കൊന്നൊടുക്കുന്നത് 4081 താറാവുകളെ, തകരുന്നത് ഒരു ഡോക്ടറുടെ 11 വർഷത്തെ അധ്വാനം: ചാരയും ചെമ്പല്ലിയും വിസ്മൃതിയിലേക്ക്!
Mail This Article
കുട്ടനാട്ടിലും പരിസരപ്രദേശങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. പ്രതിരോധ നടപടിയെന്ന രീതിയിൽ ആയിരക്കണക്കിനു താറാവുകളേയും കോഴി, വളർത്തുപക്ഷികൾ തുടങ്ങിയവയേയും ദയാവധം ചെയ്തു. മിക്കവാറും എല്ലാ വർഷവും മുടങ്ങാതെ കുട്ടനാടൻ മേഖലയിൽ പക്ഷിപ്പനി വരുന്നുണ്ട്. പ്രതിരോധ നടപടിയായി വന്നതിനെയും വരാത്തതിനെയും കൊന്നൊടുക്കുന്നുണ്ട്. സർക്കാർ തലത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനാൽ കർഷകർക്ക് കാര്യമായ പരാതിയില്ല. ഈ മേഖലയിൽ പക്ഷിപ്പനി സ്ഥിരമായി വരുന്നതിനാൽ ഇവിടെ താറാവുകൃഷിയുടെ രീതിയിൽ മാറ്റം വരുത്തുകയോ, ഇവിടെ കുറച്ച് കാലത്തേക്ക് താറാവ് കൃഷി നിരോധിക്കുകയോ ചെയ്യുകയല്ലേ കൊല്ലുന്നതിനേക്കാൾ ഭേദം?
നിരണം താറാവ് വളർത്തൽ കേന്ദ്രത്തിലും പക്ഷിപ്പനി– ‘ചാരയേയും ചെമ്പല്ലിയേയും’ കൊന്നൊടുക്കും
കേരളത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഏക താറാവ് വളർത്തൽ കേന്ദ്രമാണ് തിരുവല്ല, നിരണത്തുള്ള താറാവ് വളർത്തല്‍ കേന്ദ്രം. ഇവിടെ നിന്നാണ് കർഷകർക്ക് ആവശ്യമായ താറാവിൻകുഞ്ഞുങ്ങളും മറ്റു സാങ്കേതിക സഹായവും ലഭ്യമാകുന്നത്. ഇവിടെ രോഗം സ്ഥിരീകരിച്ചതിനാൽ ഇവിടെ വളർത്തുന്ന താറാവുകളുടെ മാതൃ–പിതൃ ശേഖരങ്ങളെ ഉൾപ്പെടെ കൊന്നു കത്തിക്കാൻ തീരുമാനം എടുത്തു കഴിഞ്ഞു. നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
കേരളത്തിന്റെ തനതു താറാവു ജനുസുകളാണ് കുട്ടനാട്ടിൽ മാത്രം കണ്ടു വരുന്ന ചാരയും ചെമ്പല്ലിയും. രോഗപ്രതിരോധ ശേഷി കൊണ്ടും, മുട്ട ഉൽപാദനം, വർണ ശബളിമ എന്നിവ കൊണ്ടും ലോകം ശ്രദ്ധിച്ച ഇനങ്ങളാണ് ഇവ. താറാവിൻ കൂട്ടങ്ങളെ, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ മേഖലകളിലേക്ക് തീറ്റുന്നതിനായി ഓരോ സീസണിലും കൊണ്ടു പോകുന്നത് പതിവാണ്. തിരികെ വരുമ്പോൾ അവിടുള്ള ആർണി, കുരുട്ടുവാത്ത് തുടങ്ങിയ ഉൽപാദനക്ഷമത കുറഞ്ഞ ഇനങ്ങളുമായി ഇണ ചേരുന്നതിന്റെ ഫലമായി കുട്ടനാടൻ മേഖലയിൽ, ഇപ്പോഴുള്ള ചാര ചെമ്പല്ലി എന്നിവ ശുദ്ധജനുസല്ലാതായിത്തീരുകയും, ജനിതകമായി കലർപ്പുള്ളതാവുകയും തുടർന്ന് ഉൽപാദനക്ഷമത കുറഞ്ഞ് പ്രതിവർഷം 150 മുട്ട എന്ന കണക്കിലെത്തുകയും ചെയ്തു.
ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ നിരണം താറാവ് വളർത്തൽ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ഡോ. തോമസ് ജേക്കബിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഡോക്ടർമാർ, കുട്ടനാട് മേഖലയിലെ എല്ലാ താറാവ് വളർത്തൽ കേന്ദ്രങ്ങളും സന്ദർശിച്ച്, ആയിരക്കണക്കിനു താറാവിൻ കൂട്ടങ്ങളിൽ നിന്നും പത്തും പതിനഞ്ചും വീതം ശരിയായ ചാരയെയും ചെമ്പല്ലിയേയും തിരഞ്ഞുപിടിച്ച് കർഷകർ ചോദിച്ച വില നൽകി നിരണം കേന്ദ്രത്തിലെത്തിച്ചു. ഇതിൽ നിന്നും വീണ്ടും മുട്ട ഉൽപാദിപ്പിച്ച്, അതിൽനിന്ന് കുഞ്ഞ് വിരിഞ്ഞ് പിന്നീട് വീണ്ടും സെലക്ഷൻ നടത്തി, ശരിയായ ചാരയുടെയും ചെമ്പല്ലിയുടെയും ഗുണഗണങ്ങൾ മാത്രമുള്ള മാതൃ – പിതൃ ശേഖലം ‘സെലക്ടീവ് ബ്രീഡിങ്ങി’ലൂടെ വളർത്തിയെടുത്തതിന്റെ ഫലമായി പത്തു വർഷക്കാലം കൊണ്ടു ഒരു വൻ ശേഖരം തന്നെ രൂപപ്പെടുത്താൻ കഴിഞ്ഞു.
ശരിയായ, കലർപ്പില്ലാത്ത, തനത് ഇനങ്ങളെ വീണ്ടെടുത്തപ്പോൾ ഉൽപാദനം 150 മുട്ടയിൽനിന്നും 220 മുട്ട എന്ന നിലയിലേക്ക് ഉയർന്നു. നാശത്തിലേക്കു പൊയ്ക്കോണ്ടിരുന്ന കേരളത്തിന്റെ തനതിനം എന്ന് അഭിമാനിക്കുന്ന ചാരയേയും ചെമ്പല്ലിയേയും സംരക്ഷിച്ച് നിലനിർത്താൻ ഡോ. തോമസ് ജേക്കബ് നിരണം താറാവ് വളർത്തൽ കേന്ദ്രത്തിൽ ചെലവഴിച്ചത് 11 വർഷങ്ങളാണ്. ഇതിനിടയിൽ മറ്റു ഡോക്ടർമാർ സ്ഥലം മാറിപ്പോവുകയും വരികയും ചെയ്തെങ്കിലും ഡോ. തോമസ് മാത്രം എങ്ങും പോയില്ല. ഊണിലും ഉറക്കത്തിലും ചാരയും ചെമ്പല്ലിയും മാത്രം. ഇതിനിടെ 2018ൽ പ്രളയം വന്നു, സമീപ പ്രദേശങ്ങളിൽ പക്ഷിപ്പനിയും. പത്തു വർഷം കൊണ്ട് വളർത്തി വലുതാക്കി നാശത്തിൽ നിന്നും വീണ്ടെടുത്ത ചാരയും ചെമ്പല്ലിയും ഈ പ്രകൃതിദുരന്തങ്ങളിൽ നശിച്ച് പോകുമെന്ന ചിന്ത ആദ്യമായി ഡോക്ടർക്ക് തോന്നി.
