കാട വളർത്തുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണമായിരുന്നോ! ഓർക്കാം ഈ 20 കാര്യങ്ങൾ
Mail This Article
1. രാവിലെ അണുനാശിനി കലക്കിയ വെള്ളം കൊണ്ട് വെള്ളപ്പാത്രം വൃത്തിയായി കഴുകുന്നത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കും.
2. നിപ്പിൾ സംവിധാനം ഉപയോഗിക്കുന്നവർ എല്ലാ നിപ്പിളിലും വെള്ളം വരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
3. വെള്ളത്തിന്റെ ടാങ്കിൽ അണുനാശിനി ഗുളിഗകൾ ചേർത്തു എന്ന് ഉറപ്പു വരുത്തുക (ആയിരം ലീറ്റർ വെള്ളത്തിനു ഒരു ഗുളിക എന്ന തോതിൽ).
4. തീറ്റപ്പാത്രത്തിൽ പഴയ തീറ്റ ഒഴിവാക്കി നനവില്ലാത്ത തുണികൊണ്ട് വൃത്തിയാക്കിയ ശേഷം മാത്രം പുതിയ തീറ്റ നൽകുക.
5. തീറ്റപ്പാത്രത്തിൽ തീറ്റ ബാക്കിയാവാൻ പാടില്ല. പൗഡർ തീറ്റയെങ്കിലും ബാക്കിയുണ്ടെങ്കിൽ നമ്മൾ നൽകുന്ന തീറ്റ കൂടുതലാണെന്നു സാരം. അല്ലെങ്കിൽ കാടകൾ കൃത്യമായി തീറ്റയെടുക്കുന്നില്ല.
6. ഒരു കാടയ്ക്ക് 30 ഗ്രാം തീറ്റ മാത്രം നൽകേണ്ടതാണ്. എന്നിട്ടും തീറ്റ ബാക്കിയാകുന്നുണ്ടെങ്കിൽ ഡോക്ടറുമായി ചർച്ചചെയ്ത് ലിവർ ടോണിക്കുകളും ആവശ്യമായ മരുന്നുകളും നൽകുന്നത് തീറ്റ എടുക്കുന്നത് വർധിപ്പിക്കും.
7. സാധാരണ ഗതിയിൽ 90% മുട്ടയും കാടകൾ ഇടുന്നത്ത് ഉച്ചകഴിഞ്ഞ് 3നും 6നും ഇടയിലാണ്.
8. 7ന് മുട്ടകളെല്ലാം എടുക്കാൻ സാധിച്ചാൽ അതാണ് ഉത്തമം. അല്ലെങ്കിൽ രാവിലെ തന്നെ മുട്ടകൾ എടുത്തു പെട്ടികളിലാക്കുക.
9. വെളിച്ചം കൃത്യമാണ് എന്നു പരിശോധിക്കേണ്ടത് മുട്ടയുൽപാദനത്തിൽ വളരെ പ്രധാനം. ഒരു ദിവസം 16 മണിക്കൂർ വെളിച്ചം ആവശ്യമായി വരും മുട്ടകാടകൾക്ക്.
10. 12 മണിക്കൂർ സൂര്യപ്രകാശവും 4 മണിക്കൂർ കൃത്രിമ വെളിച്ചവും നൽകണം. വെളിച്ചത്തിന്റെ തീവ്രതയും ദൈർഘ്യവും കൂടിയാൽ കാടകൾ തമ്മിൽ കൊത്താനും മുട്ടകൾ വലുപ്പം കൂടി തടഞ്ഞു നിൽക്കാനും കാരണമാകും. അതിനാൽ കൃത്യമായ വെളിച്ചം ക്രമീകരിക്കുക.
11. ട്യൂബുകൾ വല്ലതും പൊടിപിടിച്ചു കിടക്കുന്നുണ്ടെങ്കിൽ വൃത്തിയാക്കുക.
