ADVERTISEMENT

കടയിൽ വിൽക്കാനായി പായ്ക്കറ്റിലാക്കി വച്ചിരുന്ന കാടമുട്ടകളിൽ രണ്ടെണ്ണം വിരിഞ്ഞു എന്നതാണ് കൊടും ചൂടിൽ കൗതുകമുണർത്തുന്ന വാർത്ത. പാലക്കാട് ചിറ്റൂർ കമ്പിളിച്ചുങ്കം ചൈത്രരഥം ഇക്കോ ഷോപ്പിൽ വിൽപനയ്ക്കു പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 10 കാടമുട്ടകളിൽ രണ്ടെണ്ണമാണു വിരിഞ്ഞത്. കോഴിക്ക് അട വയ്ക്കാതെയോ ഇൻകുബേറ്ററിൽ വയ്ക്കാതെയോ മുട്ട വിരിയുന്നത് അപൂർവമാണ്. 

പാലക്കാട് ജില്ലയിൽ 42.8 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. ചൂടുകൊണ്ട് മാത്രം മുട്ട വിരിയില്ല. അതിന് പ്രധാനമായും 4 കാര്യങ്ങളാണ് ആവശ്യം. ചൂട്, ഈർപ്പം, വെന്റിലേഷൻ, ടേണിങ്.

ഇൻകുബേഷൻ കാലഘട്ടം മുഴുവനും ആവശ്യമായ ചൂടെന്നു പറയുന്നത് 36.7 മുതൽ 37.6 വരെ ഡിഗ്രി സെൽഷ്യസാണ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് താപനിലയ്ക്കു മുകളിൽ വന്നതുകൊണ്ടുതന്നെ മുട്ടയ്ക്ക് ആവശ്യമായ ചൂട് ലഭിക്കുന്നുണ്ടാവണം. അതുപോലെ 60–70 ശതമാനം ഈർപ്പവും മുട്ട വിരിയുന്നതിന് ആവശ്യമാണ്. ഓക്സിജൻ–കാർബൺ ഡയോക്സൈഡ് നില ക്രമീകരിക്കുന്നതിനാണ് വെന്റിലേഷൻ. കാടമുട്ട വിരിയാൻ 18 ദിവസം വേണം. ഇതിൽ ആദ്യത്തെ 14 ദിവസമാണ് പ്രധാനമായും മുട്ട തിരിച്ചും മറിച്ചുമൊക്കെ വയ്ക്കേണ്ടത്. ഒരു ദിവസം ആറു തവണയെങ്കിലും മുട്ട തിരിയണം. മുട്ടയിലെ മഞ്ഞക്കരു ഒരു വശത്തു മാത്രം കേന്ദ്രീകരിച്ച് ഭ്രൂണത്തിന്റെ വളർച്ച മുരടിച്ചുപോകാതിരിക്കാനാണ് ഈ തിരിക്കൽ. ഹാച്ചറികളിൽ വയ്ക്കുന്ന മുട്ടകളിൽ 85 ശതമാനത്തിനു മുകളിൽ വിരിയുന്നതിനുവേണ്ടിയാണ് ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത്. 

എന്നാൽ, അപൂർവങ്ങളിൽ അപൂർവമായി ഇത്തരം സാഹചര്യങ്ങൾ എല്ലാമില്ലെങ്കിൽ പോലും ചിലപ്പോൾ മുട്ട വിരിഞ്ഞേക്കാം. വിരിയൽ നിരക്കും കുഞ്ഞിന്റെ ആരോഗ്യവുമൊക്കെ ഇവിടെ കുറവയാരിക്കും. അതിനാലാണ് പായ്‌ക്കറ്റിലെ പത്തു മുട്ടകളും ഒരുപോലെ വിരിയാഞ്ഞത്. മുട്ടയ്ക്കായി സാധാരണ പെൺകാടകളെ മാത്രമാണ് കർഷകർ വളർത്തുക. വാണിജ്യാടിസ്ഥാനത്തിൽ ബ്രീഡർ കാടകളെ വളർത്തുന്നവർ 1:4 അനുപാതത്തിൽ പൂവനെയും പിടയെയും വളർത്തുന്നു. വളർത്തുമ്പോൾ ശ്രദ്ധയിൽപ്പെടാതെ ആൺകാടകൾ കടന്നുകൂടിയപ്പോൾ ലഭിച്ച കൊത്തുമുട്ടകളോ, അല്ലെങ്കിൽ ബ്രീഡർ കാടയിൽ നിന്നും ലഭിച്ച കൊത്തുമുട്ടകളോ ആയതു കൊണ്ടാകാം സാഹചര്യം ഒത്തു വന്നപ്പോൾ വിരിയാൻ കാരണമായത്. മുൻപും ചില ഇടങ്ങളിൽ ഇതുപോലെയുള്ള സമാന വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിവരങ്ങൾക്കു കടപ്പാട്

ഡോ. എസ്.ഹരികൃഷ്ണൻ

സ്പെഷൽ ഓഫീസർ, കോളജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റ്, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല, തിരുവാഴംകുന്ന്, പാലക്കാട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com