9 മാസം കാത്തിരുന്നിട്ടും പശു പ്രസവിച്ചില്ല; ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാർ ഞെട്ടി
Mail This Article
പട്ടണക്കാട് പത്മാക്ഷി കവലയ്ക്ക് പടിഞ്ഞാറ് മാന്താനത്ത് ഇല്ലത്തെ സുധാകുമാരിയുടെ പശുവിനെ കൃത്രിമ ബീജധാനത്തിന് വിധേയമാക്കിയത് 2023 ഡിസംബർ അവസാന വാരത്തിലായിരുന്നു. മൂന്നാം മാസത്തിൽ അടുത്തുള്ള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പശുവിന്റെ ഗർഭ പരിശോധന നടത്തി ഗർഭം ഉറപ്പാക്കിയതുമാണ്. കണക്കനുസരിച്ച് 9 മാസം പിന്നിട്ടിട്ടുണ്ട്. പ്രതീക്ഷിച്ച ദിവസത്തിൽ പശു പ്രസവിച്ചില്ല. പ്രസവ ലക്ഷണങ്ങൾ കാണിക്കുന്നുമില്ല. എന്നാൽ, ഗർഭിണിപ്പശുക്കളുടേതുപോലെ വയറുമുണ്ട്.
കന്നി പ്രസവത്തിന് യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു താനും. ഏഴാം മാസത്തിൽ കറവ നിർത്തി മറ്റു ഗർഭകാല പരിരക്ഷകൾ എല്ലാം നൽകി വരുന്നുണ്ട്. പക്ഷേ ആഹാരം കഴിക്കുന്നതിന് ചെറിയ മടി കാണിക്കുന്നുണ്ട്. ചാണകം യഥാവിധി പുറംതള്ളുന്നുണ്ട്. അങ്ങനെയാണ് തുറവൂർ ഡോ. പ്രേംസ് വെറ്ററിനറി ക്ലിനിക്കിലെ ഡോ. പ്രേംകുമാറിന്റെ സേവനം തേടി എത്തുന്നത്. രാത്രി എന്നോ പകലെന്നോ വ്യത്യാസമില്ലാതെ മൃഗാതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന വകുപ്പിൽ ദീർഘകാല സേവന പാരമ്പര്യമുള്ള ഡോക്ടറുമാണ് ഡോ. പ്രേംകുമാർ.
സ്ഥലത്തെത്തി പരിശോധന നടത്തിയ ഡോക്ടർ സംശയിച്ചത് പിരിഞ്ഞു കിടക്കുന്ന ഗർഭപാത്രം അഥവാ യൂട്രൈൻ ടോർഷൻ എന്ന അവസ്ഥ ആണ്. ഗർഭാശയമുഖം അടഞ്ഞതും ആയിരുന്നു. ഇതേത്തുടർന്ന് തുറന്ന ശസ്ത്രക്രിയ ആയ പര്യവേഷണ ലാപ്രോട്ടമി അഥവാ എക്സ്പ്ലറേറ്ററി ലാപ്രോട്ടമി ചെയ്യാൻ തീരുമാനിച്ചു. വയറിലെ അറയിലേക്ക് പ്രവേശനം നേടുന്നതിനായി വയറിലെ ഭിത്തിയിലൂടെയുള്ള ശസ്ത്രക്രിയാ മുറിവ് ഉൾപ്പെടുന്ന ശസ്ത്രക്രിയയാണ് ലാപ്രോട്ടമി. സങ്കീർണമായ ശസ്ത്രക്രിയ ആയതിനാൽ കടക്കരപ്പള്ളി വെറ്ററിനറി സർജൻ ഡോ. അനുരാജും പട്ടണക്കാട് ബ്ലോക്കിലെ അടിയന്തര രാത്രികാല മൃഗ ചികിത്സാ പദ്ധതിയിലെ ഡോ. ലക്ഷ്മിയും ചേർന്നാണ് ശസ്ത്രക്രിയ ആരംഭിച്ചത്. വൈകിട്ട് 5ന് തുടങ്ങിയ ശസ്ത്രക്രിയ 9 മണിയോടെ പൂർത്തിയായി.
