ADVERTISEMENT

ക്ഷീരമേഖലയിൽ പാലുൽപാദനക്കുറവും പശുക്കളുടെ എണ്ണക്കുറവുമൊക്കെ ചർച്ചയാകുന്ന കാലമാണ്. രക്തപരാദരോഗങ്ങളുടെ തോതും ഏറിയിട്ടുണ്ട്. പല ഫാമുകളിലും സൈലന്റ് കില്ലറായും രോഗ വാഹകരായുമൊക്കെ കാണപ്പെടുന്നത് പട്ടുണികളും ഈച്ചകളുമൊക്കെയാണ്. പൊതുവെ വലിയ ഉപദ്രവകാരികളെന്ന് തോന്നില്ലെങ്കിലും പശുക്കളുടെ ജീവനെടുക്കാൻ ശേഷിയുള്ളവരാണ് ഈ പട്ടുണ്ണികൾ. പട്ടുണ്ണികളുടെ അനിയന്ത്രിത പെരുപ്പം ഒരു പശുവിന്റെ ജീവനെടുത്ത സംഭവം ഓർക്കുന്നു. 2020ൽ ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തിൽ ജോലി ചെയ്യുന്ന കാലമാണ്...

പശുവിന്റെ ശരീരമാകെ ഭയങ്കര ചൊറിച്ചിൽ. ഡോക്ടർ ഒന്നു വന്ന് നോക്കണം. രാവിലെ തന്നെ പഞ്ചായത്തിലെ ഒരു പ്രമുഖ ക്ഷീരകർഷകൻ വന്നു പറഞ്ഞപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയത് ഒരാഴ്ചയ്ക്കു മുൻപ് നടന്ന ഒരു ദാരുണ അന്ത്യമാണ്.

പശുവിന്റെ ദേഹത്ത് പട്ടുണ്ണി ശല്യമെന്നു പറഞ്ഞ് വെറ്ററിനറി ഡിസ്പെൻസറിയിൽ മരുന്നിനെത്തിയതാണ് 2-3 വർഷങ്ങൾക്കു മുൻപ് മാത്രം ഈ രംഗത്തേക്കെത്തിയ ക്ഷീരകർഷക. ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത് ഫണ്ടുപയോഗിച്ച് മരുന്നു വാങ്ങിയ സമയമായതിനാൽ കർഷകർക്ക് അവശ്യം വേണ്ടുന്ന മരുന്നുകൾ കൊടുക്കാൻ പറ്റുന്നുണ്ട്.

പശുവിനെ കുളിപ്പിക്കുന്നതിനുള്ള മരുന്നും മറ്റനുബന്ധ മരുന്നുകളും ഒക്കെ കൊടുത്ത് വേണ്ട നിർദേശങ്ങളും നൽകി അവരെ യാത്രയാക്കി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പിന്നെയും ആ ചേച്ചി വിഷമം നിറഞ്ഞ മുഖത്തോടെ എന്റെ മുന്നിലെത്തി. ഇത്തവണ പോയി നോക്കുക തന്നെ എന്നു തീരുമാനിച്ച് അവർക്കൊപ്പം ഞാനും പോയി.

അസ്വസ്ഥത മൂലം കാൽച്ചുവട്ടിലെ മണ്ണ് കുത്തിയെറിയുന്ന പശുവിനെയാണ് അവിടെയെത്തിയപ്പോൾ കണ്ടത്. ദേഹത്തു മുഴുവൻ മണ്ണ് പറ്റിയിരിക്കുന്നതു പോലെ. അടുത്തു ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. ശരീരത്തിന്റെ ഒരിഞ്ചുപോലും ബാക്കിയില്ലാതെ പട്ടുണ്ണികൾ കീഴ്പ്പെടുത്തിയ നിസ്സഹായയായ ഒരു പശു. ഇൻജക്ഷനെടുക്കാൻ പട്ടുണ്ണിയില്ലാത്ത ഒരു ഭാഗം കണ്ടെത്താൻ നന്നേ ക്ലേശിക്കേണ്ടി വന്നു. ഒരു മരുന്നിനും രക്ഷപ്പെടുത്താനാവാത്ത വണ്ണം പട്ടുണ്ണികൾ ആ പാവത്തിനെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരുന്നു. രക്തം ഊറ്റിക്കുടിച്ച് ജീവനെടുക്കാൻ തയാറായ പട്ടുണ്ണികൾ!

എല്ലാ ചികിത്സകളും വിഫലമാക്കിക്കൊണ്ട് രണ്ടു ദിവസത്തിനു ശേഷം അതിന്റെ മരണവാർത്തയുമെത്തി.

കേട്ടിടത്തോളം എന്റെ മുന്നിലെത്തിയ പുതിയ കേസിലെ പശുവിനും അതേ രോഗമാകാനാണ് വഴി.

