ADVERTISEMENT

അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങളിലും അത്യാഹിതങ്ങളിലും പകർച്ചവ്യാധികൾ ബാധിച്ചും കർഷകർക്ക് കന്നുകാലികൾ ഉൾപ്പെടെ അവരുടെ ജീവിതോപാധിയായ വളർത്തുമൃഗങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവാറുണ്ട്. ഇൻഷുറൻസ് പരിരക്ഷയുള്ള മൃഗങ്ങൾ ആണെങ്കിൽ പോളിസി തുക ലഭിക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ കർഷകർക്ക് അൽപം എങ്കിലും കൈത്താങ്ങാവും. എന്നാൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ഉരുക്കൾ അപകടമേറ്റോ പകർച്ചവ്യാധികൾ പിടിപെട്ടോ മരണപ്പെട്ടാൽ വകുപ്പിന്റെ ദുരന്തനിവാരണ നിധിയിൽനിന്നും മൃഗസംരക്ഷണവകുപ്പ് സാമ്പത്തികസഹായം അനുവദിക്കുന്നുണ്ട്. ഇതിനുള്ള മാനന്ദണ്ഡങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറക്കിയത് ഈയിടെയാണ്.

ഇൻഷുറൻസ് പരിരക്ഷയോ റവന്യൂവകുപ്പിൽനിന്ന് മറ്റു സാമ്പത്തിക സഹായമോ ലഭിക്കാത്ത സാഹചര്യത്തിലാണ് വകുപ്പിന്റെ നഷ്ടപരിഹാരം ലഭിക്കുക.

വരൾച്ച, അത്യുഷ്ണം, വെള്ളപ്പൊക്കം ഉൾപ്പെടെ  പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ, കന്നുകാലികളെ ബാധിക്കുന്ന ആന്ത്രാക്സ്, ബ്രൂസല്ലോസിസ്, ചർമമുഴ രോഗം തുടങ്ങിയ പകർച്ചവ്യാധികൾ, പന്നികളെ ബാധിക്കുന്ന ക്ലാസിക്കൽ സ്വൈൻ ഫീവർ, ആഫ്രിക്കൻ സ്വൈൻ ഫീവർ , ആടുകളെ ബാധിക്കുന്ന പിപിആർ അഥവാ ആടുവസന്ത, വളർത്തുപക്ഷികളിൽ മാരകമായ പക്ഷിപ്പനി എന്നീ രോഗങ്ങൾ മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും.

പേവിഷബാധ, വന്യമൃഗങ്ങളുടെ ആക്രമണം, തെരുവുനായ ആക്രമണം, ഇടിമിന്നൽ, മുങ്ങിമരണം, വെദ്യുതാഘാതം, സൂര്യാഘാതം, പാമ്പ്‌കടി, വിഷബാധ, അപകടം എന്നിവയുണ്ടായി കന്നുകാലികൾ ചത്തുപോയാലും കർഷകർക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം.

താറാവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ കുരലടപ്പൻ, താറാവുവസന്ത എന്നീ രോഗങ്ങൾ മൂലം മരണമടയുന്ന താറാവുകൾക്കും ഈ ഫണ്ടിൽനിന്നും നഷ്ടപരിഹാരം കിട്ടും.

നഷ്ടപരിഹാരക്കണക്കുകൾ ഇങ്ങനെ

കറവയുള്ള പശുവോ എരുമയോ ചത്താൽ ഒരു ഉരുവിന് 37,500 രൂപ എന്ന നിരക്കിൽ പരമാവധി 3 ഉരുക്കൾക്ക് വരെ ഒരു കർഷകനു നഷ്ടപരിഹാരം കിട്ടും. കറവയില്ലാത്ത കാലികളാണെങ്കിൽ ഉരു ഒന്നിന് 32,000 രൂപ വരെ കിട്ടും. ഒരു വയസ് വരെയുള്ള പശു, കാള, എരുമ, പോത്ത് കിടാക്കൾക്ക് 10,000 രൂപ നിരക്കിൽ 6 എണ്ണത്തിന് വരെ നഷ്ടപരിഹാരം 

കിട്ടും. ഒരു വയസ്സിന് മുകളിലുള്ള കിടാരികൾ ആണെങ്കിൽ ഇരട്ടി തുക നഷ്ടപരിഹാരമുണ്ട്. മൂന്ന് വയസ്സിനും മുകളിലാണ് ഉരുവിന്റെ പ്രായമെങ്കിൽ 32,000 രൂപ കിട്ടും. 

