വളർച്ചയെത്തിയാൽ 20 കിലോ തൂക്കം; ഇത് പൂച്ചകളിലെ ഏറ്റവും വലിയ ഇനങ്ങളിലൊന്ന്
Mail This Article
നീളൻ ചെവികൾ, നീണ്ടുയർന്ന ശരീരം, ഇരുപതു കിലോ വരെ തൂക്കം. രൂപത്തിലും ഭാവത്തിലും ആകെയൊരു പുലിച്ചന്തം. അതെ, പൂച്ചകൾക്കിടയിലെ പുലിക്കുട്ടിയാണ് മെയ്ൻകൂൺ. ലക്ഷണമൊത്ത മെയ്ൻകൂണിന് വിദേശരാജ്യങ്ങളിൽ 1500 മുതൽ 2000 യൂറോ വരെ വിലയുണ്ടെത്രേ.
നീളൻ രോമക്കാരായ പേർഷ്യൻ പൂച്ചകൾ നമ്മുടെ നാട്ടിൽ ഏറെയുണ്ട്. എന്നാൽ, പേർഷ്യനെക്കാൾ പക്ഷേ, പലപടി മുകളിലാണ് മെയ്ൻകൂണിന്റെ പദവി. അമേരിക്കയിലെ മെയ്ൻ സംസ്ഥാനത്തെ വളർത്തുപൂച്ചയായ കൂൺ ഇനമാണ് പിൽക്കാലത്ത് മെയ്ൻകൂൺ എന്ന പേരിൽ പൂച്ചസ്നേഹികളുടെ ആരാധനാപാത്രമായി മാറിയത്.
കണ്ടാൽ ഗൗരവക്കാരെങ്കിലും പ്രകൃതത്തിൽ സൗമ്യരാണ് മെയ്ൻകൂൺ. പേർഷ്യൻ പൂച്ചകൾ പൊതുവെ അലസമായിരുന്ന് ഉറങ്ങാൻ ഇഷ്ടപ്പെടുമ്പോൾ കുറുമ്പും കൃസൃതികളുമായി ഓടിച്ചാടി നടക്കുന്ന ഇനം. അതുകൊണ്ടുതന്നെ എപ്പോഴും ഉല്ലാസഭരിതരായിരിക്കാൻ കളിപ്പാട്ടങ്ങളും (cat teasers) നൽകുന്നത് നന്ന്. പേർഷ്യനെക്കാൾ കൂടുതൽ ഇണക്കവും ബുദ്ധിശക്തിയും മെയ്ൻകൂണിനുണ്ടെന്ന് ഇതിനെ വളർത്തുന്നവർ പറയും. പരിശീലനത്തോട് അനുകൂലമായി പ്രതികരിക്കും. പേർഷ്യനെക്കാൾ അൽപം നീളം കുറഞ്ഞ രോമങ്ങളാണ് മെയ്ൻകൂണിനുള്ളത്. ദിവസവുമത് ചീകിയൊതുക്കി മനോഹരമാക്കണം.
പെണ്ണിന് അധികം തൂക്കം വയ്ക്കില്ലെങ്കിലും ആണിന് വളർച്ചയെത്തുന്നതിന് അനുസരിച്ച് 20 കിലോ വരെ തൂക്കമെത്തും. ചിക്കനും ബീഫും കാടമുട്ടയുമാണ് ഇഷ്ട വിഭവങ്ങൾ.