അജ്ഞാതൻ മുതുകിൽ വെട്ടി; വേദനകൊണ്ടു പുളഞ്ഞ തെരുവുനായയ്ക്കു തുണയായി വെറ്ററിനറി ഡോക്ടർ
Mail This Article
മൃഗക്ഷേമനിയമങ്ങൾ ഏറെയുണ്ടെങ്കിലും മിണ്ടാപ്രാണികളോടു ചില സാമൂഹൃവിരുദ്ധർ കാണിക്കുന്ന കണ്ണിൽ ചോരയില്ലാത്ത ക്രൂരതയ്ക്ക് കുറവില്ല. അത്തരം വാർത്തകൾ ഇടക്കിടക്ക് നമ്മുടെ പത്രമാധ്യമങ്ങളിൽ ഇടംപിടിക്കാറുമുണ്ട്. തെരുവിൽ അലയുന്ന ഉടമസ്ഥരില്ലാത്ത മൃഗങ്ങളാണു പലപ്പോഴും ഇത്തരം ക്രൂരതകൾക്ക് കൂടുതലായി ഇരയായി തീരുക. വെട്ടേറ്റും മാരകമായ പരിക്കുകളും മുറിവുകളുമേറ്റും തെരുവുകളിൽ അലയുന്ന മൃഗങ്ങൾ കണ്ണില്ലാത്ത ക്രൂരതയുടെ തെളിവാണ്. പലപ്പോഴം ഇത്തരം സാഹചര്യങ്ങളിൽ പ്രതികളെ പൊലീസ് പിടികൂടിയാലും നിയമത്തിനു മുന്നിൽ കാര്യമായ ശിക്ഷാനടപടികൾ കൂടാതെ പുറത്തിറങ്ങാൻ കഴിയുന്നതും കുറ്റവാളികൾക്ക് പ്രോത്സാഹനമായി മാറുന്നു. മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്ന ഇത്തരം ക്രിമിനൽ മനസ്ഥിതിയുള്ളവർ ക്രമേണ മനുഷ്യർക്കും ഉപദ്രവകാരികളായി മാറും.
മിണ്ടാപ്രാണിയോടുളള ക്രൂരതയുടെ മനസാക്ഷിയെ വേദനിപ്പിക്കുന്ന ഈ സംഭവം കാസർകോട് ജില്ലയിലെ കയ്യൂർ-ചീമേനി പഞ്ചായത്തിൽനിന്നാണ്. അഞ്ചോ ആറോ മാസം മാത്രം പ്രായം തോന്നിക്കുന്ന തെരുവുനായയെയാണ് അജ്ഞാതൻ മുതുകത്ത് മാരകമായി വെട്ടി പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞത്. മുതുകിൽ വെട്ടേറ്റ ഭാഗത്തെ തൊലിഭാഗം പൂർണ്ണമായും അടർന്നുമാറിയെന്നു മാത്രമല്ല മാംസം പുറത്തുചാടുകയും ചെയ്തു. രക്തം വാർന്ന് വേദനയിൽ പുളഞ്ഞ തെരുവുനായയെ അക്രമി ഉപേക്ഷിച്ചത് കയ്യൂർ ചീമേനി പഞ്ചായത്തിലെ ചീമേനി വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജൻ ഡോ. ധനുശ്രീയുടെ വീടിനു സമീപമായിരുന്നു. ഇതായിരുന്നു ജീവൻ തിരികെക്കിട്ടാൻ ആ സാധുജീവിക്ക് തുണയായി മാറിയത്.
