ADVERTISEMENT

നൂറ്റാണ്ടു പിന്നിട്ട കാർഷികത്തറവാട്ടിൽ സമ്മിശ്രക്കൃഷിയും ഗോശാലയുമായി യുവ ഡോക്ടർ. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റൽ & റിസർച് സെന്ററിലെ ഗൈനക്കോളജിസ്റ്റും വന്ധ്യത ചികിത്സാവിദഗ്ധനുമായ ഡോ. എം.എസ്.ഉണ്ണിക്കൃഷ്ണനാണ് ആതുരസേവനവും കൃഷിയും സമന്വയിപ്പിക്കുന്നത്.   

കുട്ടിക്കാലം മുതല്‍ കൃഷി ഡോ. ഉണ്ണിക്കൃഷ്ണനു ഹരമാണ്. അമ്മയുടെ അച്ഛനും അച്ഛന്റെ അച്ഛനും കർഷകരായിരുന്നു. കൊല്ലം കരിക്കോട് കുറ്റിച്ചിറയിലെ പുലമൺ എന്ന കാർഷിക കുടുംബത്തിലാണ് ജനനം. അമ്മയുടെ തറവാടായ ഇവിടെ പണ്ടു മുതലേ  കൃഷിയും പശുവളര്‍ത്തലുമുണ്ട്. നാലേക്കര്‍ സ്ഥലത്താണ് ഡോക്ടറുടെ സമ്മിശ്രക്കൃഷിയും ഗോശാലയും. നൂറ്റാണ്ടു പഴക്കമുള്ള നാലുകെട്ടിനോടു ചേർന്ന ഒന്നര ഏക്കറിൽ വെണ്ട, വഴുതന, പയർ, പാവൽ, മത്തൻ, വെള്ളരി, ചീര തുടങ്ങിയ പച്ചക്കറികളും വിവിധയിനം മാവുകൾ, പ്ലാവുകൾ, അബിയു, റംബുട്ടാൻ, മാങ്കോസ്റ്റിൻ, സപ്പോട്ട, ജബോട്ടിക്കാബ തുടങ്ങിയ പഴവർഗങ്ങളും സമൃദ്ധമായി വളരുന്നു. 

doctor-farm-new-4

സമീപപ്രദേശമായ ആദിച്ചനല്ലൂരിലുള്ള ഒന്നര ഏക്കറിലും കായ്ക്കാറായ ഫലവൃക്ഷങ്ങളുണ്ട്. കുറ്റിച്ചിറയിൽനിന്ന് 9 കി.മീ. അകലെ തേവള്ളിയിലാണ് ഡോക്ടറും കുടുംബവും ഇപ്പോൾ താമസം. അവിടെയുമുണ്ട് വിദേശ പഴവർഗങ്ങളുടെ കൃഷി.  

തറവാട്ടുപുരയിടത്തിലാണ് ‘നന്ദനം’ ഗിർ ഗോശാല. നാടൻപശുക്കളാണ് ഇവിടെയുള്ളത്. ഗുജറാത്തിലെ തനത് ഇനമായ ഗിർ ആണ് എണ്ണത്തിൽ കൂടുതൽ. ഒന്നര-രണ്ടു ലക്ഷം രൂപ വില വരും ഒന്നിന്. രാജസ്ഥാന്‍ ഇനം താർപാർക്കർ, പൂങ്കനൂർ (ആന്ധ്ര), കൃഷ്ണ (കർണാടക) എന്നിവയുമുണ്ട്. കൂടാതെ ഹൈദരാബാദി ബീറ്റൽ ആടുകൾ, നൂറിലേറെ നാടൻ കോഴികള്‍, താറാവുകള്‍, മണിത്താറാവ് എന്നിവയും നന്ദനത്തില്‍ അന്തേവാസികൾ. 50 സെന്റിൽ സൂപ്പർ നേപ്പിയർ തീറ്റപ്പുല്ലു വളര്‍ത്തുന്നു. മീൻകുളത്തിൽ കൈതക്കോരയും.