12. വിരിപ്പു രീതിയിൽ വളർത്തുന്നവർ ലിറ്റർ (വിരിപ്പ്) കൃത്യമായി ഇളക്കികൊടുക്കുക.
13. കൂടുകളിൽ വളർത്തുന്നവർ പുതിയ അറക്കപ്പൊടി കാഷ്ഠത്തിൽ വിതറിക്കൊടുക്കുക.
14. വിരിപ്പിൽ പ്രോബയോട്ടിക് പൗഡറുകൾ ചേർത്താൽ ദുർഗന്ധത്തിന് ഒരു പരിധിവരെ ശമനം കിട്ടും.
15. മുറിവുള്ള കാടകളോ തമ്മിൽ കൊത്തുന്ന കാടകളോ അസുഖമായുള്ള കാടകളോ ഉണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കുക. ഉണ്ടെങ്കിൽ അവയെ പ്രത്യേകം മാറ്റി പാർപ്പിക്കുക.
16. മരണനിരക്ക് കൃത്യമായി പരിശോധിക്കുക. മൃഗാശുപത്രിയിൽ പോയി ചത്തവയെ പോസ്റ്റ്മോർട്ടം ചെയ്യാൻ സാധിച്ചാൽ നല്ലത്. അല്ലെങ്കിൽ കുറഞ്ഞപക്ഷം ഒരു ദിവസം 0.02% ത്തിനു മുകളിൽ മരണനിരക്കുണ്ടെങ്കിൽ മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.
17. മരുന്നുകൾക്കും അണുനാശിനി സ്പ്രേകൾക്കും കൃത്യമായ ചാർട്ട് തുടക്കത്തിൽ തന്നെ തയാറാക്കിയിരിക്കണം. ഈ ചാർട്ട് പരിശോധിച്ചുവേണം ഫാമിലെ പ്രവർത്തനങ്ങൾ.
18. ഷെഡ്ഡിന്റെ പുറത്ത് സജ്ജീകരിച്ചിരിക്കുന്ന പാദങ്ങൾ മുക്കാനുള്ള അണുനാശിനി ലായനി എല്ലാദിവസവും മാറ്റി മരുന്ന് ചേർക്കുക. കൈകൾ അണുനശീകരണം നടത്താനുള്ള അണുനാശിനികൾ എല്ലാ ദിവസവും മാറ്റുക.
19. വലിയ ഫാമുകളിൽ സജ്ജീകരിച്ചിട്ടുള്ള വാഹനത്തിന്റെ ടയർ മുങ്ങാനുള്ള അണുനാശിനികൾ എല്ലാ ദിവസവും കൃത്യമായി മാറ്റെണ്ടതാണ്.
20. ഷെഡ്ഡിന് പുറത്ത് എല്ലാ ദിവസവും അണുനാശിനി സ്പ്രേ ചെയ്യുന്നത് വളരെ പ്രധാനമാണ്. ഇത് പുറത്തു നിന്നുള്ള അണുക്കൾ ഷെഡിനകത്തു പ്രവേശിക്കുന്നത് തടയും.
ഇതെല്ലാം ഞങ്ങൾക്ക് അറിയാവുന്നതാണല്ലോ എന്ന് ചിന്തിക്കാൻ വരട്ടെ, കൂടുതൽ അറിയുന്നതിലല്ല കാര്യം കൃത്യമായി നടപ്പിലാക്കുന്നതിലാണ്. ‘കൃത്യമായ ആസൂത്രണം ഇല്ലാത്ത ഒരു ബുദ്ധിമാനെ തോൽപിക്കാൻ കൃത്യമായ ആസൂത്രണമുള്ള ഒരു വിഡ്ഢിക്ക് കഴിയും’എന്നാണല്ലോ. ഇത് പൗൾട്രി പരിചരണത്തിൽ വളരെ പ്രധാനപെട്ടതാണ്.