വെള്ളിയാഴ്ച രാവിലെ വീട്ടിൽനിന്നും ജോലി ചെയ്യുന്ന സമീപം തന്നെയുള്ള ചീമേനി വെറ്ററിനറി ഡിസ്പെൻസറിയിലേക്ക് പുറപ്പെടാനുള്ള തയാറെടുപ്പിനിടെയാണ് വീടിനു മുന്നിലെ വഴിയരികിൽ വെട്ടേറ്റു വേദനയിൽ പുളയുന്ന തെരുവുനായയെ ഡോക്ടറുടെ ശ്രദ്ധയിൽപെടുന്നത്. ഉടൻ വാഹനത്തിൽ നിന്നിറങ്ങി പരിശോധിച്ചപ്പോൾ നായയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമാണന്ന് ബോധ്യമായി. ശരീരത്തിൽനിന്ന് വലിയ അളവിൽ രക്തം വാർന്ന് തീരെ അവശനിലയിലുമായിരുന്നു നായ. കേവലം അഞ്ചോ ആറോ മാസം മാത്രം പ്രായം തോന്നിക്കുന്ന വെളുപ്പിൽ കറുത്ത പുള്ളികളുള്ള നാടൻ ഇനത്തിൽപ്പെട്ട നായയായിരുന്നു അത്. പ്രായവും ശരീരതൂക്കവും ആരോഗ്യവും കുറവുള്ള നായയായതിനാൽ ഇത്ര വലിയ പരിക്കും രക്തനഷ്ടവും താങ്ങി അധിക നേരം പിടിച്ചുനിൽക്കാൻ ആ സാധുജീവിക്ക് സാധ്യമാവില്ലന്ന് ഒറ്റനോട്ടത്തിൽ തന്നെ ഡോക്ടർക്ക് വ്യക്തമായി. പിന്നെ ഒരു നിമിഷം പോലും വൈകാതെ ഭർത്താവിന്റെ സഹായത്തോടെ നായയെ വഴിയരികിൽനിന്നെടുത്ത് സ്വന്തം വാഹനത്തിൽ വെറ്ററിനറി ഡിസ്പൻസറിയിൽ എത്തിച്ചു.
മൃഗാശുപത്രിയിൽ എത്തി നായയെ കാറിൽനിന്നിറക്കി വേഗം ചികിത്സാമുറിയിലേക്കു മാറ്റി അടിയന്തര ചികിത്സ തുടങ്ങി. മുറിവ് വൃത്തിയാക്കിയതോടെ മുറിവിന്റെ ആഴം മനസ്സിലായി, ഇത്ര ആഴത്തിൽ വലിഞ്ഞുകീറണമെങ്കിൽ മൂർച്ചയുള്ള ഒരു ആയുധം ഉപയോഗിച്ച് തന്നെയാവാം നായയെ പരിക്കേൽപ്പിച്ചതെന്ന് ഡോക്ടർ ഉറപ്പിച്ചു. മുറിഞ്ഞുപറിഞ്ഞ പേശികളും കീറിയ ത്വക്കും തുന്നലിട്ട് പൂർവസ്ഥിതിയിൽ ആക്കുകയായിരുന്നു അടുത്ത കടമ്പ. അത് പൂർത്തിയായതോടെ മിണ്ടാപ്രാണിക്ക് അൽപം ആശ്വാസമായി. ശരീരതൂക്കം പരിശോധിച്ചപ്പോൾ കേവലം ആറു കിലോയിൽ താഴെ മാത്രമായിരുന്നു അതിന്റെ തൂക്കം. ദിവസങ്ങളോളം വേണ്ട ആഹാരം കിട്ടാത്തതിന്റെ ക്ഷീണമത്രയും ശരീരത്തിൽ തെളിഞ്ഞു കാണാമായിരുന്നു. ഗുരുതരമായ രീതിയിൽ രക്തക്കുറവും വിളർച്ചയും ഉണ്ടായിരുന്നു. ക്ഷീണമകറ്റാനും ശരീരത്തിൽ നിന്നും രക്തം വാർന്നുണ്ടായ നിർജലീകരണം നികത്താനും ആവശ്യമായ മരുന്നുകളും ഫ്ലൂയിഡ് തെറാപ്പിയും ഡോക്ടർ നൽകിയതോടെ ആ സാധുജീവിയുടെ മുഖത്ത് ആശ്വാസത്തിന്റെ വെളിച്ചം തെളിഞ്ഞു.
ചികിത്സ കഴിഞ്ഞതോടെയാണ് അടുത്ത പ്രശ്നം ഡോക്ടറുടെ മുന്നിൽ വന്നത്. ഉടമസ്ഥരില്ലാത്ത തെരുവിൽ നിന്നും കിട്ടിയ അനാഥ നായക്കുഞ്ഞാണ്, തുടർദിവസങ്ങളിൽ നായ്ക്കുട്ടിയുടെ പരിചരണവും ചികിത്സയുമെല്ലാം ആര് ഏറ്റെടുക്കും എന്നതായിരുന്നു അത്. ആ ചോദ്യത്തിനുള്ള പരിഹാരവും ഡോക്ടർ സ്വയം കണ്ടെത്തി.