പോയി നോക്കുക തന്നെ. 

പ്രതീക്ഷിച്ചതുപോലെതന്നെ പട്ടുണ്ണിതന്നെയായിരുന്നു രണ്ടാമത്തേ കേസിലും വില്ലൻ. എന്തായാലും ഈ പശുവിന് പട്ടുണ്ണിയുടെ ഉപദ്രവം തുടങ്ങിയിട്ടേയുള്ളൂ. ഒപ്പം കുറച്ച് ഫംഗൽ അണുബാധയുമുണ്ട്. പട്ടുണ്ണികൾ വളരെ ചെറുതാണ്. രക്തം കുടിച്ച് വീർത്തു വരുന്നതേയുള്ളൂ. പട്ടുണ്ണികൾ രക്തം കുടിച്ച് വലുതാകുമ്പോൾ മാത്രമാണ് നമുക്ക് കണ്ണു കൊണ്ട് കാണാനാവുക. അല്ലാത്തപ്പോൾ ഇവയെ മൈക്രോസ്കോപ്പിലൂടെ മാത്രമേ കാണാനാകൂ.

പശുവിനെ പരിശോധിച്ച് ആവശ്യമായ ചികിത്സകൾ ചെയ്തു. കുളിപ്പിക്കുന്നതിനുള്ള മരുന്നുകൾ കൊടുക്കുകയും ചെയ്യേണ്ട വിധം വിശദമായി പറഞ്ഞു കൊടുക്കുകയും ചെയ്തു. ഫംഗൽ അണുബാധയ്ക്ക് പുരട്ടാനുള്ള മരുന്നും നിർദ്ദേശിച്ചു.

പുതുതായി വാങ്ങിക്കൊണ്ടു വന്ന പശുവാണത്രേ ഇത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പുതുതായി ഒരു പശുവിനെ വാങ്ങിക്കൊണ്ടുവന്നാൽ രണ്ടാഴ്ചയെങ്കിലും അതിനെ മാറ്റിക്കെട്ടണം. ഈ കാലയളവിൽ ബാഹ്യപരാദങ്ങൾക്കെതിരെയുള്ള മരുന്നുപയോഗിച്ച് കുളിപ്പിക്കുകയും സാധ്യമെങ്കിൽ രക്തപരിശോധന നടത്തുകയും വേണം. രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയിട്ടു വേണം മറ്റു പശുക്കളുടെ കൂടെ കെട്ടാൻ. അതായത് പശുവിനെ ക്വാറന്റൈൻ ചെയ്യണമെന്നർഥം.

പട്ടുണ്ണികൾ രക്തം കുടിച്ച് അനീമിയ അഥവാ രക്തക്കുറവ് ഉണ്ടാക്കുക മാത്രമല്ല ചെയ്യുന്നത്, മാരകമായ തൈലേറിയാസിസ് പോലെയുള്ള ഒട്ടേറെ രോഗങ്ങളുടെ വാഹകരുമാകുന്നു. ത്വക്ക് രോഗങ്ങളും ഉണ്ടാക്കുന്നു.

അന്തരീക്ഷത്തിലെ ചൂടു കൂടി നിൽക്കുന്ന സമയത്ത് പശുവിന്റെയോ ആടിന്റെയോ നായയുടെയോ ശരീരത്ത് കടന്നു കൂടുന്ന പട്ടുണ്ണികൾ വേഗത്തിൽ പെരുകും. അന്തരീക്ഷം ചൂട് പിടിക്കുമ്പോൾ പട്ടുണ്ണികളുടെ മുട്ടകൾ 2 - 10 ദിവസം കൊണ്ടു തന്നെ വിരിയും. ഒരു പട്ടുണ്ണിക്ക് 3000 മുട്ടകൾ വരെ ഉൽപ്പാദിപ്പിക്കാനുള്ള കഴിവുണ്ട്.

എണ്ണത്തിൽ കുറവായിരിക്കുമ്പോൾ ഇവയെ നശിപ്പിക്കാൻ താരതമ്യേന എളുപ്പമാണ്. Dip, Spray, Pour ons, Injections അങ്ങനെ പല മാർഗ്ഗങ്ങൾ. പരിസര ശുചിത്വം ഒരു പ്രധാന ഘടകമാണ്. ബാഹ്യ പരാദങ്ങളില്ലാതെ എപ്പോഴും മൃഗങ്ങളുടെ ശരീരം വൃത്തിയായിവയ്ക്കാൻ ഓരോ കർഷകനും ശ്രദ്ധിക്കണം.

‘സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. പട്ടുണ്ണി ഒരു ചെറിയ പുള്ളിയല്ല’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com