തുടർന്നാണ് ഈ അമൂല്യ ജനുസിനെ സംരക്ഷിക്കുന്നതിലേക്കായി വിശദമായ റിപ്പോർട്ട് ജില്ലാ മൃഗസംരക്ഷണ ഓഫിസ് വഴി സർക്കാരിന് നൽകുന്നത്. 2018 മുതൽ 2023 വരെ മുടങ്ങാതെ ഓരോ വർഷവും സർക്കാരിലേക്ക് റിപ്പോർട്ട് നൽകി ഫണ്ടിന് അപേക്ഷിച്ചെങ്കിലും ഫണ്ട് ലഭിക്കുകയോ അനുകൂല നടപടി ഉണ്ടാവുകയോ ചെയ്തില്ല.
തിരുവല്ലയിൽനിന്നും 400 കിലോ മീറ്റർ അകലെ കണ്ണൂരിലേക്കോ വടക്കൻ ജില്ലയിലേക്കോ ഇതിൽ നിന്നും കുറെ ചാരയേയും ചെമ്പല്ലിയേയും മാറ്റിപാർപ്പിച്ച്, പ്രകൃതി ദുരങ്ങൾ വന്നാൽ പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കുന്നതായിരുന്നു റിപ്പോർട്ടിലെ കാതലായ ഭാഗം.
ഇതിനിടെ ഡോ. തോമസ് ജേക്കബിന് ഡപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം കിട്ടി കണ്ണൂർ ജില്ലയിലേക്കു പോയി. അപ്പോഴും അദ്ദേഹത്തിന്റെ ചിന്ത മക്കളെപ്പോലെ സ്നേഹിച്ച ചാരയേയും ചെമ്പല്ലിയേയും കുറിച്ചായിരുന്നു. കണ്ണൂർ ജില്ലയിലെ കൊമേരി ആട് വളർത്തൽ കേന്ദ്രത്തിന് 12 ഏക്കർ ഉണ്ടെന്ന് ഡോക്ടർക്ക് ബോധ്യപ്പെട്ടു. അതിൽ 3 ഏക്കർ സ്ഥലത്താണ് ആട് വളർത്തലുള്ളത്. ബാക്കി 9 ഏക്കറിൽ ധാരാളം ശുദ്ധജലവും, അരുവിയും ഒക്കെയുള്ള സ്ഥലമാണ്. താറാവ് വളർത്താൻ മറ്റു സ്ഥലം അന്വേഷിക്കേണ്ട. ഈ സ്ഥലത്തിന്റെ കുറച്ച് ഭാഗത്ത് ചാരയേയും ചെമ്പല്ലിയേയും സംരക്ഷിക്കുന്ന ഒരു ഫാം തുടങ്ങാനായി 10 കോടി രൂപയുടെ ഒരു പ്രൊജക്ട് തയാറാക്കി വീണ്ടും നൽകി. 2018 മുതൽ 2023 വരെ ഈ പ്രൊജക്ടിന് വേണ്ടി ഡോക്ടർ മിക്കവാറും എല്ലാ ഉന്നത ഉദ്യോഗസ്ഥരെയും കണ്ട് ബോധ്യപ്പെടുത്തി പക്ഷേ, പദ്ധതി മാത്രം നടപ്പായില്ല.
നിരണം താറാവ് വളർത്തൽ കേന്ദ്രത്തിൽ പ്രതീക്ഷിച്ച വിപത്ത് വന്നു ചേർന്നു. ‘പക്ഷിപ്പനി’ രോഗം സ്ഥിരീകരിച്ച് നിമിഷങ്ങൾക്കുള്ളിൽ ഉന്നത ഉദ്യോഗസ്ഥർ ചാരയേയും ചെമ്പല്ലിയേയും കൊന്നൊടുക്കാൻ ഉത്തരവിട്ടു. വെച്ചൂർ പശുവിനെ സംരക്ഷിച്ച് നിലനിർത്തിയ പോലെ കേരളത്തിന്റെ സ്വന്തം, കലർപ്പില്ലാത്ത, 100 ശതമാനം ജനിതക ഗുണമുള്ള വർഷങ്ങളുടെ ശ്രമഫലമായി വീണ്ടെടുത്ത ഉൽപാദന ക്ഷമത കൂടിയ, കർഷകരുടെ അഭിമാനമായ ചാരയും ചെമ്പല്ലിയും അങ്ങനെ അപ്രത്യക്ഷമാകുന്നു. ഈ ലേഖനത്തിന്റെ വിശദാംശങ്ങൾക്കായി, കഴിഞ്ഞ വർഷം വിരമിച്ച ഡോ. തോമസ് ജേക്കബിനെ സമീപിച്ചപ്പോൾ, കാര്യങ്ങൾ വിശദീകരിക്കുന്നതിനൊപ്പം കണ്ണുകളും നിറയുന്നുണ്ടായിരുന്നു. ഇത് കേരളത്തിന്റെ നഷ്ടമാണ്. പിടിപ്പുകേടിന്റെ ഉദാഹരണവും.
