കഴുതപ്പാൽ സോപ്പും ഇരട്ടമൂല്യത്തിൽ കൂവയും: സൂപ്പർഹിറ്റായി ഭാഗ്യശ്രീ ഓർഗാനിക്സ്
Mail This Article
കേരളാഗ്രോ ഉൽപന്നങ്ങളുടെ ആദ്യ പട്ടികയിൽത്തന്നെ ഇടം പിടിച്ച സംരംഭമാണ് കൊല്ലം കരുനാഗപ്പള്ളി കല്ലേലിഭാഗത്തുള്ള ഭാഗ്യശ്രീ ഓർഗാനിക്സ്. സസ്യശാസ്ത്രത്തിൽ ബിരുദമുള്ള ഭാഗ്യശ്രീക്ക് കോവിഡ് കാലത്തിനു മുൻപുവരെ എഴുത്തും സിനിമയുമൊക്കെയായിരുന്നു പ്രിയം. കോവിഡ് കാലത്ത് ആരോഗ്യ ഭക്ഷണത്തെക്കുറിച്ച് കൂടുതൽ വായിക്കാനും പഠിക്കാനും തുടങ്ങിയതോടെ കൃഷിയിൽ സജീവമായി. ബിസിനസുകാരനായ ഭർത്താവ് വിജയൻ രാമചന്ദ്രന്റെയും തൊടിയൂർ കൃഷിഭവന്റെയും പിന്തുണ കൂടി ലഭിച്ചതോടെ കൃഷി നാലര ഏക്കറിലേക്കു വളർന്നു. കൃഷിയിടത്തിന് ഓർഗാനിക് സാക്ഷ്യപത്രവും നേടി.
തിരുവനന്തപുരം ശ്രീകാര്യത്തുള്ള കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിൽനിന്നാണ് മൂല്യവർധനയിൽ പരിശീലനം നേടുന്നത്. കൂവപ്പൊടിയും മഞ്ഞൾപ്പൊടിയുമാണ് ഭാഗ്യശ്രീയുടെ മുഖ്യ ഉൽപന്നങ്ങൾ. ജൈവക്കൃഷി ലാഭകരമാകണമെങ്കിൽ ഉയർന്ന വിപണനമൂല്യമുള്ള ഉൽപന്നങ്ങൾ തയാറാക്കണമെന്നു ഭാഗ്യശ്രീ. അതുകൊണ്ടുതന്നെ കൂവപ്പൊടിയും മഞ്ഞൾപ്പൊടിയുമെല്ലാം വീണ്ടും മൂല്യവർധന വരുത്തി വേറിട്ട ഉൽപന്നങ്ങളുമായാണ് ഭാഗ്യശ്രീ വിപണിയിലെത്തുന്നത്. ഓണാട്ടുകര എള്ളും മറയൂർ ശർക്കരയും ചേർന്ന കൂവപ്പൊടി, കൂവപ്പൊടിയും കഴുതപ്പാലും ചേർന്ന സോപ്പ് എന്നിങ്ങനെ കൂവ ഉൽപന്നങ്ങൾ തന്നെയുണ്ട് പതിനഞ്ചോളം.
സംസ്ഥാന സർക്കാരിന്റെ ബ്രാൻഡ് പിന്തുണ ലഭിക്കുന്നത്, വിശേഷിച്ചും സ്ത്രീ സംരംഭകർക്ക്, വലിയ ആത്മവിശ്വാസം നൽകുമെന്നു ഭാഗ്യശ്രീ. ബ്രാൻഡ് നോക്കി ഉൽപന്നങ്ങൾ വാങ്ങുന്നതിലേക്ക് നമ്മുടെ ഉപഭോക്താക്കൾ വളർന്നിരിക്കുന്നു. വിശ്വാസ്യതയാണ് ബ്രാൻഡിലൂടെ അവർ ഉറപ്പാക്കുന്നത്. പൊതുവിപണിയിൽ ഒട്ടേറെപ്പേർ മത്സരിക്കാനുള്ളപ്പോൾ ഒരു സർക്കാർ ബ്രാൻഡിന്റെ പിൻബലം നൽകുന്ന ഊർജം ചെറുതല്ലെന്നും ഭാഗ്യശ്രീ പറയുന്നു.
ഫോൺ: 9562332220