ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ട് തൂമഞ്ഞിൻ നിറമുള്ള ‘സ്നോ വൈറ്റ്’ താറാവ്: നിരണം ഫാമിലെ അമൂല്യനിധി ഇനി ഇല്ല
Mail This Article
ജനിക്കുമ്പോൾ തൂമഞ്ഞിൻ വെള്ളനിറത്തിലുള്ള താറാവിൻകുഞ്ഞുങ്ങൾ ലോകത്ത്, നിരണം താറാവുവളർത്തൽ കേന്ദ്രത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണ് നിരണം കേന്ദ്രം വളർത്തിയെടുത്ത ‘സ്നോ വൈറ്റ്’ താറാവുകൾ. ഈ ലോകത്തു തന്നെ മറ്റെല്ലാ ഇനം താറാവിൻ കുഞ്ഞുങ്ങളും ജനിക്കുമ്പോൾ മഞ്ഞനിറത്തിലോ, മറ്റു നിറങ്ങളിലോ ആയിരിക്കും. വർഷങ്ങളുടെ പ്രയത്നഫലമായി നിരണം താറാവു വളർത്തൽ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ. തോമസ് ജേക്കബും സംഘവും സെലക്ടീവ് ബ്രീഡിങ്ങിലൂടെയും ക്രോസ് ബ്രീഡിങ്ങിലൂടെയും വളർത്തിയെടുത്തതാണ്. ഇറച്ചിക്കും മുട്ടയ്ക്കുമായി ഉപയോഗിക്കാൻ കഴിയുന്ന ‘സ്നോ വൈറ്റ്’ എന്ന ഇനം താറാവുകൾ. ഇപ്പോൾ പക്ഷിപ്പനി വന്നപ്പോൾ ഫാമിലുണ്ടായിരുന്ന മുഴുവൻ ‘സ്നോ വൈറ്റ്’ താറാവുകളെയും മറ്റു താറാവുകളോടൊപ്പം കൊന്നൊടുക്കി. ഇതിന്റെ വംശം തന്നെ അറ്റുപോയി. കുട്ടനാടൻ ചാരയുടെയും കുട്ടനാടൻ ചെമ്പല്ലിയുടെയും ആയിരക്കണക്കിന് മുട്ടകൾ വിരിയുമ്പോൾ അതിൽ ഒന്നോ രണ്ടോ എണ്ണം വെള്ളത്താറാവുകളായിരിക്കും. അതിനെ പ്രത്യേകം വളർത്തി വലുതാക്കി, വിയറ്റ്നാമിൽ നിന്നുള്ള ഇറച്ചി താറാവിനമായ വിഗോവയുമായി ഇണ ചേർത്താണ് ‘സ്നോ വൈറ്റ്’ ഇനം ഉൽപാദിപ്പിച്ചത്. ഇതിന് 220 മുട്ട പ്രതിവർഷം കിട്ടുമെന്നുള്ളതാണ് പ്രത്യേകത. ഏഴ് ആഴ്ച പ്രായമാകുമ്പോൾ 2.5 കിലോ ശരീരഭാരം ഉണ്ടാകുമെന്നുള്ളതുകൊണ്ട് ഇറച്ചിക്കായും വളർത്താം.
ജനിക്കുമ്പോൾ ഓമനത്തമുള്ള തൂമഞ്ഞിൻ വെള്ള നിറത്തിൽ ആകൃഷ്ടരായി, അരുമയായി വളർത്താനായി ധാരാളം പേർ ഇതിനെ വാങ്ങുന്നുമുണ്ടായിരുന്നു.
ഇറച്ചിക്കും മുട്ടയ്ക്കും ഒരുപോലെ അനുയോജ്യമായതും കേരളത്തിൽ വികസിപ്പിച്ചതുമായ താറാവുകൾ വേറെയില്ല. കാലുകൾക്കും ചുണ്ടുകൾക്കും ഓറഞ്ച് നിറവും ശരീരത്തിന് മഞ്ഞിനെ ഓർമിക്കുന്ന വെള്ളനിറവുമുള്ളതുകൊണ്ട് അഴകിന്റെ കാര്യത്തിൽ മുൻപന്തിയിലാണ് ഈ ഇനം.
വർഷങ്ങളുടെ ശ്രമകരമായി രൂപപ്പെടുത്തി, കർഷകർക്ക് പ്രയോജനപ്പെടുന്ന ഒരു താറാവിനത്തെ പക്ഷിപ്പനി വന്നതുമൂലം പൂർണമായും നശിപ്പിക്കേണ്ടിവന്നു.
ഈ അപൂർവ ഇനം താറാവുകളെ പക്ഷിപ്പനി പോലുള്ള പ്രകൃതി ദുരന്തങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനായി മറ്റൊരു സംരക്ഷിത കേന്ദ്രത്തിൽ കൂടി ഇവയെ വളർത്തിയെടുക്കണമെന്നുള്ള പദ്ധതിക്ക് സർക്കാർ തലത്തിൽ അംഗീകാരം ലഭിച്ചില്ലെന്നുള്ള വിഷമത്തിലാണ് ഇതിനു പിന്നിൽ പ്രവർത്തിച്ച ഡോ. തോമസ് ജേക്കബ്.