ശസ്ത്രക്രിയയിലൂടെ വയർ തുറന്നപ്പോൾ ഡോക്ടർമാർ ഞെട്ടി. വയറിനുള്ളിൽ പശുക്കുട്ടി ഇല്ല. എന്നാൽ, പശുവിന്റെ ആമാശയത്തിന് അസാധാരണ വലുപ്പവുമുണ്ടായിരുന്നു. ഈ വലുപ്പമാണ് പശുവിന് ഗർഭമുണ്ടെന്ന് ഉടമ തെറ്റിദ്ധരിക്കാൻ കാരണമായത്. ചുരുക്കത്തിൽ ഗർഭമില്ലാത്തെ പശുവിനായിരുന്നു ഗർകാല പരിരക്ഷയുൾപ്പെടെയുള്ള പരിചരണം നൽകിയത്. ആമാശയത്തിൽ എന്തോ അസ്വാഭാവികത ഉണ്ടെന്നു മനസിലാക്കിയ ഡോക്ടർമാർ പണ്ടം തുറന്നുള്ള ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു.
റൂമനോട്ടമി എന്ന ശസ്ത്രക്രിയയിലൂടെ പശുവിന്റെ ആദ്യ ആമാശയ അറയായ റൂമനിൽ കൈ കടത്തിയ ഡോക്ടർമാർ വീണ്ടും ഞെട്ടി. വയറിനുള്ളിൽ ആഹാര പദാർഥങ്ങൾക്കൊപ്പം കയർ, വല എന്നിവ കട്ടപിടിച്ച് കിടക്കുകയായിരുന്നു. ഏകദേശം 12 കിലോയോളം ഉണ്ടായിരുന്ന ഈ വസ്തുക്കൾ നീക്കം ചെയ്ത് ശസ്ത്രക്രിയ നടപടികൾ പൂർത്തിയാക്കി. ശേഷം അണുബാധ ഒഴിവാക്കുന്നതിനുള്ള ആന്റിബയോട്ടിക് ചികിത്സകളും മറ്റ് അനുബന്ധ ചികിത്സകളും നൽകി. നാൽക്കാലികളുടെ ഒന്നാം വയറായ റൂമന്റെ അസാധാരണ വലുപ്പമായിരുന്നു ഇവിടെ ഗർഭിണിപ്പശുവിന് സമാനമായ ഉദരവീർപ്പിന് കാരണമായത്.
റൂമനോട്ടമി
പശുക്കളുടെ ആമാശയത്തിന് സാധാരണ റൂമൻ, റെറ്റിക്കുലം, ഓമേസം, അബോമേസം എന്നീ 4 അറകൾ ഉണ്ട്. ഇതിൽ റൂമനിലുള്ള സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മൂലമാണ് കന്നുകാലികളിലെ ദഹന പ്രക്രിയ നടക്കുന്നത്. വയറിന്റെ ഇടതു ഭാഗത്ത് ശസ്ത്രക്രിയ ചെയ്യുന്നതു വഴി ആമാശത്തിന്റെ 4 അറകളും പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്യാം. പശുവിനെ നിർത്തിയും കിടത്തിയും ഈ ശസ്ത്രക്രിയ ചെയ്യാവുന്നതാണ്.
പൈക്ക
സാധാരണ ആഹാരപദാർഥങ്ങൾ അല്ലാത്ത വസ്തുകൾ ആയ കല്ല്, മണ്ണ്, ചെളി, പ്ലാസ്റ്റിക്, കടലാസ്, മൂത്രം എന്നിവ പശു തിന്നുന്ന അവസ്ഥയെയാണ് പൈക്ക എന്നു പറയുന്നത്. സോഡിയം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുടെ കുറവ്, തീറ്റയിലെ നാരിന്റെ അംശത്തിലുള്ള കുറവ്, തീറ്റയിലെ മാംസ്യ-ഊർജ അസംതുലിതാവസ്ഥ, കുടലിനുള്ളിലെ പരാദ ബാധ, ഈയം പോലുള്ള ലോഹ വിഷബാധ എന്നിവ പൈക്കയ്ക്കുള്ള കാരണങ്ങൾ ആണ്. രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ചികിത്സയിലൂടെ രോഗമുക്തി നേടാം. എന്നാൽ ചികിത്സ വൈകുംതോറും ഇത് ഒരു ശീലമായും പിന്നീട് ദുശ്ശീലമായും മാറിയേക്കാം.