ആ കുഞ്ഞുനായയെ പരിചരിക്കാൻ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകാനായിരുന്നു ഡോക്ടറുടെ തീരുമാനം. ഏതായാലും ഡോക്ടറുടെ കരുതലിന്റെ കരുത്തിൽ ആ മിണ്ടാപ്രാണിയിപ്പോൾ ഡോ. ധനുശ്രീയുടെ വീട്ടിൽ ഒരു പുതിയ അംഗത്തെ പോലെ സുഖമായിരിക്കുന്നു. മുറിവുണക്കത്തിനുള്ള ചികിത്സയ്ക്കു പുറമെ വിളർച്ച മാറ്റാനും വിരയിളക്കാനും ചെള്ളിനെ അകറ്റാനാനുള്ള മരുന്നുകളും ഉന്മേഷവാനാക്കാനുള്ള മറ്റു ടോണിക്കുകളും ഡോക്ടർ നൽകുന്നുണ്ട്. ഈ നായയെ അന്വേഷിച്ച് ആരെങ്കിലും എത്തിയില്ലെങ്കിൽ ഇനി ഒപ്പം കൂട്ടി വളർത്താൻ തന്നെയാണ് ഡോ. ധനുശ്രീയുടെ തീരുമാനം. ഡോക്ടറുടെ തീരുമാനത്തിന് പിന്തുണയുമായി ഭർത്താവ് ജിനീഷും കൂടെയുണ്ട്.
പിൻകുറിപ്പ്:
അന്തരിച്ച രത്തൻ ടാറ്റയെ പറ്റി പലരും എഴുതിയ ധാരാളം ഓർമകൾ കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളിലുണ്ട്. വ്യവസായി എന്നതിലപ്പുറം ഒരായുസ്സത്രയും ജീവിതമൂല്യങ്ങൾക്കു പ്രാധാന്യം നൽകിയ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ മാധ്യമങ്ങൾ അടയാളപ്പെടുത്തുന്നുണ്ട്. അതിൽ ഏറ്റവും ഹൃദയസ്പർശിയായി തോന്നിയ ഒരുകാര്യം തെരുവുനായ്ക്കളോട് അദ്ദേഹം കാണിച്ച കരുണയെ പറ്റിയുള്ള അനുഭവങ്ങളാണ്. ടാറ്റ കോർപ്പറേറ്റ് ആസ്ഥാനമായ ബോംബെ ഹൗസിൽ തെരുവു നായ്ക്കൾക്ക് പാർക്കാൻ മാത്രമായി ശീതീകരിച്ച ഒരു നില അദ്ദേഹം ഒരുക്കിയിരുന്നു. സർവസ്വാതന്ത്ര്യത്തോടെ നായ്ക്കൾ അവിടെ വിഹരിച്ചു, അവയ്ക്ക് സമയാസമയങ്ങളിൽ ഭക്ഷണം എത്തിയിരുന്നത് ബോംബെ താജ് ഹോട്ടലിൽ നിന്നായിരുന്നത്രേ. തെരുവിലെ മൃഗങ്ങൾക്കും അരുമകൾക്കും അത്യാധുനിക ആശുപത്രി സ്ഥാപിച്ചതടക്കം അദ്ദേഹത്തിന്റെ മൃഗസ്നേഹത്തിന്റെ അടയാളപ്പെടുത്തലുകൾ വേറെയുമുണ്ട്.
മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും തന്റെ കരുണയുടെ കരങ്ങൾ നീട്ടി, തന്റെ സമയത്തെയും സമ്പത്തിനെയും പങ്കിട്ട് ജീവിച്ച രത്തൻ ടാറ്റയുടെ അതുല്യജീവിതത്തെ വായിക്കുമ്പോഴാണ് യാദ്യശ്ചികമെന്നോണം കാരുണ്യത്തിന്റെ മറ്റൊരു അനുഭവം കാസർകോട് ജില്ലയിലെ ചീമേനിയിൽ നിന്നും കേട്ടത്.
വീടിന് സമീപം വെട്ടേറ്റ് കിടന്ന നായയെ സ്വന്തം വാഹനത്തിൽ കയറ്റി, സ്വന്തം ഹോസ്പിറ്റലിൽ എത്തിച്ച് ചികിത്സ നൽകി തിരികെ, സ്വന്തം വീട്ടിലെത്തിച്ച് പരിചരിക്കുന്ന ഡോക്ടറുടെ കാരുണ്യത്തിന്റെ അനുഭവം. ഒരു താരതമ്യത്തിന് പ്രസക്തിയില്ലെങ്കിലും, കാലദേശ വ്യക്തിഭേദമന്യേ കാരുണ്യത്തെ അടയാളപ്പെടുത്തുന്ന പ്രവൃത്തികളുടെ മൂല്യവും മഹത്വവും എന്നും പ്രസക്തമാണ്.