കുട്ടനാടൻ ചാര
പൂവൻ താറാവുകളുടെ തല മയിൽപീലിയുടെ നിറത്തിനോട് സാമ്യമുള്ള, തിളക്കമാർന്ന നീല കലർന്ന പച്ച നിറത്തിലുള്ളതാണ്. ചുണ്ടിന് ഇരുണ്ട തവിട്ട് നിറം. ചിറകിന്റെ ഒരു ഭാഗത്ത് തിളക്കമുള്ള നീലനിറം കാണാം. ശരീരം ഇരുണ്ട കറുപ്പ് കലർന്ന തവിട്ട് നിറമുള്ളതാണ്. പ്രതിവർഷം 200 മുതൽ 220 വരെ മുട്ട ഇടും. മുട്ടയ്ക്ക് 70–75 ഗ്രാം ഭാരമുണ്ട്. മറ്റു താറാവുകളുടെ മുട്ടയ്ക്ക് 50–55 ഗ്രാമാണുള്ളത്. 3 വർഷം തുടർച്ചയായി മുട്ട ഇടും.
കുട്ടനാടൻ ചെമ്പല്ലി
ഇളം തവിട്ട് നിറത്തിലുള്ളതാണ് ശരീരം. കാലുകളും ചുണ്ടും മഞ്ഞൾ നിറത്തിലാണ്. ഉൽപാദനം ചാര താറാവിന് തുല്യമാണ്. പൂവന്റെ തലയ്ക്ക് ചാരയുടേത് പോലെ തിളക്കമില്ല. പ്രായപൂർത്തിയായ ചെമ്പല്ലി താറാവിന് 1.75 കിലോ ഭാരം കാണും.
സ്നോ വൈറ്റ്
നിരണം താറാവ് വളർത്തൽ കേന്ദ്രത്തിലെ ഡോ. തോമസ് ജേക്കബിന്റെ നേതൃത്വത്തിൽ, ബ്രീഡിങ് നടത്തി, ഉരുത്തിരിച്ചെടുത്ത സങ്കര ഇനമാണ് ‘സ്നോ വൈറ്റ്’. കുട്ടനാടൻ വെള്ളത്താറാവുകളേയും, വിയറ്റ്നാം ഇനമായി വിഗോവയേയും സംയോജിപ്പിച്ചുള്ള സങ്കര ഇനമാണ്. മറ്റു താറാവുകൾ ജനിക്കുമ്പോൾ മഞ്ഞനിറമാണെങ്കിൽ, ഈ സങ്കരയിനത്തിന്റെ നിറം തൂമഞ്ഞിന്റെ വെള്ള നിറമാണ്. കാലുകളും ചുണ്ടും മഞ്ഞ നിറത്തിലാണ്. കുട്ടനാടൻ ഇനങ്ങളെപ്പോലെ വർഷത്തിൽ 220 മുട്ട ഇടുമ്പോൾ, 7 ആഴ്ച കൊണ്ട് 2.5 കിലോഗ്രാം ശരീരഭാരം വയ്ക്കുന്നു. മുട്ടയ്ക്കും ഇറച്ചിക്കും ഒരുപോലെ വളർത്താവുന്നതാണ് കേരളത്തിന്റെ സ്വന്തമായ ഈ സങ്കരയിനം. ഇതിന്റെ ശേഖരവും കൊന്നൊടുക്കുന്നവയിൽ ഉൾപ്പെടും.