doctor-farm-new-5

ജോലിത്തിരക്കിനിടെ വീണുകിട്ടുന്ന ഒഴിവുസമയങ്ങളില്‍ ഡോ. ഉണ്ണിക്കൃഷ്ണനും ഭാര്യ ഡോ. ഗോപിക നായരും ഫാമിലെത്തും. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റൽ & റിസർച് സെന്ററില്‍തന്നെ ശിശു രോഗ വിദഗ്ധയാണ് ഡോ. ഗോപിക. ആദായത്തെക്കാള്‍ ആനന്ദവും ആത്മസംതൃപ്തിയുമാണ് കൃഷിയിലൂടെ ഈ ദമ്പതികളുടെ ലക്ഷ്യം. എങ്കിലും  വീട്ടിലെ ആവശ്യം കഴിഞ്ഞുള്ള പാലും പഴം– പച്ചക്കറികളും വാട്സാപ് ഗ്രൂപ്പിലൂടെ വിൽക്കുന്നു. ജൈവരീതിയിൽ ഉല്‍പാദിപ്പിക്കുന്നതായതിനാല്‍ പഴം- പച്ചക്കറികൾക്കു നല്ല ഡിമാൻഡ് ഉണ്ട്. വിഷരഹിത വിഭവങ്ങൾ ലഭിക്കുമെന്നതാണ് കൃഷിയിലെ ലാഭമെന്നു ഡോക്ടര്‍. 

doctor-farm-new-2

Also read: ഇത്തിരിക്കുഞ്ഞനെങ്കിലും വില ലക്ഷങ്ങൾ: ഇത് ഇന്ത്യയിലെ ലോകശ്രദ്ധ നേടിയ കുഞ്ഞൻപശു

നാടൻ പശുക്കളുടെ പാലിനും ആവശ്യക്കാർ ഏറെ. ലീറ്ററിന് 150 രൂപ വരെ വില ലഭിക്കും. ഒരു നേരം മാത്രമേ കറവയുള്ളൂ, ബാക്കി പാൽ കിടാക്കള്‍ക്കു കൊടുക്കുകയാണ്. മൂന്നു മാസം പിന്നിട്ട കിടാവുകളെയും വിൽക്കും. 50,000 രൂപവരെ വില കിട്ടും. 

ഗിറിനും താർപാർക്കറിനും രോഗപ്രതിരോധശേഷി കൂടുതലാണ്. കാര്യമായ രോഗങ്ങൾ ഒന്നുമില്ല, ചൂടിനെ പ്രതിരോധിക്കും. മൂന്നടിയോളം മാത്രം ഉയരമുള്ള പൂങ്കനൂരിന്റെ പാലാണ് ഏറ്റവും രുചികരം. സമാധാനപ്രിയയായ ഈ പശുവിനെ ആർക്കും കറക്കാം. തീറ്റ കുറച്ചു മതി. പരുത്തിപ്പിണ്ണാക്കും ധാന്യപ്പൊടിയും ചേർത്ത മിശ്രിതമാണ് പശുക്കൾക്കു പ്രധാന തീറ്റ. നാടൻ ഇനങ്ങളായതിനാൽ വാഴപ്പിണ്ടി, ചക്ക, പപ്പായ എന്നിവയൊക്കെ തിന്നുകൊള്ളും. ചാണകത്തിൽനിന്നു ബയോഗ്യാസ് ഉല്‍പാദിപ്പിക്കുന്നുണ്ട്. ചാണകത്തെളി കൃഷിക്കു വളമാക്കുന്നു.

doctor-farm-new-3

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽനിന്നു വിരമിച്ച മുരളി മോഹൻ, റിട്ട.ബാങ്ക് ഉദ്യോഗസ്ഥ ശ്രീദേവി എന്നിവരാണ് ഡോ. ഉണ്ണിക്കൃഷ്ണന്റെ മാതാപിതാക്കൾ. മക്കൾ: ദക്ഷ് കൃഷ്ണ, അമയ കൃഷ്ണ. 

ഫോൺ: 9676679793

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com