ആട് ഒന്നിന് 4000 രൂപ എന്ന നിരക്കിൽ 30 ആടുകൾക്ക് വരെ ഒരാൾക്ക് നഷ്ടപരിഹാരം വകുപ്പ് അനുവദിക്കും.  കോഴിയോ താറാവോ ചത്താൽ ഒന്നിന് 100 രൂപ നിരക്കിൽ പരമാവധി ഒരു ലക്ഷം രൂപവരെ കിട്ടും. 

പന്നികൾക്  ഒന്നിന് 4000 രൂപ നിരക്കിൽ 30 പന്നികൾക്ക് വരെ നഷ്ടപരിഹാരം കിട്ടും. പന്നികളെ ബാധിക്കുന്ന മാരകമായ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചാണ്  പന്നികൾ ചാവുന്നതെങ്കിൽ വലിയ പന്നിയൊന്നിന്ന് 20,000 രൂപവരെ കിട്ടും. രണ്ട് മാസത്തിൽ താഴെയുള്ള പന്നിക്കുഞ്ഞുങ്ങൾക്ക് ഒന്നിന് 1500 എന്ന നിരക്കിലും രണ്ട് മാസത്തിനും ആറു മാസത്തിനും ഇടയിലാണ് പ്രായമെങ്കിൽ 5000 രൂപയും നഷ്ടപരിഹാരം കിട്ടും.

കർഷകർ ചെയ്യേണ്ടത് 

ഉരുക്കൾക്ക് അത്യാഹിതങ്ങൾ സംഭവിച്ചാൽ പ്രസ്തുത വിവരം കാലതാമസം കൂടാതെ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ അറിയിക്കാൻ കർഷകർ ശ്രദ്ധിക്കണം. ദുരന്ത സ്ഥലത്തുവെച്ചെടുത്ത

ചത്ത ഉരുവിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള തെളിവുകൾ എടുത്തുസൂക്ഷിക്കുകയും വേണം. നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അപേക്ഷ നിശ്ചിത അപേക്ഷ ഫോറത്തിൽ തയാറാക്കി അനുബന്ധ രേഖകൾക്കും ഫോട്ടോക്കുമൊപ്പം അപകടമുണ്ടായതിന് മൂന്നു മാസത്തിനകം തൊട്ടടുത്ത മൃഗാശുപതിയിൽ നൽകണം. 

സാമ്പത്തിക സഹായത്തിനുള്ള  അപേക്ഷ വാർഡ് മെംബർ സാക്ഷ്യപ്പെടുത്തുകയും വേണം. വെറ്ററിനറി ഡോക്ടർ അപേക്ഷക്കൊപ്പം ഉരുവിന്റെ വിലനിർണയ സർട്ടിഫിക്കറ്റും പോസ്റ്റ്മോർട്ടം റിപ്പോർട്ടും അനുവദിക്കും. ഈ അപേക്ഷ പിന്നീട് പരിശോധനയ്ക്കും അനുമതിക്കുമായി മൃഗാശുപത്രിയിൽനിന്നും മേൽ ഓഫീസിലേക്ക് അയക്കും. നഷ്ടപരിഹാര അപേക്ഷയോടൊപ്പം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽ സേവനമനുഷ്ഠിക്കുന്ന വെറ്ററിനറി ഡോക്ടർ നൽകുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർബന്ധമാണ്. അതിനാൽ സർക്കാർ  ഡോക്ടറുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങൾ ചെയ്യാൻ കർഷകർ ശ്രദ്ധിക്കണം.

ഇൻഷുറൻസ് ലഭിച്ചിട്ടില്ല എന്നതിന് വെറ്ററിനറി സർജൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, ജില്ലാ കലക്റുടെ ധനസഹായം ലഭിച്ചിട്ടില്ല എന്നതിന് കർഷകന്റെ സത്യവാങ്മൂലം എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com