത്തെ പത്തനംതിട്ട ജില്ലാ ശാസ്ത്ര പ്രവർത്തന പരിചയമേളയിൽ പാചക മത്സരത്തിൽ പരിമിതികളെയെല്ലാം അതിജീവിച്ച് നന്ദന മികവ് കാട്ടി. ഇക്കണോമിക്സ് ന്യൂട്രീഷൻ ഫുഡ് ഐറ്റംസ് ആൻഡ് വെജിറ്റബിൾ ഫുഡ് പ്രിസർവേഷൻ ഉൽപന്ന നിർമാണത്തിൽ ഹൈസ്കൂൾ വിഭാഗത്തിലാണ് നന്ദന മത്സരിച്ചത്. കയ്യെത്തും ദൂരത്ത് ഭക്ഷണം ഒരുക്കാനുള്ള സാധനസാമഗ്രികൾ മാത്രം വെച്ച് കൊടുത്താൽ മതി, നന്ദന നിമിഷനേരങ്ങൾ കൊണ്ട് മേശപ്പുറം വിഭവങ്ങളാൽ നിറയ്ക്കും. ഒരേ ഇരിപ്പിൽ 12 വിഭവങ്ങളാണ് നന്ദന ഉണ്ടാക്കിയത്. പനി വരക് കൊണ്ടുള്ള ഫ്രൈഡ് റൈസ്, ചാമപ്പൊടി കൊണ്ടുള്ള വട്ടയപ്പം, മണിച്ചോളം ഉപയോഗിച്ചുള്ള പുട്ട്, ചേന മീൻ കറി, ചക്ക പുട്ട്, വിവിധതരത്തിലുള്ള സാലഡുകൾ, പായസം തുടങ്ങി വ്യത്യസ്തമാർന്ന വിഭവങ്ങളാണ് നന്ദന പരീക്ഷിച്ചു വിജയിച്ചത്. അതിന് മുൻപുള്ള വർഷം കോഴഞ്ചേരി ഉപജില്ല പ്രവർത്തന പരിചയമേളയിലും പത്തിലധികം വിഭവങ്ങൾ 12 മണിക്കൂർ കൊണ്ട് നന്ദന തയാറാക്കി ഒന്നാം സ്ഥാനം നേടിയിരുന്നു.
നന്ദനയെ വിഭവങ്ങൾ ഒരുക്കാൻ പഠിപ്പിച്ചതും, പാചകമേളയിൽ ആവശ്യാനുസരണം പാചക സാധനങ്ങൾ എടുത്തു നൽകാൻ സഹായിക്കുന്നതും നന്ദനയുടെ സ്പെഷൽ എഡ്യൂക്കേറ്ററായ പ്രിയ ടീച്ചറാണ്. പാചകത്തിലൂടെ തന്നെ ചെറിയൊരു വരുമാനം നന്ദനയ്ക്ക് ലഭ്യമാകാൻ വേണ്ടി സമഗ്ര ശിക്ഷ കേരള പത്തനംതിട്ടയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായി പ്രിയ ടീച്ചറുടെ പിന്തുണയോടെയാണ് 'നന്ദനാസ് പിക്കിൾസ് 'എന്ന പേരിൽ വീട്ടിൽ തന്നെ അച്ചാർ നിർമിച്ചു ബോട്ടിലുകളിലാക്കി ഹോട്ടലുകളിലേക്ക് മറ്റും വിപണനം നടത്താനുള്ള ചെറിയ യൂണിറ്റ് നിർമ്മിച്ചത്.
മാങ്ങ, നാരങ്ങ, ചക്ക, ജാതിക്ക, നെല്ലിക്ക തുടങ്ങിയവയെല്ലാം ഉപയോഗപ്പെടുത്തി നന്ദന അച്ചാറുകൾ നിർമിക്കാറുണ്ട്. പക്ഷേ സാമ്പത്തിക പ്രതിസന്ധിയും, വിപണിയിലേക്ക് അച്ചാറുകൾ എത്തിക്കാനുള്ള സംവിധാനക്കുറവും ഉള്ളതുകൊണ്ട് സംരംഭം വിപുലപ്പെടുത്താനുള്ള സാഹചര്യം നിലവിൽ ഇവർക്കില്ല. അതുകൊണ്ടുതന്നെ വളരെ പരിമിതമായ രീതിയിലുള്ള പ്രാദേശിക വിൽപനയിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. എങ്കിലും ഈ ചെറു സംരംഭത്തിലൂടെ ലഭ്യമാകുന്ന വരുമാനം കുടുംബത്തിന് ഏറെ ആശ്വാസം നൽകുന്നതാണ്. അധികൃതർ റോഡ് സംവിധാനം ഒരുക്കി കൊടുത്താൽ ഈ സംരംഭം കൂടുതൽ മികച്ച രീതിയിൽ ആക്കാനുള്ള ആഗ്രഹത്തിലാണ് നന്ദനയും കുടുംബവും.
ഫോൺ: 98465 32796